വെള്ളാപ്പള്ളിയറിയണം, മലബാര്‍ സമരത്തില്‍ അവര്‍ണരും പോരാളികളാണ്
Interview
വെള്ളാപ്പള്ളിയറിയണം, മലബാര്‍ സമരത്തില്‍ അവര്‍ണരും പോരാളികളാണ്
ഡോ. ടി.എസ്. ശ്യാം കുമാര്‍.
Thursday, 4th September 2025, 7:55 pm
ഫ്യൂഡല്‍ നാടുവാഴിത്ത-ജാതി-ജന്മി മേധാവിത്വത്തിന് എതിരായിട്ടുള്ള ഒരു കലാപമായിട്ടാണ് യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തെ അടയാളപ്പെടുത്തേണ്ടത്. അതിന് പകരം അത് മുസ്‌ലിങ്ങളെല്ലാം കൂടി ഹിന്ദുക്കളെ കൊന്നുകൂട്ടിയ ഒന്നാണ് എന്ന് പറയുന്നതില്‍ ചരിത്രപരമായ ധാരണക്കുറവുണ്ട്, ചരിത്രപരമായ പിശകുകളുണ്ട്. കാരണം ആ സമരത്തില്‍ ഇന്ന് ഹിന്ദുക്കള്‍ എന്നറിയപ്പെടുന്ന ആളുകളെല്ലാം പങ്കെടുത്തിട്ടുണ്ട്. അവര്‍ണ ജനസമുദായത്തില്‍പ്പെട്ടയാളുകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊക്കെ ചരിത്രപരമായ തെളിവുകളുള്ള കാര്യമാണ്. വസ്തുത ഇതായിരിക്കെ അതിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രശ്നമുണ്ട്.

ആലുവയില്‍ ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ മാപ്പിള ലഹളയാണ് കാരണമായതെന്നും മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യ സമരമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സംസ്‌കൃത പണ്ഡിതനും ഗവേഷകനും ചരിത്രകാരനും ശ്രീനാരായണ ദര്‍ശനത്തെ കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും ചെയ്ത ഡോ. ടി.എസ്. ശ്യാം കുമാര്‍.

ഡോ. ടി.എസ്. ശ്യാം കുമാര്‍.

ആര്യ: ശ്രീനാരായണ ഗുരു ആലുവ മണപ്പുറത്ത് സര്‍വമത സമ്മേളനം നടത്തിയതിന് കാരണം മാപ്പിള ലഹളയാണെന്നും അതില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടെന്നും അതിനെ സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നുമുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഡോ. ടി.എസ്. ശ്യാം കുമാര്‍: നാരായണഗുരു സ്വാമികള്‍ 1924ല്‍ സര്‍വമത സമ്മേളനം നടത്തിയതിന്റെ പശ്ചാത്തലം മലബാര്‍ കലാപമാണെന്ന് തെളിയിക്കത്തക്ക രീതിയിലുള്ള ഒരു തെളിവുകളും നമ്മുടെ പക്കലില്ല. ഗുരു അങ്ങനെ പറഞ്ഞിട്ടുമില്ല. പിന്നെ മലബാര്‍ കലാപം രണ്ട് മതങ്ങള്‍ തമ്മിലുള്ള കലാപമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കഴിഞ്ഞ കുറേ കാലമായി നടന്നുവരുന്നതാണ്.

ശ്രീ നാരായണ ഗുരു

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ ഈ പറയുന്ന മതഭേദങ്ങളും മതങ്ങള്‍ തമ്മിലുള്ള കലഹങ്ങളുമെല്ലാം വളരെ ആഴത്തില്‍ കേരളത്തിലും ഇന്ത്യയിലും നടന്നിരുന്നു. ആ പശ്ചാത്തലത്തിലാണ് സര്‍വമത സമ്മേളനം നടക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഒരു ഹിന്ദു-മുസ്‌ലിം കലാപമായിരുന്നില്ല മലബാറില്‍ നടന്നത്. മറിച്ച് ആഭ്യന്തര കൊളോണിയലിസത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ മുസ്‌ലിങ്ങളും അവര്‍ണ ജനസമുദായങ്ങളുമെല്ലാം ചേര്‍ന്ന് നടത്തി വന്ന സമരമായിരുന്നു അത്.

