ഇതുപോലുള്ള ആക്രമണങ്ങള്‍ക്ക് എന്നെ തളര്‍ത്താനാവുമെന്ന് ഒരാണും കരുതേണ്ട: കെ.കെ രമ സംസാരിക്കുന്നു
Interview
ഇതുപോലുള്ള ആക്രമണങ്ങള്‍ക്ക് എന്നെ തളര്‍ത്താനാവുമെന്ന് ഒരാണും കരുതേണ്ട: കെ.കെ രമ സംസാരിക്കുന്നു
ജിന്‍സി ടി എം
Monday, 19th February 2018, 8:55 pm

2012 മെയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന ശക്തമായ ആവശ്യവുമായി തുടങ്ങിയതാണ് കെ.കെ രമയുടെ പോരാട്ടം. ചന്ദ്രശേഖരന്‍ തുടക്കമിട്ട ആര്‍.എം.പി.യെന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുയെന്ന വലിയൊരു ദൗത്യം കൂടി രമയെന്ന രാഷ്ട്രീയ പ്രവര്‍ത്തകയ്ക്കുമേലുണ്ടായിരുന്നു. അങ്ങനെയാണ് ഒരിടവേളയ്ക്കുശേഷം രമ വീണ്ടും സജീവമായി രാഷ്ട്രീയരംഗത്തേക്കു വരുന്നത്. എന്നാല്‍ അധിക്ഷേപങ്ങളും വലിയ തോതിലുള്ള ആക്രമണങ്ങളും ലൈംഗികമായ അധിക്ഷേപങ്ങളുമൊക്കെയാണ് ഇക്കാലയളവിനിടയില്‍ രമയ്ക്കു രാഷ്ട്രീയ വഴിയില്‍ നേരിടേണ്ടിവന്നത്. തനിയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും തന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തെയും കുറിച്ച് കെ.കെ രമ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു

രമയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ തോതിലുള്ള ആക്രമണങ്ങളും അധിക്ഷേപങ്ങളും നടക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ ഏതുരീതിയിലാണ് ഈ ആക്രമണത്തെ കാണുന്നത്?

എനിക്ക് ഈ ആക്രമണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2012 മെയ് നാലിന് സഖാവ് ടി.പി കൊല്ലപ്പെട്ട് ഏകദേശം ഒരാഴ്ചയ്ക്കുശേഷമാണ് എനിക്കെതിരെ ആദ്യം സി.പി.ഐ.എമ്മുകാര് രംഗത്തുവന്നത്. ഞാന്‍ ചാവുപായില്‍ നിന്ന് രാഷ്ട്രീയം പറയുന്നു എന്നതായിരുന്നു തുടക്കം. അതു പിന്നീട് സി.പി.ഐ.എമ്മിലെ സൈബര്‍ സെല്ലിലെ ആളുകള്‍ ഏറ്റെടുക്കുകയാണുണ്ടായത്. പിന്നീട് നിരന്തരം ഞാന്‍ എവിടെ എന്തു നടത്തിയാലും അതിനെതിരായി ആക്രമണമഴിച്ചുവിടുക, അതിനെ ഏറ്റവും മോശമായി ചിത്രീകരിക്കുകയെന്നതാണ് നടന്നുകൊണ്ടിരിക്കുന്നത്.

കെ.കെ രമ പിതാവ് കെ.കെ മാധവനൊപ്പം

പിന്നെ ഇവര്‍ വാദിക്കുന്ന മറ്റൊരു കാര്യമാണ് ഞാന്‍ ടി.പിയെ വിറ്റ് കാശാക്കുന്നു എന്നത്. 51 വെട്ടുവെട്ടി കൊന്ന ടി.പിയെ വിറ്റ് കാശാക്കുന്നവളാണെന്ന് പറഞ്ഞു. ആസ്ഥാന വിധവ, ഒഞ്ചിയം റാണി വിവിധ പേരുകളില്‍ എന്നെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വളരെ വ്യാപകമാണ്. ഞാന്‍ പറയുന്നത് അതൊരു സംഘടിതമായ ആക്രമണമാണ് എന്നാണ്. കാരണം ഏത് അര്‍ത്ഥത്തിലും എന്നെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.

സി.പി.ഐ.എമ്മിന്റെ ആളുകള്‍ തന്നെ പ്ലാന്‍ ചെയ്ത് നടത്തുന്ന ഒന്നാണിത്. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഏതെങ്കിലും സമരസ്ഥലത്തുപോയി ഒരു ഫോട്ടോ വന്നാല്‍ അതിന്റെ അടിയില്‍ വരുന്നത് അധിക്ഷേപങ്ങളാണ്. ഞാന്‍ എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ അതിനിടയില്‍ വരുന്നത് ഇതാണ്. ഇങ്ങനെ നിരന്തരം ഒരു സ്ത്രീയെ ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ് സി.പി.ഐ.എം ചെയ്തുകൊണ്ടിരിക്കുന്നത്. അത് അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍.

ഈ രൂപത്തില്‍ ആക്രമിക്കപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഞാന്‍ ചെയ്ത തെറ്റ് എന്റെ പ്രാണനെടുത്ത, വെട്ടിനുറുക്കിയ ആളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, അതിന് നീതികിട്ടണമെന്നു പറഞ്ഞ് പോരാട്ടത്തിനിറങ്ങിയതാണ്. ഞാന്‍ അന്നേ പറയുന്നത് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടെന്നും അത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ചെയ്യണമെന്നാണ്. ഇതുപറയുന്ന എന്നെ ഇത്തരത്തില്‍ ആക്രമിക്കുമ്പോള്‍ നേതൃത്വത്തിന്റെ അറിവുണ്ടായിരിക്കണം.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രമയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയകളില്‍ നടന്ന പ്രകടനം

അവരുടെയൊരു മൗനസമ്മതത്തോടു കൂടിയാണ് ഇത് നടക്കുന്നത്. സ്ത്രീയായതുകൊണ്ടാണ് ഈ രൂപത്തില്‍ ലൈംഗികാധിക്ഷേപങ്ങള്‍ ഉള്‍പ്പെടെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും രമേശ് ചെന്നിത്തലയും നില്‍ക്കുന്ന ഫോട്ടോ ഇട്ടിട്ട് വാലെന്റൈന്‍സ്‌ഡേ രമേശേട്ടാ ഐലവ് യൂ എന്ന് എഴുതുന്നു. രമേശ് ചെന്നിത്തലയെ ഒരുതരത്തിലും അത് ബാധിക്കുന്നില്ല. അവിടെ ഫോക്കസ് ചെയ്യുന്നത് എന്നെയാണ്. ഞാനൊരു സ്ത്രീയായതുകൊണ്ടാണ് എന്നെ അവിടെ ഫോക്കസ് ചെയ്യുന്നത്. സ്ത്രീകളെ ഈവിധത്തില്‍ നിര്‍വീര്യമാക്കാന്‍, അവരെ ലൈംഗികമായി അധിക്ഷേപിക്കുകയും ഈ രൂപത്തില്‍ അവഹേളിക്കുകയും ചെയ്യുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്.

