അഭിമുഖം- പുന്നല ശ്രീകുമാര്‍: കീഴാള സംഘടനകളും കീഴാള ബുദ്ധിജീവികളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം (ഭാഗം രണ്ട്)
ജംഷീന മുല്ലപ്പാട്ട്

ശബരിമല സ്ത്രീപ്രവേശന വിധിയുടെ മറവില്‍ വന്‍തോതിലുള്ള ഹിന്ദുത്വ വര്‍ഗീയ വല്‍ക്കരണത്തിനു കേരളം സാക്ഷിയായി. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചത് ദളിത് ആദിവാസി സംഘടനകളാണ്. ഈ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിന് അനുമതി നല്‍കികൊണ്ട് അതിന്റെ ചട്ടങ്ങളും നടപടി ക്രമങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഇത് സവര്‍ണ സമുദായങ്ങളെ പ്രീണിപ്പിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ തന്ത്രമല്ലേ? കീഴാള ജനതയോടുള്ള വഞ്ചനയല്ലേ?

ശബരിമല വിഷയം വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കീഴാള വിഭാഗം നിന്നെന്നു പറയുമ്പോള്‍ ഇതൊരു നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് കാണുന്നത്. യഥാര്‍ത്ഥത്തില്‍ കീഴാള വിഭാഗങ്ങളുടെ ചരിത്രപരമായ കടമയാണത്. ഇന്ത്യന്‍ നവോത്ഥാനത്തെ കുറിച്ച് പരിശോധിക്കുമ്പോള്‍ രാജാറാം മോഹന്‍ റോയ് ആണെങ്കിലും ദയാനന്ദ സരസ്വതി ആണെങ്കിലും ശ്രീരാമകൃഷ്ണ പരമഹംസന്‍ ആണെങ്കിലും ഉത്തരേന്ത്യയില്‍ നടന്ന നവോത്ഥാനങ്ങള്‍ എല്ലാം സവര്‍ണ വിഭാഗങ്ങളില്‍ നിന്നാണ്. അതില്‍ വ്യത്യസ്തമായി ഉണ്ടായിരുന്നത്, മഹാരാഷ്ട്രയില്‍ ജ്യോതി റാവു ഫൂലെയുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ളതാണ്. പക്ഷേ, നമ്മുടെ നാട്ടിലേയ്ക്ക് വരുമ്പോള്‍ ഇവിടുത്തെ നവോത്ഥാനത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ വ്യത്യാസം വരുകയാണ്. ഇവിടെ കീഴാള വിഭാഗങ്ങളില്‍ നിന്നാണ് നവോത്ഥാനം രൂപപ്പെടുന്നത്.

സ്വാഭാവികമായും നമ്മുടെ നവോത്ഥാനത്തിന്റെ തുടര്‍ച്ച ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ അതിനു നേതൃത്വം കൊടുത്ത വിഭാഗങ്ങളുടെ പിന്‍മുറക്കാരെന്ന നിലയില്‍ അതിനെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തം ഇവിടുത്തെ കീഴാള ജനവിഭാഗങ്ങള്‍ക്കുണ്ട്. ആ ചരിത്ര പരമായ കടമയാണ് ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. പിന്നെ സംസ്ഥാനത്ത് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത് ഒരു പുരോഗമന സര്‍ക്കാരാണ്. സ്വാഭാവിമായും അവര്‍ക്ക് ഈ നിലപാട് എടുക്കാനെ കഴിയുകയുള്ളൂ. 2006ല്‍ വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോളാണ് കേസു വരുന്നു. 2007ലാണ് സത്യവാങ് മൂലം കോടതിയില്‍ കൊടുക്കുന്നത്. അന്ന് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിട്ടുണ്ട് ആ സര്‍ക്കാര്‍. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സത്യവാങ് മൂലം അതില്‍ നിന്നും വ്യത്യസ്തമായി. അവര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നയപരമായി സ്വീകരിച്ച കാര്യം മാത്രമേ ഇവര്‍ക്കും സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ വീണ്ടും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു.

