ഇല്ല, അവര്‍ മാറിയിട്ടില്ല; നായര്‍, യോഗക്ഷേമ സഭകളുടെ കൊടിയടയാളം പരശുരാമന്റെ വെണ്മഴു തന്നെ; വി.ടി ഭട്ടതിരിപ്പാടിന്റെ മകന്‍ സംസാരിക്കുന്നു
Dool Talk
ഇല്ല, അവര്‍ മാറിയിട്ടില്ല; നായര്‍, യോഗക്ഷേമ സഭകളുടെ കൊടിയടയാളം പരശുരാമന്റെ വെണ്മഴു തന്നെ; വി.ടി ഭട്ടതിരിപ്പാടിന്റെ മകന്‍ സംസാരിക്കുന്നു
ആര്യ അനൂപ്‌
Friday, 26th October 2018, 1:18 pm

സതി നിരോധനം, അടിമത്ത നിരോധനം, മാറ് മറയ്ക്കല്‍ അവകാശം എന്നിവ പോലെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു വിധിയായിരുന്നു എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. എന്നാല്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് ഈ വിധിയോട് യോജിപ്പില്ലെന്ന പ്രചരണം വളരെ ആസൂത്രിതമായി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത് ?

പരമ്പരയായിട്ട് വന്നു ചേരുന്ന മൂഢതകളെ പറിച്ചുകളഞ്ഞ് പുതിയ സമീപനവും വികാസവും കൈവരുത്തുന്നവരെല്ലാം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യും. പാരമ്പര്യത്തെ പിന്തുടരുക എന്ന ഒരു ദൗര്‍ബല്യമുണ്ട് നമ്മുടെ ഗതാനുഗതിക കാലത്തില്‍. ആ നിസ്സയാഹതയെ മുതലെടുക്കുകയാണ് വ്രതാനുഷ്ഠാനങ്ങളും ആചാരവിധികളും ഉപജീവനമാര്‍ഗമാക്കിയിട്ടുള്ള ഒരു കൂട്ടം പുരോഹിതര്‍, പിന്നെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ജാതിവര്‍ഗ സംഘടനകള്‍, വോട്ടിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന മുഖ്യ രാഷ്ട്രീയ കക്ഷി.

പരശുരാമന്റെ കേരളത്തിലെ പ്രജകളല്ല നമ്മള്‍ എന്ന് എഴുതേണ്ടി വരുന്നത് ഇന്നും ഈ നമ്പൂതിരി, നായര്‍, യോഗക്ഷേമ സഭകളിലെ കൊടിയടയാളം പരശുരാമന്റെ വെണ്മഴു ആയതുകൊണ്ടാണ്.

“”അധകൃത സമുദായാംഗത്തിന് നിയമസഭയില്‍ മന്ത്രിപദം അലങ്കരിക്കാമെങ്കില്‍ എന്തുകൊണ്ട് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ തന്ത്രിസ്ഥാനം നല്‍കിക്കൂടാ”” എന്ന് ചോദിച്ച ഒരാളുടെ മകന്‍ എന്ന നിലയ്ക്ക് ഒരു സ്ത്രീയ്ക്ക് എന്തുകൊണ്ട് മേല്‍ശാന്തി ആയിക്കൂട എന്നു കൂടിയാണ് ഞാന്‍ ചോദിക്കുന്നത്.

 

എന്തുകൊണ്ട് വീടുകളില്‍ ഗൃഹനായികമാര്‍ ആയിക്കൂടാ എന്ന് ഇന്നത്തെ തലമുറ ചോദിക്കേണ്ടതാണ്. കാരണം പഴയ മുത്തശിമാര്‍ അനുഭവിച്ച വേദന ഉണ്ടല്ലോ സമുദായത്തില്‍ വ്യക്തി, പ്രത്യേകിച്ച് സ്ത്രീ അപ്രധാനയായിട്ടുള്ള കാലത്ത് ജനിച്ചവരാണ് ഞങ്ങളുടെ അമ്മമാര്‍. വിദ്യാഭ്യാസം നിഷിദ്ധം. വിവാഹത്തിന് പോലും വധുവിന്റെ സമ്മതം ചോദിക്കാറില്ല. ചട്ടീം കലവും പോലെ ഒന്നിലധികം വൃദ്ധന്‍മാരായ ഭര്‍ത്താക്കന്‍മാര്‍.

