ഫുട്ബോളിനെ പോലെ മോട്ടോസ്പോർട്സും മലയാളിക്ക് പ്രിയപ്പെട്ട വിനോദമാകും | Interview
Interview
ഫുട്ബോളിനെ പോലെ മോട്ടോസ്പോർട്സും മലയാളിക്ക് പ്രിയപ്പെട്ട വിനോദമാകും | Interview
ഫഹീം ബറാമി
Wednesday, 17th December 2025, 2:08 pm
ഇതിലെ 90% റൈഡേഴ്സും വിദേശികളാണ്. ഇന്ത്യൻ റൈഡേഴ്സിനോട് കഴിഞ്ഞ രണ്ട് റേസ് കഴിഞ്ഞു എക്സ്പീരിയൻസിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞത് : ഇന്ത്യൻ ഫുട്ബോൾ ടീമും അർജന്റീന ഫുട്ബോൾ ടീമും മാച്ച് ചെയ്യുമ്പോഴുള്ള അവസ്ഥയാണെന്നാണ് അവർ ആശ്ചര്യത്തോടെ പറഞ്ഞത്. കൂടെ നമ്മളിനിയും ഒരുപാട് ദൂരത്ത് എത്താനുണ്ടെന്നും. അഭിമുഖം. മുർഷിദ് ബാന്‍ഡിഡോസ് | ഫഹീം ബറാമി

ഫഹീം ബറാമി: കോഴിക്കോട്ടുക്കാരനായ മുർഷിദ് എങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് റെയ്‌സ് മത്സരം നടത്തുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് ലീഗിന്റെ സംഘാടകനായി മാറിയത്?

മുർഷിദ് ബാൻഡിഡോസ് : മോട്ടോർസൈക്കിൾ റൈഡിങ് റെയ്സിങ് പശ്ചാത്തലത്തിലാണ് എന്റെ ഇത്രയും കാലത്തെ എക്സ്പീരിയൻസ്. 2006ൽ ഹയർസെക്കന്ററി പഠിക്കുമ്പോൾ ഞാൻ ബൈക്ക് സ്റ്റണ്ടിങ് ആരംഭിച്ചു. കോളേജിൽ പഠിക്കുമ്പോൾ പ്രൊഫഷണൽ റെയ്ഡിങ്ങിൽ രാജ്യത്ത് പലഭാഗത്തും ഞാൻ പങ്കെടുത്തിരുന്നു.

കോളേജ് കഴിഞ്ഞ് കൊച്ചിയിൽ ഒരു കമ്പനിയിൽ ആറുമാസം അഡ്മിനായിരിക്കുമ്പോഴാണ് ബൈക്കുമായി ബന്ധപ്പെട്ട ജോലിയാണ് എനിക്കേറ്റവും സന്തോഷം തരുന്നതെന്ന് ഞാൻ മനസ്സിലാക്കിയത്. നമ്മുടെ നാട്ടിൽ ആ സമയത്ത് ആളുകൾ ജോലി നേടാനായി വിദേശത്ത് പോയിരുന്ന സമയമാണ്. എന്റെ രക്ഷിതാക്കളും ആ രൂപത്തിലാണ് ചിന്തിച്ചത്. എന്നാൽ അതിനു പോകാതെ ബൈക്കുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ഞാൻ കോഴിക്കോട് ആരംഭിച്ചു. അതാണ് ‘ബാൻഡിഡോസ്’.

മോട്ടർസൈക്കിൾ ആക്സസറീസ്, റൈഡിങ് ഗിയേഴ്സ് എന്നിങ്ങനെ സെൽ ചെയ്യുന്ന ബിസ്നസ്. ആ സമയത്ത് തന്നെ പല സ്ഥലത്തും റൈസിങ് ഞങ്ങൾ ഓർഗനൈസ് ചെയ്തു. റേസിങ്ങില്‍ ഞങ്ങൾ അത്യാവശം ഫെയ്മസായി. ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. 2013ലും വിജയത്തിലെത്തി.