മറ്റൊന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ നടത്തിയ ആഹ്ലാദ പ്രകടനം. അത് പാര്‍ട്ടി നടത്തിയ ആഹ്ലാദപ്രകടനമാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കാര്‍ നടത്തിയ ആഹ്ലാദ പ്രകടനമാണല്ലോ അത്. ബാക്കിയെല്ലാം പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമില്ലയെന്ന് പറഞ്ഞൊഴിയുമ്പോള്‍ ആ ആഹ്ലാദപ്രകടനം പാര്‍ട്ടി നടത്തിയതാണ്. അവിടെ മൂന്നാം കക്ഷിയായ എനിക്കെതിരെയാണ് വേഷം കെട്ടിയത്.

അതുമാത്രമല്ല, അവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലേദിവസം ഉണ്ടായ ഒരു വാക്കുതര്‍ക്കത്തില്‍ ഒരിടത്ത് ഞങ്ങളെ തടഞ്ഞുവെച്ച ഒരു അനുഭവമുണ്ട്. അവിടെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായ പെണ്‍കുട്ടിയെ ഞാന്‍ പറയാത്ത വാക്കുകള്‍, “നായിന്റെ മോളേ” എന്നു വിളിച്ചു സംസാരിച്ചു എന്ന് പറഞ്ഞിട്ട് വാര്‍ത്ത വന്നിരുന്നു. കൈരളിയും പീപ്പിളുമുള്‍പ്പെടെയുള്ള ചാനല്‍ 24 മണിക്കൂറാണ് ഇത് സംപ്രേഷണം ചെയ്തത്. കേരളം മുഴുവന്‍ എന്നെ ഏറ്റവും മോശക്കാരിയായി, ഏറ്റവും വൃത്തികെട്ടവളായി ചിത്രീകരിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമാണത് നടത്തിയത്. അത് കാണുന്ന വിവിധയാളുകളുണ്ട്. അവരുടെയൊക്കെ ഇടയില്‍ രമ ഇങ്ങനത്തെ ആളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് അവിടെ നടത്തിയത്.

ഒഞ്ചിയത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു
പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ രമയെ അധിക്ഷേപിച്ചു വന്ന കമന്റുകള്‍

ഞാന്‍ പറയാത്ത കാര്യം എഡിറ്റു ചെയ്തു ചേര്‍ത്തു. ഞാന്‍ മകളേയെന്ന് വിളിച്ചാണ് ആ കുട്ടിയോടു പെരുമാറിയത്. വളരെ മാന്യമായിട്ട്. അവിടെ കൂടിയിരുന്ന ആളുകള്‍ക്കൊക്കെ അറിയാം. പക്ഷേ അതിന്റെ ഇപ്പുറത്ത് മറ്റൊരു വാക്കും കൂടി ചേര്‍ത്താണ് അവരത് പ്രസിദ്ധീകരിച്ചത്. അതിനെതിരെ ഞാന്‍ കൊടുത്തൊരു കേസുണ്ട്. ആ കേസ് ഞാന്‍ നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ പോയിട്ടും ഒരു നടപടിപോലും അതിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനുശേഷമാണ് പിണറായി വിജയന്‍ അധികാരത്തിലെത്തുന്നത്.

ഇനി പോട്ടേ എന്റെ കേസിന്റെ കാര്യം വിടാം. ഈ പെണ്‍കുട്ടി ഒരു കേസ് കൊടുത്തിട്ടുണ്ട്. എന്നെ അധിക്ഷേപിച്ചു എന്നു പറഞ്ഞിട്ട്. അതുശരിയാണെങ്കില്‍ ആ നടപടിയുമായിട്ട് മുന്നോട്ടുപോകേണ്ടേ? എന്താ അവര് നടപടിയുമായി മുന്നോട്ടുപോകാത്തത്. അവര്‍ക്ക് ഇലക്ഷനില്‍ നേട്ടമുണ്ടാക്കാനായി എന്നെ പൊതുസമൂഹത്തിനു മുമ്പില്‍ മോശക്കാരിയായിട്ട് ചിത്രീകരിക്കാനുള്ളനീക്കമായിരുന്നു അത്. ഇപ്പോഴും ഓണ്‍ലൈനില്‍ ആ വീഡിയോ ഉപയോഗിച്ച് ആഘോഷിക്കുന്നുണ്ട്. അങ്ങനെ നിരന്തരം ഒരു വ്യക്തിയെ ഈ രൂപത്തില്‍ ഹരാസ് ചെയ്തുകൊണ്ടിരിക്കുക, എന്തിനാണ് ഇത് എന്ന് മനസിലാവുന്നില്ല.

എന്റെ പ്രാണനെടുത്തയാളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതാണ് ഞാന്‍ ചെയ്ത തെറ്റ്. അത് പ്രകോപിപ്പിക്കുന്നത് സി.പി.ഐ.എമ്മിനെയാണ്. ആ സി.പി.ഐ.എം നേതൃത്വത്തിന്റെ ലക്ഷ്യം മാനസികമായി എന്നെ തളര്‍ത്തുക, ഈ പോരാട്ടം അവസാനിപ്പിക്കുക, അതോടൊപ്പം ആര്‍.എം.പി.ഐയെ ഇല്ലാതാക്കുകയെന്നതാണ്.