എന്റെ മുത്തച്ഛന് നാലു ഭാര്യമാരാണ്. വല്ല്യച്ചന് മൂന്നും. വൃദ്ധ അധിവേദനങ്ങള്‍, ബാല്യകാല വൈര്യം, തീരാദുരിതങ്ങള്‍ ഇവയെല്ലാം പേറി പ്രാകൃതജീവിതം നയിക്കേണ്ടി വന്നവരാണ് അവര്‍. ഈ സമുദായത്തില്‍ മാത്രമല്ല, ആദിവാസികളെപ്പോലെ തന്നെ. കുപ്പായമിടുന്ന സ്ത്രീയോ പുരുഷനോ അന്നുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളില്‍ മേല്‍ക്കുപ്പായം ധരിച്ച സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. ഈറന്‍തുണികൊണ്ട് മാറ് മറച്ചാലും നടയ്ക്കല്‍ വന്ന് തൊഴുമ്പോള്‍ അതെടുത്തുമാറ്റണം.

ബഷീറിന്റെ ഒരു പുസ്തകം ഉണ്ട്. “ഒരു ഭഗവത്ഗീതയും കുറേ മുലകളും” എന്ന് പറഞ്ഞ്. മനയ്ക്കല്‍ തൊഴുതുനില്‍ക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ അദ്ദേഹം എഴുതിയ നോവലിലെ ചിത്രമാണ് ഇത്. മറ്റുള്ളവരെ പോലെ ബ്ലൗസിടാനും പഠിച്ച് മുന്നേറാനും ആഗ്രഹമുണര്‍ന്നപ്പോഴാണല്ലോ അകത്തളങ്ങളില്‍ നിശബ്ദ വിപ്ലവങ്ങള്‍ ഉണ്ടായത്. പക്ഷേ നമ്മുടെ സാമുദായിക സംഘടനകള്‍ തോറ്റുതുന്നം പാടേണ്ടി വന്നാലും വാദം തുടരുകയാണ്.

പുതിയകാലം വന്നു. വിദ്യാഭ്യാസം സാര്‍വത്രികമായി. അപ്പോഴും ആ കോന്തലയ്ക്കലുള്ള അന്ധതയുടെ കെട്ട് അവര്‍ അഴിക്കാന്‍ തയ്യാറല്ല. ഇതൊന്നും അല്ല, ഒരു സ്ത്രീ,ഒരു ജനാവലിയെ കേവലം അസ്വതന്ത്രരാക്കാന്‍, ഒന്നും ചെയ്യാന്‍ കഴിയാത്തവരായി ആക്കിത്തീര്‍ക്കാനാണ് ഇവരുടെ ശ്രമം. എന്ത് ഉദ്ദേശംകൊണ്ടായാലും ശക്തിപ്പെടുന്നത് അന്ധവിശ്വാസങ്ങള്‍ ആയതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് തീകൊളുത്തണം എന്ന് അച്ഛന്‍ ഒരുകാലത്ത് പറഞ്ഞത്. ആ ഒരു തലമുറയുടെ ആര്‍ജ്ജവം ഇന്നത്തെ തലമുറകള്‍ക്കും ഭരണാധികാരികള്‍ക്കും ഇല്ലാതെ പോയി.

ശബരിമല വിഷയത്തില്‍ എങ്ങനെയുള്ള നിലപാടായിരുന്നു ജനങ്ങളില്‍ നിന്നും വരേണ്ടിയിരുന്നത്?

ശരിക്കൊരു മാസ് മൂവ്മെന്റ് ആക്കാന്‍ കഴിയണം. ഗുരുവായൂര്‍ സത്യാഗ്രഹം പോലെ, വൈക്കം സത്യാഗ്രഹം പോലെ. ഇതൊക്കെ ജനങ്ങള്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ നടക്കുന്ന പ്രകൃതി സംരക്ഷണ സത്യാഗ്രഹമെല്ലാം ജനങ്ങളാണ് നടത്തുന്നത്. സെക്രട്ടറിയേറ്റിന്റെ മുന്‍പിലല്ല ഈ സമരം വേണ്ടത്. ഒന്നിച്ച് നിന്ന് ഇത് ഞങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ് ഈ പൊതുഇടം എന്ന് പറഞ്ഞ് പുതിയ തലമുറ അങ്ങനെയാരു മൂവ്മെന്റ്, ഒരുപ്രതിഷേധം നടത്തുകയാണെങ്കില്‍ ഇവരൊക്കെ പിന്നോക്കം പോകും എന്നാണ് കരുതുന്നത്.

