അഭിമുഖം: അടുത്ത വീട്ടിലെ പയ്യനില്‍ നിന്ന് വീട്ടില്‍ സൂക്ഷിച്ച് കയറ്റേണ്ട പയ്യനാകുന്ന ചാക്കോച്ചന്‍
Dool Talk
അഭിമുഖം: അടുത്ത വീട്ടിലെ പയ്യനില്‍ നിന്ന് വീട്ടില്‍ സൂക്ഷിച്ച് കയറ്റേണ്ട പയ്യനാകുന്ന ചാക്കോച്ചന്‍
അശ്വിന്‍ രാജ്
Friday, 3rd December 2021, 8:31 pm
അങ്കമാലി ഡയറീസ് എന്ന് ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍, തമാശ സിനിമയുടെ സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കിയ പുതിയ ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ കഥാപാത്രമാണ് ഭീമന്റെ വഴിയിലെ സഞ്ജു എന്ന ഭീമന്‍. ഭീമന്റെ വഴിയുടെയും തന്റെ മറ്റ് പുതിയ സിനിമകളുടെയും വിശേഷങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

പേര് കൊണ്ടും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സവിശേഷതകള്‍ കൊണ്ടും നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് ഭീമന്റെ വഴി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദിന്റെ സ്‌ക്രിപ്റ്റ്, തമാശയുടെ സംവിധായകന്റെ അടുത്ത പടം, ആഷിഖ് അബുവിന്റെ പ്രൊഡക്ഷന്‍. ചാക്കോച്ചനെ ഈ ചിത്രത്തില്‍ ഏറ്റവും ആദ്യം ആകര്‍ഷിച്ചത് എന്താണ് ?

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ ആകര്‍ഷിച്ച ഘടകങ്ങളാണ്. ചെമ്പനും, അഷ്റഫും ആദ്യം വന്നത് മറ്റൊരു കഥയുമായായിരുന്നു. അത് കുറച്ചുകൂടി സീരിയസ് ആയ സബ്ജക്റ്റ് ആയിരുന്നു. സമീപകാലത്ത് ഞാന്‍ തുടരെത്തുടരെ സീരിയസ് സബ്ജക്ട് ചെയ്യുന്നതുകൊണ്ട് അത് കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് ചെമ്പന്‍ ‘മറ്റൊരു ചെറിയ സംഭവം ഉണ്ട്, ഒന്ന് കേട്ടുനോക്കൂ’ എന്ന് പറയുന്നത്.

അങ്ങനെയൊരു ത്രെഡില്‍ നിന്നാണ് ഭീമന്റെ വഴിയിലേക്കെത്തുന്നത്. ത്രെഡ് കേട്ടപ്പോള്‍ താത്പര്യം തോന്നി. അതില്‍ കുറെ റിയല്‍ ലൈഫ് ക്യാരക്ടര്‍സ് ഉണ്ടായിരുന്നു. ചെമ്പന്റെ ഒരു കൂട്ടുകാരന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായിരുന്നു കഥയുടെ അടിസ്ഥാനം.

വ്യത്യസ്തമായ തമാശകള്‍ നിറഞ്ഞ ചെമ്പന്റെ എഴുത്തും അഷ്റഫിന്റെ അപ്രോച്ചും എല്ലാം തന്നെ ഒരു നല്ല സിനിമക്കുള്ള ഘടകങ്ങളാണ് എന്ന് എനിക്ക് തോന്നി. ഒരു കൂട്ടായ പ്രയത്‌നം തന്നെ ഈ സിനിമയ്ക്ക് പിന്നില്‍ ഉണ്ട്. ഗിരീഷിന്റെ (ഗിരീഷ് ഗംഗാധരന്‍) ക്യാമറയും വിഷ്ണുവിന്റെ സംഗീതവുമെല്ലാം വളരെ മികച്ചതായിരുന്നു. പിന്നെ കൂടെ അഭിനയിച്ചവര്‍, പ്രൊഡക്ഷന്‍ ബാനര്‍, അങ്ങനെ എല്ലാത്തിലും മികച്ച ടീം ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്യാത്ത ഒരു ടീം കൂടിയായിരുന്നു ഇത്.

പുതിയ ആളുകള്‍ കുറേയുണ്ട്, നമുക്ക് ഇഷ്ടമുള്ള കുറെ മുഖങ്ങള്‍ ഉണ്ട്. ഇതെല്ലാമാണ് ഈ സിനിമയിലേക്ക് വരാനും മുന്നോട്ടുപോകാനും എന്നെ പ്രേരിപ്പിച്ചത്.

കഥ കേട്ടുകഴിഞ്ഞപ്പോളുള്ള പ്രതികരണം എങ്ങിനെയായിരുന്നു?

നേരത്തെ പറഞ്ഞ പോലെ ത്രെഡ് മാത്രം കേട്ടപ്പോള്‍ വളരെ അട്രാക്ടീവ് ആയി തോന്നിയിരുന്നു. പിന്നെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളും എന്നെ ആകര്‍ഷിച്ചിരുന്നു. ഇതിലെ ഭീമന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മഹാഭാരതമാണ് ഓര്‍മ വരിക. ഈ പേര് വളരെ സാധാരണക്കാരന്റെ ജീവിത കാഴ്ചപ്പാടിലൂടെ പറയുമ്പോള്‍ നിറയെ ഫണ്‍ എലമെന്‍സ് ഉള്ള മറ്റൊരു ഭീമനെ നമുക്ക് കാണാന്‍ സാധിക്കും.

ആദ്യം സിനിമയുടെ ത്രെഡ് പറഞ്ഞു. പിന്നീട് കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു. സിനിമ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുഴുവന്‍ ടീം ഒന്നിച്ചിരുന്നപ്പോഴാണ് ചിത്രത്തിന്റെ മുഴുവന്‍ കഥയും പറയുന്നത്.

 

‘കൊസ്തേപ്പ്’, ‘ഭീമന്‍’ തുടങ്ങി വളരെ രസകരമായ കൗതുകം നിറഞ്ഞ പേരുകളാണ് ഓരോ കഥാപാത്രത്തിനുമുള്ളത്. ഈ കഥാപാത്രങ്ങളുടെ സ്വഭാവവും വളരെ രസകരമാണ്. റിയല്‍ ലൈഫില്‍ ഇത്തരം പേരുകളോ, ഇത്തരം സ്വഭാവമുള്ള ആളുകളയോ നേരിട്ട് കണ്ടിട്ടുണ്ടോ?

ഭീമന്‍ എന്നത് ഒരു വിളിപ്പേരാണ്. പുള്ളിയെ മറ്റുള്ളവര്‍ വിളിക്കുന്നതും പുള്ളി മറ്റുള്ളവരെ വിളിക്കുന്നതും ഭീമന്‍ എന്നാണ്. നമ്മള്‍ സഖാവേ എന്ന് വിളിക്കുന്ന പോലെ. ഇതൊരു റിയല്‍ ലൈഫ് ക്യാരക്ടര്‍ കൂടിയാണ്. കുറച്ച് ചുറ്റിക്കളികളും തരികിടകളും ഒക്കെയുള്ള ഒരു കഥാപാത്രം. അതേപോലെ തന്നെയാണ് ഇതില്‍ ജിനു അവതരിപ്പിച്ചിരിക്കുന്ന കൊസ്‌തേപ്പ് എന്ന കഥാപാത്രവും.

 

സിനിമയുടെ കഥയ്ക്ക് കാരണക്കാരനായ ചെമ്പന്റെ കൂട്ടുകാരനെ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെയും ചെമ്പന്റെയും കഥയാണ് ഭീമന്റെ വഴിയില്‍ പറഞ്ഞു പോകുന്നത്. അതോടൊപ്പം ഇവരുടെ ചുറ്റുപാടുമുള്ള ആളുകളും സാഹചര്യങ്ങളും ഈ കഥയിലുണ്ട്.

ചാക്കോച്ചന്‍ സിനിമകളുടെ പേരുകള്‍ പൊതുവെ ട്രോളന്മാര്‍ക്ക് ഇഷ്ടവിഷയമാണ്, ഭീമന്റെ വഴിയും അത്തരത്തില്‍ ട്രോളാവുമെന്ന് കരുതുന്നുണ്ടോ?

ട്രോളുകള്‍ രണ്ട് രീതിയിലുണ്ട്. പോസിറ്റീവ് ട്രോളുകളും നെഗറ്റീവ് ട്രോളുകളും. പടം വിജയിക്കുകയാണെങ്കില്‍ ഉള്ള ട്രോളുകള്‍ ഉണ്ട്, പടം പരാജയപ്പെടുകയാണെങ്കില്‍ ഉള്ള ട്രോളുകള്‍ ഉണ്ട്.

ഇതില്‍ ആദ്യം പറഞ്ഞ പോസിറ്റീവ് ട്രോളുകളില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ‘ഭീമന്റെ വഴി’ അല്ലെങ്കില്‍ അതിനു മുന്‍പുള്ള സിനിമകളുടെ പേരുകളല്ലൊം വളരെ വ്യത്യസ്തമായ ടീമുകളുടെ കൂടെ ജോലി ചെയ്യുന്ന നേരത്ത് ഉണ്ടാവുന്നതാണ്. വ്യത്യസ്തങ്ങളായ, അതേസമയം അധികം കേട്ടിട്ടില്ലാത്ത, പക്ഷെ രസകരമായ പേരുകള്‍.

ഭീമന്റെ വഴി എന്ന പേര് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മഹാഭാരതം ഓര്‍ക്കുമെങ്കിലും ഈ ചിത്രത്തിന് അതുമായി ഒരു ബന്ധവുമില്ല. ഭീമന്റെ വഴി എന്നതിന് നടക്കുന്ന വഴിയുമായും ഭീമന്റെ ജീവിതത്തിന്റെ വഴിയുമായും ബന്ധമുണ്ട്. അങ്ങനെ ഫിസിക്കലായും ഫിലോസഫിക്കലായും ഭീമന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ‘ഭീമന്റെ വഴി’ എന്ന സിനിമയില്‍ പറയുന്നത്.

2019 ന് ശേഷം ചാക്കോച്ചന്‍ ചെയ്യുന്ന സിനിമകളില്‍ ഓരോന്നിലും പ്രകടമായ മാറ്റങ്ങള്‍ കാണുന്നുണ്ട്. ഒരു ‘ചോക്ലേറ്റ്’, അല്ലെങ്കില്‍ ‘അടുത്ത വീട്ടിലെ പയ്യന്‍’ എന്ന ഇമേജിനെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഓരോ കഥാപാത്രങ്ങളും വരുന്നത്. ഇതില്‍ ചിലത് നായക കഥാപാത്രങ്ങള്‍ പോലുമല്ല. ഉദാഹരണത്തിന് വൈറസിലെ കഥാപാത്രമൊക്കെ. ഇത്തരമൊരു തീരുമാനം ബോധപൂര്‍വം സ്വീകരിച്ചതായിരുന്നോ? അതോ സിനിമകള്‍ സ്വാഭാവികമായി സംഭവിക്കുകയായിരുന്നോ?