ഒഞ്ചിയത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു
പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ രമയെ അധിക്ഷേപിച്ചു വന്ന കമന്റുകള്‍

 

ആര്‍.എം.പി.ഐയെ ഇല്ലാതാക്കുന്നതിനപ്പുറം എന്നെ ഇല്ലാതാക്കണമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. കാരണം ആര്‍.എം.പിയെ ഇല്ലാതാക്കാനാണെങ്കില്‍ ആര്‍.എം.പിയുടെ സെക്രട്ടറിയായ വേണുവിനെതിരെയായിരുന്നല്ലോ ആക്രമണം നടക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ എന്നെ ലക്ഷ്യമിട്ടാണിത്. ഞാനൊരു സ്ത്രീയായതുകൊണ്ടാണ്. സ്ത്രീകള്‍ ഈ രൂപത്തിലേക്കു വന്നാല്‍ ഇതൊക്കെ സഹിക്കേണ്ടിവരും. അപ്പോള്‍ പെണ്ണിതൊക്കെ പറയേണ്ടെന്ന പൊതുസന്ദേശമായിട്ടു കൂടിയാണ് ഇതുവരുന്നത്.

സൈബര്‍ ഇടത്തില്‍ എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നിര്‍ത്താന്‍ സി.പി.ഐ.എമ്മിന് ഒരു നിമിഷത്തെ കാര്യമേയുള്ളൂ. അവര്‍ തീരുമാനിച്ചാല്‍ മതി ഇത്തരത്തിലുള്ള അധിക്ഷേപം ഒരു സ്ത്രീയ്‌ക്കെതിരെയും നടത്താന്‍ പാടില്ല. സ്ത്രീകളുടെ ഉന്നമനത്തിന് സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുന്ന ഇടങ്ങള്‍ മഹിളാ അസോസിയേഷനെപ്പോലുള്ള നേതാക്കന്മാരുള്ള സ്ഥലത്ത് ആ നേതാക്കന്മാരൊന്നും ഒരക്ഷരം മിണ്ടിയതായി കാണുന്നില്ല.

വനിതാ കമ്മീഷനിലെ ഒരംഗത്തിന്റെ ഭര്‍ത്താവാണ് ആ പോസ്റ്റിട്ടത്. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇയാളെ സി.പി.ഐ.എമ്മിന്റെ അനുഭാവിയായി മാത്രം ഇയാളെ കാണാന്‍ കഴിയില്ല. മലബാര്‍ ദേവസം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന ആളാണ്. സി.പി.ഐ.എമ്മിന്റെ വക്താവായിരുന്ന ആളാണ് ഈ രൂപത്തിലേക്ക് രംഗത്തെത്തിയിരിക്കുന്നത്. അപ്പോള്‍ ഇതൊക്കെ സംഘടിതമാണ്. ആസൂത്രിതമായ അക്രമമാണ്.

 

ഈ ആക്രമണങ്ങള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പരാതി നല്‍കിയിട്ടുണ്ടോ?

ഇല്ല. കാരണം ഞാന്‍ നേരത്തെ ഒരു പരാതി നല്‍കിയിരുന്നു. എന്നെ മാനസികമായി ഏറ്റവും തളര്‍ത്തിയ പ്രശ്‌നമായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞ പെണ്‍കുട്ടിയെ അധിക്ഷേപിച്ചുവെന്ന ആരോപണം. എന്റെ മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് ഞാന്‍ മോശമായി പെരുമാറിയെന്നാണ് അവര്‍ പറഞ്ഞത്. എന്നെ സംബന്ധിച്ച് ഏറെ വേദനിപ്പിച്ചൊരു സംഭവമാണത്. ഞാന്‍ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യമാണ് എനിക്കെതിരെ ആരോപിച്ചത്. അതിനെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്.

ആ വിഷയത്തിലെ എന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അതിന്റെ ഓഡിയോ പരിശോധിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും അത് എഡിറ്റു ചെയ്തതാണെന്ന് മനസിലാവും. അത് പരിശോധിക്കണമെന്നും തെളിയിക്കണമെന്നും ഇത് സംപ്രേഷണം ചെയ്ത ചാനലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഞാനാ കുട്ടിയ്‌ക്കെതിരെ പോലുമല്ല, ആരോപണമുയര്‍ത്തിയത്. ഇതിന്റെ സത്യാവസ്ഥ തെളിയിക്കണമെന്നും ഇത് സംപ്രേഷണം ചെയ്ത ചാനലിനെതിരെ നടപടിയെടുക്കണമെന്നുമാണ്.

പക്ഷേ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരിഞ്ചുപോലും കേസ് മുന്നോട്ടുകൊണ്ടുപോയില്ല. പിന്നെ എന്തിനാണ് വീണ്ടും ഒരു പരാതിയുമായിട്ട് പോകുന്നത്. പിണറായിയെപ്പോലുള്ളയാള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തില്‍ എന്നെപ്പോലുള്ള ഒരാള്‍ക്ക് എങ്ങനെ നീതി കിട്ടും? കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ലാത്തതുകൊണ്ടാണ് പരാതിയുമായിട്ട് മുന്നോട്ടുപോകാത്തത്.

പരാതി കൊടുക്കണമെന്ന് പലഭാഗത്തുനിന്നും സമ്മര്‍ദ്ദം വരുന്നുണ്ട്. എന്തായാലും ഒന്നുകൂടെ അതിനെപ്പറ്റി ആലോചിക്കട്ടെ. എനിക്കു തോന്നുന്നില്ല പരാതിയുമായി മുന്നോട്ടുപോയിട്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന്. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനത് പറയുന്നത്. അന്വേഷിച്ച് നടപടിയെടുക്കുമായിരുന്നെങ്കില്‍ നേരത്തെ നടന്ന സംഭവത്തിലായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്.


