Interview | 'കാന്താരയല്ല അഞ്ചക്കള്ളകോക്കാന്‍'; സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ സംസാരിക്കുന്നു
Film Interview
Interview | 'കാന്താരയല്ല അഞ്ചക്കള്ളകോക്കാന്‍'; സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ സംസാരിക്കുന്നു
വി. ജസ്‌ന
Thursday, 21st March 2024, 7:11 pm
കാന്താര വളരെ ബ്രില്യന്റായ സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടമാണ്. പക്ഷെ അഞ്ചക്കള്ളകോക്കാന്‍ കാന്താരയുടെ സ്വാധീനം കൊണ്ട് ചെയ്തതല്ല. പാമ്പിച്ചി കണ്ടവരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു പക്ഷെ പാമ്പിച്ചി ഞാന്‍ ഷൂട്ട് ചെയ്യുന്നത് 2019ല്‍ ആണ്, അത് കഴിഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞാണ് കാന്താര റിലീസ് ആകുന്നത്.

മറ്റു സിനിമാ ഇന്‍ഡസ്ട്രിയെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ മികച്ച ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ന് നമ്മുടെ തിയേറ്ററുകള്‍. ഈയിടെ ഇറങ്ങിയ മലയാള സിനിമകളെല്ലാം കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നില്‍ക്കുന്നതാണ്. ആ ലിസ്റ്റിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രമാണ് ‘അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്’.

പേര് കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഈ സിനിമ കഥ കൊണ്ടും അവതരണം കൊണ്ടുമെല്ലാം വ്യത്യസ്തമാണ്. ഒട്ടും ഹൈപ്പില്ലാതെ തിയേറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്. അഞ്ചക്കള്ളകോക്കാനെ കുറിച്ച് ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയാണ് ഉല്ലാസ് ചെമ്പന്‍.

ഉല്ലാസ് ചെമ്പന്‍

ജസ്‌ന: അവതരണം കൊണ്ടും പേര് കൊണ്ടും ഏറെ വ്യത്യസ്തമായ ഒരു സിനിമയാണ് അഞ്ചക്കള്ളകോക്കാന്‍. എങ്ങനെയാകും ആ സിനിമക്ക് അങ്ങനെയൊരു പേര് വന്നതെന്ന് ഊഹിച്ചെടുക്കാന്‍ കഴിയില്ല. എന്നാല്‍ സിനിമ കാണുമ്പോള്‍ എങ്ങനെയാണെന്ന് വ്യക്തമാകുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് ഈ അഞ്ചക്കള്ളകോക്കാന്റെ കഥയിലേക്ക് എത്തുന്നത്?

ഉല്ലാസ് ചെമ്പന്‍: ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മയും അമ്മുമ്മയും ഒക്കെ രാത്രി ഉറങ്ങാതിരിക്കുമ്പോള്‍ ചുമ്മാ നമ്മളെ പേടിപ്പിക്കാന്‍ പറഞ്ഞിരുന്നതായിരുന്നു ‘അഞ്ചക്കള്ളകോക്കാന്‍ വരും വേഗം ഉറങ്ങിക്കോ’ എന്നൊക്കെ. ചെറുപ്പത്തില്‍ എന്റെ വിചാരം എല്ലായിടത്തും ഈ അഞ്ചക്കള്ളകോക്കാന്‍ പോലെ എന്തോ ഒന്ന് ഉണ്ടെന്നാണ്. കൂട്ടുകാരോട് ഇങ്ങനെ എന്തോ സംസാരിച്ചപ്പോള്‍ അവരും പറഞ്ഞു അവരോടും ചെറുപ്പത്തില്‍ ഇങ്ങനെ അമ്മ പറയുമായിരുന്നു എന്ന്.

