കേന്ദ്രത്തിൽ അവർക്ക് ഭൂരിപക്ഷമുണ്ട് എന്നത് വെച്ച് ദുരുപയോഗപ്പെടുത്തി തെറ്റായ ചില നയങ്ങൾ രൂപീകരിക്കുന്നു. ഈ സഹകരണ മേഖലക്ക് ആഘാതം ഉണ്ടാക്കുന്ന നയങ്ങൾ മാത്രമല്ല ഇതിനെ ദുർബലപ്പെടുത്താൻ ഉതകുന്ന വിധത്തിലുള്ള ചില നിയമനിർമാണങ്ങൾ അവർക്ക് ഭൂരിപക്ഷമുണ്ട് എന്നുള്ളത് വെച്ച് അവർ നടത്തി വരികയാണ്.
അവർ സ്വീകരിക്കുന്ന ഇത്തരത്തിലുള്ള തെറ്റായ നയരൂപീകരണത്തിലുള്ള സമീപനവും അധികാര ദുർവിനിയോഗത്തിലൂടെ ഭൂരിപക്ഷമുണ്ട് എന്നുള്ളതുകൊണ്ട് അവർ രൂപപ്പെടുത്തി സൃഷ്ടിച്ചു വരുന്ന സമീപനങ്ങൾ സ്വാഭാവികമായും വരുന്നുണ്ട്. പി. മോഹനന്‍ ഡൂള്‍ ടോക്കില്‍ സംസാരിക്കുന്നു. അഭിമുഖം പി. മോഹനന്‍ മാസ്റ്റര്‍ | ഫഹീം ബറാമി
ഫഹീം ബറാമി: താങ്കളുടെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയം ഒരു ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയിൽ എങ്ങനെ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?
പി. മോഹനൻ മാസ്റ്റർ: കേരള ബാങ്ക് എന്നതുകൊണ്ട് രൂപീകരണ ഘട്ടത്തിൽ തന്നെ സംസ്ഥാന ഗവൺമെന്റും അതിന് രൂപം നൽകുന്നതിന് മുൻകൈയെടുത്ത മഹാരഥന്മാരുമെല്ലാം ലക്ഷ്യം വെച്ചത് മലയാളികളുടെ സ്വന്തം ബാങ്ക് എന്നതാണ്. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചുകൊണ്ട് 2019 ലാണ് കേരള ബാങ്കിന് രൂപം കൊടുത്തത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്ത് ഏറ്റവും പ്രശംസനീയമായ നിലയിൽ അഭിമാനകരമായ വളർച്ച കൈവരിക്കുന്നതിന് കേരള ബാങ്കിന് ഇതിനകം കഴിഞ്ഞിട്ടുണ്ട് .
രാജ്യത്ത് വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും ബിസിനസ് രംഗത്തും ഇതര സംസ്ഥാന സഹകരണ ബാങ്കുകളെയെല്ലാം മറികടന്ന് ഏറെ മുൻപിലേക്ക് വരുന്നതിന് കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട് . ഒന്നേകാൽ ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസ് നടത്തുന്ന സഹകരണ സ്ഥാപനമായി കേരള ബാങ്ക് ഇതിനകം മാറിയിട്ടുണ്ട് . രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ ബാങ്കുകളിൽ ഇപ്പോൾ നടത്തിവരുന്ന ബിസിനസിന്റെ 23 ശതമാനവും കേരള ബാങ്ക് വഴിയാണ് നടക്കുന്നത്.
പി. മോഹനൻ മാസ്റ്റർ
52,000 കോടിയിലധികം രൂപയുടെ വായ്പകള്‍ അനുവദിക്കുന്ന നിലയുണ്ട് . രാജ്യത്തെ മൊത്തം സംസ്ഥാന സഹകരണ ബാങ്കുകൾ നൽകുന്ന വായ്പയുടെ ഏതാണ്ട് 20 ശതമാനത്തോളം നടത്തുന്നത് കേരള ബാങ്കാണ് . രാജ്യത്തെ മൊത്തം സംസ്ഥാന സഹകരണ ബാങ്കുകൾ ആകെ സമാഹരിക്കുന്ന നിക്ഷേപത്തിന്റെ 30 ശതമാനവും കേരള ബാങ്ക് വഴിയാണ് സമാഹരിക്കുന്നത് . ഈ നിലയിലെല്ലാം വലിയ മുന്നേറ്റം കേരള ബാങ്കിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .
കേരള ബാങ്കിന്റെ ഒരു സവിശേഷത സംസ്ഥാനത്തിനകത്തുനിന്ന് കേരള ബാങ്ക് സമാഹരിക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ അകത്ത് തന്നെ സമൂഹത്തിന്റെ പൊതു വികസനത്തിന് മാത്രം വിനിയോഗിക്കുക എന്നതാണ്. 50ലധികം വായ്പ്പ പദ്ധതികൾ കേരള ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. അത് സ്ത്രീകൾക്കും, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് അതുപോലെ പ്രവാസികൾക്ക് ഇങ്ങനെ എല്ലാ മേഖലകളിലും ഞങ്ങൾ ഇടപെടുന്നു. സംസ്ഥാന സർക്കാരുമായി സഹകരിച്ചുകൊണ്ട് ഗവൺമെന്റിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് താങ്ങായി കേരള ബാങ്ക് പ്രവർത്തിക്കുകയാണ്.
ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത് പക്ഷേ ഒരു നെറ്റ് പ്രോഫിറ്റിലേക്ക് എത്തിക്കണം.
ഞങ്ങളുടെ അംഗങ്ങൾ സംസ്ഥാനത്തെ 1679 പ്രാഥമിക വായ്പ സംഘങ്ങളാണ്. അതുപോലെതന്നെ 56 അർബൻ ബാങ്കുകളുണ്ട് ഇവരാണ് ഇതിന്റെ അംഗസംഘങ്ങൾ. അപ്പോ സംസ്ഥാനത്തെ ഇത്തരത്തിലുള്ള പ്രാഥമിക വായ്പാ സംഘങ്ങളുടെ വളർച്ചയും പുരോഗതിയും നമ്മളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.
ഇതിനെ ഇന്നത്തതിനേക്കാൾ ജനകീയവത്കരിക്കുക എന്നതാണ് . അവിടെയാണ് നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി നിൽക്കുന്നത്. എന്നെപോലെ നേരത്തെ ചെറുപ്പം മുതൽ പൊതുരംഗത്ത് പ്രവർത്തിച്ച് സി.പി.എമ്മിന്റെ വിവിധ തലങ്ങളിൽ ചുമതലകൾ ഏറ്റെടുത്ത് അനുഭവമുള്ളവരാണ്.
ഈ ബാങ്ക് വാണിജ്യ ബാങ്കുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് . ഇതിനൊരു ജനകീയ മുഖമുണ്ട്, ജനങ്ങളോടും നാടിനോടും ആഭിമുഖ്യമുള്ള കേരളത്തിന്റെ സ്വന്തം ബാങ്കാണിത് . അപ്പോൾ അതിന്റെ ഒരു ചുമതലയിലിരിക്കുമ്പോൾ അത് കൂടുതൽ ജനകീയമാക്കണമെന്നാണ് ഞങ്ങൾ കരുതുന്നത് . മാത്രമല്ല കേരളത്തിലെ പാവപ്പെട്ടവൻ തൊട്ട് മേൽത്തട്ടിലുള്ളവർക്ക് വരെ അവരുടെ പണമിടപാടുകൾക്ക് എപ്പോഴും ആശ്രയിക്കാനാകുന്ന ബാങ്കെന്ന സങ്കൽപം പൂർണതയിലെത്തിക്കുന്നതിനുള്ള ഇടപെടൽ ഈ അനുഭവ സമ്പത്ത്കൂടി പ്രയോജനപ്പെടുത്തി നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്.
ഫഹീം ബറാമി: സംസ്ഥാന സഹകരണ ബാങ്കുകളെ ഏകീകരിച്ച് കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷം ആ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായി? ബാങ്കിന്റെ നിലവിലെ പുരോഗതിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
പി. മോഹനൻ മാസ്റ്റർ: സംസ്ഥാനത്തെ ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുകളെയും സമന്വയിപ്പിച്ച് ഏകോപിപ്പിച്ച് ഒറ്റ ബാങ്കായി കേരള ബാങ്ക് നിലവിൽ വരുമ്പോൾ എന്താണോ ലക്ഷ്യം വെച്ചത് അത് പൂർണതയിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ഇതിന്റെ നേട്ടങ്ങൾ ജനങ്ങളുടെ സമസ്ത മേഖലകളിലും ഇടപെടാൻ കഴിയണം.
ഞങ്ങൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം ബാങ്കിന്റെ യഥാർത്ഥ യജമാനന്മാർ അവിടെ വന്നുചേരുന്ന കസ്റ്റമേഴ്സാണ്, ഇടപാടുകൾക്കായി വന്നു ചേരുന്നവരാണ് അവർക്ക് ഒരു പ്രയാസവുമില്ലാതെ വളരെ വേഗതയിൽ സമയബന്ധിതമായി സേവനം ലഭ്യമാക്കാനാകണം ഇതാണ് ഞങ്ങളുടെ ലക്ഷ്യം. അക്കാര്യത്തിൽ ബഹുദൂരം മുൻപോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്.
ജീവനക്കാരും നല്ല സഹകരണമാണ്. യഥാർത്ഥത്തിൽ ഇതിന്റെ ഏറ്റവും വലിയ പങ്ക് നിർവഹിക്കുന്ന വിഭാഗം അവരാണ്. നിലവിൽ ഒഴിവുകളൊക്കെ പി.എസ്.സി വഴിയാണ് നിയമനം നൽകുന്നത് . നിയമനങ്ങൾക്ക് വേഗത കൂട്ടുന്നതിന് ഇടപെട്ടു വരികയാണ്. പുതുതലമുറയിലെ നല്ല പരിജ്ഞാനമുള്ള വിവിധ മേഖലകളിൽ വലിയ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളാണ് ഇതിലേക്ക് വരാൻ പോകുന്നത്. അതെല്ലാം ബാങ്കിന്റെ വലിയ മുന്നോട്ടുള്ള കുതിപ്പിന് ഏറെ സഹായകമാകും.
