കല്‍പ്പറ്റ: 2003ല്‍ നടന്ന മുത്തങ്ങ സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് യോഗിക്ക് 23 വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് മകന്‍ ശിവന്‍ യോഗി. തന്റെ പിതാവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം പോലും നടന്നിട്ടില്ലെന്നും നീതി ആവശ്യപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് തങ്ങള്‍ പോകാനുദ്ദേശിക്കുന്നതായും അദ്ദേഹം ഡൂള്‍ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കി.
(യോഗി എന്നാണ് തന്റെ പിതാവിന്റെ യഥാര്‍ത്ഥ പേരെന്നും ജോഗി എന്ന് തെറ്റായാണ് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചിരുന്നതെന്നും ശിവന്‍ യോഗി ഡൂള്‍ന്യൂസിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.)
തന്റെ പിതാവിന്റെ മരണത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെങ്കിലും അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന് ശിവന്‍ യോഗി പറഞ്ഞു. ’23 വര്‍ഷമായിട്ടും യോഗിയുടെ മരണത്തില്‍ അന്വേഷണം നടന്നിട്ടില്ല. അച്ഛന്‍ എങ്ങനെ മരിച്ചു എന്ന് വ്യക്തമാക്കാന്‍ അന്വേഷണം നടന്നിട്ടില്ല. അന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ അന്വേഷണം നടന്നിട്ടില്ല,’ ശിവന്‍ യോഗി പറഞ്ഞു.
അന്വേഷണം നടക്കണമെങ്കില്‍ പൊലീസ് യോഗിയുടെ വീട്ടില്‍ വന്ന് അന്വേഷിക്കേണ്ടതല്ലേ. 23 വര്‍ഷത്തിനിടെ ഒരു തവണ പോലും ഈ കേസ് അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടില്‍ വന്നിട്ടില്ലെന്നും ശിവന്‍ യോഗി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തനിക്ക് 14 വയസുള്ളപ്പോഴായിരുന്നു വെടിവെപ്പുണ്ടായതെന്ന് ശിവന്‍ യോഗി ഓര്‍ത്തെടുത്തു. ’23 വര്‍ഷമായി മുത്തങ്ങ സമരം നടന്നിട്ട്. അന്ന് എനിക്ക് 14 വയസായിരുന്നു. അവിടെ ഭൂസമരത്തിനായിട്ടായിരുന്നു ഞാനും അച്ഛനും പോയത്. പിന്നീട് മുത്തങ്ങ വെടിവെപ്പുണ്ടായി. അച്ഛന്‍ അതില്‍ കൊല്ലപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
യോഗിയുടെ കൊലപാതകത്തില്‍ ഒരു കേസും പൊലീസ് എടുത്തിട്ടില്ല. എഫ്.ഐ.ആര്‍ ഇടുക മാത്രമാണ് ചെയ്തത്. പൊലീസുകാരന്‍ മരിച്ചതിന് മാത്രം നീതി കിട്ടിയാല്‍ പോരല്ലോ. യോഗി മരിച്ചതിലും നീതി ലഭിക്കേണ്ടതല്ലേ എന്നും ശിവന്‍ യോഗി ചോദിച്ചു.
മുത്തങ്ങ സമരകാലത്തെ പൊലീസ് അതിക്രമങ്ങളിലും പൊലീസ് വെടിവെപ്പിനും ഇരയായവര്‍ക്ക് നീതി ആവശ്യപ്പെട്ട് മുത്തങ്ങ ഐക്യദാഢ്യ സമിതി ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പത് മുതല്‍ സമര പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒമ്പതിന് സുല്‍ത്താന്‍ ബത്തേരി ജോഗി നഗറില്‍ ദലിത് – ആദിവാസി സംഗമം സംഘടിപ്പിക്കും.
‘മുത്തങ്ങ നീതിക്കായി ദളിത് ആദിവാസി സംഗമവും അവകാശ പ്രഖ്യാപനവും ,’ എന്ന പേരിലാണ് പരിപാടി. ആദിവാസി ഗോത്ര മഹാസഭ, അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്, ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മുത്തങ്ങ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചിട്ടുള്ളത്.