ഒഞ്ചിയത്ത് കെ.കെ രമയുടെ ചിത്രമുള്ള ആര്‍.എം.പിയുടെ പോസ്റ്റര്‍ നശിപ്പിച്ച നിലയില്‍

 

പെണ്‍കുട്ടിയെ അധിക്ഷേപിച്ചുവെന്ന വിഷയം വീണ്ടും ശക്തമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യേണ്ട അവസ്ഥയിലേക്കു പോലും ഞാനിപ്പോള്‍ ആലോചിക്കുകയാണ്. ഇപ്പോഴും അതെന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. എന്നെ സംബന്ധിച്ച് മറ്റൊരു ആക്ഷേപവും ഒരു ലവലേശം പോലും എന്നെ തളര്‍ത്തിയിട്ടില്ല. തളര്‍ത്തുകയുമില്ല. എന്നെ ലൈംഗികമായി അധിക്ഷേപിച്ചാലും മറ്റും അതിനൊന്നും ഞാന്‍ ഒരു പുല്ലുപോലും വിലനല്‍കില്ല എന്ന് ഞാന്‍ ഉറച്ചു പറയുകയാണ്. എനിക്കത് ഒരു തരത്തിലും എന്നെ തളര്‍ത്തില്ല. ഇതുപോലുള്ള അധിക്ഷേപങ്ങളുമായി രംഗത്തുവന്നാല്‍ സ്ത്രീകളെ തളര്‍ത്താനാവുമെന്ന ധാരണ ഒരു ആണുങ്ങള്‍ക്കും വേണ്ട.

മുമ്പും പലതവണ ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായ പൊതുപ്രവര്‍ത്തകയാണ് നിങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിയുണ്ടോ?


എസ്.എഫ്.ഐ പ്രവര്‍ത്തകയായിരിക്കെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് റോഡില്‍ തളര്‍ന്നുവീണ കെ.കെ രമ (അന്നത്തെ പത്രങ്ങളില്‍ വന്ന ഫോട്ടോ)

സാധാരണക്കാരായ പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നേതൃ നിരയില്‍ നില്‍ക്കുന്നവരുടെ പിന്തുണ ലഭിച്ചിട്ടില്ല.  മാത്രമല്ല, ഒരാളുപോലും ഇതിനെതിരെ പ്രതികരിക്കുകയോ ഇത് മോശമാണെന്ന് പറയുകയോ ചെയ്യുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ എനിക്കു തോന്നുന്നു മാധ്യമങ്ങളാണ് ഇത് പുറത്തുകൊണ്ടുവന്നത്. അവരാണ് ഇതിനെതിരെ രംഗത്തുവന്നത്. അതുകൊണ്ടാണ് പൊതുസമൂഹം ഇപ്പോള്‍ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയത്. പക്ഷേ എന്നിട്ടുപോലും ഇപ്പറയുന്ന സാംസ്‌കാരിക നായകന്മാരും വനിതാ സംഘടനകളോ പ്രതിഷേധവുമായി വന്നിട്ടില്ല. വനിതാ കമ്മീഷനൊക്കെ സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന സംഭവമല്ലേ ഇത്. എന്നിട്ടും ചെയ്യുന്നില്ല.

ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത് ചെയ്യുന്നത്. അതിനെതിരെ ഇവര്‍ സംസാരിക്കുമ്പോള്‍ ആ പാര്‍ട്ടിയ്‌ക്കെതിരെയായാണ് മാറുക. ഭരിക്കുന്ന ആളുകള്‍ക്കെതിരെ നില്‍ക്കാനായിട്ട് ഇപ്പറയുന്ന സാംസ്‌കാരിക നായകന്മാരൊന്നും തയ്യാറാവുന്നില്ല എന്നതു തന്നെയല്ലേ കാണുന്നത്. പലരും സ്വന്തം നേട്ടത്തിനുവേണ്ടി നില്‍ക്കുന്ന ആളുകളാണോ എന്ന് തോന്നിപ്പിക്കും വിധമാണ് പെരുമാറുന്നത്.

 

ടി.പി കൊല്ലപ്പെട്ടതിനുശേഷം വളരെ കുറച്ചു സാംസ്‌കാരിക നായകന്മാരേ അന്ന് രംഗത്തുവന്നിരുന്നുള്ളൂ. ഇവര് തുടങ്ങിയത് എനിക്കെതിരെയുമല്ല. കൊല്ലപ്പെട്ട ചന്ദ്രശേഖരന് എതിരെയാണ് അവര്‍ ആദ്യമായിട്ട് ഇത്തരം ആക്രമണം തുടങ്ങിയത്. ഈ രൂപത്തില്‍ മോശമായ, വ്യക്തിയെ സമൂഹത്തില്‍ ഏറ്റവും മോശക്കാരനായി ചിത്രീകരിക്കുക, എന്നിട്ട് അവരുടെ പോരാട്ടത്തെ നിര്‍വീര്യമാക്കുക എന്നുള്ള വളരെ തന്ത്രപരമായ ഒരു നീക്കമാണിത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ ഉന്നത നേതാവാണ് പറഞ്ഞത് “അസയമത്ത് എവിടെയാണ് പോയത്”. അങ്ങനെയൊരു സംശയമാണ് സമൂഹത്തിന് മുന്നിലിട്ടുകൊടുത്തത്. അവരു പറഞ്ഞത് ഒരു പ്രവാസിയുടെ ഭാര്യമായിട്ട് ഇയാള്‍ക്ക് ബന്ധമുണ്ട് എന്ന്. കൊല്ലപ്പെട്ടതിനുശേഷവും പറയുകയാണ്. സി.പി.ഐ.എമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് അതിന് മുന്നിട്ട് ഇറങ്ങിയത്. വടകരയിലുള്ള ഒരു നേതാവ് അതുമായി ബന്ധപ്പെട്ട് പ്രസംഗിച്ചപ്പോള്‍ അതിനു പ്രതികരണമായി പിണറായി വിജയന്‍ പറഞ്ഞത് ആ പ്രദേശത്തുകാര്‍ക്ക് ചന്ദ്രശേഖരനെ നന്നായിട്ട് അറിയാം. അതുകൊണ്ട് ഭാസ്‌കരനോട് ചോദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്ന്. എന്നു പറഞ്ഞാല്‍ ഇത് ശരിയാണെന്ന് സി.പി.ഐ.എം നേതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ്. ചന്ദ്രശേഖരനെതിരെയും ചന്ദ്രശേഖരനുവേണ്ടി സംസാരിക്കുന്ന എന്നെപ്പോലുള്ളവരേയും പൊതുസമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിനകത്തുള്ളത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം രാഷ്ട്രീയ രംഗത്തേക്ക് വന്ന ഒരു സ്ത്രീയെന്ന നിലയിലാണ് സൈബര്‍ ഇടങ്ങളില്‍ രമയെക്കുറിച്ച് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖരന്റെ ഭാര്യയാകുന്നതിനു മുമ്പു തന്നെ, വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ടുതന്നെ രാഷ്ട്രീയരംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് താങ്കള്‍. രമയുടെയും കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വിശദീകരിക്കാമോ?