പുരോഗമന സര്‍ക്കാരിന് ഈ കാര്യത്തില്‍ അവരുടെ നയപരമായ തീരുമാനമേ കൈകൊള്ളാന്‍ സാധിക്കുകയുള്ളൂ. കീഴാള ജനങ്ങളാണ് നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് എന്നുള്ളതു കൊണ്ട് ഇപ്പോള്‍, അതിനെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പിന്നെ ഒരു പുരോഗമന സര്‍ക്കാര്‍ എന്ന നിലയില്‍ അവര്‍ക്കും ഈ നിലപാട് സ്വീകരിക്കാനേ കഴിയൂ. ചരിത്രപരമായ മുന്നേറ്റമായി ഇതിനെ നമ്മള്‍ കാണേണ്ടതുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണക്കുമ്പോള്‍ പോലും ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ പ്രാധിനിധ്യം എന്നീ രണ്ടു കാര്യങ്ങളിലും വളരെ ശക്തമായ രീതിയില്‍ സര്‍ക്കാരിന് മുമ്പില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാല്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനും ഞങ്ങള്‍ തയ്യാറാണ്. സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ദിരാ സാനി കേസില്‍ തന്നെ സുപ്രീംകോടതി അത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനാ അനുസൃതമായി നിലനില്‍ക്കാന്‍ കഴിയുന്നതല്ല. അതിന്റെ ഒരവസരം വന്നാല്‍ തീര്‍ച്ചയായും സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ നടത്തും.

കേരളത്തില്‍ നടന്നിട്ടുള്ള ആദിവാസി-ദളിത് ഭൂസമരങ്ങള്‍ക്കു വേണ്ട വിധത്തില്‍ പിന്തുണ നല്‍കാന്‍ കെ.പി.എം.എസിനു കഴിഞ്ഞിട്ടില്ലെന്ന് സ്വയം വിമര്‍ശനപരമായി താങ്കള്‍ പറഞ്ഞിരുന്നല്ലോ, കൂടെ അരിപ്പ, ചെങ്ങറ ഭൂസമരങ്ങളെ ചേര്‍ത്തു വെച്ചുള്ള സമരവും കെ.പി.എം.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള രാഷ്ട്രീയ പദ്ധതിയാണ് കെ.പി.എം.എസ് ഇതിനുവേണ്ടി മുന്നോട്ടുവെക്കുന്നത്? രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുമോ?

ഭൂപരിഷ്‌ക്കരണം കേരളത്തില്‍ ന്നടന്നപ്പോള്‍ അതിനു നേതൃത്വം കൊടുത്ത കെ.ആര്‍ ഗൗരിയന്മ ഉള്‍പ്പെടെ അതിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് പിന്നീട് പറഞ്ഞിട്ടുണ്ട്. തോട്ടം ഭൂമിക്കു പരിധി ഏര്‍പ്പെടുത്താന്‍ കഴിയാത്തത്, മിച്ചഭൂമി സമയബന്ധിതമായി ഏറ്റെടുക്കാന്‍ കഴിയാത്തത്. അതൊക്കെ അതിന്റെ ദൗര്‍ബല്യങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഭൂപരിഷ്‌ക്കരണത്തിന്റെ തുടര്‍ച്ചയെ സംബന്ധിച്ച് നമുക്ക് ഇപ്പോള്‍ അറിയാം, കാര്‍ഷിക മേഖലയിലെ അധ്വാന ശേഷിയെ പ്രയോജനപ്പെടുത്തുന്നവര്‍ക്കു ഭൂമി കിട്ടിയില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷ കേരളത്തിനു കൈവരിക്കാന്‍ കഴിയാത്തത്. ഭൂമിയെ അങ്ങനെ വിനിയോഗിക്കുന്ന ആളുകളുടെ കയ്യില്‍ കിട്ടാത്തതു കൊണ്ടാണ്.