ജീവനക്കാരെ ഞങ്ങൾ ബാങ്കിന്റെ അംബാസിഡർമാരാരായിട്ടാണ് കാണുന്നത്. ഇത് ഒരുമിപ്പിച്ചത് വളരെ നന്നായി എന്നുള്ളതാണ് അതാണ് ഫലം. അതിപ്പോ മലപ്പുറം ജില്ലാ ബാങ്ക് ലയിച്ചിട്ടുണ്ട്. പക്ഷേ അതിനെതിരായിട്ട് ചിലർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് ഞങ്ങൾക്കതിൽ തുറന്ന മനസ്സാണ്.
കേരള ബാങ്കിന്റെ രൂപീകരണത്തോടെ മലപ്പുറം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലെയും ജനങ്ങൾക്കിപ്പോൾ ലഭ്യമായികൊണ്ടിരിക്കുന്ന നേട്ടങ്ങളും സൗകര്യങ്ങളും മലപ്പുറം ജില്ലയിലെ ജനങ്ങൾക്കും അനുഭവിക്കാൻ കഴിയണം. അത്രയേ ഞങ്ങൾക്കുള്ളൂ. അതുകൊണ്ട് അകാര്യത്തിൽ ഞങ്ങൾക്ക് തുറന്ന സമീപനമാണ്. അങ്ങനെ മൊത്തം കേരളത്തിന്റെ പണമിടപാട് മേഖലയിൽ അതിനിർണായകമായ ചാലകശക്തിയായി കേരള ബാങ്ക് ഇതിനകം മാറിയിട്ടുണ്ട് .
ഇപ്പോൾ ലാഭത്തിലാണ് കൊല്ലങ്ങളായി പോകുന്നത് . ഇനി അത് നെറ്റ് പ്രോഫിറ്റിലേക്ക് വന്ന് ഞങ്ങൾക്ക് അടുത്ത വർഷമാകുമ്പോഴേക്കും സംഘങ്ങൾക്ക് മാന്യമായ നിലയിലുള്ള ലാഭവിഹിതം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . അതിനനുസരിച്ചിട്ടുള്ള ചൂവടുവെപ്പുകളാണ് ഞങ്ങളുടെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നത്.
ഫഹീം ബറാമി: കേരള ബാങ്കിന്റെ ആധുനികവത്കരണവും ഡിജിറ്റൽ ബാങ്ക് സേവനങ്ങളും ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയർത്താൻ എന്തൊക്കെ പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്?
പി. മോഹനൻ മാസ്റ്റർ: ഇപ്പോൾ ഞങ്ങൾ അവരുമായിട്ടെല്ലാം കിടപിടിച്ചുകൊണ്ടിരിക്കുകയാണ് നബാർഡിന്റെ സംസ്ഥാനത്തെ ഏജൻസി എന്നുള്ള നിലയിൽ ഞങ്ങക്കിപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്കൊക്കെ ഡിജിറ്റലൈസ് ചെയ്യുകയാണ് . അവരുമായി സഹകരിച്ചുകൊണ്ട് ആ നിലയിൽ ബാങ്കിങ് മേഖലയിൽ ഇന്ന് രൂപപ്പെട്ടിട്ടുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെല്ലാം വികസിച്ചു വന്നിട്ടുള്ള നൂതനമായ എല്ലാ സാങ്കേതിക വൈദക്ത്യങ്ങളും ഈ ബാങ്കിങ് മേഖലയിലും പ്രാവർത്തികമായികൊണ്ടിരിക്കുകയാണ്. അതിപ്പോ മറ്റ് കമേർഷ്യൽ ബാങ്കുകളോട് കടപിടിക്കത്തക്ക നിലയിൽ തന്നെ ഞങ്ങൾ മാറികഴിഞ്ഞിട്ടുണ്ട്.
ഫഹീം ബറാമി: പ്രാഥമിക സഹകരണ സംഘങ്ങളുടെ ലാഭവിഹിതം ആർ.ബി.ഐ മാനദണ്ഡങ്ങൾ കാരണം നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ വിഷയത്തിൽ എന്ത് പരിഹാരമാണ് താങ്കൾ നിർദ്ദേശിക്കുന്നത്?
പി. മോഹനൻ മാസ്റ്റർ: ആർ.ബി.ഐയുടെ പല നിർദ്ദേശങ്ങളും ചില പ്രയാസങ്ങൾ സഹകരണ ബാങ്കിന് ഉണ്ടാകുന്നുണ്ട്. ഇത് ഒരൊറ്റപ്പെട്ട കാര്യമായിട്ട് ഞങ്ങൾ കാണുന്നില്ല. നേരെ മറിച്ച് ഇന്ന് കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബി.ജെ.പി ഗവൺമെന്റ് സംഘപരിവാറിന്റെ അജണ്ടയാണല്ലോ നടപ്പിലാക്കുന്നത്. അപ്പോ സ്വാഭാവികമായി കോർപ്പറേറ്റ് ശക്തികളെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുകയാണ്.
അത്തരം ഒരു സമീപനത്തിന്റെ ഭാഗമായി മറ്റെല്ലാ മേഖലയിലും സ്വീകരിക്കുന്ന കോർപ്പറേറ്റ് വത്കരണ സമീപനത്തിനോടൊപ്പം തന്നെ സഹകരണ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുന്നത് കേന്ദ്ര ഗവൺമെന്റ് ഇടപെടൽ നടത്തി വരികയാണ്. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സഹകരണം എന്നത് പൂർണമായി ഒരു സംസ്ഥാന വിഷയമാണ്. അത് കേന്ദ്രവും സംസ്ഥാനവും കൂടി കൈകാര്യം ചെയ്യുന്ന സംയുക്ത പട്ടികയിൽ ഉള്ളതേ അല്ല.