ഞാനും ചേട്ടനും ചെറുപ്പം മുതല്‍ വലിയ സിനിമാ പ്രേമികളായിരുന്നു. ഞാന്‍ ഇന്നുവരെ ഒരു ക്രിക്കറ്റ് ഫൈനല്‍ കാണാനോ ഒന്നിനും ക്ലാസില്‍ പോകാതിരിക്കുകയോ ക്ലാസ് കട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷെ ഇതെല്ലാം ഞാന്‍ ചെയ്തിരുന്നത് സിനിമ കാണാന്‍ പോകാന്‍ വേണ്ടിയിട്ടാണ്. പിന്നെ ഡിഗ്രിക്ക് ബെംഗളൂരില്‍ പഠിക്കുമ്പോള്‍ എല്ലാ ദിവസവും സിനിമ കാണും. അതും എല്ലാ ഭാഷയിലേയും, പല ക്ലാസിക്കുകളും, വേള്‍ഡ് ടോപ് റേറ്റഡ് സിനിമകളൊക്കെ തേടി പിടിച്ചു കാണും. അതൊക്കെ സിനിമയിലേക്ക് എന്നെ ഒത്തിരി അടുപ്പിച്ചു.

പിന്നെ ചേട്ടന്‍ വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നത്. എന്നിട്ട് അങ്കമാലി ഡയറീസ് എഴുതുമ്പോള്‍ ചില ഡയലോഗിനെപ്പറ്റിയൊക്കെ ചുമ്മാ ഡിസ്‌ക്കസ് ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ 2019ല്‍ പാമ്പിച്ചി എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ എഴുതി സംവിധാനം ചെയ്തു. അതും ഇതുപോലെ ഒരു നാടന്‍ കലാരൂപവും ഇമോഷനും ഒക്കെ ആസ്പദമാക്കിയുള്ളതാണ്. ആ ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴുള്ള എക്സ്പീരിയന്‍സ് ചെറിയൊരു ആത്മവിശ്വാസം തന്നു.

കൊറോണ കാരണം 2022ലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ത്ത് അത് റിലീസ് ചെയ്യാന്‍ സാധിച്ചത്. കൊറോണ സമയത്ത് ഞാന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. അവിടെ വച്ചാണ് ഒരു ചെറിയ കഥ എഴുതി നോക്കാം എന്ന് കരുതുന്നത്. എന്റെ സുഹൃത്തും ആര്‍.ഡി.എക്സ് എന്ന സിനിമയുടെ അസോസിയേറ്റുമായ സൂരജ്, ആ സമയത്ത് പങ്കുവച്ച 30 സെക്കന്റ് വരുന്ന ചെറിയ ത്രെഡാണ് അഞ്ചക്കള്ളകോക്കാന്‍ എന്ന സിനിമയുടെ ഇതിവൃത്തം. പിന്നെ ഞാനും സുഹൃത്തായിരുന്ന വികില്‍ വേണുവും ചേര്‍ന്ന് ആ കഥ വികസിപ്പിക്കുകയായിരുന്നു.

ചെമ്പന്‍ വിനോദ്

ജസ്‌ന: ചേട്ടന്‍ തിരക്കഥ എഴുതിയ സിനിമയിലൂടെ വന്ന് ഇപ്പോള്‍ സ്വന്തമായി തിരക്കഥ എഴുതി ഒരു സിനിമയെടുത്തപ്പോള്‍ അഭിനയമാണോ അതോ സംവിധാനമാണോ എളുപ്പമായി തോന്നിയത്?

ഉല്ലാസ് ചെമ്പന്‍: സംവിധാനം ആണ് എന്നില്‍ ഇപ്പോഴും ആവേശം നിറച്ചിട്ടുള്ളത്. അഭിനയം പക്ഷെ എന്റെ മേഖലയായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

ജസ്‌ന:  ഉല്ലാസ് ചെമ്പന്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചിത്രം ഒരു ഫിക്ഷന്‍ ഴോണറിലുള്ളതാണ്. മുമ്പ് ചെയ്ത പാമ്പിച്ചി എന്ന ഷോര്‍ട്ട് ഫിലിമും ഫിക്ഷന്‍ തന്നെയാണ്. ഈ ഴോണറില്‍ വരുന്ന സിനിമകളോട് എങ്ങനെയാണ് താത്പര്യം ഉണ്ടാകുന്നത്? അത്തരം സിനിമകളോട് മാത്രമാണോ താത്പര്യം?