അതില്‍ പ്രഹരമേറ്റത് സവര്‍ണ ഫ്യൂഡല്‍ നാടുവാഴിത്ത മേധാവിത്വത്തിനാണ്. ആ ഒരു ചരിത്ര യാഥാര്‍ത്ഥ്യം പറയുന്നതിന് പകരം ഇത് ഹിന്ദു-മുസ്‌ലിം വൈരമാണെന്നും ആ ഹിന്ദു-മുസ്‌ലിം വൈരം കണ്ടിട്ടാണ് ഗുരു സര്‍വമത സമ്മേളനം നടത്തിയതെന്നും പറയുന്നത് ചരിത്രപരമായ ഒരു കാഴ്ചപ്പാടല്ല.

ആര്യ:  മാപ്പിള ലഹളയില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്തെന്നും ഇത് കേട്ടറിഞ്ഞ ഗുരുദേവന്‍ കുമാരനാശാനെ അവിടേക്ക് അയച്ചെന്നും തിരിച്ചെത്തിയ കുമാരനാശാനില്‍ നിന്നറിഞ്ഞ വാര്‍ത്തകളില്‍ ഗുരുവിനുണ്ടായ ദുഃഖമാണ് സര്‍വതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തിയെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത്തരമൊരു നരേറ്റീവിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

 

ഡോ. ടി.എസ്. ശ്യാം കുമാര്‍: മലബാര്‍ കലാപത്തെ മുന്‍നിര്‍ത്തിയുള്ള ചില പരാമര്‍ശങ്ങള്‍ കുമാരനാശാന്‍ തീര്‍ച്ചയായിട്ടും ആദ്യകാലത്ത് നടത്തിയിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ കാവ്യത്തിന്റെ ആമുഖത്തില്‍ തന്നെ ഇത് തിരുത്തിക്കൊണ്ടുള്ള ഒരു പ്രസ്താവന ആശാന്‍ നല്‍കിയിട്ടുണ്ട്. അത് ചരിത്രപരമായ ഒരു തെളിവാണ്. അതിരിക്കെ തന്നെ കുമാരനാശാനെ കുറിച്ച് ഇങ്ങനെ ഒരു പ്രസ്താവന പറയുന്നത് തെറ്റിദ്ധാരണാജനകമാണ്.

കുമാരനാശാന്‍

മാപ്പിള ലഹള എന്ന് ചിലയാളുകള്‍ അടയാളപ്പെടുത്തുന്ന മലബാര്‍ കലാപം അല്ലെങ്കില്‍ മലബാര്‍ സ്വാതന്ത്ര്യ സമരം ഹിന്ദുക്കളും അവര്‍ണ ജനവിഭാഗങ്ങളുമെല്ലാം പങ്കെടുത്തുകൊണ്ട് നടന്ന സംഗതിയാണ്.

ആഭ്യന്തര കൊളോണിയലിസത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെയുള്ള ഒരു സമരമായിരുന്നു അവിടെ അരങ്ങേറിയത് എന്നാണ് മലബാര്‍ കലാപത്തെ കുറിച്ച് ചരിത്രകാരന്മാരും ഇതിനെ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയവരും പറയുന്നത്.

ഫ്യൂഡല്‍ നാടുവാഴിത്ത-ജാതി-ജന്മി മേധാവിത്വത്തിന് എതിരായിട്ടുള്ള ഒരു കലാപമായിട്ടാണ് യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തെ അടയാളപ്പെടുത്തേണ്ടത്. അതിന് പകരം അത് മുസ്‌ലിങ്ങളെല്ലാം കൂടി ഹിന്ദുക്കളെ കൊന്നുകൂട്ടിയ ഒന്നാണ് എന്ന് പറയുന്നതില്‍ ചരിത്രപരമായ ധാരണക്കുറവുണ്ട്, ചരിത്രപരമായ പിശകുകളുണ്ട്.