സംസ്ഥാനത്തിന്റെ സമ്പൂർണമായ അധികാര പരിധിയിൽപെട്ട സഹകരണമെന്നത് അത് തകർക്കുന്നതിന് അല്ലെങ്കിൽ ദുർബലപ്പെടുത്തുന്നതിന് ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത് തെറ്റായ നിലയിലുള്ള ചില നയങ്ങൾ രൂപീകരിക്കുന്നു.
ആർ.ബി.ഐ
കേന്ദ്രത്തിൽ അവർക്ക് ഭൂരിപക്ഷമുണ്ട് എന്നത് വെച്ച് ദുരുപയോഗപ്പെടുത്തി തെറ്റായ ചില നയങ്ങൾ രൂപീകരിക്കുന്നു. ഈ സഹകരണ മേഖലക്ക് ആഘാതം ഉണ്ടാക്കുന്ന നയങ്ങൾ മാത്രമല്ല ഇതിനെ ദുർബലപ്പെടുത്താൻ ഉതകുന്ന വിധത്തിലുള്ള ചില നിയമനിർമാണങ്ങൾ അവർക്ക് ഭൂരിപക്ഷമുണ്ട് എന്നുള്ളത് വെച്ച് അവർ നടത്തി വരികയാണ്.
അവർ സ്വീകരിക്കുന്ന ഇത്തരത്തിലുള്ള തെറ്റായ നയരൂപീകരണത്തിലുള്ള സമീപനവും അധികാര ദുർവിനിയോഗത്തിലൂടെ ഭൂരിപക്ഷമുണ്ട് എന്നുള്ളതുകൊണ്ട് അവർ രൂപപ്പെടുത്തി സൃഷ്ടിച്ചു വരുന്ന സമീപനങ്ങൾ സ്വാഭാവികമായും വരുന്നുണ്ട്.
ഇപ്പോൾ ആർ.ബി.ഐയുടെ നിയന്ത്രണങ്ങൾ ഇതിലുണ്ട്. അതുപോലെ അവരുടെ പലിശക്ക് ഈ സഹകരണ സംഘങ്ങളുടെ പ്രാഥമിക വായ്പ സംഘങ്ങളുടെ കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ പലിശ വരുമാനം 50 ലക്ഷം കവിയുമ്പോൾ അതിൽ ടാക്സാക്കും. അതൊക്കെ സഹകരണ മേഖലയെ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടുള്ളതാണ്. ഈ സഹകരണ മേഖലകണ്ട് അതിനെ ദുർബലപ്പെടുത്തുക എന്ന് പറഞ്ഞാൽ കേരളത്തിന്റെ സാമൂഹ്യ വികാസത്തെയും കേരളത്തിലെ ജനങ്ങളുടെ ജീവിതാവസ്ഥയെയും ദുർബലപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടേ കാണാനാകു.
ഫഹീം ബറാമി: സംസ്ഥാന സഹകരണ മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയപരമായ ഇടപെടലുകളും വിമർശനങ്ങളും ബാങ്കിന്റെ സുതാര്യമായ പ്രവർത്തനങ്ങൾ എങ്ങനെ ബാധിക്കുന്നു?
പി. മോഹനൻ മാസ്റ്റർ: അത്തരം ഒരാക്ഷേപം ഉന്നയിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ല എന്നാൽ ഒറ്റപ്പെട്ട നിലയിൽ വളരെ അത്യപൂർവ്വമായി ചിലയിടങ്ങളിൽ തെറ്റായ ചില പ്രവണതകൾ ആ വാക്കായിരിക്കും ശരി. ഒരുവിധത്തിലും സ്വീകരിക്കാൻ പാടില്ലാത്ത സാമ്പത്തികമായ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളും മറ്റു നടപടികളും അതായത് പൊതുവിൽ സാമാന്യവത്കരിച്ചു പറഞ്ഞാൽ തെറ്റായ ചില പ്രവണതകൾ അത്യപൂർവ്വം ചില സ്ഥാപനങ്ങളിൽ പ്രകടമായിട്ടുണ്ട്.
അങ്ങനെ പ്രകടമാകുമ്പോൾ അത് അപ്പോൾ തന്നെ കണ്ട് വളരെ കൃത്യതയോടെ ഓരോന്നിന്റെയും മെറിറ്റ് അടിസ്ഥാനത്തിൽ ഇടപെട്ട് കർശനമായ നിലപാട് സ്വീകരിച്ച് ആ സ്ഥാപനത്തെ സംരക്ഷിക്കുക അവിടുത്തെ ഇടപാടുകാർക്ക് ഒരു നഷ്ടവും സംഭവിക്കാതെ അവരുടെ താത്പര്യങ്ങൾ പരിരക്ഷിക്കുക കുറ്റക്കാരായിട്ടുള്ള ആളുകൾ ആരാണ് ജീവനക്കാരാണോ അല്ലെങ്കിൽ ഭരണസമിതിക്കാരാണോ എങ്കിൽ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുക, ഇതാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചു വരുന്ന നിലപാട് .