ഉല്ലാസ് ചെമ്പന്‍: പ്രേക്ഷകരില്‍ വിരസതയുളവാക്കാതെ ചിത്രം ഒരു പൊറാട്ട് നാടകത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കണം എന്നായിരുന്നു മനസില്‍.

ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് അഞ്ചക്കള്ളകോക്കാന്‍ എന്ന് തന്നെയാണ്.

ഞാന്‍ 2022ല്‍ സംവിധാനം ചെയ്ത പാമ്പിച്ചി എന്ന ഷോര്‍ട്ട് ഫിലിം പൊട്ടന്‍ തെയ്യത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ചക്കള്ളകോക്കാനിലേത് പോലെ ഹിംസയിലൂടെ തന്നെയാണ് ആ കഥയും പറഞ്ഞിരിക്കുന്നത്. എന്നില്‍ അറിഞ്ഞോ അറിയാതെയോ നാടോടി കഥകളോട് ഒരു താത്പര്യക്കൂടുതലുണ്ട്.

പാമ്പിച്ചിക്ക് ശേഷമാണ് പൊറാട്ട് നാടകം എന്ന കലാരൂപത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതും അറിയുന്നതും. ഈ കലാരൂപം കൂടുതല്‍ ജനങ്ങളിലേക്ക് എത്തപ്പെടേണ്ടതാണ് എന്ന തോന്നല്‍ ഉണ്ടായിരുന്നു. പക്ഷെ അത് മാത്രമായി പറഞ്ഞു പോയാല്‍ ജനങ്ങള്‍ അതിലേക്ക് എത്രമാത്രം ആകര്‍ഷിക്കപ്പെടും എന്ന സംശയം ഉടലെടുത്തത് കൊണ്ടാണ് അവരെ രസിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു രീതി പരീക്ഷിച്ചത്. അഞ്ചക്കള്ളകോക്കാന്‍ എന്ന പൊറാട്ട് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

ജസ്‌ന: അഞ്ചക്കള്ളകോക്കാനില്‍ കന്നഡ സിനിമകളുടെ സ്വാധീനമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേട്ടു. എങ്ങനെയാണ് ആ സ്വാധീനം ഉണ്ടാകുന്നത്?

ഉല്ലാസ് ചെമ്പന്‍:  കന്നഡ ഭാഷയുമായി ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും അടുപ്പമുണ്ട്. എന്റെ അച്ഛന്‍ മൈസൂരില്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ അമ്മയുടെ സഹോദരി താമസിക്കുന്നത് ബാംഗ്ലൂര്‍ ആണ്. എന്റെ കസിന്‍സ് വരുമ്പോള്‍ അവര്‍ കന്നട പറയും. ഞങ്ങള്‍ മൈസൂരില്‍ താമസിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ ബാംഗ്ലൂര്‍ പോയി താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കന്നഡ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും അറിയാം.

ഒരു മലയാളി തമിഴ് പറയുന്നത് പോലെയാണ് ഞങ്ങള്‍ക്ക് കന്നഡ. ഒരു ഗ്രൂപ്പില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ എന്തെങ്കിലും പറയണമെങ്കില്‍ ഞങ്ങള്‍ കന്നഡ പറയും. ചെറുപ്പത്തില്‍ തന്നെ കന്നഡ പടങ്ങളും അങ്ങനെ ഒരുപാട് കണ്ടിട്ടുണ്ട്. ചേട്ടന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഓഡിയോട്രാക്സ് കേട്ടാണ് വരിക. അങ്ങനെ ഉപേന്ദ്രയുടെ പടങ്ങളുടെയൊക്കെ ഓഡിയോ ട്രാക്സ് കേള്‍ക്കും. പോകുന്ന വഴിക്ക് പോസ്റ്റര്‍ കാണുമ്പോള്‍ പടം കാണാന്‍ തോന്നും.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലേ ഒത്തിരി കന്നഡ സിനിമകള്‍ കാണുമായിരുന്നു. കാന്താരയിലും പാമ്പിച്ചിയിലും ഒരുപോലെ വരുന്നത് അതിലെ ആര്‍ട്ട് ഫോം ആണ്.

