കളി തുടങ്ങും മുമ്പ് സാംപിള്‍ വെടിക്കെട്ട്; കൂറ്റന്‍ സിക്‌സുമായി ധോണി: പന്ത് വീണത് റൂഫിന് മുകളില്‍
IPL 2019
കളി തുടങ്ങും മുമ്പ് സാംപിള്‍ വെടിക്കെട്ട്; കൂറ്റന്‍ സിക്‌സുമായി ധോണി: പന്ത് വീണത് റൂഫിന് മുകളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2019, 1:22 pm

ചെന്നൈ: ഐ.പി.എല്‍ മാമാങ്കത്തിന് ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഐ.പി.എല്‍ ആവേശം തുടങ്ങി കഴിഞ്ഞു. ടീമുകളെല്ലാം പരിശീലനത്തിന് ഗ്രൗണ്ടില്‍ ഇറങ്ങിക്കഴിഞ്ഞു. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ പരിശീലനം നടത്തുന്നത്.

പരിശീലനത്തിനിടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് സീസണിന് മുന്‍പ് തന്റെ തകര്‍പ്പന്‍ ഫോം തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ധോണി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ധോണിയടിച്ച പന്ത് വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന് മുകളിലാണ്. സ്പിന്‍ ബോളര്‍ക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്ത് ധോണി നേടിയ സിക്‌സറാണ് ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയ്ക്കും മുകളിലൂടെ പറന്ന് വീണത്.

ഐ.പി.എല്‍ 12-ാം സീസണിന് തുടക്കമാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ചെന്നൈ ക്യാമ്പ് ഉണര്‍ന്നിരുന്നു. ആരാധകനുമായി ഗ്രൗണ്ടില്‍ ഓടിയതും ആരാധകരുടെ ആര്‍പ്പു വിളിയുമൊക്കെയായി ചെന്നൈ വാര്‍ത്തകളില്‍ ഇതിനോടകം തന്നെ നിറഞ്ഞിരന്നു.

ഇപ്പോള്‍ ധോണിയുടെ സിക്‌സിനെ ചൂണ്ടിക്കാണിച്ച് ഇത് സാംപിള്‍ വെടിക്കെട്ടാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ചെന്നൈ ആരാധകര്‍ ധോണി സിക്‌സ് അടിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നത്.

കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇക്കുറി ഇറങ്ങുന്നത്. മാര്‍ച്ച് 23ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.