 

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പ്രധാന ഊന്നല്‍ ആര്‍ത്തവം അശുദ്ധിയാണെന്നതാണ്. ആര്‍ത്തവത്തിന്റെ പേരില്‍ സമത്വത്തെ നിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്തു പറയുന്നു?

ഇത് വെറും ശാരീരികമായ അവസ്ഥമാത്രമാണ്. ശുദ്ധി എന്ന് പറയുന്നത് മനസിന്റേതാണ്. കര്‍മം ശരീരത്തിന്റേതല്ലേ, മനസിന് എന്ത് അശുദ്ധി. ഭക്തി വേണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം. ഞാന്‍ ക്ഷേത്ര വിശ്വാസി അല്ല. എങ്കില്‍ പോലും ഒരു ക്ഷേത്രത്തില്‍ മറ്റുള്ളവരുടെ ഒപ്പം പോവാനും മറ്റുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയെന്നാല്‍ ഇതൊരു ഫാഷിസ്റ്റ് ഭരണകാലത്തിന്റെ തുടക്കമാണ്.

ക്ഷേത്ര സ്വത്തുകള്‍ കൈയടക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ള ഉദ്ദേശ്യം. എന്റെ അച്ഛന്റെ അനിയനൊക്കെ ശബരിമലയില്‍ പണ്ട് അഭിഷേകത്തിന് പോയിരുന്നു. അവിടുത്തെ അഴിമതികള്‍ അദ്ദേഹം പറയാറുണ്ട്. എന്റെ അച്ഛന്‍ മുറജപത്തിന് പോയപ്പോള്‍ ഉണ്ടായ അനുഭവമൊക്കെ ഉണ്ട്. വി.ടിയുടെ മകന്‍ എന്ന നിലയ്ക്കല്ല വേദനിക്കുന്ന ഒരു വൃദ്ധനായിട്ടാണ് ഇത് പറയുന്നത്.

എന്റെ ചുറ്റും വളരുന്നത് അന്ധതയാണ്. സ്ത്രീകള്‍പോലും തടുക്കാന്‍ വരുന്നില്ല. സ്ത്രീകളെ ആളുകള്‍ മുതലെടുക്കുകയാണ്. ശങ്കരാചാര്യര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കാമപൂരണത്തിന് മാത്രം സ്ത്രീ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വീട് പോലും വേശ്യാലയമായി മാറുന്നു എന്ന്.

 

 

താര്‍ക്കികനും വൈദ്യം, വേദാന്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗദ്ഭനുമായ പൂമുള്ളി നമ്പൂതിരിപ്പാടിന്റെ മക്കളുടെ വീട്ടില്‍ നിന്നാണ് ഇത്തവണ നാമജപ യാത്രയുണ്ടായത്. എന്നാല്‍ നമ്പൂതിരിപ്പാട് എന്നോട് പറഞ്ഞത് ഇതൊക്കെ നമ്മള്‍ പൊളിച്ചെഴുതണം എന്നാണ്. നാലുകെട്ട് നമ്മള്‍ പൊളിച്ചെഴുതി. ഇത്തരത്തിലുള്ള ആചാരങ്ങള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് തടസ്സമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

നമ്പൂതിരി സമുദായത്തെ ആധുനിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചവരില്‍ പ്രഥമഗണനീയനാണ് വി.ടി. ഭട്ടതിരിപ്പാട്.നമ്പൂതിരി സ്ത്രീകളെ അകത്തളങ്ങളില്‍ നിന്നും പുറത്തിറക്കേക്കാനയിച്ചതും വി.ടിയുടെ ഇടപെടലായിരുന്നു. വി.ടി തുടങ്ങിവെച്ച ആ നവോത്ഥാന വിപ്ലവം നമുക്ക് നഷ്ടപ്പെട്ടത് എവിടെ വെച്ചാണ്?