പിന്നീട് ഊഹക്കച്ചവടത്തിന്റെ ഉപാധിയായി ഭൂമി മാറി. ഞാനും സി.കെ ജാനുവും ഗീതാനന്ദനും രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കണം എന്ന് പറഞ്ഞു സമരം നടത്തി. അതിന്റെ ഒരു തുടര്‍ച്ച എന്നോണം “നീതി യാത്ര” എന്ന നിലയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വലിയതോതില്‍ ആശയപ്രചരണം നടത്തുകയും അതിന്റെ തുടര്‍ പരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് ഒക്കെ വന്നിട്ടുണ്ട്. നിയമങ്ങളുടെ പോരായ്മയുണ്ട് നമ്മുടെ നാട്ടില്‍. ചെങ്ങറയില്‍ സമരം ചെയ്യുന്നവര്‍, അരിപ്പയില്‍ സമരം ചെയ്യുന്നവര്‍, ഇപ്പോള്‍ ചെങ്ങറയില്‍ എത്രയോ പേര്‍ കുടില്‍ക്കെട്ടി താമസിക്കുന്നു. റേഷന്‍ കാര്‍ഡ് പോലും അവര്‍ക്കില്ല. സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കിട്ടുന്നതിന്റെ അപ്പുറത്തേയ്ക്കു അവര്‍ക്ക് മറ്റൊന്നും ലഭിക്കുന്നില്ല. ഐഡന്റിറ്റി കാര്‍ഡ് പോലും ഇല്ല. പക്ഷേ വന്‍കിട ഭൂ മാഫിയകളോ കമ്പനികളോ നിലനില്‍ക്കുന്ന നിയമങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഭരണകൂടങ്ങളുടെ നീക്കങ്ങള്‍ എല്ലാം ചെറുക്കുന്നത്.

57 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് 59ലെ രാഷ്ട്രീയ ആധികാരം ത്യജിക്കേണ്ടി വന്നത് രണ്ടു കാരണങ്ങള്‍കൊണ്ടാണ്. ഒന്ന് ഗൗരിയമ്മയുടെ കാര്‍ഷിക ബന്ധ ബില്ലും മറ്റൊന്ന് വിദ്യാഭ്യാസ പരിഷ്‌ക്കരണ ബില്ലും ആണ്. ഈ സര്‍ക്കാര്‍ ഇന്നതിനു തയ്യാറാകണമെങ്കില്‍ ഉപഭോകതാക്കളുടെ വലിയ തോതിലുള്ള സമ്മര്‍ദം അതിനു മുകളില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടക്കേണ്ടതുണ്ട്. ഇപ്പോള്‍ രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് വരുമ്പോഴും ഇതൊക്കെ ചെയ്യാന്‍ വേണ്ടിയുള്ള നിയമനിര്‍മാണവും നമ്മുടെ നാട്ടില്‍ നടക്കേണ്ടതുണ്ട്. ഉപഭോക്താക്കളുടെ വലിയ തോതിലുള്ള സമ്മര്‍ദം സര്‍ക്കാരിനെ ഇതിലേയ്ക്ക് കൊണ്ടു വരുന്നതിനും അത് നടപ്പിലാക്കുന്നതിനും വേണ്ടി ഉണ്ടാകേണ്ടതുണ്ട്. അത് ഒരു വിശാലാടിസ്ഥാനത്തില്‍ കണ്ടതു കൊണ്ടാണ് പറഞ്ഞത് കെ.പി.എം.എസ് പോലെയുള്ള സംഘടനകളുടെ വലിയ പരിശ്രമം കൊണ്ടാണ് ഒരു സ്വയം വിമര്‍ശനത്തില്‍ അത് കാണുകയും ഈ സമര മുഖങ്ങളെ ആകെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു വലിയ പ്രക്ഷോഭം നാട്ടില്‍ ഉയര്‍ന്നു വരേണ്ടതുണ്ട് എന്ന രീതിയിലാണ് അത് കണ്ടത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ കെ.പി.എം.എസ് തുടരും.