എന്റെ സിനിമയില്‍ കാന്താരയുടെ ഇന്‍ഫ്ളുവന്‍സില്ല. പക്ഷെ പാമ്പിച്ചിയുടെ ഇന്‍ഫ്ളുവെന്‍സുണ്ട്.

ജസ്‌ന: സിനിമയില്‍ ഏറെ ശ്രദ്ധിക്കപെട്ട രണ്ട് കഥാപാത്രങ്ങളാണ് ഗില്ലാപ്പികള്‍. പ്രവീണ്‍ ടി.ജെയും മെറിന്‍ ജോസ് പൊറ്റക്കലും ആ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു ഇരുവരുടെയും. എങ്ങനെയാണ് ആ കഥാപാത്രങ്ങളിലേക്ക് അവരെ കൊണ്ടുവരുന്നത്?

ഗില്ലാപ്പികള്‍

ഉല്ലാസ് ചെമ്പന്‍:  ഗില്ലാപ്പികള്‍ ആയി അഭിനയിച്ച മെറിന്‍ ജോസ് എനിക്ക് പരിചയമുള്ള ആളാണ്, ഞാന്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അവന്‍ വരും. പ്രവീണിനെ എനിക്ക് പരിചയമില്ല. കമ്മട്ടിപ്പാടത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും, അവനെ ഗില്ലാപ്പിയാക്കാന്‍ തീരുമാനിക്കുന്നത് ബാലേട്ടന്റെ പ്രണയകവിത എന്ന മ്യൂസിക് വീഡിയോയില്‍ കണ്ടിട്ടാണ്.

പുള്ളി ആയിരിക്കണം ഒരു ഗില്ലാപ്പിയെന്ന് തോന്നി. രണ്ടു ഗില്ലാപ്പികളും ഒരേ വൈബ് ഉള്ളവരായാല്‍ മാത്രമേ ശരിയാകൂ. അല്ലെങ്കില്‍ വര്‍ക്കാകില്ല. പ്രവീണിനോട് കഥ പറഞ്ഞപ്പോള്‍ പുള്ളിക്ക് ഇഷ്ടമായി. അവര്‍ രണ്ടും നല്ല ടാലന്റഡ് ആര്‍ട്ടിസ്റ്റുകള്‍ ആണ്, എന്ത് കൊടുത്താലും അവര്‍ ചെയ്തോളും. അവരുടെ പോര്‍ഷന് എടുത്തത് ഞങ്ങള്‍ക്ക് തന്നെ നല്ല ഫണ്‍ ആയിരുന്നു. അവര്‍ വളരെ ഈസി ആയിട്ടാണ് അത് ചെയ്തത്. ഇപ്പോള്‍ പ്രേക്ഷകരും അവരെ പറ്റിയാണ് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്.

ജസ്‌ന: ചിത്രത്തില്‍ സഹോദരനായ ചെമ്പന്‍ വിനോദ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമായതാണ്. ആ കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ തന്നെയായിരുന്നോ മനസില്‍ കണ്ടിരുന്നത്?

ഉല്ലാസ് ചെമ്പന്‍:  ചേട്ടനോട് പറഞ്ഞപ്പോള്‍ രണ്ട് കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ മുന്നിലേക്ക് വച്ചത്. പക്ഷെ അദ്ദേഹം ഒന്നും ആലോചിക്കാതെ നടവരമ്പന്‍ എന്ന കഥാപാത്രം എടുത്തു. ഞാന്‍ കൊടുത്ത രണ്ട് കഥാപാത്രവും അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതായിരുന്നു.

ജസ്‌ന:  അഞ്ചക്കള്ളകോക്കാനില്‍ ലുക്മാന്റെ വസുദേവന്‍ എന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ലുക്മാന്‍ എന്ന നടന്‍ മുമ്പും പൊലീസ് വേഷത്തില്‍ വന്നിട്ടുണ്ട്. ആ കഥാപാത്രത്തില്‍ നിന്ന് വസുദേവനെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകാം. എങ്കിലും ലുക്മാനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടു വരാന്‍ കാരണം എന്തായിരുന്നു?