കാരണം ആ സമരത്തില്‍ ഇന്ന് ഹിന്ദുക്കള്‍ എന്നറിയപ്പെടുന്ന ആളുകളെല്ലാം പങ്കെടുത്തിട്ടുണ്ട്. അവര്‍ണ ജനസമുദായത്തില്‍പ്പെട്ടയാളുകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊക്കെ ചരിത്രപരമായ തെളിവുകളുള്ള കാര്യമാണ്. വസ്തുത ഇതായിരിക്കെ അതിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രശ്നമുണ്ട്.

 

ആര്യ: കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നതെന്നും മുസ്‌ലിങ്ങള്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് പൊതുസ്വത്ത് കവര്‍ന്നെടുക്കുകയാണെന്നും അടക്കമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ എങ്ങനെയാണ് കാണുന്നത്?

 

ഡോ. ടി.എസ്. ശ്യാം കുമാര്‍: ധാരാളമായി ഇത്തരത്തില്‍ മുസ്‌ലിം വിരുദ്ധ, വംശീയ പ്രസ്താവനകള്‍ വരുന്നതായി നമ്മള്‍ കാണുന്നുണ്ട്. മുസ്‌ലിങ്ങള്‍ പലതും അടിച്ചുമാറ്റുന്നു, സ്ഥാപനങ്ങള്‍ അപഹരിക്കുന്നു, മലബാര്‍ ഈഴവര്‍ക്ക് വസിക്കാന്‍ പറ്റാത്ത പ്രദേശമായി മാറിയിരിക്കുന്നു, അവിടം മുസ്‌ലിങ്ങള്‍ കയ്യേറിയിരിക്കുന്നു ഇങ്ങനെയൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍

യഥാര്‍ത്ഥ പ്രശ്നത്തെ മൂടിവെക്കുന്ന പ്രസ്താവനകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നതെന്നാണ് മനസിലാക്കുന്നത്. കാരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളും കോളേജുകളും എടുത്തുനോക്കിയാല്‍ അവിടെയെല്ലാം മുസ്‌ലിങ്ങളല്ലല്ലോ അധ്യാപകരായിട്ടുള്ളത്. സവര്‍ണവിഭാഗത്തില്‍പ്പെട്ട, വരേണ്യസമുദായത്തില്‍പ്പെട്ടയാളുകളല്ലേ അവിടെ അധ്യാപക തസ്തികയില്‍ മുഴുവന്‍ ജോലി ചെയ്യുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്താലും മലബാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എടുത്താലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എടുത്താലും ഇത് തന്നെയല്ലേ സ്ഥിതി. അവിടെയെല്ലാം വരേണ്യ ഒളിഗാര്‍ക്കിയാണ് സംഭവിക്കുന്നത്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍, ഭരണകൂടത്തില്‍, അധികാര സ്ഥാപനങ്ങളില്‍ ഇവിടെയെല്ലാം ഭീകരമായ വിധത്തില്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ഒരു ഒളിഗാര്‍ഗിക്കല്‍ ഭരണമാണ് നിലനില്‍ക്കുന്നത് എന്നാണ് കേരള ശാസ്ത്ര സാഹിത്യത്തിന്റെ പഠനം സൂചിപ്പിക്കുന്നത്.

മുസ്‌ലിങ്ങളും ദളിതരുമൊക്കെ വലിയ രീതിയിലുള്ള പുറംതള്ളല്‍ ഹിംസ നേരിടുന്നുവെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം സൂചിപ്പിക്കുന്നത്. സച്ചാര്‍ കമ്മീഷന്‍ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും മുസ്‌ലിങ്ങളുടെ പിന്നോക്കാവസ്ഥയെ പറ്റിയാണ്.

കേരളത്തിലെ സിറിയന്‍ കാത്തോലിക്സിനോ എസ്.എന്‍.ഡി.പിക്കോ എന്‍.എസ്.എസിനോ ഉള്ള കോളേജുകളുടെ പകുതി പോലും മുസ്‌ലിം മാനേജ്മെന്റിന് കേരളത്തില്‍ ഉണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും.