2009ൽ ബൈക്ക് സ്റ്റണ്ടിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു

2015ൽ കേരളത്തിൽ ആദ്യമായി ഒരു നൈറ്റ് റെയ്സ് കോഴിക്കോട് കിണാശ്ശേരിയിൽ നടത്തി. അത് സൗത്ത് ഇന്ത്യൻ ലെവലിൽ വലിയ ശ്രദ്ധ നേടി. പിന്നീട് ‘ബാന്ഡിഡോസ്’ തൃശൂരിൽ ആരംഭിച്ചു. നമ്മുടെ നാട്ടിലേക്ക് ഫോറിൻ റൈഡേഴ്സിനെ കൊണ്ട് വരാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാൽ അതിന് സാമ്പത്തികമായ ബാക്കപ്പ് വേണം. 2019ൽ ഫിൻലാൻഡിൽ നിന്നും ഓസ്ട്രിയയിൽ നിന്നും FMX Freestylers നെ ഷോ ചെയ്യാനായി ഞങ്ങൾ കൊണ്ടുവന്നു.

നൈറ്റ് റെയ്സ് തൃശ്ശൂരിൽ നടത്തി. ഇതുവരെ ഇന്ത്യൻ മോട്ടോർസ്പോർട്ടിന് സൂപ്പർ ക്രോസ് റെയ്സിങ്ങിൽ ഏറ്റവും വലിയ റെയ്സായിരുന്നു അത്. ഇന്ത്യയിലെ മോട്ടോസ്‌പോർട് ഓർഗനൈസേർസിന്റെ ശ്രദ്ധ ഞങ്ങൾക്ക് ലഭിച്ചു. ഇത്രയും റെയ്സിന് പ്രമോട്ട് ചെയ്യുന്ന എനർജിയുള്ള ഒരു ക്രൗഡിനെ അവർ കണ്ടിട്ടില്ലെന്ന് പറഞ്ഞു.പിന്നീട് കൂടുതൽ റെയ്സുകൾ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പല ബ്രാൻഡുകളും ആഗ്രഹിച്ചു.

2023ൽ ഒരു ഗംഭീര നൈറ്റ് റെയ്സ് തൃശൂരിൽ ഞങ്ങൾ സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷന് വേണ്ടി അന്ന് ഏറ്റവും ആരാധകരുണ്ടായിരുന്ന ‘തോമസ്, സെബാസ്റ്റ്യൻ എന്ന രണ്ട് അത്ലീറ്റുകളെ കൊണ്ടുവന്നു. ആ മത്സരത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും മികച്ച റെയ്സിങ് നടത്താൻ കേരളം വേണമെന്നും അത് ഓർഗനൈസ് ചെയ്യാൻ ‘ബാൻഡിഡോസ് ‘ വേണമെന്നുമുള്ള അവസ്ഥയിലേക്ക് എത്തി. നാഷണൽ ചാമ്പ്യൻഷിപ്പിൽ ആറ് റൗണ്ടാണ്. അതിന്റെ ഫൈനൽ റൗണ്ട് നമുക്ക് കേരളത്തിൽ ചെയ്യാമെന്ന് പൂനെയിലുള്ള ഓർഗനൈസർ പറഞ്ഞു.

 

വിദേശ പ്രധിനിധികൾക്കൊപ്പം

ബ്രാൻഡുമായി അസോസിയേറ്റ് ചെയ്ത് Bandidos 2024ൽ കൊച്ചിയിൽ നാഷണൽ സൂപ്പർ ക്രോസ്സ് റെയ്സിങ് ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ട് ഓർഗനൈസ് ചെയ്തു. മത്സരം കാണാനായി ഒരുപാട് സെലിബ്രിറ്റികളും കാണികളും എത്തി.

ഇപ്പോൾ നടത്താൻ പോകുന്ന സൂപ്പർ ലീഗ് മൂന്നു റൗണ്ടാണ് അതിൽ ആദ്യത്തെ റൗണ്ട് പൂനയിലും രണ്ടാമത്തെ റൗണ്ട് ഹൈദരാബാദിലും ഫൈനൽ റൗണ്ടാണ് ഇവിടെ നടക്കാൻ പോകുന്നത്. ഇതിൽ 15 രാജ്യങ്ങളിൽ നിന്നായി 40 ലേറെ ഫോറിൻ റൈഡേഴ്സിന്റെ പങ്കാളിത്തമുണ്ട്.