തന്റെ പിതാവിന്റെ കൊലപാതകത്തില്‍ നീതി നേടിയെടുക്കാനായി ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആവശ്യപ്പെടുമെന്നും ശിവന്‍ യോഗി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തുടര്‍ന്നുള്ള നിയമ നടപടികള്‍ എന്തെന്ന് ഒമ്പതിന് നടക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തില്‍ താന്‍ ഔപചാരികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ക്ക് നീതി കിട്ടണം എന്ന് ശിവന്‍ യോഗി നിലപാട് വ്യക്തമാക്കി. തന്റെ കുടുംബത്തിന് മാത്രമല്ല മുത്തങ്ങയില്‍ മര്‍ദനമേറ്റ എല്ലാവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി വേണമെന്നും അദ്ദേഹം പറഞ്ഞു.
52 പേര്‍ക്ക് അന്ന് അവിടെ മര്‍ദനമേറ്റിരുന്നു. അവര്‍ക്കാര്‍ക്കും നീതി ലഭിച്ചില്ല. അവര്‍ക്കെല്ലാം നീതി ലഭിക്കേണ്ടതുണ്ടെന്നും ശിവന്‍ ജോഗി ചൂണ്ടിക്കാട്ടി.
മുത്തങ്ങ സമരകാലത്ത് പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിലും മറ്റൊരു പൊലീസുകാരന് നേര്‍ക്ക് ആക്രമണമുണ്ടായെന്ന കേസിലും വിചാരണ കോടതി അടുത്തിടെ വിധി പറഞ്ഞിരുന്നു. അതേസമയം മുത്തങ്ങ സമര കാലത്ത് ആദിവാസികള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളിലോ പൊലീസ് വെടിവെപ്പില്‍ യോഗി കൊല്ലപ്പെട്ട സംഭവത്തിലോ നിയമ നടപടികളൊന്നുമുണ്ടായിട്ടില്ല എന്ന് ഈ വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ ആദിവാസി ഗോത്ര മഹാ സഭ അഭിപ്രായപ്പെട്ടിരുന്നു.
പൊലീസ് വെടിയേറ്റ് മരിച്ച ആദിവാസി പ്രവര്‍ത്തകന്‍ യോഗിയുടെ മരണം കേവലം ഒരു അസ്വാഭാവിക മരണമായി മാത്രമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഈ മാസം രണ്ടിന് കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭാ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
യോഗിയുടേത് അസ്വാഭാവിക മരണമെന്ന നിലക്കാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനോ അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാരും സി.ബി.ഐയും തയ്യാറായിട്ടില്ലെന്നും ഗോത്ര മഹാസഭാ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2003-ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധി നിര്‍മല പാണ്ഡെ അവിടെ നടന്നിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ ഉത്തരവ് സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുത്തങ്ങയില്‍ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ അശോകന്‍ എന്നയാള്‍ കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചിരുന്നു. അബ്ദുല്‍ സലാം എന്ന പൊലീസുകാരനെ അക്രമിച്ചെന്ന പരാതിയിലുള്ള വധശ്രമ കേസില്‍ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം.ഗീതാനന്ദന്‍ അടക്കം നാല് പേരെ പേരെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. അനില്‍ കുമാര്‍, ബിനു, രമേശന്‍, എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
മുത്തങ്ങ സംഭവത്തില്‍ സി.ബി.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടത്തിയത് ഏകപക്ഷീയമായ അന്വേഷണമാണെന്ന് ഈ വിധി വന്നതിന് പിന്നാലെ ആദിവാസി ഗോത്ര മഹാ സഭ അഭിപ്രായപ്പെട്ടിരുന്നു. ശിക്ഷയ്ക്ക് കാരണമായ കേസില്‍ പോലീസിന്റെയും ഡോക്ടറുടെയും മൊഴികള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ആധാരമാക്കിയത്. 47 പ്രോസിക്യൂഷന്‍ സാക്ഷികളെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗത്തുനിന്ന് ഒരാള്‍ മാത്രമാണ് സാക്ഷിയായി ഉണ്ടായിരുന്നത്. ഇത്തരം വ്യാജ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിക്ഷാവിധിയെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Interview With Sivan Yogi Son Of Yogi (Jogi) Who Killed in Police action against Muthanga Struggle