കോഴിക്കോട്: സ്വകാര്യതയെ ലംഘിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പേരാമ്പ്ര എം.എല്‍.എ ഫാത്തിമ തഹ്‌ലിയ. ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
ഒരു ജനപ്രതിനിധി എന്ന നിലയില്‍, ദിവസേന നിരവധി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും അത്തരം പരിപാടികളില്‍ സംഘാടകര്‍ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ടെന്നും എന്നാല്‍ മീഡിയ എന്ന ലേബലില്‍ അത് ദുരോപയോഗം ചെയ്ത് കൊണ്ട് നിരവധിയാളുകള്‍ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും തഹ്‌ലിയ പറഞ്ഞു.
‘ചില സാഹചര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ ‘മീഡിയ’ എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍ ഇടപെടുകയും ചിത്രീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകര്‍ നിയോഗിച്ചവര്‍, ആരാണ് അനധികൃതമായി ഇടപെടുന്നവര്‍ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.
ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്,’ അവര്‍ പറഞ്ഞു.
സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകള്‍ നല്‍കി സൈന്‍സേഷനലൈസ് ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മോണിറൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണെന്നും എം.എല്‍.എ പറഞ്ഞു.
‘ഇത്തരം ചാനലുകള്‍ എന്റെ പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാന്‍ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കില്‍ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്.
അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു കോഡ് ഓഫ് കണ്‍ഡക്റ്റ് പാലിക്കാതെ, ഒരു മൊബൈല്‍ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല, എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്,’ തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ബോധപൂര്‍വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ലെന്നും ഇത്തരത്തിലുള്ള പാപ്പരാസി രീതികള്‍ തുടര്‍ന്നാല്‍, അത് വ്യക്തമായ സ്വകാര്യത ലംഘനമായി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlight: Invasion of privacy; Fatima Tahlia warns of legal action against fake media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.