അത് മറ്റുള്ളവര്‍ ഏറ്റെടുത്തോ എന്നതിലാണ്. മറക്കുട ഏന്തുന്ന ഒറ്റ സ്ത്രീയേയും ഇപ്പോള്‍ കാണില്ല. എന്നാല്‍ പുരുഷന്‍ ഇപ്പോഴും പൂണുല്‍ ഇട്ട് നടക്കുന്നു. പുരുഷനാണ് ഇപ്പോഴും സ്ത്രീയെ ഇതെല്ലാം പിടിപ്പിക്കുന്നത്. ഇപ്പോഴും പുരുഷന്റെ ആധിപത്യം, പുരുഷന്റെ ആണ്‍കോയ്മ ഇത്തരത്തില്‍ ഉല്‍പ്പതിഷ്ണുക്കളായ പെണ്‍കുട്ടികള്‍പോലും പുറത്തുവരാത്തതിന്റെ കാരണം പുരുഷന്‍ ആണ്.

സ്ത്രീ പുരുഷനെ നയിക്കുന്നവരാവണം. അകത്തളങ്ങളില്‍ നിന്ന് വേണം ഇത് പുറത്തുവരാന്‍. എല്ലാ സമുദായത്തിലും ഇത് വന്നിട്ടുണ്ട്. നമ്പൂതിരി സമുദായത്തില്‍ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം മറ്റുള്ളവര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള വിവാഹത്തിനൊക്കെ ഇപ്പോള്‍ പ്രയാസമുണ്ട്. ഇഷ്ടമുള്ള ആളെ എന്തുകൊണ്ട് എനിക്ക് വിവാഹം ചെയ്തുകൂടാ? പുരുഷന്‍ ഇപ്പോഴും തടസ്സമായി നില്‍ക്കുന്നു എന്നാണ് പുരുഷനായ എന്റെ അഭിപ്രായം.

കേരളത്തിലെ ക്ഷേത്രങ്ങള്‍ ബ്രാഹ്മണവത്ക്കരിക്കപ്പെടുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ല. ഇവിടെ പന്തിരുകുലത്തിന്റെ ഒരു ക്ഷേത്രമുണ്ട്. അവിടെ പുതിയ ഒരു ബോര്‍ഡ് വന്നു അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന്. ക്ഷേത്രത്തില്‍ ചമ്രം പടിഞ്ഞിരുന്ന് മുറുക്കിത്തുപ്പുന്ന ബ്രാഹ്മണ്യം ഉണ്ടല്ലോ ആ ബ്രാഹ്മണ്യത്തിലേക്കാണ് ആളുകളുടെ കമ്പം. ആ ഉറ്റുനോട്ടം.

 

ഒരു ചടങ്ങില്‍ പങ്കെടുത്ത് ഊണ് കഴിക്കുമ്പോള്‍ എന്റെ അടുത്തിരുന്ന സ്ത്രീയോട് നാടെവിടെയാണെന്ന് ചോദിച്ചു. കൂടല്ലൂര്‍ എന്ന് പറഞ്ഞപ്പോള്‍ എം.ടി വാസുദേവന്‍ നായരുമായി ബന്ധമുണ്ടോ എന്നായി എന്റെ ചോദ്യം. അവര്‍ താഴ്ന്ന ജാതിക്കാരല്ലേ എന്നായിരുന്നു ആ സ്ത്രീയുടെ മറുപടി. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ ഹേമലത മേനോന്‍. എന്റെ എച്ചില്‍കൈ കൊണ്ട് അവരുടെ ചെകിടത്ത് ഒന്ന് പൊട്ടിക്കണമെന്ന് അപ്പോള്‍ തോന്നി.

വിദ്യയുടെ വിവേകമില്ല. ജ്ഞാനത്താല്‍ നിയന്ത്രിതമാകണം നമ്മള്‍. മറ്റുള്ളവന്റെ കണ്ണീര്‍ എന്റെ കണ്ണീരായി മാറണം. മറ്റൊരാള്‍ കരയുമ്പോള്‍ അത് കാണാനുള്ള കഴിവ് ഉണ്ടാകണം. അതില്ലാത്തതാണ് സ്ത്രീകളൊക്കെ ഇപ്പോള്‍ ഭക്തിമാര്‍ഗത്തിലേക്ക് പോകുന്നത്. അവരുടെ കുറ്റമല്ല അത്. അവരെ വീട്ടിലിരുത്തി, 41 ദിവസത്തെ വ്രതം എന്നൊക്കെ പറഞ്ഞ് വീടുകളില്‍ ദേവനായി വിലസുകയാണ് പുരുഷന്‍മാര്‍. ഇത് ചൂഷണം തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