അതിന്റെ ഭാഗമായി തന്നെ വലിയ അളവിൽ അത് ഒറ്റപ്പെട്ട നിലയിലുള്ള അപൂർവം ചിലയിടത്ത് പ്രകടമായ പ്രവണതകൾക്കെതിരായ കർശന നിലപാട് ഇവിടെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട് . അതിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഒട്ടും ചോർന്നു പോകാത്ത നിലയിൽ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ചില രാഷ്ട്രീയ താല്പര്യം വെച്ച് ഇതിനെ സാമാന്യവത്കരിച്ച് കാരണം കേരളത്തിൽ ഇപ്പോൾ മഹാഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങൾ നടത്തി വരുന്നത് ഇടതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്.
ഇടതുപക്ഷത്തെ വിമർശിക്കുന്നവർക്ക് ഊഹിക്കാൻ കഴിയാത്ത സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി അവർ ഈ സഹകരണ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്നു. അതിന്റെ ഭാഗമായി നല്ല വിശ്വാസ്യത ഇടതുപക്ഷത്തെ സംബന്ധിച്ച് ഈ മേഖലയിൽ ജനങ്ങൾക്കിടയിലുണ്ട്. അത് കാണുമ്പോൾ സ്വാഭാവികമായും അസൂയാലുക്കളായിട്ടുള്ള ചില രാഷ്ട്രീയ എതിരാളികൾ തെറ്റായ നിലയിലുള്ള ചില ആക്ഷേപങ്ങൾ ഉന്നയിക്കും, അത് ഇടതുപക്ഷത്തിന്റെ ചുമലിൽ ചാർത്തി ആക്ഷേപിക്കുന്നതിന് തയ്യാറാകും, അതൊന്നും ഒരു വസ്തുത ഇല്ലാത്തതാണ്.
കേരളത്തിലെ ഇടതുപക്ഷത്തിനെ വിമർശിക്കുന്നവർ കൈകാര്യം ചെയ്യുന്ന നേതൃത്വം കൊടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലാണ് അത്തരത്തിലുള്ള തെറ്റായ പ്രവണതകൾ പ്രകടമായത് എന്നുള്ളത് വസ്തുതാപരമായി പരിശോധിച്ചാൽ കാണാൻ കഴിയും.
ഫഹീം ബറാമി: കിട്ടാകടം (എൻ.പി.എ) കുറയ്ക്കുന്നതിനും വായ്പ നൽകുന്നതിലെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനും കേരള ബാങ്കിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?
പി. മോഹനൻ മാസ്റ്റർ: പ്രധാനമെന്നുള്ളത് എൻ.പി.എ കുറച്ചു കൊണ്ടുവരുക എന്നുള്ളതാണ്, ഈ വർഷം കഴിയുമ്പോഴേക്ക് ഏഴ് ശതമാനത്തിലേക്ക് എൻ.പി.എ കുറച്ചു കൊണ്ടുവരണം. എബി കുറച്ചു കൊണ്ടുവന്നുകൊണ്ട് മാത്രമേ നെറ്റ് പ്രോഫിറ്റിലേക്ക് എത്തിക്കാൻ പറ്റു, അങ്ങനെ എത്തിക്കുമ്പോഴാണ് അതുകൊണ്ട് വിഭാവനം ചെയ്യുന്ന ലാഭവിഹിതം ഡിവിഡന്റ് അംഗ സംഘങ്ങൾക്ക് കൊടുക്കാൻ കഴിയും. ആ നിലയിലേക്ക് ബാങ്കിനെ വളർത്തികൊണ്ടുവരുന്നതിന് എൻ.പി.എ കുറച്ചുകൊണ്ടുവരുന്നതിന് ഞങ്ങളിപ്പോൾ ശ്രമകരമായ ഇടപെടൽ നടത്തുകയാണ്.
അതിന്റെ ഭാഗമായിട്ട് 2026 മാർച്ച് 31 ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ പിരീഡിൽ എൻ.പി.എയിൽ ഒരു 600 കോടിയെങ്കിലും മാർച്ച് 31 ആകുമ്പോഴേക്ക് തിരിച്ചെടുക്കാൻ കഴിയും. ഈ ഡിസംബർ 31 അവസാനിക്കുന്ന ഈ കാലയളവിനുള്ളിൽ തന്നെ ഇതിനെ പാർട്ട് പാർട്ടായി തിരിച്ചു പിരിച്ചെടുക്കാൻ കഴിയണം. കാലപ്പഴക്കമുള്ള വായ്പ്പകൾ പലതും ജില്ലാ ബാങ്കിന്റെ കാലപ്പഴക്കമുള്ള വായ്പകളാണ് അത് കേരള ബാങ്കിന്റെതല്ല അത് ജില്ലാ ബാങ്കുകൾ ഇതിലേക്ക് ലയിക്കുമ്പോൾ ഉണ്ടായിരുന്ന എൻ.പി.എ സ്വാഭാവികമായും കേരള ബാങ്കിന്റെ എൻ.പി.എയായിട്ട് രൂപപ്പെടുകയാണ് ചെയ്തത്.
ഇപ്പോൾ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഈ പീരീഡിൽ കാലപ്പഴക്കമുള്ള ലോണൊക്കെ അടച്ചു തീർക്കാൻ സന്നദ്ധമാകുന്നന്നവർക്ക് നല്ല രീതിയിലുള്ള പലിശയളവ് നൽകുന്നതിനുള്ള ഒരു ഒ.ടി.എസ് വൺ ടൈം സെറ്റിൽമെന്റ് സ്കീം ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. കൂടുതൽ ആളുകൾക്ക് പരമാവധി പ്രിൻസിപ്പൽ എമൗണ്ടും അതായത് ലോൺ എടുത്ത സംഖ്യയിൽ പലിശയിൽ ഒരു നല്ല ഭാഗം ഒഴിവാക്കി കൊടുക്കാൻ സാധിക്കും.
ഫഹീം ബറാമി: ഉപഭോക്താക്കൾക്കും സമൂഹത്തിനും പ്രളയം/കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കേരള ബാങ്ക് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ് ഭാവിയിൽ സാമൂഹിക പ്രതിബദ്ധത ദുരന്ത നിവാരണ പ്രവർത്തനം എന്നിവയിൽ ബാങ്കിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും?
പി. മോഹനൻ മാസ്റ്റർ: കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിൽ ഒട്ടേറെ പേർ മരിക്കുകയും പല കുടുംബങ്ങൾക്ക് സർവ്വതും നഷ്ടപ്പെടുകയും ചെയ്തു. അത്തരം കുടുംബങ്ങൾ കേരള ബാങ്കിൽ നിന്ന് എടുത്ത ലോൺ പൂർണമായി എഴുതി തള്ളുന്നതിന് ഞങ്ങൾ തയ്യാറായി. അതിനെ കേരള ഹൈക്കോടതി തന്നെ വലിയ നിലയിൽ അഭിനന്ദിച്ചു. മാത്രമല്ല രാജ്യത്തെ മറ്റ് ബാങ്കുകൾക്കും ഇത് മാതൃകയാണെന്ന് കേരള ഹൈക്കോടതിയുടെ പരാമർശം ഞങ്ങൾക്ക് വലിയ പ്രോത്സാഹനമാണ് നൽകിയത്. ഇതു പോലുള്ള ജനങ്ങളാകെ ദുരിതത്തിൽ അകപ്പെടുമ്പോൾ സ്വാഭാവികമായും ചെയ്യാനാകുന്ന സഹാനുഭൂതിയോടു കൂടിയുള്ള നിലപാടും സമീപനവും കേരള ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
സാമൂഹ്യ പ്രതിബദ്ധതിയാണ് കേരള ബാങ്കിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയത്. സ്വാഭാവികമായും സമൂഹത്തോടാണ് ഞങ്ങളുടെ ഉത്തരവാദിത്വം. സമൂഹത്തിന്റെ പുരോഗതിയും അതുപോലെ അതിന്റെ വളർച്ചയുമെല്ലാം ഞങ്ങളുടെ സുപ്രധാനമായ ലക്ഷ്യമാണ്. അതിനനുസരിച്ചിട്ടുള്ള പുതിയ വായ്പാ പദ്ധതികൾ നൽകുന്നു.
ക്ഷീര സംഘങ്ങളെ സഹായിക്കുന്നു, 10ലധികം വനിതാ വായ്പ പദ്ധതികൾ ഞങ്ങൾക്കുണ്ട്. അതുപോലെ ചെറുകിട സംരംഭങ്ങൾക്കും പ്രവാസികൾക്കുള്ള പ്രത്യേക വായ്പ്പകൾ, സ്ത്രീകൾക്കുള്ള വായ്പകൾ. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ പുരോഗതി ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് ഞങ്ങൾ ഇതിൽ വിഭാവനം ചെയ്യുന്നത്.
ഫഹീം ബറാമി: പ്രവാസികൾക്കായുള്ള നിക്ഷേപ പദ്ധതികൾ, എൻ.ആർ.ഐ ഡെപ്പോസിറ്റ് ഉൾപ്പെടെയുള്ള പുതിയ സാമ്പത്തിക ഉൽപന്നങ്ങളെ കേരള ബാങ്ക് വിപുലീകരിക്കുന്നുണ്ടോ?
പി. മോഹനൻ മാസ്റ്റർ: ഞങ്ങൾക്ക് വിപലീകരിക്കണമെന്നുണ്ട്. എൻ.ആർ.ഐ അക്കൗണ്ട് ഒക്കെ തുടങ്ങുന്നതിൽ റിസർവ് ബാങ്കിന്റെ ചില നിബന്ധനകളും ‘കർസ’ യുമുണ്ട് . അതിലൊക്കെ ഞങ്ങൾ ഇടപെട്ടു വരികയാണ്. പരമാവധി അവരെ സഹായിക്കാൻ അവരുടെ നിക്ഷേപങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിലും ഞങ്ങൾ ദീർഘവീക്ഷണത്തോടു കൂടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് പക്ഷേ ഇതുപോലെ റിസർവ് ബാങ്കിന്റെ ചില നിബന്ധനകളുണ്ട് , കർശനമായ നിബന്ധനകൾ പാലിച്ചുകൊണ്ട് ഞങ്ങൾക്ക് ഇതിൽ ഇടപെടാൻ പറ്റുമെന്ന് വിചാരിക്കുന്നു.