ഇവര്‍ക്കൊന്നും എന്നെയോ എന്റെ കുടുംബത്തിനെയോ അറിയാഞ്ഞിട്ടല്ല. അത് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ ബോധപൂര്‍വ്വം ഇത് മറച്ചുവെക്കുകയാണ്. കാരണം ഞങ്ങളുടെ കുടുംബം എന്നു പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. എന്റെ അച്ഛന്‍ ഒരു നിസ്വാര്‍ത്ഥനായ കമ്മ്യൂണിസ്റ്റുകാരനാണ്. ദേശാഭിമാനി നാട്ടില്‍ മുഴുവന്‍ പ്രചരിപ്പിച്ച് വിറ്റു നടന്ന് അങ്ങനെ പാര്‍ട്ടി വളര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് ദീര്‍ഘകാലം പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയായിരുന്ന ഞങ്ങളുടെ നടുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന ആളാണ് എന്റെ അച്ഛന്‍.

 

ഇപ്പോഴത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം മക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിര്‍ത്തിയിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തനായിരുന്നു എന്റെ അച്ഛന്‍. ഞങ്ങള്‍ നാലു മക്കളില്‍ മൂന്നുപേരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. അതില്‍ രണ്ടുപേര്‍, ഞാനും എന്റെ ചേച്ചിയും, ഏറ്റവും സജീവമായിട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. രാഷ്ട്രീയത്തിനുവേണ്ടി നീക്കിവെച്ചതുപോലെയായിരുന്നു ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അത്തരത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്.

പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ ഗുരുവായൂരപ്പന്‍ കോളജിലാണ് പഠിച്ചത്. ഫസ്റ്റ് ഇയറില്‍ അവിടെ ചേര്‍ന്നയുടനെ ഞാനവിടുത്തെ പ്രീഡിഗ്രി റപ്രസെന്റേറ്റീവായി മത്സരിക്കുകയാണ് ചെയ്തത്. അവിടെ പഠിച്ചവരോടും അധ്യാപകരോടും ചോദിച്ചാലറിയാം. സി.പി.ഐ.എമ്മുകാര്‍ക്ക് പ്രത്യേകിച്ച്. ഞാന്‍ വളരെ സജീവമായി സംഘടനാ രംഗത്തുള്ളയാളായിരുന്നു.

അതിനുശേഷം ക്രിസ്ത്യന്‍ കോളജിലായിരുന്നു ഡിഗ്രി പഠിച്ചത്. ക്രിസ്ത്യന്‍ കോളജില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെനറ്റ് മെമ്പര്‍ ഒക്കെയായിട്ട് എല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലങ്ങളിലുള്ള സമരങ്ങളില്‍ ഏറ്റവും സജീവമായിട്ട് മുന്‍പന്തിയിലുണ്ടായിരുന്നു.

കെ.കെ രമയും ചന്ദ്രശേഖരനും വിവാഹവേളയില്‍

അടികൊള്ളാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. നിരവധി പ്രാവശ്യം ഞാന്‍ അടികൊണ്ട് ഹോസ്പിറ്റലില്‍ കിടന്നിട്ടുണ്ട്. അടികൊണ്ട് ഞാന്‍ ഒരുമാസത്തോളം ഉഴിച്ചില്‍ നടത്തിയിട്ടുണ്ട്. എനിക്ക് ബാക്കില്‍ ലാത്തികൊണ്ട് കുത്തേറ്റ് നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. അന്ന് ഒരുമാസത്തോളം പാര്‍ട്ടിയാണ് ചികിത്സിച്ചത്. ആ രൂപത്തിലുള്ള മര്‍ദ്ദനമേറ്റിട്ടുള്ളയാളാണ് ഞാന്‍. പി. രാജീവ്, പ്രദീപ് കുമാര്‍, എം.സി ജോസഫൈന്‍, യു.സി ജോസഫ് ഒക്കെ അന്നു കൂടെയുള്ളവരായിരുന്നു. ഞങ്ങളൊന്നിച്ചാണ് അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. അത്ര സജീവമായി സംഘടനാ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നയാളാണ് ഞാന്‍.

ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ഞാന്‍ പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല. പക്ഷേ ചന്ദ്രശേഖരനുമായുള്ള വിവാഹത്തിനുശേഷമാണ് ഒരല്പം പിറകോട്ടു പോയത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇത്തിരി പിറകോട്ടു പോയതാണ്. അതിനൊരുപാട് അഭിപ്രായ വ്യത്യാസങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. എനിക്ക് മാനസികമായി അല്പം വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ട് നേതൃരംഗത്തേക്ക് വരേണ്ട എന്നു തീരുമാനിച്ച് മാറിനില്‍ക്കുകയാണ് ചെയ്തത്. പ്രാദേശികമായി നടന്ന പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അപ്പോഴും സജീവമായിരുന്നു.

മത്തായി ചാക്കോ എന്നെ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലേക്കു വരാന്‍ ഒരുപാട് നിര്‍ബന്ധിച്ചതാണ്. പക്ഷേ ഞാന്‍ സ്വയം പിന്‍വാങ്ങിയതാണ്. പിന്നീട് ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം വീണ്ടും സജീവമായി. എന്നിലുള്ള കമ്മ്യൂണിസ്റ്റ് ബോധമാണ് എന്നെ സജീവമാക്കിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് കിടക്കുമ്പോള്‍ പോലും എനിക്കു തോന്നിയ വികാരം അദ്ദേഹത്തിന്റെ പോരാട്ടം അവിടം കൊണ്ട് അവസാനിക്കാന്‍ പാടില്ല എന്നതായിരുന്നു.

 

ആ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു എന്നിലുണ്ടായിരുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ കമ്മ്യൂണിസ്റ്റ് ബോധമായിരിക്കും എന്നെ അങ്ങനെ ചിന്തിപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുകയാണ്. ഏതൊരു സ്ത്രീയും തളര്‍ന്നുപോകുന്ന ഒരു സാഹചര്യത്തില്‍ നിന്ന് തളര്‍ച്ചയല്ല ഇവിടെ വേണ്ടതെന്ന് എന്നെ ചിന്തിപ്പിച്ച ഒരു ഘടകമതാണ്.