അമ്പലങ്ങളില്‍ നമ്പൂതിരി ഇന്ന് കണ്ണടച്ചാല്‍ കാശാണ്. ചക്കുളത്തുകാവ് ഇടിഞ്ഞുപൊളിഞ്ഞ അമ്പലമായിരുന്നു ഈ അടുത്തുവരെ. താഴമണ്‍ മഠംകാരൊക്കെ സത്യാഗ്രഹം ഇരുന്നിട്ടാണ് 20 സെന്റ് സ്ഥലം കിട്ടിയത്. അമ്പലമാണ് ഏറ്റവും ലാഭകരം. ഒരു പണിയും ഇല്ലല്ലോ.

ശബരിമലയിലേയും ഗുരുവായൂരിലേയുമൊക്കെ പണങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് വരുന്നതാണ്. ഈ സ്വത്ത് ഉപജീവനമാര്‍ഗായി കാണുന്നു.

 

മന്ത്രാനുഷ്ഠാനങ്ങള്‍ എന്നത് യൂണിവേഴ്സിറ്റികളിലൊന്നും പഠിപ്പിക്കുന്നതല്ലല്ലോ, തന്ത്രം എന്ന സബ്ജക്ട് ഇല്ല. ഇവരൊന്നും സംസ്‌കൃതം പഠിച്ചവരുമല്ല. ജീവിതത്തില്‍ സന്യാസി ആവണമെന്നുണ്ടെങ്കില്‍ തന്നെ ഫിലോസഫിക്കലായിട്ടുള്ള പടവുകളൊന്നും കടക്കാതെ, ജന്മ വഴിക്ക്, പാരമ്പര്യ വഴിക്ക് കേമാനാവാം എന്നാണ് അവര്‍ പറയുന്നത്. ജന്മമാണ് ഏറ്റവും വലുത് എന്ന് വരുത്തുകയാണ്. ഒരു തലമുറ അത് തകര്‍ത്തുവരും. ഇപ്പോള്‍ സുപ്രീം കോടതിയെങ്കിലും നമ്മളെ സഹായിച്ചല്ലോ? മാറ്റമുണ്ടാവും തീര്‍ച്ചയാണ്.

വരുമാനം ഉണ്ടാക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യംകൊടുത്തിട്ടുണ്ട്. പക്ഷേ സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല. അത് പുരുഷന്‍ ഭയപ്പെടുന്നു. സ്ത്രീയുടെ വരുമാനത്തിലേ കണ്ണുള്ളൂ. സ്ത്രീയുടെ സ്വാതന്ത്ര്യവും ശക്തിയും അവര്‍ അനുവദിക്കില്ല. വ്രതാനുഷ്ടാനങ്ങള്‍ വരുമാനമാര്‍ഗമാവുമ്പോഴാണ് അവര്‍ സ്ത്രീയെ കോവിലുകളില്‍ പ്രതിഷ്ഠിക്കുന്നത്

നമ്പൂതിരി സമുദായത്തിലെ നവോത്ഥാനത്തെ കുറിച്ച് ?

നമ്പൂതിരി സമുദായത്തില്‍ കുറേയാളുകളെല്ലാം പിന്നാക്കം പോകുന്നവരാണ്. പണ്ടത്തെ യോഗക്ഷേമസഭയുടെ ഫലം അനുഭവിച്ചവരെല്ലാം ഇന്ന് പിന്തിരിപ്പന്‍മാരാണ്. പിന്തിരിപ്പത്തരമാരായി മാറുകയാണ് നവോത്ഥാനം. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെ നായര്‍ സമുദായവും എല്ലാം അങ്ങനെ തന്നെ. സാമൂദായികസംഘടനകള്‍ കോളേജുകളും സ്‌കൂളുകളും കച്ചവടം ചെയ്യുന്നു. പണക്കാര്‍ക്ക് വേണ്ടി മാത്രമായി അവര്‍ മാറുന്നു.

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.