കേരളത്തില്‍ എത്ര മുസ്‌ലിം മന്ത്രിമാരുണ്ട്. അത് പരിശോധിക്കണ്ടേ? മറ്റ് സവര്‍ണ ഒളിഗാര്‍ഗിക്കല്‍ സമുദായങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ പ്രാതിനിധ്യം ഇരട്ടിയായിട്ടല്ലേ നമ്മള്‍ കാണുന്നത്. അപ്പോള്‍ സമസ്ത രംഗങ്ങളിലും യാഥാര്‍ത്ഥ്യം ഇതായിരിക്കെ മുസ്‌ലിങ്ങളെ അപരവത്കരിച്ചുകൊണ്ട് സംസാരിക്കുക എന്നത് നാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്.

ആര്യ:  മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള മത വിഭാഗങ്ങളോടുള്ള ഗുരുവിന്റെ ദര്‍ശനം എങ്ങനെയുള്ളതായിരുന്നു? മതമെന്ന സങ്കല്‍പ്പത്തെ അദ്ദേഹം വിഭാവനം ചെയ്തത് എങ്ങനെയാണ്?

 

ഡോ. ടി.എസ്. ശ്യാം കുമാര്‍: ഗുരു ഒരിക്കല്‍ തിരുവനന്തപുരത്ത് കടയ്ക്കാവൂരിനടത്തുള്ള ഒരു പ്രദേശത്തുകൂടി കടന്നുപോകുകയാണ്. അവിടെ അദ്ദേഹം ഒരു മുസ്‌ലിം വനിതയെ കാണുന്നു. ഗുരുവിനെ കണ്ടപ്പോള്‍ അവര്‍ വീടിന് വെളിയിലേക്ക് ഇറങ്ങി വന്നതാണ്. ആ വനിതയുമായി ഗുരു കുശലാന്വേഷണം നടത്തി.

ശേഷം അദ്ദേഹത്തിന്റെ ശിഷ്യരോട് ഗുരുസ്വാമികള്‍ പറഞ്ഞത് ‘നമ്മുടെ അവധൂത കാലത്ത് നമുക്കേറെ പുട്ടും മീന്‍കറിയും നല്‍കിയവരാണവര്‍. അവര്‍ക്ക് വേണ്ടത് ചെയ്യണം’ എന്നായിരുന്നു. ഇതായിരുന്നു ഗുരു. ഇതൊരു സഹജീവന വ്യവസ്ഥയാണ്.

ഗുരു മുസ്‌ലിങ്ങളുമായി വെറുപ്പോടെയും വിദ്വേഷത്തോടെയും കഴിഞ്ഞ ഒരാളല്ല. തന്റെ സുഹൃത്തിന് വേണ്ടി ശിവഗിരിയില്‍ ഒരു മുസ്‌ലിം പള്ളി പണിയുവാന്‍ തനിക്ക് മടിയില്ല എന്ന് പറഞ്ഞയാളാണ് ഗുരു. 1925 ല്‍ സി.വി. കുഞ്ഞിരാമനുമായി നടത്തിയ സംഭാഷണത്തില്‍ ഇസ്‌ലാം മതത്തിന്റെ സാരം സാഹോദര്യമാകുമെന്നും ക്രിസ്തുമതത്തിന്റെ സാരം സ്നേഹമാകുന്നു എന്നും ഗുരു പറയുന്നുണ്ട്. സ്നേഹമില്ലാതെ സാഹോദര്യമോ സാഹോദര്യമില്ലാതെ സ്നേഹമോ നിലനില്‍ക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

അതുപോലെ പ്രഭാഷണങ്ങളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ച ചില കാര്യങ്ങളുണ്ട്. പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതാകരുത് എന്നാണ് ഗുരു പറയുന്നത്. നമുക്ക് അറിവില്ലാത്ത വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല.

അതുപോലെ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രഭാഷണം നടത്താന്‍ പാടില്ല. ഇതായിരുന്നു പ്രഭാഷണത്തെ സംബന്ധിച്ച് ഗുരുവിന്റെ അഭിപ്രായം. പക്ഷേ ഇപ്പോള്‍ നമ്മള്‍ കാണുന്നത് എന്താണ്. ചരിത്രവിരുദ്ധവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് പ്രഭാഷണം എന്ന രൂപേണ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി ഇതെല്ലാം വിദ്വേഷ പ്രചരണങ്ങളാണ്.