ലുക്മാന്‍

ഉല്ലാസ് ചെമ്പന്‍:  ലുക്മാന്‍ നമ്മുടെ ചെമ്പോസ്‌കി ഫിലിംസിന്റെ കഴിഞ്ഞ സിനിമയായ സുലേഖ മന്‍സിലില്‍ പ്രധാനവേഷം ചെയ്തതാണ്. അങ്ങനെ ലുക്മാനോട് പോയി കഥ പറഞ്ഞു. ഞാനും ലുക്മാനും കൂടി വണ്ടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ആണ് കഥ പറയുന്നത്. ലുക്മാന്‍ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ പ്രധാനതാരങ്ങള്‍ രണ്ടുപേരുമായി. ലുക്മാന്‍ ഇതിനു മുന്‍പ് ചെയ്ത ഉണ്ട എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രവും തല്ലുമാലയിലെ ആക്ഷന്‍ കഥാപാത്രവുമല്ലാത്ത ഒരാള്‍ ആയിരിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് വസുദേവന്‍ പിറവി എടുക്കുന്നത്.

മേഘ തോമസ്

മേഘ തോമസ് ഭീമന്റെ വഴിയില്‍ അഭിനയിച്ചത് കൊണ്ട് അവരെയും സമീപിക്കാന്‍ എളുപ്പമായിരുന്നു. അവര്‍ ഈ കഥാപാത്രം നന്നായി ചെയ്യുമെന്ന് ഉറപ്പായിരുന്നു. മെറിന്‍ ഫിലിപ്പിനെ മറ്റൊരു സിനിമയില്‍ കണ്ട ഒരു ഓര്‍മ ഉണ്ടായിരുന്നു. അങ്ങനെ അത് ആരാണെന്ന് അന്വേഷിക്കുകയും കണ്ടെത്തുകയുമായിരുന്നു. ശ്രീജിത്ത് രവി എന്റെ ഷോര്‍ട്ട് ഫിലിം കണ്ടിട്ട് വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തെ ഞാന്‍ വിളിച്ചു. അങ്ങനെയാണ് ഓരോരുത്തരും വന്നത്.

ജസ്‌ന: സിനിമയില്‍ എടുത്ത് പറയേണ്ടത് മണികണ്ഠന്‍ അയ്യപ്പയുടെ മ്യൂസിക്കും അര്‍മോയുടെ സിനിമാറ്റോഗ്രാഫിയുമൊക്കെയാണ്. മുമ്പ് പാമ്പിച്ചിയിലും ഈ ടീം കൂടെ ഉണ്ടായിരുന്നു. അവരെ തന്നെ വീണ്ടും അഞ്ചക്കള്ളകോക്കാനിലേക്ക് കൊണ്ടുവരാന്‍ കാരണം എന്തായിരുന്നു?

ഉല്ലാസ് ചെമ്പന്‍:  ഏറ്റവും നല്ല ടെക്നിക്കല്‍ ടീമിനെ ആണ് ഞാന്‍ ഈ സിനിമക്ക് വേണ്ടി തെരഞ്ഞെടുത്തത്. ക്യാമറ, എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, മ്യൂസിക് അങ്ങനെ എല്ലാം. ഏറ്റവും പ്രധാനപ്പെട്ടത് ക്യാമറ ചെയ്ത അരുണ്‍ മോഹനാണ്. പാമ്പിച്ചിയില്‍ തുടങ്ങിയ ബന്ധമാണ് അരുണിനോട്. മണികണ്ഠന്‍ അയ്യപ്പ ആണ് സംഗീതം ചെയ്തത്. പാമ്പിച്ചിയുടെ മ്യൂസിക് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ ഏല്‍പ്പിച്ചാല്‍ സംഗീതം എന്തായാലും അടിപൊളി ആകുമെന്ന് ഉറപ്പായിരുന്നു.