ഞാന്‍ ചന്ദ്രശേഖരനെ വിറ്റുകാശാക്കുന്നു എന്നൊക്കെ പറയുന്ന ആളുകള്‍ മോളായ്ശ്രീ ഹാശ്മിയെയൊക്കെ ഒന്നോര്‍മ്മിക്കണം. മോളായ്ശ്രീ ഹാശ്മിയെയും സഫ്ദര്‍ ഹാശ്മിയെയും പറ്റി പ്രസംഗിക്കുന്ന, അവര്‍ക്കുവേണ്ടി സംസാരിക്കുന്ന, അവരുടെ പോരാട്ടങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസ്ഥാനത്തിന്റെ ആളുകളാണ് ഇവര്‍. തന്റെ ഭര്‍ത്താവ് ഒരു നാടകത്തിന്റെ വേഷത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം അതേ വേഷത്തില്‍ അരങ്ങിലാടിയ ആളാണ് മോളായ്ശ്രീ ഹാശ്മി. മോളായ്ശ്രീ ഹാശ്മിയെ ഇവര് തള്ളിപ്പറയുമോ? മോളായ്ശ്രീ ഹാശ്മി ഇതുപോലെ വിറ്റു കാശാക്കുന്നു എന്ന് ഇവര്‍ക്ക് പറയാന്‍ വേണ്ടി കഴിയുമോ? എന്താ ചന്ദ്രശേഖരന്റെ ഭാര്യ മുന്നോട്ടുവരുമ്പോള്‍ അവര്‍ക്കെതിരെ മാത്രം ഇങ്ങനെ ആക്രമണം നടത്തുന്നത്. ഈ പാര്‍ട്ടി അങ്ങേയറ്റം അധ:പതിച്ചു. ഈ പാര്‍ട്ടിക്ക് ഒരു മനുഷ്യ സ്‌നേഹവുമില്ലാതായി മാറിയിരിക്കുന്നു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം വലിയൊരു ഉത്തരവാദിത്തമാണ് രമയ്ക്കു മേല്‍ വന്നത്. അദ്ദേഹം തുടക്കമിട്ട ആര്‍.എം.പിയെന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുകയെന്ന ഉത്തരവാദിത്തം. അതിനുവേണ്ടി നടത്തേണ്ടിവന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ എന്തൊക്കെയായിരുന്നു?

വലിയൊരു പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ. ഇത്തരം അധിക്ഷേപങ്ങളൊന്നും എന്നെയോ എന്റെ പോരാട്ടത്തെയോ തളര്‍ത്തുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യം മാത്രമേ എന്നിലുള്ളൂ. ഇപ്പോഴും ഞങ്ങളുടെ ആളുകള്‍ ഇവിടെ ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെടുകയാണ്. ആര്‍.എം.പിയുടെ കൂടെ നിന്നു എന്നൊരു ഒറ്റക്കാരണം കൊണ്ട്, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയി എന്ന ഒറ്റക്കാരണം കൊണ്ട്, ഞങ്ങളുടെ ആളുകളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ രാഷ്ട്രീയത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതിന് നിന്നുകൊടുക്കാന്‍ മനസില്ല. അതുകൊണ്ടാണ് ഇതുപോലുള്ള വെല്ലുവിളികള്‍ ഞാന്‍ നേരിടേണ്ടിവരുന്നത്. ഈ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത്.

 

സി.പി.ഐ.എമ്മില്‍ നിന്നും രൂപംകൊണ്ട ഒരു സംഘടനയാണ് ആര്‍.എം.പി. സി.പി.ഐ.എമ്മിന്റേതില്‍ നിന്നും വ്യത്യസ്തമായി എന്ത് ബദല്‍ രാഷ്ട്രീയമാണ് നിങ്ങള്‍ മുന്നോട്ടുവെക്കുന്നത്?

സി.പി.ഐ.എം ഇടതുപക്ഷമല്ലാതായി മാറി. അവിടെയാണ് പുതിയൊരു ഇടതുപക്ഷത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കണമെന്ന ആഗ്രഹത്തില്‍ സഖാവ് ചന്ദ്രശേഖരന്‍ പുറത്തുവന്നത്. സി.പി.ഐ.എം ഇന്ന് പൂര്‍ണമായിട്ടും വലതുപക്ഷത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അത് സാധാരണക്കാരന്റെ വിഷയങ്ങളോ, സാധാരണക്കാരന് വേണ്ടിയോ അല്ല പ്രവര്‍ത്തിക്കുന്നത്. അതിന്ന് മുതലാളിമാരുടെ കയ്യിലാണ്. സി.പി.ഐ.എം ഇന്നൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറി. ആ ഘട്ടത്തിലാണ് ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രസക്തിയുള്ളത്. ആ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയെന്നുള്ളതാണ് ഞങ്ങളെപ്പോലുള്ള രാഷ്ട്രീയപാര്‍ട്ടിക്ക് ചെയ്യാനുള്ളത്. അതാണ് ചന്ദ്രശേഖരന്‍ മുന്നോട്ടുവെച്ചത്.

ആര്‍.എം.പിയെന്നത് താരതമ്യേന ചെറിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. സി.പി.ഐ.എമ്മിനെപ്പോലെ അധികാരം കൂടി കയ്യടക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്നുമുള്ള ആക്രമണങ്ങളെ ഏത് രീതിയിലാണ് ആര്‍.എം.പി പ്രതിരോധിക്കുന്നത്?

ഞങ്ങള് ചെറിയ പാര്‍ട്ടിയാണ്. സി.പി.ഐ.എമ്മിനെപ്പോലെ വലിയൊരു കേഡര്‍ പാര്‍ട്ടിയുടെ അക്രമങ്ങള്‍ നേരിടുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. അതാണ് ഞങ്ങളിവിടെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതാണ് ഞങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്നത്. ഇവിടെ കുറച്ചുകാലമായി ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഭരണം കിട്ടിയശേഷം ഭരണത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് സംഘടിതമായ നീക്കം നടത്തുന്നത്. ഞങ്ങള്‍ക്ക് അക്രമങ്ങളെ അക്രമം ഉപയോഗിച്ച് പ്രതിരോധിക്കാന്‍ കഴിയില്ല.