ഫഹീം ബറാമി: ബാങ്കിന്റെ ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ കാര്യക്ഷമതയും ഉപഭോക്ത സൗഹൃദ സമീപനം ഉറപ്പാക്കാൻ എന്തൊക്കെ പരിഷ്കാരങ്ങളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?
പി. മോഹനൻ മാസ്റ്റർ: ഞാൻ സൂചിപ്പിച്ചത് തന്നെയാണ് ബാങ്കിന്റെ ഉദ്യോഗസ്ഥ തലത്തിലും മേൽത്തട്ട് മുതൽ താഴെ തട്ടുവരെ നിക്ഷേപ സൗകൃതമാണ്. നമ്മുടെ ഇടപാടുകാരോട് വളരെ മാന്യമായ സമീപനമാണ് , യഥാർത്ഥത്തിൽ അവരാണ് യജമാനന്മാർ. നമ്മുടെ ബാങ്കിൽ പലവിധത്തിലുള്ള ഇടപാടുകളുമായിട്ട് വരുന്നവരാണ് അത് ഒരു ചെറിയ ലോൺ ആവശ്യത്തിന് വരുന്നവരായാലും അവർക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കണം. ഒരു സ്വർണ പണയത്തിനായിട്ട് വായ്പ എടുക്കുന്നതിന് ഒരാൾ വരുന്നു, വളരെ അത്യാവശ്യഘട്ടങ്ങളിലാണ് വീട്ടിലുള്ള സ്വർണം പണയം വയ്ക്കുന്നത്. അത് പെട്ടെന്ന് നൽകിയാൽ അവരുടെ ആവശ്യങ്ങൾ നടക്കുകയുള്ളൂ.
മൂന്ന് മിനിറ്റിനുള്ളിൽ അവർക്ക് സേവനം ലഭ്യമാക്കണം. ഈ നിലയിൽ ഞങ്ങൾ ജനസൗഹൃദ നിലപാടിലേക്ക് ‘കസ്റ്റമർ സൗഹൃദ സമീപനം’ അത് ഞങ്ങൾ ശക്തമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ആ നിലയിലാണ് അങ്ങനെ ആക്ഷേപങ്ങൾ ഒന്നും ഇല്ല. ഞങ്ങളത് കൂടുതൽ ശക്തിപ്പെടുത്തി മുൻപോട്ട് വരുമ്പോഴാണ് ജനങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുക.
ഫഹീം ബറാമി: കേരള ബാങ്കിന്റെ നിലവിലെ ബിസിനസ് വ്യാപ്തിയായ ഒന്നേകാൽ ലക്ഷം കോടി രൂപയാണ് അടുത്ത അഞ്ചു വർഷം കൊണ്ട് എത്രയ വർധിപ്പിക്കാനാണ് താങ്കൾ ലക്ഷ്യം വയ്ക്കുന്നത്?
പി. മോഹനൻ മാസ്റ്റർ: ഞങ്ങൾ ചുമതല ഏറ്റെടുത്തിട്ടേ ഉള്ളൂ. പുതിയ ഭരണസമിതി എന്നുള്ള നിലയിൽ ഒരു ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ഞങ്ങൾ ആലോചിച്ചു വരുന്നുണ്ട് . അഞ്ച് കൊല്ലം കൊണ്ട് എന്നുള്ള നിലയിലല്ല, ഓരോ പീരീഡും എടുത്തിട്ട് ആ കാലയളവിനുള്ളിൽ കൈവരിക്കേണ്ട നേട്ടങ്ങൾ സംബന്ധിച്ച് ഒരു കൃത്യമായ ടൈംടേബിൾ ഉണ്ടാക്കി ഒരു സമയബന്ധിതമായ പദ്ധതി ഉണ്ടാക്കിയിട്ട് ഇടപെടാനാണ് ഉദ്ദേശിക്കുന്നത്. അത് ഞങ്ങൾ ആവിഷ്കരിച്ചു വരുന്നു.
ഫഹീം ബറാമി: യു.ഡി.എഫ് പറയുന്നത് ഞങ്ങൾ ഭരണത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്നാണ്, അത്തരത്തിലുള്ള വിമർശനങ്ങൾ എങ്ങനെയാണ് നോക്കി കാണുന്നത്?
പി. മോഹനൻ മാസ്റ്റർ: ആർക്കും ഒരു ആഗ്രഹം പ്രകടിപ്പിക്കാം, സ്വപ്നം കാണാതെ ആർക്കും നിൽക്കാനാവില്ല. കേരളത്തിൽ ആർക്കും സ്വപ്നം കാണാം, ആഗ്രഹങ്ങൾ വെച്ച് പുലർത്താം . അതിൽ തെറ്റൊന്നുമില്ല. അതിന് യു.ഡി.എഫിനെ കുറ്റം പറയാനാവില്ല. കേരളത്തിൽ അടുത്ത തവണ തങ്ങൾ അധികാരത്തിൽ വരും, എന്നിട്ട് അതങ്ങ് പിരിച്ചുവിടും എന്നൊക്കെയാണല്ലോ. അതൊരു സ്വപ്നം മാത്രമാണ്. കേരളത്തിൽ യു.ഡി.എഫ് അടുത്ത തവണ അധികാരത്തിൽ വരും എന്നുള്ളത് നടക്കാൻ സാധ്യതയില്ലാത് ഒരു ദിവാസ്വപ്നമാണ്.