പാമ്പിച്ചിയുടെ സൗണ്ട് ഡിസൈനര്‍ ആയ അരുണ്‍ പി.എയാണ് ഇതിന്റെയും സൗണ്ട് ചെയ്തത്. അരുണിനോട് ഞാന്‍ പറഞ്ഞത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗണ്ട് എന്‍ജിനീയര്‍ കണ്ണന്‍ ഗണപതിനെ കൊണ്ട് സൗണ്ട് മിക്സ് ചെയ്യിക്കണം എന്നായിരുന്നു. കണ്ണന്‍ ചേട്ടന്റെ മിക്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫാന്‍ ആണ്. രണ്ടാഴ്ച്ച മുന്‍പ് ഫെഫ്ക നടത്തിയ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ പാമ്പിച്ചിയുടെ മ്യൂസിക്കിനും, സൗണ്ട് എഫക്ട്സിനും, സൗണ്ട് മിക്സിങ്ങിനും അവാര്‍ഡ് കിട്ടിയിരുന്നു.

അതുപോലെ കളറിങ് വന്നപ്പോള്‍ ഞാന്‍ ഒരു പുതിയ ആളെ പരീക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. കളര്‍ ചെയ്യാന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആളെ കണ്ടുപിടിക്കാന്‍ ഞാന്‍ അരുണിനോട് പറഞ്ഞു. അദ്ദേഹം കണ്ടെത്തിയത് അശ്വന്ത് സ്വാമിനാഥനെ ആയിരുന്നു.

ജസ്‌ന: ഈ സിനിമ കാണുന്ന ഒരാള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍. വളരെ വ്യത്യസ്തമായ പേരുകളാണ് ഓരോന്നും. ചിപ്പന്‍, ചാപ്ര, ഭൈരി, ഗില്ലാപ്പികള്‍, കൊള്ളിയാന്‍, നടവരമ്പന്‍, കരിവണ്ട് മണിയന്‍, മാവേലി… എങ്ങനെയാണ് ഇത്തരം വ്യത്യസ്തമായ പേരുകളിലേക്ക് എത്തുന്നത്? എണ്‍പതുകളുടെ അവസാനം നടക്കുന്ന കഥയായത് കൊണ്ട് മാത്രമാണോ അത്തരം പേരുകള്‍ തെരഞ്ഞെടുത്തത്?

ഉല്ലാസ് ചെമ്പന്‍: അങ്കമാലിയില്‍ ജനിച്ചു വളര്‍ന്ന ആളുകളില്‍ പറഞ്ഞു കേട്ടിട്ടുളള പേരുകളാണ് ഈ സിനിമയില്‍ ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പേരുകള്‍ അങ്കമാലിയില്‍ വളരെ സുലഭമാണ്. ആര്‍ട്ടിസ്റ്റ് എന്നതിലുപരി അഭിനയിക്കാന്‍ അറിയാവുന്നവര്‍ ആയിരിക്കണം നമ്മുടെ സിനിമയില്‍ ഉണ്ടാവേണ്ടത് എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു.

ജസ്‌ന:  പാമ്പിച്ചി 2022ലാണ് വരുന്നത്. വളരെ വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിമായിരുന്നു അത്. പൊട്ടന്‍ തെയ്യമായിരുന്നു അതിലെ കഥാപാത്രം. കാന്താര എന്ന സിനിമയോട് ചേര്‍ത്ത് പറയാന്‍ കഴിയുന്ന ഒന്നായി പാമ്പിച്ചിയെ തോന്നിയിട്ടുണ്ട്. എന്നാല്‍ 2020ല്‍ കാന്താരക്ക് മുമ്പ് പാമ്പിച്ചിയുടെ ട്രെയ്‌ലര്‍ ഇറങ്ങിയിട്ടുണ്ട്. പാമ്പിച്ചി കണ്ട ആളുകള്‍ അതിനെ കാന്താരയോട് താരതമ്യപെടുത്തിയിരുന്നു. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

ഉല്ലാസ് ചെമ്പന്‍: കാന്താര വളരെ ബ്രില്യന്റായ സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടമാണ്. പക്ഷെ അഞ്ചക്കള്ളകോക്കാന്‍ കാന്താരയുടെ സ്വാധീനം കൊണ്ട് ചെയ്തതല്ല. പാമ്പിച്ചി കണ്ടവരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു പക്ഷെ പാമ്പിച്ചി ഞാന്‍ ഷൂട്ട് ചെയ്യുന്നത് 2019ല്‍ ആണ്, അത് കഴിഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞാണ് കാന്താര റിലീസ് ആകുന്നത്.