പട്ടിക വിഭാഗങ്ങളുടെ ഭൂപ്രശ്‌നത്തെ ഒരു പാര്‍പ്പിട പ്രശ്‌നമായി ചുരുക്കികാണുന്നുണ്ട്. ഭൂപ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നമായാണ് പരിമിതപ്പെടുത്തുന്നത്. ഭൂമി എന്നാല്‍ കൃഷി ഭൂമിയാണ്. അവരുടെ അധ്വാന ശേഷിയെ കെട്ടഴിച്ചു വിടാന്‍ പറ്റുന്ന മണ്ണ് ആ മുനുഷ്യര്‍ക്ക് കൊടുക്കുക എന്നാണ്. പാര്‍പ്പിട പ്രശ്‌നത്തെ വേറെ രീതിയില്‍ കാണണം. സര്‍ക്കാര്‍ കൊണ്ട് വന്നിട്ടുള്ള ലൈഫ് മിഷന്‍ അള്‍ട്ടിമേറ്റായി ഭവന രഹിതരായ ആളുകളെ താമസിപ്പിക്കുന്നതിനുള്ള ഒന്നായി കാണാം. പക്ഷേ, അത് ഭൂരാഹിത്യത്തിന്റെ പരിഹാരമല്ല. ഞങ്ങള്‍ അതിനകത്ത് അഭിപ്രായ വ്യത്യാസം ഉന്നയിച്ചിട്ടുണ്ട്. കാരണം കൃഷി ഭൂമി ഉള്‍പ്പെടെ ഇപ്പോള്‍ അടിയന്തിരമായി കൊടുക്കാന്‍ കഴിയുന്നില്ല. ലൈഫില്‍ പോലും പ്രശ്‌നങ്ങളുണ്ട്. അടിസ്ഥാന സൗകര്യം ഇല്ലാതെ കൂട്ടം ആളുകളെ ഇങ്ങനെ താമസിപ്പിക്കുന്നതില്‍ അരക്ഷിതാവസ്ഥ പല മേഖലകളിലും കാണുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ടൗണ്‍ ഷിപ്പുകളായി മാറ്റണം എന്നാണ് ഞങ്ങള്‍ പറയുന്നത്. അവരുടെ വിജ്ഞാനത്തിനും വിനോദത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ടൗണ്‍ ഷിപ്പുകളാക്കി മാറ്റണം എന്ന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഭൂപരിഷ്‌ക്കരണ സമരത്തിന് തുടക്കമിട്ടു കെ.പി.എം.എസ് പരിപാടികള്‍ നടത്തിയിരുന്നല്ലോ. ഇപ്പോള്‍ വീണ്ടും ഭൂമി എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റങ്ങള്‍ക്ക് സാധ്യതയുണ്ടോ, പ്രത്യയ ശാസ്ത്രപരമായി ഭൂപരിഷ്‌കരണം നടപ്പാക്കിയ ഇടതു പക്ഷത്തിനു രണ്ടാം ഭൂപരിഷ്‌കരണം നടത്താന്‍ ബാധ്യതയില്ലേ?

രണ്ടാം ഭൂപരിഷ്‌ക്കരണമോ ഭൂപരിഷ്‌ക്കരണത്തിന്റെ തുടര്‍ച്ചയോ, അതിനെ ഏതു പെരെടുത്തു വിളിച്ചാലും നമ്മുടെ സംസ്ഥാനം ഒരു കാര്‍ഷിക പ്രാധാന്യമുള്ള സംസ്ഥാനമാണ്. നമ്മുടെ പ്രൈമറി സെക്ടറാണ് കാര്‍ഷിക മേഖല. പക്ഷേ ഇപ്പോള്‍ വ്യാവസായിക സെക്ടറിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷേ, ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ പരിഹരിക്കണമെങ്കില്‍ തീര്‍ച്ചയായും ഈ പ്രശ്‌നത്തെ പരിഹരിക്കണം. അതുകൊണ്ട് ഭൂപരിഷ്‌ക്കരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ നിയമങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കില്‍ പുതിയ നിയമങ്ങള്‍ കൊണ്ട് വന്ന് അത് നടപ്പിലാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികളിലേയ്ക്ക് പോകേണ്ടതുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ കീഴ്ത്തട്ടു സമൂഹങ്ങളുടെ വലിയൊരു ഉണര്‍വ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം രാഷ്ട്രീയ ഉണര്‍വുകളെ ഏകീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാഷ്ട്രീയപരമായി വലിയ മെച്ചമുണ്ടാക്കില്ല. കീഴാള സംഘടനകളെ ഏകീകരിച്ചു യോജിച്ചു നിര്‍ത്താന്‍ കെ.പി.എം.എസ് മുന്‍കൈയെടുക്കുമോ?