ഞാൻ വെറുതെ അതങ്ങോട്ട് പറയുകയല്ല, അങ്ങനെയുള്ള ഒരു സ്വപ്നത്തിന് കുറച്ച് ബലം കൂടിയത് ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം ഇടതുപക്ഷത്തിന് ആഗ്രഹിച്ചതുപോലെ മുന്നേറ്റം ഉണ്ടാക്കാൻ ആയില്ല. സ്വാഭാവികമായി യു.ഡി.എഫിന് കുറച്ച് മേൽക്കൈ ചിലടങ്ങളിൽ കിട്ടിയിട്ടുണ്ട്.
അതൊരു വസ്തുതയാണ് ആ യാഥാർത്ഥ്യം ഞങ്ങൾ അംഗീകരിക്കുന്നു പക്ഷേ അതിനകത്ത് വസ്തുതാപരമല്ലാത്ത ഒരു കാര്യമുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെതിരായ ഭരണവിരുദ്ധ വികാരം അലയടിച്ചതാണ് എന്നാണ് അവർ പറയുന്നത് , അതിന്റെ ഭാഗമായി അടുത്തു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ തിരിച്ചുവരും എന്നുള്ളതാണല്ലോ യു.ഡി.എഫ് പറയുന്നത്.
അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല, എന്തുകൊണ്ടെന്ന് പറഞ്ഞാൽ 2010ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിനേക്കാളൊക്കെ വലിയ വിജയം അവർ നേടിയിരുന്നു. ഇതിനേക്കാളൊക്കെ വലിയ തിരിച്ചടി ഇടതുപക്ഷത്തിന് അന്നുണ്ടായിരുന്നു. നാലുമാസം കഴിഞ്ഞ് കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 68 സീറ്റ് നേടി രണ്ട് സീറ്റിന്റെ കുറവിനാണ് ഞങ്ങൾക്ക് ഭരണത്തിൽ എത്താൻ കഴിയാതെ പോയത്.
അവർ സ്വപ്നം കണ്ടോട്ടെ, പക്ഷേ അത് ദിവാസ്വപ്നമായി പരിണമിക്കാൻ പോകുകയാണ്. ഇനി അഥവാ അവർ വന്നെന്നിരിക്കട്ടെ വന്നാൽ കേരള ബാങ്ക് പിരിച്ചുവിട്ട് പഴയ നിലയിലേക്ക് പോകും എന്നാണല്ലോ, അങ്ങനെ ഒരു നല്ലതില്ലാതാക്കി പഴയതിലേക്ക് തിരിച്ചു പോകാൻ കഴിയുമോ? കേരളത്തിൽ ഇന്നോളമുള്ള ചരിത്രത്തിൽ ഏതെങ്കിലും ഒന്ന് അങ്ങനെ സാധിച്ചിട്ടുണ്ടോ? നാടത് അംഗീകരിക്കുമോ? അതിനു കൂടെ നിൽക്കുമോ?
വി.ഡി സതീശൻ, രമേശ് ചെന്നിത്തല
ഒരിക്കലുമില്ല, കാരണം കേരളത്തിൽ വന്നിട്ടുള്ള സാമൂഹ്യ മാറ്റങ്ങൾ, ഇപ്പോ പഴയകാലത്തുള്ള കുടിയൊഴിപ്പിക്കൽ, അതുപോലെതന്നെ ജന്മിത്വം എന്തെല്ലാം ഭീകരതകളുള്ള നാടായിരുന്നു കേരളം, ഇടതുപക്ഷമാണ്, കമ്മ്യൂണിസ്റ്റുകാർ മുന്നിൽ നിന്ന് നേതൃത്വം നൽകിയ ഗവൺമെന്റുകളാണ് ഇതെല്ലാം അവസാനിപ്പിച്ചത് . അന്നും ഇത്തരം ശക്തികൾ ഞങ്ങൾ ഇതെല്ലാം തിരിച്ചു കൊണ്ടുവരും എന്നാണ് പറഞ്ഞത് . ഏതെങ്കിലും ഒന്ന് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ?
സമൂഹം, നാട് വിടില്ല, ഒരൊറ്റയാളും അങ്ങനെ നിർത്തലാക്കിയിട്ട് റോഡിൽ ഇറങ്ങാൻ ജനം സമ്മതിക്കില്ല. അത് രാഷ്ട്രീയമല്ല ജനങ്ങൾ കൈവരിച്ച അവരുടെ ജന്മാവകാശമാണത് ഔദാര്യമല്ല അങ്ങനെ ജനങ്ങൾക്ക് കിട്ടിയിട്ടുള്ള അവരുടെ ജീവിത സൗകര്യങ്ങൾ അവരുടെ അവകാശമാണ് . അവർക്ക് അർഹതപ്പെട്ടതാണ്. അത് നിഷേധിക്കാൻ ആർക്കും കഴിയില്ല. യു.ഡി.എഫ് അല്ല ആര് വിചാരിച്ചാലും കേരള ബാങ്കിനെ അട്ടിമറിക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.
Content Highlight: Interview with P Mohnan on Kerala Bank