രണ്ടും ഉണ്ട്. മനപൂര്‍വം തെരഞ്ഞെടുത്തതും സ്വാഭാവികമായി സംഭവിച്ചതുമുണ്ട്. മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിച്ച് അതിനു വേണ്ടി ഇറങ്ങിത്തിരിച്ച ഒരാളാണ് ഞാന്‍. അതിനനുസരിച്ച് സാഹചര്യങ്ങള്‍ മാറി വരുന്നു എന്നതും കൂടിയാണ്. ആളുകള്‍ അത് അംഗീകരിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ആ അംഗീകാരത്തിനു വേണ്ടി ഞാനെന്റെ തെരഞ്ഞെടുപ്പുകള്‍ ശ്രദ്ധിക്കുന്നു.

വൈറസ്, അഞ്ചാം പാതിര, നായാട്ട് പോലുള്ള സിനിമകളില്‍ മുന്‍പുണ്ടായിരുന്ന ഒരു ചോക്ലേറ്റ് ഇമേജില്‍ നിന്ന് പ്രകടമായ മാറ്റം ആളുകള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

‘ഒരു നല്ലവനായ ഉണ്ണി’ എന്ന ഇമേജിന് പുറത്തുള്ള കഥാപാത്രമാണ് ഭീമന്റെ വഴിയിലേത്. ഭീമനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

നേരത്തെ പറഞ്ഞ പോലെ റിയല്‍ ലൈഫ് കഥാപാത്രത്തില്‍ നിന്നുള്ള ഒരു ടേക്ക് ഓഫ് ആണിത്. പക്ഷേ പൂര്‍ണമായും അതേ കഥയല്ല പറയുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആളുകള്‍ക്ക് അപരിചിതനായ ഒരു റിയല്‍ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അയാളെ അതേപോലെ കോപ്പി ചെയ്ത് വെള്ളിത്തിരയില്‍ അവതരിപ്പിക്കേണ്ടതില്ല. ആ കഥാപാത്രം സാധാരണക്കാരനായത് കൊണ്ടുതന്നെ ആളുകള്‍ക്ക് പരിചയം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടേതായ രീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. ആ രീതിയിലുള്ള മാറ്റങ്ങള്‍ ഭീമന്റെ വഴിയില്‍ കൊടുത്തിട്ടുണ്ട്.

‘അടുത്ത വീട്ടിലെ പയ്യന്‍’ എന്നുള്ളതില്‍ നിന്നും മാറി ‘വീട്ടില്‍ സൂക്ഷിച്ച് മാത്രം കേറ്റാന്‍ പറ്റുന്ന പയ്യന്‍’ എന്ന രീതിയിലേക്ക് ഭീമന്റെ വഴി ഇറങ്ങി കഴിയുമ്പോള്‍ ഞാന്‍ മാറിയേക്കാം. (ചിരിക്കുന്നു) അങ്ങനെ ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ കഥാപാത്രത്തിന്റെ വിജയമായി ഞാന്‍ കാണും. അങ്ങനെ തന്നെ ആവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു അഞ്ചാം പാതിര. അന്‍വര്‍ ഹുസൈന്റെ രണ്ടാം വരവ് എപ്പോള്‍ പ്രതീക്ഷിക്കാം?

അഞ്ചാംപാതിര ഏറ്റവും വലിയ ഹിറ്റ് ആയത് തന്നെയാണ് ആറാം പാതിര വൈകാനുള്ള കാരണം. ആറാം പാതിര ഇറങ്ങുമ്പോള്‍ ഇതിന് വേണ്ടിയായിരുന്നോ അഞ്ചാംപാതിര ഇറക്കിയതെന്ന് ആളുകള്‍ ചോദിക്കാതെ ഇരിക്കണം എന്നുള്ള ഒരു ആഗ്രഹവും വാശിയും തയ്യാറെടുപ്പും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ട്.

അതിനേക്കാള്‍ ഉപരിയായി ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിഥുന് അദ്ദേഹത്തിന് ആവശ്യമുള്ള സമയം വേണം. ഒന്നാം ഭാഗത്തിനേക്കാള്‍ മികച്ച് നില്‍ക്കുന്ന രണ്ടാം ഭാഗം ലോക സിനിമയില്‍ തന്നെ വളരെ കുറച്ചാണ്. ആ ചുരുക്കപ്പട്ടികയില്‍ കേറണം എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് ആ ഒരു സമയം അനുവദനീയമാണ്.

അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്തായാലും ആറാം പാതിര സംഭവിക്കും. അന്‍വര്‍ ഹുസൈനും ടീമും വേറൊരു ത്രില്ലിംഗ് കഥയുമായി എത്തുമെന്നാണ് വിചാരിക്കുന്നത്.

അഞ്ചാം പാതിരയില്‍ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു ജിനു. ഭീമന്റെ വഴിയില്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷവുമായാണ് എത്തുന്നത്. എന്തുതോന്നുന്നു?

ജിനു നമുക്ക് വളരെ ഈസിയായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു ആളാണ്. അത് റീല്‍ ലൈഫില്‍ ആയാലും റിയല്‍ ലൈഫില്‍ ആയാലും. നേരത്തെ നമ്മള്‍ പോസിറ്റീവ് ട്രോളുകളെ കുറിച്ച് പറഞ്ഞ പോലെ ജിനു ഇതുവരെ ചെയ്തിട്ടുള്ളതെല്ലാം ഒരു ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളാണ്.

അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായി ഭീമന്റെ വഴിയില്‍ അദ്ദേഹത്തെ കാണാന്‍ കഴിയും. കൊസ്‌തേപ്പ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അത് വളരെ രസകരമായി വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

ഭീമന്റെ വഴിയുടെ സ്‌ക്രിപ്റ്റ് ചെമ്പനാണല്ലോ. ചാക്കോച്ചന്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ്. അഭിനയത്തിനും നിര്‍മ്മാണത്തിനും പുറമെ സിനിമയില്‍ മറ്റേതെങ്കിലും റോളില്‍ ചാക്കോച്ചനെ പ്രതീക്ഷിക്കാമോ?

സിമ്പിള്‍ ആയിട്ട്…. ഇല്ല (ചിരിക്കുന്നു)

രണ്ട് ഭാഷകളില്‍ ആണെങ്കില്‍ കൂടിയും കരിയറിലെ ആദ്യ തമിഴ് ചിത്രം എന്ന് പറയാവുന്നതാണ് ‘ഒറ്റ്’. അരവിന്ദ് സ്വാമിക്കൊപ്പമാണ് ചിത്രത്തില്‍. അതും ചാക്കോച്ചന്റെ പുതിയ ഒരു ലുക്കില്‍. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആദ്യത്തെ തമിഴ് സിനിമ സംഭവിക്കുകയാണ്. Bilingual ആയാണ് എടുക്കുന്നതെങ്കിലും തമിഴ് ഡയലോഗുകള്‍ എല്ലാം പ്രത്യേകം തന്നെയാണ് എടുക്കുന്നത്. തമിഴ് അത്യാവശ്യം കൈകാര്യം ചെയ്യുന്നത് കൊണ്ട് ഞാന്‍ തന്നെ ഡബ്ബ് ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്, കേട്ട് കഴിയുമ്പോള്‍ അവര്‍ക്കും കൂടി അത് തോന്നണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

മലയാളത്തേക്കാള്‍ നന്നായി തമിഴ് പറയുന്നുണ്ട് എന്നാണ് ഡയറക്ടര്‍ ഫെല്ലിനി പറയുന്നത്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റ്. എന്നാല്‍ തീവണ്ടിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഒന്നാണിത്.

 

 

ഓഗസ്റ്റ് സിനിമാസിലെ ഷാജി നടേശന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജിയുമായി ഞാന്‍ വേറൊരു സിനിമ ചെയ്യാന്‍ വേണ്ടി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ അത് പുറത്തൊക്കെ പോയി ചെയ്യേണ്ട ഒന്നായിരുന്നു. അങ്ങനെയാണ് ഫെല്ലിനിയുടെ അടുത്ത് ഇങ്ങനെയൊരു ഒരു സബ്ജക്റ്റ് ഉണ്ട് കേട്ടുനോക്കുവെന്ന് ഷാജി പറയുന്നത്. സബ്ജറ്റ് കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അപ്പോഴാണ് അരവിന്ദ്‌സ്വാമി കൂടെ ചെയ്യുന്നുണ്ട് എന്നുപറഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ കണ്‍ഫേം ചെയ്തു. 90കളില്‍ എല്ലാവരെയും പോലെ ഞാനുമൊരു ഹാര്‍ഡ് കോര്‍ അരവിന്ദ് സ്വാമി ഫാന്‍ ആയിരുന്നു.

റോജയും ബോംബെയും ഇപ്പോഴും വളരെ ഫ്രഷ് ആയി നമ്മുടെ മനസ്സില്‍ കിടക്കുകയാണ്. ഒരു ഗ്യാപ്പിന് ശേഷം അദ്ദേഹം തിരിച്ചു വന്നപ്പോള്‍ ചെയ്ത കഥാപാത്രങ്ങളും അതി ഗംഭീരമായിരുന്നു. എനിക്ക് തോന്നുന്നു എന്റെ ലൈഫില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇതെന്ന്.

അരവിന്ദ് സ്വാമിക്കൊപ്പമുള്ള ഷൂട്ടിംഗ് എക്‌സ്പീരിയന്‍സ് എങ്ങിനെയുണ്ടായിരുന്നു?

പുള്ളി വളരെ കൂള്‍ ആണ്. സിനിമയില്‍ അദ്ദേഹത്തേക്കാള്‍ സീനിയര്‍ ഞാന്‍ ആണ് എന്നുള്ള രീതിയിലാണ് അദ്ദേഹം എന്നോട് പെരുമാറിയത്. പിന്നെ ഒരു കിടിലന്‍ കുക്ക് ആണ് അദ്ദേഹം. നമ്മള്‍ ഒരു റസ്റ്റോറന്റില്‍ പോവുകയാണെങ്കില്‍ അവിടെയുള്ള ഭക്ഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും അദ്ദേഹം തിരക്കും. അവിടുത്തെ ഷെഫിനെ വിളിച്ചു സംസാരിക്കുന്നു, ആ ഷെഫ് പിന്നീട് ഇദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നു… ഇങ്ങനെ പോകും കാര്യങ്ങള്‍.

മുംബൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. രാവിലെ ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹം നമ്മളെ വിളിക്കും ‘ചാക്കോസ്’ എവിടെയാണെന്ന് ചോദിക്കും. എവിടെയെങ്കിലും ഫുഡ് കഴിക്കാന്‍ ഒക്കെ പോയതാണെന്ന് പറഞ്ഞാല്‍ ‘എന്നെ കൂട്ടാതെ പോയോ’ എന്നൊക്കെ ചോദിക്കുന്ന ആളാണ്. അത്രയും ഫ്രണ്ട്ലി ആയിട്ടുള്ള, ഒരു ഈഗോയുമില്ലാത്ത ഒരാളാണ് അദ്ദേഹം.

 

ഭീമന്റെ വഴിക്ക് ശേഷമുള്ള മറ്റ് പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ് ?

ഭീമന്റെ വഴിക്ക് ശേഷം ഞാന്‍ ചെയ്തത് ഒരു ചിത്രം ‘ഒറ്റ്’ ആണ്. മറ്റൊന്ന് അജയ് വാസുദേവിന്റെ ചിത്രമാണ്. അതില്‍ ഞാനൊരു കാമിയോ റോളാണ് ചെയ്യുന്നത്. അതിന് ശേഷം മഹേഷ് നാരായണന്‍ ചിത്രം. അതിന്റെ നിര്‍മാണവും ഞാനാണ്.

Interview with New Malayalam Movie Bheemante Vazhi actor Kunchacko Boban

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.