അങ്ങനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുമില്ല. ചന്ദ്രശേഖരന്‍ ഉള്ള സമയത്തു തന്നെ ഒരക്രമത്തെയും അങ്ങനെ പ്രതിരോധിക്കരുതെന്ന ശക്തമായ നിര്‍ദേശത്തോടുകൂടിയാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. അതുകൊണ്ടാണ് ഞങ്ങള്‍ എല്ലാ വിഭാഗങ്ങളേയും അണിനിരത്തിക്കൊണ്ട് സി.പി.ഐ.എമ്മിന്റെ ഫാസിസത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുക, ആ പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയെന്ന് ഞങ്ങള്‍ തീരുമാനിച്ചത്.

 

ഒഞ്ചിയത്തിന്റെ ചുറ്റും വടകര, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലെല്ലാം സി.പി.ഐ.എമ്മാണ്. സി.പി.ഐ.എമ്മിന്റെ ക്രിമിനലുകളാണ്. ആ ക്രിമിനലുകളാണ് ഒറ്റയടിക്ക് ഇരച്ചിങ്ങോട്ട് കയറുന്നത്. മറ്റുസ്ഥലത്തുള്ള ആളുകളാണ് എല്ലാതരത്തിലും സംഘടിച്ച് ഇവിടെ വന്ന് ആക്രമണം നടത്തിയത്. അത് പ്ലാന്‍ ചെയ്ത് അവര് വരുത്തുകയാണ്. ആ ആക്രമണത്തെ നേരിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ അതിനെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ തീരുമാനം. ആ പ്രതിരോധമാണ് ഞങ്ങള്‍ നടത്തുന്നത്.

യു.ഡി.എഫിനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണം ആര്‍.എം.പി പലതവണ നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുമ്പായി യു.ഡി.എഫുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം ലീഗിന്റെ പിന്തുണയോടെ ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം ഉറപ്പിക്കുന്നതാണ് കണ്ടത്. ഇതിനെ എങ്ങനെ വിശദീകരിക്കുന്നു?

സി.പി.ഐ.എമ്മിന് ആര്‍.എം.പി ഏറ്റവും വലിയ വെല്ലുവിളിയാണ്. ആര്‍.എം.പിയെ ഇല്ലാതാക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഞങ്ങള്‍ക്ക് യു.ഡി.എഫ് ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കുക. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നിരന്തരം സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് മുമ്പിലുണ്ട്, എം.വി രാഘവനേയും ഗൗരിയമ്മയേയും പോലം സി.പി.ഐ.എമ്മില്‍ നിന്നു പുറത്തുവന്നിട്ടുള്ളവര്‍ പിന്നീട് യു.ഡി.എഫിലേക്ക് പോകുകയാണ് ചെയ്തത്. യു.ഡി.എഫിലേക്ക് പോയാല്‍ പിന്നെ അവര്‍ക്ക് പണി എളുപ്പമായി. ഞങ്ങള്‍ ഇപ്പോഴും സ്വതന്ത്രമായി നില്‍ക്കുന്നുവെന്നതാണ് സി.പി.ഐ.എമ്മിന്റെ തലവേദന. യു.ഡി.എഫുമായുള്ള ഒരു ബന്ധത്തിനും ഞങ്ങളുണ്ടാവില്ലയെന്നത് സംശയലേശമന്യേ വ്യക്തമാക്കിയ കാര്യമാണ്. ഞങ്ങളുടേത് ഇടതുപക്ഷ രാഷ്ട്രീയമാണ്. യു.ഡി.എഫിന്റെ രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.

പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ വിഷയങ്ങള്‍ കൊണ്ട് യു.ഡി.എഫുമായൊക്കെ സഹകരിച്ചുപോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതൊന്നും യു.ഡി.എഫ് മുന്നണിയിലേക്കു പോകുന്നതോ അവരുടെ രാഷ്ട്രീയം അംഗീകരിക്കുന്നതോ കൊണ്ടല്ല. ചില പ്രതിരോധങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പ്രവര്‍ത്തനമാണ്. ഒഞ്ചിയം പഞ്ചായത്തിന്റെ കാര്യത്തില്‍ അവിടെ പണ്ടേ യു.ഡി.എഫില്ല. സി.പി.ഐ.എം ഏകകക്ഷീയമായി ഭരിച്ചുകൊണ്ടിരുന്ന, പ്രതിപക്ഷമില്ലാത്തൊരു പഞ്ചായത്തായിരുന്നു ഇത്. യു.ഡി.എഫ് എന്നുപറയുന്ന സാധനമേയുണ്ടായിരുന്നില്ല. ആര്‍.എം.പി ഉണ്ടായതിനുശേഷമാണ് ഇവിടെ ഈ രൂപത്തിലുള്ള ഇലക്ഷന്‍ പോലുമുണ്ടാവുന്നത്.

 

ഇവിടെ യു.ഡി.എഫ് അവര്‍ക്കു സ്വാധീനമുള്ള ചില സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ആര്‍.എം.പി എല്ലാ സീറ്റുകളിലും മത്സരിച്ചിട്ടുണ്ട്. ആര്‍.എം.പിക്ക് ഭൂരിപക്ഷമുണ്ടാവാത്ത ഒരു സാഹചര്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആരാവും എന്നുള്ള ചോദ്യം വരികയും ചെയ്തത്. ഞങ്ങള്‍ അന്ന് തീരുമാനിച്ചത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞങ്ങള്‍ മത്സരിക്കും. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. അങ്ങനെ ഞങ്ങള്‍ മത്സരിച്ചു. മത്സരിച്ചപ്പോള്‍ യു.ഡി.എഫിലെ ലീഗിലെ രണ്ട് പേര്‍ വോട്ടു ചെയ്തു. ഞങ്ങളൊരിക്കലും അങ്ങോട്ട് അഭ്യര്‍ത്ഥിച്ചതല്ല. ഞങ്ങളൊരിക്കലും പിന്തുണ വേണമെന്നാവശ്യപ്പെട്ടിട്ടില്ല.