ഇതിന്റെ ബ്രാൻഡ് അംബാസഡറായി വരുന്നത് സൽമാൻ ഖാൻ ആണ്. ഫൈനൽ റൗണ്ട് കേരളം പോലെ എനർജറ്റിക്കായിട്ട് ആളുകൾ വരുന്ന സ്ഥലത്ത് വേണമെന്ന് ഓർഗനൈസേർസ് തീരുമാനിച്ചു.

ആദ്യത്തെ ചലഞ്ച് കോഴിക്കോട് സ്റ്റേഡിയം കിട്ടുക എന്നുള്ളതായിരുന്നു. വളരെ പ്രോപ്പറായ വിഷനുള്ള ഗവൺമെന്റാണ് ഇവിടെ ഉള്ളത്, കൂടെ കേരള ഫുട്ബോൾ അസോസിയേഷനും വലിയ രീതിയിലുള്ള സഹകരണം ലഭിച്ചു. രാജ്യത്ത് ചരിത്രം കുറിക്കുന്ന ഒരു മത്സരമായിരിക്കും ഈ ഡിസംബർ 21ന് കോഴിക്കോട് ഉണ്ടാവുക.

ഫഹീം ബറാമി: ഇന്ത്യൻ സൂപ്പർ ക്രോസ്സ് ലീഗ് നടത്തുന്ന റെയ്‌സിങ്ങിന്റെ വിഷൻ എന്താണ്?

മുർഷിദ് ബാൻഡിഡോസ്: ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഗ്രാസ് റൂട്ട് ലെവലിൽ റൈഡേഴ്സിനെ കണ്ടെത്തി ഇന്റർനാഷണൽ റെയ്സിങ്ങിന്റെ ചാമ്പ്യൻഷിപ്പിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സൂപ്പർ ക്രോസ്സ് ഇത്തരം മത്സരങ്ങൾ നടത്തുന്നത്.

റെയ്‌സിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫെയിം ഉപയോഗിച്ചാണ് സ്പോൺസർഷിപ്പ് ലഭിക്കുക. ഈ പ്രൊഫഷണലിന് അന്താരാഷ്ട്ര തലത്തിൽ ഒരുപാട് നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഫൈനാൻഷ്യലി നമുക്ക് സെറ്റിലാകാൻ സ്കോപ്പുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണം. കുട്ടികളെ ആകർഷിക്കാനും അവരെ ഇന്റർനാഷണൽ റെയ്സിങ്ങിലേക്ക് കൊണ്ടുപോകാൻ വേണ്ടിയുള്ള ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തിലുള്ള ഇവന്റുകൾ നടത്തുന്നത്.

ബൈക്ക് റെയ്സിങ് ട്രാക്കിൽ മത്സരത്തിനിടെ

 

ഫഹീം ബറാമി : റെയ്‌സിങ്ങില്‍ ഇന്റർനാഷണൽ റെയ്‌സിങ് താരങ്ങൾ അടക്കം പങ്കെടുക്കുന്നുണ്ട്, ഇന്ത്യയിൽ ഇതിന് എത്രത്തോളം സ്വീകാര്യതയുണ്ട്? ഈ മത്സരം രാജ്യത്തെ മോട്ടോസ്പോർട്ടിന് എത്രത്തോളം ഗുണകരം ഉണ്ടാകും?

മുർഷിദ് ബാൻഡിഡോസ്: ഇതിലെ 90% റൈഡേഴ്സും വിദേശികളാണ്. ഇന്ത്യൻ റൈഡേഴ്സിനോട് കഴിഞ്ഞ രണ്ട് റേസ് കഴിഞ്ഞു എക്സ്പീരിയൻസിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞത് : ഇന്ത്യൻ ഫുട്ബോൾ ടീമും അർജന്റീന ഫുട്ബോൾ ടീമും മാച്ച് ചെയ്യുമ്പോഴുള്ള അവസ്ഥയാണെന്നാണ് അവർ ആശ്ചര്യത്തോടെ പറഞ്ഞത്. കൂടെ നമ്മളിനിയും ഒരുപാട് ദൂരത്ത് എത്താനുണ്ടെന്നും.

ഇത് ഇന്ത്യൻ റൈഡേഴ്സിന് ഒരു വലിയ ഓപ്പർച്യൂണിറ്റിയാണ്. എല്ലാവർക്കും യൂറോപ്പിലും അമേരിക്കയിലും പോയി റെയ്‌സുകൾ കാണാൻ സാധിക്കില്ല. നമ്മുടെ നാട്ടിലുള്ളവർക്ക് വിദേശ രാജ്യത്തെ പോലെ കോഴിക്കോട് വന്നു റെയ്‌സ് കാണാം.

ഫഹീം ബറാമി: പുതിയ സൂപ്പർ ക്രോസ് താരങ്ങളെ വളർത്തിയെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ISRL ചെയ്യുന്നത്?

മുർഷിദ് ബാൻഡിഡോസ്: ISRL ചെയ്യുന്നത് അവരുടെ ടീമിലേക്ക് രജിസ്റ്റർ ചെയ്യുന്നവരെ ഫുട്ബോൾ ടൂർണമെന്റ് പോലെ തന്നെ പണം നൽകി ടീമിലേക്ക് എടുക്കും. ഗ്രാസ്റൂട്ട് ലെവലിലേക്ക് വളർത്താനായാണ് ഇവർ കേരളത്തിൽ കൊച്ചിയിലും തൃശ്ശൂരിലും ട്രെയിനിങ് സെന്റർ ആരംഭിച്ചത്. പക്ഷെ അവിടെയെല്ലാം മിനിമൽ ലെവലാണ് കോച്ചിങ് നൽകുന്നത്. വളരെ പ്രൊഫഷണലായിട്ട് ട്രെയിനിങ് കൊടുക്കുന്നത് ബാംഗ്ലൂരിലും പൂനെയിലും ഹൈദരാബാദിലും ഉണ്ട്.

ഒരു കുട്ടിയെ സംബന്ധിച്ച് റെയ്സിങ് കരിയർ സ്റ്റാർട്ട് ചെയ്യുന്നത് നാലാം വയസിലാണ്. നാലു വയസ്സ് മുതൽ ആറു വയസ്സ് 50 സിസി കാറ്റഗറിയും, ആറ് വയസ് മുതൽ 10 വയസ്സ് വരെ 80 സിസി കാറ്റഗറിയും, പിന്നീട് 125 സിസി കാറ്റഗറിയും. 16 വയസ്സിൽ എത്തിയാൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കും.

മകളോടൊപ്പം റെയ്സിങ് ബൈക്കിൽ

നമ്മുടെ നാട്ടിൽ ഇവിടെ നാലു വയസുള്ള കുട്ടിക്ക് വാഹനമോടിക്കാൻ നൽകുന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. 18 വയസാകുമ്പോഴാണ് ഇവിടെ ലൈസൻസ് ലഭിക്കുക.

പക്ഷേ നമ്മുടെ റേസിങ്ങിലേക്ക് പ്രത്യേകം ലൈസൻസ് ഉണ്ട് . അത്രയും എഡ്യൂക്കേറ്റ് ചെയ്തു കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യൻ റെയ്സ് ട്രാക്കിൽ ആറ് മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾ മത്സരിക്കുന്നുണ്ട്. വലിയ മത്സരങ്ങൾ കഴിയുമ്പോഴായിരിക്കും കൂടുതൽ രക്ഷിതാക്കൾ തങ്ങളുടെ മക്കളെ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നതിനെ പറ്റി ചിന്തിപ്പിക്കുക. ഇവിടെയും മത്സരം കഴിഞ്ഞാൽ രക്ഷിതാക്കൾ എന്നെ വിളിക്കാൻ സാധ്യതയുണ്ട് . ഇങ്ങനെ ഒട്ടനവധി കുട്ടികളെ സഹായിക്കാനായി ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്

ഫഹീം ബറാമി: ക്രിക്കറ്റോ ഫുട്ബോളോ പോലെ വലിയ രീതിയിൽ ആരാധകർ ഈ മത്സരത്തിനുണ്ടോ? അല്ലെങ്കിൽ അത്തരത്തിലുള്ള ആരാധകരെ ഉണ്ടാക്കിയെടുക്കാൻ എന്തൊക്കെയാണ് നിങ്ങൾ ചെയ്യുന്നത്?

മുർഷിദ് ബാൻഡിഡോസ്: ഇതുവരെ ഉണ്ടായിരുന്നില്ല. ഞാൻ വളരെ സ്ക്രാച്ചിൽ നിന്നാണ് ഈയൊരു മത്സരം ആളുകളുടെ മുന്നോട്ടു കൊണ്ടു വരാൻ ശ്രമിച്ചത്. ഞാനിപ്പോൾ ഇത്രത്തോളം വളർന്നു, പാടത്തും പറമ്പത്തും റെയ്‌സിങ് കാർ ഓടിച്ചിരുന്ന ആളായിരുന്നു ഞാൻ, ഇപ്പോൾ എന്റെ റെയ്‌സിങ് ടീം ഇന്ത്യയിൽ ചാമ്പ്യൻമാരാണ്.

വിദേശത്ത് മത്സരങ്ങളിലും എന്റെ ടീം ഓടിക്കുന്നുണ്ട്. ഞാൻ എന്റെ യാത്ര തുടങ്ങിയത് മുതൽ എന്റെ വിഷനാണ് ഇന്റർനാഷണൽ റെയ്സ്.
ആ ഒരു ജേർണിയിലേക്ക് ട്രാവൽ ചെയ്യാൻ തുടങ്ങിയിട്ട് 19 വർഷമായി.

ഞാനിപ്പോൾ എത്തിനിൽക്കുന്ന മൈൽസ്റ്റോൺ വലുതാണ്. സൽമാൻ ഖാൻ പങ്കെടുക്കുന്ന ഒരു ഇവന്റിൽ ഇത്രയധികം വിദേശികൾ വേൾഡിൽ അറിയപ്പെടുന്ന റൈഡേഴ്സിന് കൊണ്ടുവന്നു. അതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ പറ്റുന്നു, കഴിഞ്ഞ കൊച്ചി, തൃശൂർ റെയ്സിനൊക്കെ വലിയ രീതിയിലുള്ള സപ്പോർട്ട് ആണ് കിട്ടിയത്.

ഇതൊക്കെ ആദ്യം എനിക്ക് ടഫ് പാർട്ടായിരുന്നു. ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ, എജ്യുക്കേറ്റ് ചെയ്യാൻ… റെയ്സിങ് എന്താണെന്ന് പറയുമ്പോൾ തന്നെ ഓടിച്ചു വിടുന്ന സമയം ഉണ്ടായിരുന്നു. ഇപ്പോൾ ഇത് ക്ലോസ് എന്‍വിറോണ്‍മെന്റില്‍ ചെയ്യുമ്പോൾ കുട്ടികൾക്കാണെങ്കിലും ഒരു ബെറ്റർ ഓപ്ഷനുണ്ട്, ഫുട്ബോളിലും ക്രിക്കറ്റിലും മാത്രം ഒതുങ്ങിപ്പോയ ചെറുപ്പക്കാർ നിലവിൽ നമ്മുടെ മുന്നിലുണ്ട്.

പക്ഷേ റെയ്സിങ്ങിലേക്ക് വരുമ്പോൾ അതൊരു ഡിസിപ്ലിനായ ജീവിതമായിരിക്കും. എങ്കിൽ മാത്രമേ റെയ്സിൽ വിജയിക്കാൻ പറ്റുള്ളൂ. ഫിറ്റ്നസ് വളരെ പ്രധാനമാണ്. നമ്മൾ കാണുന്ന ഒരു ലൈഫ് സ്റ്റൈലല്ല, ഇങ്ങനെയൊക്കെ വരുമ്പോൾ ആ കുട്ടികൾക്ക് ഉണ്ടാകുന്ന ഫോക്കസ് കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികമായ നേട്ടം. അവരുടെ ക്യാരക്ടറെ മാറിപ്പോകും. ഈ അടുത്ത വർഷങ്ങളിൽ നമ്മൾ വിചാരിക്കുന്ന ലെവലിലേക്ക് ഗവൺമെന്റ് സപ്പോർട്ടോടുകൂടി വിപുലീകരിച്ച് അക്കാദമികൾക്ക് സാധ്യതയുണ്ട്

 

മുർഷിദിന്റെ മക്കൾ  

ഫഹീം ബറാമി: നമ്മുടെ രാജ്യത്തെയും കേരളത്തിലെയും സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും പിന്തുണ ഇത്തരത്തിലുള്ള റെയ്‌സിന് ലഭിക്കുന്നുണ്ടോ ?

മുർഷിദ് ബാൻഡിഡോസ്: കോഴിക്കോട് സ്റ്റേഡിയം നമുക്ക് കിട്ടണമെന്നുണ്ടെങ്കിൽ സ്പോട്സ് ഡിപ്പാർട്ട്മെന്റിന് നമ്മൾ കൃത്യമായ പ്ലാനിങ് നൽകേണ്ടതുണ്ട്. പല അധികാരികൾക്കും ഇത് നടക്കുമോ എന്നുള്ള സംശയങ്ങളുണ്ട്. സത്യത്തിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഈ പരിപാടിയുടെ വലിപ്പം കാണുമ്പോൾ അത് നമ്മുടെ നാട്ടിൽ സാധ്യമാണോ എന്നുള്ള സംശയമുണ്ടാകും.

ഇതൊരു ഫുട്ബോൾ സ്റ്റേഡിയമാണ് ഇവിടെ ഇത്തരത്തിലുള്ള ഒരു കളി നടത്തിയാൽ അത് പിന്നീടെങ്ങനെ സ്റ്റേഡിയം ആ രൂപത്തിലേക്ക് മാറ്റിയെടുക്കും? ഇതൊക്കെ കാണാൻ ആളുകൾ വരുമോ? ഇതൊക്കെ എല്ലാവർക്കുമുള്ള സംശയമാണ്. ഞാൻ 100% വിശ്വാസത്തിലാണ് ഇതിന്റെ സംഘാടനം ഏറ്റെടുത്തത്.

ഫുട്ബോളിനെ ആരാധിക്കുന്ന നാട്ടിൽ നിന്നാണ് എന്റെ ജീവിതം ഞാൻ ആരംഭിക്കുന്നത്. ഞാൻ കോഴിക്കോടുകാരനാണ് . ഫുട്ബോൾ സ്റ്റേഡിയം പഴയതുപോലെതന്നെ 100% നന്നാക്കി നൽകാൻ സാധിക്കുമെന്നുള്ള വിശ്വാസമെനിക്കുണ്ട്. കൂടെ 25 ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷന് ഡെപ്പോസിറ്റായി ഞങ്ങൾ നൽകിയിട്ടുണ്ട്.

ഫഹീം ബറാമി: എങ്ങനെയാണ് റെയ്‌സിങ് പിച്ചിന്റെ നിർമ്മാണവും സ്റ്റേഡിയം ഗ്രൗണ്ട് നശിക്കാതെ സൂക്ഷിക്കുന്നതും?

മുർഷിദ് ബാൻഡിഡോസ്: ഫുട്ബോളിനെ കുറിച്ച് അറിയുന്നവർക്കും അറിയാത്തവർക്കും ഈ ഫുട്ബോൾ ഗ്രൗണ്ട് നശിച്ചു പോകുമോ എന്നുള്ള സംശയമുണ്ട് . ഏത് ഇന്റർനാഷണൽ സ്റ്റേഡിയമെടുത്താലും മൾട്ടിപർപ്പസ്ഡ് ആയിരിക്കും. നമ്മുടെ സ്റ്റേഡിയവും അത് പോലെ ഉപയോഗിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങളും ഫെസിലിട്ടീസും കൃത്യമായി ഉപയോഗിച്ചാൽ മതി.

നമ്മൾ ചെയ്യുന്നത് പ്രോപ്പറായ രീതിയിലാണ് കൃത്യമായി ഷീറ്റ് വിരിച്ച് അതിനു മുകളിൽ പ്ലൈവുഡ് വിരിച്ച് പിന്നീട് മണ്ണിട്ട് അതിലാണ് റെയ്‌സ് ട്രാക്ക് ബിൽഡ് ചെയ്യുന്നത്. റെയ്സ് കഴിഞ്ഞാൽ മണ്ണെടുത്തു മാറ്റി ഈ പ്ലൈവുഡും ഷീറ്റുമൊക്കെ മാറ്റിയാൽ നാലുദിവസം കൊണ്ട് പഴയ രൂപത്തിലേക്ക് സ്റ്റേഡിയമാക്കാൻ സാധിക്കും.

ഇന്ത്യൻ സൂപ്പർ ക്രോസ് റെയ്സിങ് ലീഗ് ഫൈനലിന്റെ ആദ്യ ടിക്കറ്റ് വില്പന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് Xylem ലേർണിങ് ഡയറക്ടർ ഡോ. അനന്ദുവിന് നൽകി നിർവഹിക്കുന്നു

കഴിഞ്ഞ പൂനെയിലും ഹൈദരാബാദിൽ നടന്ന റെയ്‌സിന്റെ NOCയും അവിടുത്തെ ഫീഡ്ബാക്കെല്ലാം നമ്മളുടെ അടുത്തുണ്ട്. ഫുട്ബോളിനെ ഒരുപാട് സ്നേഹിക്കുന്ന നാടാണിത്. നമുക്കവരെ വേദനിപ്പിച്ച് ഒരു റെയ്‌സിങ് നടത്താൻ സാധിക്കില്ല.

ഈ റെയ്സ് കഴിയുന്നതോടുകൂടി നമ്മുടെ മത്സരം എന്താണെന്ന് പൂർണമായി എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. പിന്നെ ഫുട്ബോളിനെ സ്നേഹിക്കുന്നതുപോലെ ഇതിനെ സ്നേഹിക്കാനും ആളുകളുണ്ടാകുമെന്ന പൂർണമായ വിശ്വാസത്തിലാണ് ഞാൻ.

ഫഹീം ബറാമി: സൽമാൻ ഖാനെ പോലെ വലിയൊരു താരത്തെ സ്വീകരിക്കാൻ എത്രത്തോളം സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്? നിലവിൽ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടികൾ നമ്മുടെ രാജ്യത്ത് വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ട് ഏറ്റവും അവസാനമായി മെസി കൊൽക്കത്തയിൽ വന്നപ്പോൾ അവിടെ നടന്ന പ്രശ്നങ്ങൾ ഉദാഹരണമാണ്.

മുർഷിദ് ബാൻഡിഡോസ്: സൽമാൻ ഖാൻ ഒരു പാഷനേറ്റ് ആയിട്ടുള്ള റൈഡർ ആണ്. സ്വന്തമായി മോട്ടോർ ബൈക്കുകൾ അദ്ദേഹത്തിന് ഉണ്ട് . അദ്ദേഹം പ്രാക്ടീസ് കൂടി ചെയ്യുന്ന ആളാണ് . സ്വന്തമായി ട്രാക്ക് ഉണ്ട്.

സൽമാൻ ഖാൻ വരുമ്പോഴുള്ള തയ്യാറെടുപ്പുകൾ തീർച്ചയായും പോലീസുമായി ഉണ്ടാക്കിയിട്ടുണ്ട്. 27,000 മുതൽ 30,000 ആളുകൾ വരുന്ന പരിപാടി ആയതിനാൽ ഈ പരിപാടിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആ പ്ലാനനുസരിച്ച് ഓരോ ഗേറ്റിലൂടെ ഏതൊക്കെ ആളുകൾ കയറണം എന്ന പ്ലാനും നമുക്കുണ്ട്. ടിക്കറ്റ് വച്ചുള്ള പരിപാടി ആയതിനാൽ ആളുകളുടെ എണ്ണവും നമ്മുടെ കയ്യിലുണ്ട്.

ഇവിടെ മറ്റുള്ള ഗെയിമുകളെ പോലെയല്ല മോട്ടോ സ്‌പോർട് അത് ആരംഭിച്ചാൽ മറ്റൊരു ആക്ടിവിറ്റി ചെയ്യാൻ ആളുകൾക്ക് തോന്നില്ല. 25 , 30 വണ്ടി ഒരുമിച്ച് സ്റ്റാർട്ടാക്കിയാൽ നിങ്ങളുടെ ലക്ഷ്യം ആ റെയ്‌സ് കാണുന്നതിലേക്ക് മാറും. മുകളിലൂടെ പറക്കുന്ന വാഹനത്തിലായിരിക്കും നമ്മുടെ കണ്ണുകൾ.

ഫുട്ബോളും ക്രിക്കറ്റും നമുക്ക് നിത്യേന കാണാൻ പറ്റുന്ന വിനോദമാണ് എന്നാൽ ഈ റെയ്‌സ് നമ്മുടെ ലൈഫിൽ എപ്പോഴെങ്കിലും കാണാൻ പറ്റുന്ന ഒരു കാഴ്ചയായിരിക്കും. നമ്മൾ ഒരിക്കലും പ്രശ്നക്കാരായിട്ട് മാറില്ല. വലിയ പ്രശ്നക്കാര് പോലും ഈ ഗെയിം കണ്ട് അതിശയത്തോടെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അതിൽ എനിക്ക് നല്ലൊരു കോൺഫിഡൻസുണ്ട്.

ലഡാക്കിൽ രാഹുൽ ഗാന്ധിക്കൊപ്പം ബൈക്ക് റൈഡിങ്ങിന് ശേഷം

ഫഹീം ബറാമി: കോഴിക്കോട് ഒരു ഉത്സവങ്ങളുടെ നാടാണിപ്പോൾ സാഹിത്യോത്സവം, ഫിലിം ഫെസ്റ്റിവൽ, കായികോത്സവങ്ങളെല്ലാം വലിയ രീതിയിൽ കോഴിക്കോട്ടുകാർ സ്വീകരിക്കാറുണ്ട് . എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മത്സരത്തിന് കോഴിക്കോട് തെരഞ്ഞെടുക്കാൻ കാരണം?

മുർഷിദ് ബാൻഡിഡോസ്: കാലിക്കറ്റ് എന്റെ ഹോം ടൗണാണ്. ഞാൻ പണ്ട് നൈറ്റ് റെയ്സ് നടത്തിയപ്പോൾ ഫോറിൻ റെയ്ഡേഴ്സിനെയൊന്നും ഇവിടെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നെ വളർത്തിയ നാടാണിത്. ഞാൻ സീറോയിൽ ഇവിടെ നിന്നാണ് തുടങ്ങിയത്.

ഇങ്ങനെ ഒരു ഓപ്പർച്യൂണിറ്റി വന്ന സമയത്ത് ഫോറിൻ റൈഡേഴ്സിനെ എന്റെ ജന്മനാട് കോഴിക്കോട് കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ എന്ന വ്യക്തി അന്നു മുതൽ ഇന്നുവരെ എന്റെ ജേർണിയിൽ എന്നെ സ്വാധീനിച്ചതും എന്റെ സൗഹൃദബന്ധങ്ങളും എന്റെ കുടുംബവും ചുറ്റുപാടും ഇവിടെയാണ്.

സൽമാൻ ഖാനെ പോലെ വലിയ ആക്ടറെ ഈ നാട്ടിൽ വരുമ്പോൾ അത് കോഴിക്കോട് ആകണമെന്ന് എന്റെ ആഗ്രഹമാണ്. കോഴിക്കോട്ടുകാർ സ്വീകരിക്കാൻ മിടുക്കരാണ്. സൽമാൻ ഖാനൊപ്പം ലോകത്തുതന്നെ ഏറ്റവും വലിയ റെയ്സ് ചെയ്യുന്ന ആളുകൾ ഇവിടെ വരുന്നുണ്ട് അവരെയൊക്കെ സ്വീകരിക്കാനും വേണ്ട സംവിധാനങ്ങൾ ചെയ്യാനും ഈ നാട്ടുകാർ തയ്യാറാണ്. ഏറ്റവും മികച്ച ഓട്ടോറിക്ഷ ഡ്രൈവർമാർ മുതൽ ഇവിടത്തെ ഭക്ഷണവും ഇവിടെ വരുന്നവർക്ക് ഒരു കൾച്ചറൽ എക്സ്പീരിമെന്റ് ആയിരിക്കും. അത് കൊടുക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് കോഴിക്കോട് കൊണ്ടുവരുന്നത്.

 

Content Highlight: Interview with Murshid Bandidos

ഫഹീം ബറാമി
ഡൂള്‍ന്യൂസില്‍ വീഡിയോ ജേണലിസ്റ്റ്, ജാമിയ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ജേണലിസത്തില്‍ പി.ജി.