നിര്‍ബന്ധിതമായി തീരും അതാണ് സംഭവിക്കുന്നത്. ശബരിമല വിഷയത്തെ സംബന്ധിച്ച് കേവലമൊരു വിശ്വാസത്തിന്റെ അല്ലെങ്കില്‍ യുവതീ പ്രവേശനത്തിന്റെ മാത്രം കാര്യമല്ല. അത് ആത്മീയ മേഖലയില്‍ ഒരു ജനാധിപത്യ വല്‍ക്കരണത്തിന്റെ ഒരു പ്രശ്‌നമാണ്. ഈ ഘട്ടത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനങ്ങള്‍ ആകെ അതിനോട് ചേര്‍ന്നു നില്‍ക്കേണ്ട രീതിയില്‍ അത് അവരുടെ കടമയായി വരുന്നു. പണ്ട് ഒരു ശ്രേണീകൃത വ്യവസ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് വിവേചനങ്ങളിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക നീതി നിഷേധം സമൂഹത്തില്‍ ജീര്‍ണതകള്‍ എല്ലാം സംഭവിക്കുന്നുണ്ട്.

അപ്പോള്‍ സ്വാഭാവികമായും നീതി നിഷേധിക്കപ്പെടുന്ന ആളുകളുടെ കൂട്ടായ്മയും ഉണര്‍വുകളും കാലഘട്ടത്തിന്റെ അനിവാര്യമായി മാറുന്നു. സാമൂഹത്തില്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളെ സംബന്ധിച്ചു കടമ നിര്‍വഹണത്തിന്റെ ഒരു ഘട്ടത്തിലേയ്ക്ക് വരേണ്ടി വരും. കെ.പി.എം.എസ് പോലെയുള്ള പട്ടികവിഭാഗത്തിന്റെ നായക സ്ഥാനത്തു നില്‍ക്കുന്ന സംഘടനകള്‍ക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. അത് ഏറ്റെടുക്കാന്‍ പ്രസ്ഥാനം തയ്യാറാവുക തന്നെ ചെയ്യും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു കണ്‍സോള്‍ടേഷന്‍ ഞങ്ങള്‍ ഉണ്ടാക്കുകയും കൂടുതല്‍ സംഘടനകളെ അണിനിരത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അത് തുടര്‍ന്നു പോകുക തന്നെ ചെയ്യും.

കേരളത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക്, കുടില്‍കെട്ടി സമരം, അരിപ്പ, മുത്തങ്ങ, ചെങ്ങറ പോലുള്ള സമരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാന്‍ കെ.പി.എം.എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ സാമുദായിക സംഘടനകള്‍ ദളിത് രാഷ്ട്രീയ വക്താക്കളുമായും പ്രസ്ഥാനങ്ങളുമായും കൈകോര്‍ക്കുന്നത് കാണാം. കെ.പി.എം.എസിന്റെ വേദികളില്‍ സണ്ണി.എം.കപിക്കാടിനെ പോലെയുള്ള ആളുകളുടെ സാന്നിധ്യം കാണാന്‍ കഴിയുന്നുണ്ട്. ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും രാഷ്ട്രീയപരമായി ഐക്യപ്പെടുകയും ഏകീകരിക്കുകയും ചെയ്യുന്നതിന്റെ സൂചനയാണോ ഇത്? കേരളത്തില്‍ ഈ ഐക്യം അനിവാര്യമല്ലേ?

സമീപകാലങ്ങളില്‍ വിഭ്യാഭ്യാസ പരിഷ്‌ക്കരണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അപ്പോള്‍ തൃശൂരില്‍ നിന്നും രണ്ടാം വിമോചന സമരത്തിന്റെ പ്രഖ്യാപനം ഉയര്‍ന്നു കേട്ടു. പലപ്പോഴും ഇത്തരം മേഖലയിലെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഈ സംഘടിത വിഭാഗങ്ങളുടെ പ്രതിരോധമുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ടു വരുമ്പോഴൊക്കെ വലിയ കോര്‍പറേറ്റുകളുടെ നിയമപരമായ പ്രതിരോധങ്ങളും പോരാട്ടങ്ങളും ഉണ്ട്. പക്ഷേ ഈ സമരങ്ങളൊക്കെ ഒരു ജനാധിപത്യ സര്‍ക്കാര്‍ അതിജീവിച്ചു ഇങ്ങനെയൊക്കെ ഉള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് വരണമെങ്കില്‍ ഈ സംഘടിത ഗ്രൂപ്പുകള്‍ക്ക് മുകളില്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ഉതകുന്ന സമ്മര്‍ദങ്ങള്‍ വരേണ്ടതുണ്ട്.