ആ സമയത്ത് അവര്‍ വോട്ടു ചെയ്തത് ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. അവര് പറയുന്ന കാരണമുണ്ട്. അവര് ഒഞ്ചിയത്ത് ഒരുകാരണവശാലും ഈ രൂപത്തിലുള്ള ക്രിമിനലുകള്‍ ഭരിക്കുന്നത് താല്‍പര്യമില്ല. അതുകൊണ്ട് ഞങ്ങള്‍ വോട്ടു ചെയ്യുന്നു എന്നാണവര്‍ പറഞ്ഞത്. അവര് വോട്ടു ചെയ്യുന്നത് ഞങ്ങള്‍ എന്തിന് വേണ്ടെന്നു പറയുന്നത്. അതുകൊണ്ട അവരുടെ പിന്തുണയോടെ ഭരിക്കുന്നു എന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല. ലീഗുമായി ചേര്‍ന്നിട്ടോ സഖ്യമുണ്ടാക്കിയിട്ടോ ഒന്നുമല്ല ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. സ്വതന്ത്രമായി ആര്‍.എം.പി എന്ന നിലയില്‍ തന്നെയാണ്.

ഇത്തരത്തില്‍ പിന്തുണ തേടിയത് ആര്‍.എം.പി യു.ഡി.എഫിനൊപ്പമാണെന്ന സംശയമുയരാന്‍ കാരണമായിട്ടുണ്ടോ?

ഞങ്ങള്‍ യു.ഡി.എഫിന്റെ പിന്തുണയോടുകൂടിയാണ് ഭരിക്കുന്നത് എന്നു വരുത്തിത്തീര്‍ക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ഒരാവശ്യമാണ്. നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് മീഡിയാസിന്റെയും മറ്റും വലിയ രൂപത്തിലുള്ള സംഘടിത രൂപമുണ്ട്. ആ സംഘടിത രൂപത്തിന് ഇത്തരം നുണകള്‍ പലവട്ടം പറഞ്ഞ് സ്ഥാപിച്ചെടുക്കാനുള്ള കഴിവുണ്ട്. ഇതൊരു മര്‍മറിങ് കാമ്പെയ്‌നാണ്. അതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല.

ഇനി ഞാന്‍ പറയട്ടേ, ഇനി അങ്ങനെയാണെങ്കില്‍ പോലും അതിലെന്താണ് തെറ്റുള്ളത്? കാരണം ഫാസിസത്തിനെതിരായ ഒരു പോരാട്ടമാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും സീതാറാം യെച്ചൂരി പറയുന്നത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്നാണ്. ഫാസിസത്തിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെപ്പോലുള്ള മതേതര കക്ഷികളുടെ പിന്തുണ വേണമെന്നാണ് സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറി തന്നെ പറയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാണു വോട്ടു ചെയ്തത് സി.പി.ഐ.എം. ആ സി.പി.ഐ.എം ഞങ്ങളെ കുറ്റംപറയാന്‍ എന്തവകാശമാണുള്ളത്?

 

ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ പോകുക. ഇവിടെ ഞങ്ങളുടെ എതിരാളിയെന്നു പറയുന്നത് സി.പി.ഐ.എമ്മിന്റെ ഫാസിസ്റ്റ് ശക്തികളാണ്. ഏറ്റവും വലിയ ഫാസിസത്തിന്റെ ആക്രമണം ഞങ്ങള്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടിയുളള പോരാട്ടമാണ് ഒഞ്ചിയത്തെ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ഇവരുമായി ചേര്‍ന്നുപോകണമെന്നല്ല ഞാന്‍ പറയുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ അതൊരു വലിയ അപരാധമായി കാണുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയെ സമീപിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നല്ലോ?

ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയല്ലേ. ബി.ജെ.പിയെന്ന പാര്‍ട്ടിയെയാണോ സമീപിച്ചത്. കേന്ദ്രഗവണ്‍മെന്റിനെ ഈ ആവശ്യവുമായി സമീപിച്ചതില്‍ എന്താണ് തെറ്റ്? അത് ബി.ജെ.പിയുടെ ആളുകള്‍ ആയിപ്പോയത് ഞങ്ങളുടെ തെറ്റാണോ? ഞങ്ങള്‍ക്കാവശ്യം ചന്ദ്രശേഖരന്റെ കൊലയാളികളെ പുറത്തുകൊണ്ടുവരികയെന്നതാണ്. അത് ഏത് ആളുകളുടെയും അടുത്തുപോയി ഈ ആവശ്യം ഞങ്ങള്‍ ഉന്നയിക്കും. അതില്‍ എന്താണ് തെറ്റ്. സി.പി.ഐ.എമ്മിന്റെ ആളുകള്‍ പലതും പറയും. അത് ഞങ്ങള്‍ ചെവിക്കൊള്ളുന്നില്ല. അതിനൊന്നും പുല്ലുവിലകല്‍പ്പിക്കുന്നില്ല.

 

ഒഞ്ചിയം പഞ്ചായത്തില്‍ തുടര്‍ച്ചയായി രണ്ടുതവണയായി ആര്‍.എം.പി ഭരിക്കുകയാണ്. പഞ്ചായത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്തില്ല എന്ന വിമര്‍ശനങ്ങളുണ്ടല്ലോ?

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളത്തിന്റെ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരുപരിധിവരെ ഏറ്റവും ശക്തമായൊരു പരിഹാരമുണ്ടാക്കിയെടുക്കാന്‍ വേണ്ടി ഒഞ്ചിയം പഞ്ചായത്തിനു കഴിഞ്ഞുവെന്നുള്ളതാണ് ഞങ്ങള്‍ക്ക് പ്രധാന നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ളത്. മറ്റൊന്ന് മടപ്പള്ളി റെയില്‍വേ മേഖലയിലെ പ്രദേശവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അവിടെ ഒരു റെയില്‍വേ അടിപ്പാത പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്.

പിന്നെ വിഷരഹിതമായിട്ടുള്ള പച്ചക്കറികള്‍ നട്ടു, പ്രദേശത്തെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുപോലെ തന്നെ ബഡ്‌സ് സ്‌കൂള്‍ കൊണ്ടുവന്നു. അതിനെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. പിന്നെ മാലിന്യത്തിനെതിരെ ഒരു ബോധവത്കരണവും അതിനെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പലയാളുകളും അറിയാതെ ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്നതല്ലാതെ എടുത്തു പറയാന്‍ പറ്റുന്ന ഒട്ടേറെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. പിന്നെ ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നുള്ള പ്രചരണങ്ങള്‍ സി.പി.ഐ.എമ്മിന്റെ സൃഷ്ടിയാണ്.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.