ഗുരുവെഴുതിയ അനുകമ്പാദശകത്തില്‍ ഗുരു പറയുന്നത് ‘കരുണാവാന്‍ നബി മുത്തുരത്നം’ എന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്. ഖുര്‍ആന്‍ മുഴുവന്‍ വിമര്‍ശനാത്മകമായി വായിച്ചിട്ട് ഖുര്‍ആനോട് ഒരു വിമര്‍ശനമല്ല ഗുരു പറയുന്നത്.

തീര്‍ച്ചയായിട്ടും ഇന്നത്തെ സമൂഹത്തില്‍ നമ്മള്‍ ഖുര്‍ആനും ബൈബിളുമൊക്കെ വായിച്ചുനോക്കുമ്പോള്‍ മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടി വരും. അങ്ങനെ വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ ഉപേക്ഷിക്കേണ്ടതിനെയൊക്കെ ഉപേക്ഷിക്കേണ്ടി വരും.

അങ്ങനെയായിരിക്കെ തന്നെ ഇവിടെ ‘കരുണാവാന്‍ നബി മുത്തുരത്നം’ എന്ന് ഗുരു എഴുതുന്നതിന്റെ അര്‍ത്ഥം എന്താണ്. മതങ്ങള്‍ തമ്മില്‍ കലഹം നിലനില്‍ക്കുന്ന കാലത്ത് ആ വൈരത്തെയെല്ലാം മറികടന്ന് ഒരു അനുകമ്പയുടെ, അരുളിന്റെ, കരുണയുടെ മൂര്‍ത്തീരൂപമായി മതത്തെ ഭാവനപ്പെടുത്തുകയാണ് ഗുരു.

മതം അങ്ങനെ ആണോ എന്നത് വേറെ വിഷയം. പക്ഷേ അങ്ങനെ ഒരു സങ്കല്‍പ്പത്തിലേക്ക് ഗുരു മതത്ത കാരുണ്യമായി, അനുകമ്പയായി, അരുളായി കണ്ടെടുക്കുകയാണ്. അവിടെ പരസ്പര വിദ്വേഷത്തിനോ അല്ലെങ്കില്‍ മറ്റുള്ളവരെ വിദ്വേഷ പ്രചരണത്തിലൂടെ അപരരാക്കുന്ന വ്യവസ്ഥയ്ക്കോ യാതൊരു സ്ഥാനവും ഇല്ല എന്നതാണ് കാര്യം. ഇത്തരം പ്രസ്താവനകളെല്ലാം തന്നെ ഗുരുവിന്റെ ആദര്‍ശത്തിന് സമ്പൂര്‍ണമായി എതിരാണ്.

അദ്ദേഹത്തിന്റെ ദര്‍ശനം അപരസ്നേഹമാണ്. അപരത്വത്തിലേക്ക് തുറക്കുന്ന വാതിലുകള്‍ സൃഷ്ടിക്കുന്ന മനസുകളായി, മനസിന്റെ ഉടമകളായി നമ്മളെല്ലാം മാറുക എന്നുള്ളതാണ് ഗുരുദേവന്റെ കല്‍പ്പന. അല്ലാതെ മുസ്‌ലിങ്ങള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും അപരവിദ്വേഷം അഴിച്ചുവിടുക എന്നത് ഗുരുവിന്റെ ദര്‍ശനത്തിന്റെ കാതലിനോട് ഒട്ടും ചേര്‍ന്നതല്ല. അത് ഗുരുദര്‍ശനത്തിന് വിരുദ്ധമായ ഒന്നാണ്.

 

ആര്യ: എസ്.എന്‍.ഡി.പി എന്ന സംഘടനയെ കുറിച്ചുള്ള ഗുരുവിന്റെ ദര്‍ശനങ്ങള്‍ എന്തെല്ലാമായിരുന്നു, പില്‍ക്കാലത്ത് സംഘടനയോടുള്ള ഗുരുവിന്റെ വിയോജിപ്പുകള്‍ക്ക് കാരണം എന്തായിരുന്നു?

 

ഡോ. ടി.എസ്. ശ്യാം കുമാര്‍: സമുദായ സംഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒരു സങ്കല്‍പ്പമുണ്ടായിരുന്നു. സമുദായ സംഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേര്‍ക്കുന്നതാവണം എന്നാണ് ഗുരു പറഞ്ഞത്. ഈഴവര്‍ക്ക് മാത്രമുള്ള ഒരു സംഘടനയാണെന്ന നിലയ്ക്കല്ല അദ്ദേഹം എസ്.എന്‍.ഡി.പി തുടങ്ങിയത്. പക്ഷേ എസ്.എന്‍.ഡി.പി തന്റെ ആശയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയ ഗുരു ഡോ. പല്‍പ്പുവിന് എഴുതിയ കത്തില്‍ പറയുന്നുണ്ട്, നാം വാക്കുകൊണ്ട് വിട്ടതുപോലെ ഇപ്പോള്‍ യോഗത്തെ മനസുകൊണ്ടും വിട്ടിരിക്കുന്നു എന്ന്.

ശ്രീ നാരായണ ഗുരു

ജാതിയില്ലാത്ത ഒരു സംഘടന രൂപീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഗുരു പറഞ്ഞിട്ടുണ്ട്. സന്യാസ സംഘത്തിനായി ഒരു ബൈലോ എഴുതി തയ്യാറാക്കുമ്പോള്‍ ജാതി മത ഭേദമന്യേ ആര്‍ക്കും തന്റെ സന്ന്യാസ സംഗത്തില്‍ അംഗമാകാം എന്ന് പറഞ്ഞയാളാണ് ഗുരുസ്വാമികള്‍.

കരീം എന്ന് പറയുന്നൊരാള്‍ ശിഷ്യപ്പെടാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പേര് മാറ്റേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ തന്നെ തുടര്‍ന്നുകൊണ്ട് ഒരു ശ്രീനാരായണീയനായി തുടരാം എന്ന് പറഞ്ഞയാളാണ് ഗുരു. മിസ്റ്റര്‍ കര്‍ക്കിന് ടൈയും കോട്ടും കൊടുത്ത് സന്യാസം കൊടുത്തയാളാണ് ഗുരു. രണ്ട് വിദേശീയരായ ആളുകള്‍ക്ക് അവരുടെ വിവാഹം ശിവഗിരിയില്‍വെച്ച് നടത്തിക്കൊടുത്ത ആളാണ് അദ്ദേഹം.

ഇങ്ങനെ മതത്തിന്റെയും ജാതിയുടെയും എല്ലാ തരത്തിലുമുള്ള സങ്കുചിത മതബോധ്യങ്ങള്‍ക്കുമുപരിയായി വിശാലമായ മാനവിക കാഴ്ചപ്പാടുകള്‍, സാഹോദര്യ, സഹജീവനമെന്ന കാഴ്ചപ്പാടുകള്‍ ആഴത്തില്‍ മുന്നോട്ടുവെച്ച ദര്‍ശനത്തിന്റെ ഉപജ്ഞാതാവും വക്താവും പ്രയോക്താവുമാണ് നാരായണ ഗുരുസ്വാമികള്‍.

നിര്‍ഭാഗ്യവശാല്‍ അദ്ദേഹം രൂപം കൊടുത്ത പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാര്‍ ഒരു ദര്‍ശനത്തിന്റേയും വഴിക്കല്ല സഞ്ചരിക്കുന്നത് എന്നുള്ളതാണ് നമ്മുടെ സമൂഹം നേരിടുന്ന ഭീകരമായ ഒരു പ്രതിസന്ധി.

 

Content Highlight: Interview with TS Shyam Kumar on Vellappally Natesan’s statements

 

ഡോ. ടി.എസ്. ശ്യാം കുമാര്‍.
സംസ്‌കൃത പണ്ഡിതനും ഗവേഷകനും ചരിത്രകാരനും