ജസ്‌ന: പാമ്പിച്ചിയില്‍ പൊട്ടന്‍ തെയ്യമാണെങ്കില്‍ അഞ്ചക്കള്ളകോക്കാനില്‍ പൊറാട്ടാണ് ആവിഷ്‌ക്കരിക്കുന്നത്. ഇവ രണ്ടും മലയാള സിനിമകള്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലാത്ത നാടന്‍ കലകളാണ്. ഇതില്‍ മറ്റ് സിനിമകളില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിട്ടുണ്ടോ?

ഉല്ലാസ് ചെമ്പന്‍: പൊട്ടന്‍ തെയ്യത്തെ പറ്റി പലരും പറഞ്ഞു കേട്ട കഥയില്‍ നിന്നും എന്റെ മനസില്‍ ഉണ്ടായിരുന്ന ഒരു പൊട്ടന്‍ തെയ്യത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അല്ലാതെ ഇന്നുവരെ ഞാന്‍ തെയ്യം നേരിട്ട് കണ്ടിട്ടില്ല. അതുപോലെ പൊറാട്ട് നാടകത്തെ പറ്റി നമ്മുടെ സിനിമയില്‍ അഭിനയിച്ച രാഗ് പറഞ്ഞാണ് അറിയുന്നത്. അദ്ദേഹം പറഞ്ഞു അത് കാണാന്‍ വന്‍ വൈബ് ആണെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ഒരു ക്യൂരിയോസിറ്റി തോന്നി. അതെല്ലാം കൂടി ചേര്‍ത്താണ് ഞങ്ങള്‍ അഞ്ചക്കള്ളകോക്കാന്‍ എഴുതിയത്.

ഒരു പത്തു മാസം കൊണ്ടാണ് ഞങ്ങള്‍ ഈ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഞങ്ങള്‍ ഫിക്ഷന്‍ ആക്കിയ ഒരു പൊറാട്ട് നാടകമാണ് അഞ്ചക്കള്ളകോക്കാന്‍. ആ പേര് കേട്ട എല്ലാവരും പറഞ്ഞു വെറൈറ്റി ആയ പേരാണല്ലോ. ഞാന്‍ ഈ പേര് പറഞ്ഞപ്പോള്‍ ആര്‍മോയും വികിലുമൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്തു. അര്‍മോ ആണ് പാമ്പിച്ചിയുടെയും ക്യാമറ ചെയ്തത്. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊക്കെ ടൈറ്റില്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്ടമായി.

പാമ്പിച്ചിക്ക് ശേഷമാണ് പൊറാട്ട് നാടകം എന്ന കലാരൂപത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതും അറിയുന്നതും. ഈ കലാരൂപം കൂടുതല്‍ ജനങ്ങളിലേക്ക് എത്തപ്പെടേണ്ടതാണ് എന്ന തോന്നല്‍ ഉണ്ടായിരുന്നു. പക്ഷെ അത് മാത്രമായി പറഞ്ഞു പോയാല്‍ ജനങ്ങള്‍ അതിലേക്ക് എത്രമാത്രം ആകര്‍ഷിക്കപ്പെടും എന്ന സംശയം ഉടലെടുത്തത് കൊണ്ടാണ് അവരെ രസിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു രീതി പരീക്ഷിച്ചത്. അഞ്ചക്കള്ളകോക്കാന്‍ എന്ന പൊറാട്ട് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

content highlights; Interview with Ullas Chemban, the director of the movie Anchakallakokkan

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