ചെങ്ങറ പോലെ ഒരു ചെറിയ സമരമുഖം സൃഷടിക്കുന്നതിനു അര്‍ത്ഥമില്ല. കുറേ കാലം അവിടെ ജീവിക്കുന്നതിനും കാര്യമില്ല. അപ്പോള്‍ ചെങ്ങറ, അരിപ്പ പോലെയുള്ള എല്ലാ സമരമുഖങ്ങളേയും സന്നിവേശിപ്പിക്കാനും അതില്‍ അക്കാദമിസ്റ്റുകളുണ്ട്, ആക്റ്റിവിസ്റ്റുകളുണ്ട്. ഈ വിഷയങ്ങളോട് സമരസപ്പെടുന്ന പൊതു സമൂഹത്തിലെ ആളുകളുണ്ട്. എല്ലാവരേയും കൂട്ടിയിണക്കിക്കൊണ്ടുള്ള വലിയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട്, ഒരു സങ്കുചിതമായ സംഘടന അല്ലെങ്കില്‍ ചിന്താഗതികള്‍ക്ക് അപ്പുറത്ത് നിന്നുകൊണ്ട് ഈ വിഷയങ്ങളെ വിശാലാര്‍ത്ഥത്തില്‍ കാണാനും സര്‍ക്കാരുകളെ അതിനു പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഐക്യപ്പെട്ട പ്രക്ഷോഭങ്ങളിലേയ്ക്കും അതിന്റെ പ്രതിരോധങ്ങളിലേയ്ക്കും ഉയര്‍ന്നു വരേണ്ടതുണ്ട്. കെ.പി.എം.എസ് ആ രീതിയിലുള്ള കൂട്ടിയോജിപ്പിക്കലിലേയ്ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആശ്രയം നഷ്ട്പ്പെടുന്ന സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന ആളുകളുടെ ഒരു അനിവാര്യമായ കൂട്ടായ്മ ഉണ്ടാകുന്നതിന് നിര്‍ബന്ധിതമാകുന്ന ഒരു കാലഘട്ടത്തിലേയ്ക്കാണ് നമ്മള്‍ നടന്നു നീങ്ങുന്നത്. അത് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. സാമൂഹിക നീതി നിഷേധിക്കുന്ന ആളുകളുടെ മനസ്സിനേയും മനുഷ്യരേയുമാണ് ഞങ്ങള്‍ നയിക്കുന്നത്. ഇപ്പുറത്ത് ആശയങ്ങള്‍ അതിന്റെ ബൗദ്ധികമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു നിരയുണ്ടാകാം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഇന്റലെക്ച്ച്വല്‍ ബാക്ക്അപ്പ് വേണമല്ലോ. അതു കൂടി ഉണ്ടാകേണ്ടതുണ്ട്. അപ്പോള്‍ ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകത പരിഗണിച്ചു കൊണ്ട് തന്നെ അതെല്ലാം കൂടി ചേര്‍ന്നു നില്‍ക്കുന്ന ഒരു സവിശേഷ സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.

അവരെയെല്ലാം കൂട്ടിയോജിപ്പിച്ച് ജനങ്ങളെ നയിക്കാന്‍ ശേഷിയുള്ള ഞങ്ങളെ പോലെയുള്ള അതിന്റെ ഉത്തരവാദിത്തപ്പെട്ട ലീഡര്‍ഷിപ് എല്ലാം ചേര്‍ന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ മൗലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. അതാണ് ഉണ്ടാകേണ്ടത്. അതിനുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കെ.പി.എം.എസ് സന്നദ്ധവുമാണ്. അതിനു വേണ്ടിയുള്ള നേതൃത്വപരമായ പങ്ക് ഞങ്ങള്‍ വഹിക്കാന്‍ തയ്യാറായ നിലയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. കാലഘട്ടത്തിന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന ഏജന്‍സികളെ നമ്മള്‍ അങ്ങനെ പരിപോഷിപ്പിക്കുകയും അല്ലാതെ ഇത്തരം ആശ്രയം നഷ്ടപ്പെടുന്ന അല്ലെങ്കില്‍ സാമൂഹിക നീതി നിഷേധിക്കുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ മുഖം തിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ തിരസ്‌ക്കരിക്കാനുമൊക്കെ സന്നദ്ധമായ ഒരു സമൂഹം വരേണ്ടതുണ്ട് നമ്മുടെ നാട്ടില്‍. അതുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം