'നീ ഷൂട്ട് ചെയ്താല്‍ നിന്നെ ഇവിടെയിട്ട് കൊല്ലും'; കക്കാടംപൊയില്‍ ആക്രമണത്തിലെ സംഭവങ്ങള്‍ കുസുമം ജോസഫ് വിവരിക്കുന്നു
Interview
'നീ ഷൂട്ട് ചെയ്താല്‍ നിന്നെ ഇവിടെയിട്ട് കൊല്ലും'; കക്കാടംപൊയില്‍ ആക്രമണത്തിലെ സംഭവങ്ങള്‍ കുസുമം ജോസഫ് വിവരിക്കുന്നു
ശ്രീനാഥ് നെന്മണിക്കര
Monday, 7th October 2019, 9:04 pm

കക്കടാംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയിണ സന്ദര്‍ശിക്കാന്‍ പോയ സാംസ്‌കാരിക പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ്, അജിത, കുസുമം ജോസഫ്, വിനോദ് തുടങ്ങിയവരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കക്കടാംപൊയിലില്‍ നടന്ന ആക്രമണത്തെക്കുറിച്ച് കുസുമം ജോസഫ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

കക്കടാംപൊയിലിലേക്ക് പോയ സംഘത്തില്‍ നിങ്ങള്‍ എത്ര എത്ര പേരുണ്ടായിരുന്നു?

ഞങ്ങള്‍ 46 പേരുള്ള സംഘമാണ് കോഴിക്കോട് നിന്ന് പോയത്.

ആക്രമണത്തിന് പിന്നിലുള്ള പ്രകോപനമെന്തായിരുന്നു.?

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊളിച്ചുനീക്കാത്ത പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച തടയിണ സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ പോകുന്നത്. രണ്ട് ദിവസം മുന്‍പ് കോഴിക്കോട് പത്രസമ്മേളനം നടത്തി. നേരത്തെ ഫേസ്ബുക്കിലൂടെയെല്ലാം അറിയിച്ച് പോയതാണ്. ഇപ്പോഴും പൊളിക്കാത്ത അതിന്റെ മേലെ നീര്‍ച്ചാലിന് മുകളിലേക്ക് ഒരു പ്ലാറ്റ് ഫോമൊക്കെ കെട്ടി വേറെ രണ്ട് മൂന്ന് തടയിണയുണ്ടെന്ന് പറയുന്നു. അത് ഞാന്‍ കണ്ടിട്ടില്ല

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതൊക്കെ കാണാം എന്നുള്ള ഉദ്ദേശ്യത്തിലാണ് പോയത്. കാരശ്ശേരി മാഷായിരുന്നു ഞങ്ങളുടെ ടീമിന്റെ ലീഡര്‍. ഇദ്ദേഹത്തിന്റെ പാര്‍ക്കിലേക്ക് പോകുന്നതിന് മുന്‍പ് വലത്തോട്ട് തിരിഞ്ഞ് അവിടെയൊരു തേനരുവി എന്നൊരു നീര്‍ച്ചാലും അതിന്റെ മേലെ ഒരു ക്വാറിയുമുണ്ട്. ആ ക്വാറിയില്‍ നിയമലംഘനം ഉണ്ട്. അത് ഈ നീര്‍ച്ചാല്‍ വഴി തിരിച്ചുവിടുന്നുണ്ട്, നീര്‍ച്ചാല്‍ അടഞ്ഞുപോകുന്നു എന്നുള്ള പരാതിയുള്ളത് കൊണ്ട് അതൊന്ന് കാണാം എന്ന് കരുതി ആദ്യം അങ്ങോട്ടാണ് പോയത്.

അവിടേക്ക് പോകാന്‍ വണ്ടി രണ്ട് ജീപ്പുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. കാരശ്ശേരി മാഷ്, കെ.എം ഷാജഹാന്‍ ഇങ്ങനെയുള്ള ആള്‍ക്കാര്‍ ആദ്യം പോയി. അത് കഴിഞ്ഞിട്ടുള്ള ബാക്കി പത്തിരുപത് പേരാണ് അവിടെ നിന്നത്. ഈ ജീപ്പ് മുകളില്‍ പോയിട്ട് തിരിച്ചുവരുന്നതിനൊക്കെ മുന്‍പ് തന്നെ കുറച്ചാളുകള്‍ അവിടെ സംഘടിക്കുന്നുണ്ടായിരുന്നു.

അവര്‍ നമ്മുടെ തലയും ചെവിയും തെറിച്ചുപോകുന്ന തരത്തിലുള്ള മാരകമായ അസഭ്യം പറച്ചിലായിരുന്നു. പിന്നെ, സി.ആര്‍ നീലകണ്ഠനോടൊക്കെ നീയൊക്കെ ചാനലില്‍ വന്നിരുന്ന് എന്തൊക്കെയാ പറയുന്നത് എന്നൊക്കെ ചോദിച്ച് കേട്ടലറയ്ക്കുന്ന ഭാഷയില്‍ തെറി പറഞ്ഞു.

ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം. നിങ്ങളെയാരാ ഇങ്ങോട്ട് വിളിച്ചത് എന്നൊക്കെയാണ് ചോദിക്കുന്നത്. കക്കാടംപൊയില്‍ നന്നാക്കാനൊന്നും നിങ്ങളിറങ്ങേണ്ട. നീയൊക്കെ നിന്റെ നാട് നന്നാക്കിയാല്‍ മതി. ഇവിടുത്തെ പരിസ്ഥിതിയൊക്കെ ഞങ്ങള്‍ നോക്കിക്കോളാം എന്നൊക്കെയാണ് പറയുന്നത്. പിന്നെ എനിക്ക് പുറത്തുപറയാന്‍ പറ്റാത്ത അസഭ്യങ്ങളുടെ പൂരമാണ്. തള്ളുക, പിടിച്ചുമാറ്റുക തുടങ്ങി എല്ലാവരും അടിക്കാനാണ് ഓടിവരുന്നത്.

നേരത്തെ ആസൂത്രണം ചെയ്ത് ട്രെയിന്‍ഡ് ആയിട്ടുള്ള ആളുകളാണ് ഞങ്ങളെ ആക്രമിച്ചത്. ഓരോരുത്തരും മദ്യപിച്ചിരുന്നു. അടുത്തേക്ക് വരുമ്പോഴേക്ക് എന്താണ് ദുര്‍ഗന്ധം എന്നറിയോ. അടിക്കാനായി ചിലര്‍ ഓടി വരുന്നു, അപ്പോഴേക്ക് ചില നേതാക്കന്‍മാര്‍ വന്ന് അത് തടയുന്നു. തിരക്കഥയ്ക്കനുസരിച്ച് ചെയ്ത് നടന്ന സംഭവാണ് അവിടെ നടന്നത്.

ഞങ്ങള്‍ പരിഷത്തുകാരാണ്. ഇടതുപക്ഷത്തിന്റെ ആളുകളാണ് അതിന് മുന്‍പന്തിയില്‍ നിന്നിരുന്നത്. അവിടത്തെ ബ്രാഞ്ച് സെക്രട്ടറി, കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.ഐ.എം മെമ്പര്‍ ഒക്കെ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. ഞങ്ങളെ ഇവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ഫീലുണ്ടാക്കുകയും ഇവിടെ കൂടെ നില്‍ക്കുന്ന ആളുകള്‍ നമ്മളെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

തുടക്കത്തില്‍ എന്നെയും അജി ചേച്ചിയേയും ഒന്നും പറഞ്ഞിരുന്നില്ല. ബാക്കി ഇവരെയെല്ലാവരേയും ആസാദിനേയും സി.ആറിനേയും എല്ലാം അസഭ്യം പറയുകയായിരുന്നു. അതുപോലെ അന്‍വറിന്റെ ക്വാറിയ്‌ക്കെതിരെ കേസ് കൊടുത്ത ഒരു വിനോദുണ്ട്. അയാള്‍ നിലമ്പൂര്‍കാരനാണ് എന്ന് തോന്നുന്നു. തടയിണ പൊളിക്കണം എന്ന വിധി വാങ്ങിയവരില്‍ അയാളുമുണ്ട്.

കേരള നദീ സംരക്ഷണ സമിതിയിലെ രാജന്‍, ജോസ് തുടങ്ങിയവരുമുണ്ട്. ജോസ് സാര്‍ കൂടരഞ്ഞിക്കാരനാണ്. കൂടരഞ്ഞിക്കാരനായ ഇവനാണോ എന്ന് പറഞ്ഞിട്ട് 70 വയസിന് മേലെയുള്ള ആളെ പറയുന്ന തെറി കേട്ടാലുണ്ടല്ലോ മാരകമാണ്.

ആ സമയത്ത് ഞാനും അജിചേച്ചിയും ഒരു കോര്‍ണറിലൊതുങ്ങി നിന്നപ്പോള്‍ ഒന്ന് രണ്ട് പടമെടുത്തു. ഈ സംഭവം കുറച്ച് ഷൂട്ട് ചെയ്തു. അപ്പോഴേക്ക് വന്നിട്ട് ‘എടി നീ ഷൂട്ട് ചെയ്യോ’ എന്ന് ചോദിച്ചിട്ട് എന്റെ നേരെയായി ആക്രമണം. എന്റെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ആ സമയത്ത് അജി ചേച്ചി എന്നെ തൊടരുത് എന്ന് പറഞ്ഞ് ഒച്ചയിടുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അത് കഴിഞ്ഞ് ഞാനും അജി ചേച്ചിയും രണ്ട് സ്ഥലത്തായി പോയി. എന്റടുത്തേക്ക് ആള്‍ക്കാര്‍ ഇങ്ങോട്ട് വന്നിട്ട് ഷൂട്ട് ചെയ്തത് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിന്നെ കൊല്ലും ഞങ്ങള്‍ എന്ന് പറഞ്ഞു.

മൊബൈല്‍ എന്റെ പാന്റിന്റെ പോക്കറ്റിലായിരുന്നു. ഞാന്‍ പിന്നെ ഫോണ്‍ എടുത്തു. ഫോണ്‍ തുറക്കെടി എന്ന് പറഞ്ഞു. അതൊക്കെ എടുത്ത് അവര്‍ ഡിലീറ്റ് ചെയ്തു.

സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടോ?

ഞങ്ങള്‍ ഒന്നിച്ചാണ് പരാതി കൊടുത്തത്. അവിടെ ഞങ്ങള്‍ക്ക് ഫോണ്‍ കൈ കൊണ്ട് എടുക്കാന്‍ പറ്റുന്നില്ല. ഈ വിനോദ് എന്ന് പറയുന്ന ആളിന്റെ ഫോണും ആധാറും എല്ലാം പോക്കറ്റില്‍ നിന്ന് പിടിച്ചുപറിക്കുകയായിരുന്നു.

പരാതി കൊടുത്തതിന് ശേഷം പൊലീസ് അന്വേഷണം നടത്തുന്നുണ്ടോ?

ഒരു അന്വേഷണവും ഇല്ല. ഇത് സര്‍ക്കാരിന്റെ പൊലീസല്ല, പി.വി അന്‍വറിന്റെ പൊലീസാണ്. ചില ആളുകള്‍ ഞങ്ങളെ വിളിച്ചുപറഞ്ഞിരുന്നു കക്കടാംപൊയിലില്‍ ചിലര്‍ സംഘടിച്ച് നില്‍ക്കുന്നുണ്ട്. അത് ഞങ്ങള്‍ പൊലീസിനോടും അറിയിച്ചതാണ്. ഞങ്ങള്‍ക്ക് സംരക്ഷണം തരണം എന്ന് പറഞ്ഞു.

രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് വന്നില്ല. പിന്നെ പൊലീസിനെ വിളിക്കാന്‍ നമുക്ക് പറ്റുന്നില്ല. ഇവര്‍ ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയല്ലേ. അത് കഴിഞ്ഞിട്ട് അവിടെ ഒരു സ്ത്രീ നേതാവ് കൂടെ വന്നുപെട്ടു. സ്ത്രീ പറയുന്നത് അവര്‍ കോണ്‍ഗ്രസുകാരിയാണ്. പഴയ വാര്‍ഡ് മെമ്പറാണ് എന്നാണ്. അവര്‍ വന്ന് ഞങ്ങളെ രക്ഷിക്കാനാണ് എന്നൊക്കെ പറഞ്ഞ് എന്നേം അജിതേച്ചിയേയും വിളിച്ചു.

അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ ജോസ് സാറിനെ കാണുന്നില്ല. അപ്പോള്‍ ഞാന്‍ ഇവരുടെ കൂടെ പോകാന്‍ മടിച്ചു. ജോസ് സാറിനെ കാണാതെ ഞാന്‍ കയറുന്നില്ല എന്ന് പറഞ്ഞു. അപ്പോഴേക്ക് ഈ സ്ത്രീ പറഞ്ഞു ജോസ് സാറിനെയൊക്കെ ഞങ്ങള്‍ കൊണ്ടുവന്ന് തരും. നിങ്ങള്‍ വണ്ടി കയറ്. ആരും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു.


ഞങ്ങളെ കൊണ്ടുപോകുമ്പോള്‍ ആ സ്ത്രീ തന്നെ പറയുന്നു ആ വിനോദിനെ വിടരുത് എന്ന്. നമ്മള്‍ക്ക് നേരത്തെ ഉറപ്പാണ് ഇവര്‍ മീറ്റിംഗ് കൂടി എന്തൊക്കെ ചെയ്യണം ആരെയൊക്കെ ആക്രമിക്കണം എന്ന് ഉറപ്പിച്ചിരുന്നു.

ആള്‍ക്കൂട്ട ആക്രമണം എന്ന് പറഞ്ഞിട്ട് ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളെ ഇവിടെയുള്ള ഇടതുപക്ഷം അടക്കമുള്ളവര്‍ എതിര്‍ക്കുന്നുണ്ട്. ഇതും അതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്.?

ഞാനും അതാണ് ചോദിക്കുന്നത്. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ഒരുപാട് പ്രതിഷേധിച്ചിട്ടുള്ള ആളാണ് ഞാന്‍. ഈ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ ഇങ്ങനെ സാംസ്‌കാരിക പ്രവര്‍ത്തകരെ ആക്രമിച്ചിട്ട് ഈ ഇടതുപക്ഷം ഒരു പ്രതിഷേധ പ്രസ്താവന എടുക്കട്ടെ.

സംഭവത്തിന് ശേഷം ടീച്ചറെ ആരെങ്കിലും വിളിച്ചിരുന്നോ.?

എനിക്ക് ഇടതുപക്ഷത്തിലാണ് സുഹൃത്തുക്കള്‍ മുഴുവന്‍. സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും പ്രവര്‍ത്തകരുടെ കൂടെയാണ് നമ്മള്‍ കേരളത്തിലുടനീളം സമരങ്ങളില്‍ പങ്കെടുക്കുന്നത്. ഇതുവരെ ഒരാളും വിളിച്ചിട്ടില്ല. അവരെല്ലാം അധികാരത്തിന്റേയും കോര്‍പ്പറേറ്റകളുടേയും സമ്പത്തിന്റേയും പി.വി അന്‍വര്‍ എന്ന് പറയുന്ന ഗുണ്ടയുടേയും പിണറായി വിജയന്‍ എന്ന് പറയുന്ന പി.വി അന്‍വറിന്റെ ഗോഡ് ഫാദറിന്റേയും പിന്നില്‍ തന്നെയാണ്.

ടി.വി സജീവിനും കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഈ ക്വാറി മാഫിയയില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള ബുദ്ധിജീവികള്‍ അതിനെ അനുകൂലിക്കുകയായിരുന്നു. ഇതിന് ശേഷമുണ്ടായിട്ടുള്ള മറ്റൊരു ആക്രമണമാണിത്.?

കക്കടാംപൊയിലില്‍ പോയിട്ടുള്ളവര്‍ക്ക് അടി കിട്ടേണ്ടതാണ് എന്ന പരാമര്‍ശമായിരുന്നു ചെന്നിത്തലയുടെ പോസ്റ്റിന് താഴെയുള്ള കമന്റിലും കണ്ടിരുന്നത്. ബൈബിളില്‍ പറയുന്നത് പോലെ ഇവരെന്താണ് പറയുന്നതെന്ന് ഇവര്‍ അറിയുന്നില്ല എന്നതാണ്. നാളെ ഇവരും ഇവരുടെ കുട്ടികളുമൊക്കെ വേറൊരു തരത്തില്‍ ഈ അടി കൊള്ളാനുള്ളവരാണ്. നമ്മുടെ സമൂഹം ഇങ്ങനെ സാംസ്‌കാരികമായി അധ:പതിച്ചാല്‍ മതിയോ.

ക്വാറി മാഫിയ ഈ കേരളത്തിന്റെ പരിസ്ഥിതിയെ മാത്രമല്ല തകര്‍ക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക-ധാര്‍മ്മിക പശ്ചാത്തലത്തിനെ ഭീകരമായി തകര്‍ക്കുകയാണ്.

ഈ സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും അവരോടൊപ്പം തന്നെയാണ് എന്നല്ലേ കരുതേണ്ടത്.?

ഒരു സംശയവുമില്ല. ഒപ്പം എന്നതിനപ്പുറം ഒരുപാട് പേര്‍ ഇടതുപക്ഷത്തിന്റെ അധികാരഭ്രാന്തിനെ ഭയക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ഒപ്പ് ശേഖരിക്കുകയും പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്ത് ആളുകള്‍ ഒന്ന് പ്രതികരിക്കട്ടെ. പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ ആളുകള്‍ക്കെതിരെ കേസെടുത്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നുണ്ട്.

WATCH THIS VIDEO: