Interview | സിനിമ വിദൂര സ്വപ്നമായിരുന്നു, നാടകമായിരുന്നു ആഗ്രഹം | ധീരജ് ഡെന്നി
Entertainment news
Interview | സിനിമ വിദൂര സ്വപ്നമായിരുന്നു, നാടകമായിരുന്നു ആഗ്രഹം | ധീരജ് ഡെന്നി
അമൃത ടി. സുരേഷ്
Sunday, 6th February 2022, 7:29 pm
പത്താം ക്ലാസില്‍ പഠിക്കവേ ഷേക്‌സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ് ധീരജിന് അഭിനയമോഹം മനസില്‍ കയറി പറ്റിയത്. നാടകനടനാവുക എന്നതായിരുന്നു ആഗ്രഹം. സിനിമ വിദൂരസ്വപ്‌നം മാത്രമായിരുന്നു. സഹോദരന്മാരായ നിവിന്‍ പോളിയുടെയും, ടൊവിനോ തോമസിന്റേയും സിനിമാ പ്രവേശനം സ്വാധീനിച്ചു. വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകളിലെ ക്യാരക്ടര്‍ റോളുകളില്‍ നിന്നും കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗിലെ നായകനിലേക്കുള്ള യാത്രയെ പറ്റി ധീരജ് ഡെന്നി ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന പേര് സിനിമയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത്‌സിംഗ് ഇവര്‍ തോറ്റുപോയവരാണ് എന്നാണ് നമ്മള്‍ മുദ്ര കുത്തുന്നത്. പക്ഷെ മഹാഭാരതം നോക്കുകയാണെങ്കില്‍, കര്‍ണന്‍ എന്ന വ്യക്തിയോട് കവചകുണ്ഡലങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് തന്നെ അറിയാം ഇതില്‍ ഒരു അപകടമുണ്ടെന്ന്. പക്ഷെ, അതയാളുടെ ധര്‍മ്മമാണ്. സമൂഹത്തിന്റെ നല്ലതിന് വേണ്ടി ഇങ്ങനെയുള്ളവര്‍ ചിലത് ത്യജിക്കാന്‍ തയാറാണ്. നെപ്പോളിയന്‍ ആണെങ്കിലും ഭഗത് സിംഗ് ആണെങ്കിലും അങ്ങനെ തന്നെയാണ്.

എന്റെ കഥാപാത്രം ഒരു ഘട്ടമെത്തുമ്പോള്‍ വേണമെങ്കില്‍ കോംപ്രമൈസ് ചെയ്യാവുന്ന ചിലതിലൂടെ കടന്നു പോകുന്നുണ്ട്. അതിലൂടെ ആ കഥാപാത്രത്തിന് വിഷമം ആണ് ഉണ്ടാകുന്നത്. കഥാപാത്രങ്ങളോട് ബന്ധപ്പെടുത്തി തന്നെ ആണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരുണ്ടാകുന്നത്. പിന്നെ കച്ചവടസാധ്യതകള്‍ കൂടി ഇതിനു പിന്നിലുണ്ട്.

‘അഞ്ചാം പാതിര’ക്ക് ശേഷം ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമകളുടെ ഒരു ട്രെന്‍ഡ് മലയാളസിനിമയിലുണ്ടായിട്ടുണ്ട്. അവയില്‍ നിന്നും എന്ത് വ്യത്യാസമാണ് കെ.എന്‍.ബി നല്‍കുന്നത്? പ്രേക്ഷകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?

കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഇപ്പോള്‍ വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ ‘ജാന്‍എ മന്‍’ പോലെയുള്ള സിനിമകള്‍ വന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമകള്‍ കുറവായിരുന്നു. ‘കുറുപ്പ്’ വന്നെങ്കിലും നമുക്കെല്ലാം അറിയാവുന്ന കഥയാണ്. അതിന്റെ മേക്കിംഗാണ് പിടിച്ചിരുത്തുന്നത്.

ത്രില്ലര്‍ സിനിമകളുടെ കാര്യമാണെങ്കില്‍ അഞ്ചാം പാതിര ഒരു മുഴുനീള ത്രില്ലര്‍ സിനിമയായിരുന്നു. കെ.എന്‍.ബി ഒരു മുഴുനീള ത്രില്ലര്‍ എന്ന് പറയാന്‍ പറ്റില്ല. ആദ്യപകുതി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ്. ഒരു പ്ലേ ഗ്രൗണ്ടാണ് ആദ്യ പകുതിയില്‍ ക്രിയേറ്റ് ചെയ്യുന്നത്. പ്രേക്ഷകരിലേക്ക് കുറച്ച് ക്ലൂ ഇട്ടുകൊടുക്കും. സെക്കന്റ് ഹാഫിലാണ് ത്രില്ലര്‍ എന്ന് പറയാവുന്ന സ്വഭാവത്തിലേക്ക് മാറുന്നത്.

Karnan Napoleon Bhagat Singh (2022)

അഞ്ചാം പാതിര, ചെകുത്താന്‍ മുതലായ സിനിമകളില്‍ ഓരോ ക്ലൂവും പ്രേക്ഷകരിലേക്ക് നല്‍കി അവസാനമാണ് ലക്ഷ്യത്തിലെത്തിച്ചേരുന്നത്. ഈ ചിത്രത്തില്‍ പ്രതിയെ ആദ്യമേ പിടിക്കും. ഓരോ ക്ലൂവും നല്‍കി അതിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്ന് കാണിക്കുന്ന, ആ ലക്ഷ്യത്തിലേക്കുള്ള എസ്.ഐ രൂപേഷിന്റെ യാത്രയാണ് കാണിക്കുന്നത്. അതുകൊണ്ട് ഒരു മുഴുനീളന്‍ ത്രില്ലര്‍ എന്ന് ഇതിനെ പറയാനാകുമോ എന്നറിയില്ല

ധീരജിന്റെ സിനിമാ സ്വപ്നം ചെറുപ്പം മുതല്‍ മനസിലുള്ളതാണോ?

സിനിമാ മോഹം ഇല്ലായിരുന്നു. അഭിനയം എന്നത് ചെറുപ്പം മുതല്‍ മനസ്സില്‍ ഉണ്ടായിരുന്നു. അഭിനയമോഹം ഉള്ളതുകൊണ്ട് ചെറുപ്പത്തില്‍ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. എല്ലാ സ്‌കൂളുകളിലും അഭിനയിക്കാന്‍ അറിയാവുന്ന കുറച്ചുപേരുണ്ടാകുമല്ലോ. അവര് തന്നെ തിരിച്ചും മറിച്ചും നായകനും പ്രധാനകഥാപാത്രങ്ങളുമൊക്കെയാവും. ഞാന്‍ പാറാവുകാരനും പണിയില്ലാതെ നടക്കുന്ന അമ്മാവനുമൊക്കെയായിട്ടായിരിക്കും അഭിനയിക്കുന്നത്.

ഷേക്‌സ്പിയറിന്റെ ‘ഒഥല്ലോ’ നാടകമാക്കിയപ്പോള്‍ ‘റോഡ്രിഗോ’ എന്ന കഥാപാത്രത്തെ ഞാനാണ് ചെയ്തത്. അപ്പോഴാണ് അഭിനയം ഞാന്‍ ആസ്വദിച്ചു തുടങ്ങിയത്. അന്ന് പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. കൂടാതെ എന്റെ ഇടവക പള്ളിയില്‍ സി.എല്‍.സി എന്നൊരു കൂട്ടായ്മ ഉണ്ട്. അവിടെ ബാബു പൊള്ളാശേരി എന്ന ഒരു ചേട്ടനുണ്ട്. അദ്ദേഹം അത്യാവശ്യം സിനിമകള്‍ ഒക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് തെരുവ് നാടകങ്ങളും, നാടകങ്ങളും ഒക്കെ ചെയ്തത്. അതിലൂടെയാണ് ഞാന്‍ വളര്‍ന്നത്.

ഒരു നാടക നടനാകണം എന്നാണ് ആഗ്രഹിച്ചത്. സിനിമ വിദൂരസ്വപ്‌നമായിരുന്നു. കാരണം എന്റെ ഇടവകയില്‍ നിന്ന് ആരും സിനിമയില്‍ വന്നിട്ടില്ല. പിന്നീട് അല്‍ഫോന്‍സ് പുത്രന്‍, അമല പോള്‍, നിവിന്‍ പോളി, സിജു വില്‍സണ്‍ തുടങ്ങിയവര്‍ ഞങ്ങളുടെ ഇടവകയില്‍ നിന്നും സിനിമയിലേക്ക് എത്തി. അഭിനയം മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ നല്ല ഒരു ഇടമായാണ് സിനിമ എനിക്ക് തോന്നി.

പഠനം കഴിഞ്ഞ് മൂന്നര വര്‍ഷം ബെഗംളൂരുവില്‍ ജോലി ചെയ്തു. പിന്നെ എനിക്ക് സിനിമയിലേക്ക് എടുത്ത് ചാടാനുള്ള ഒരു ധൈര്യം കിട്ടി. ഞാന്‍ സിനിമ മോഹിച്ച് അഭിനയിക്കാന്‍ വന്നതല്ല. അഭിനയം മോഹിച്ച് സിനിമയിലേക്ക് വന്നതാണ്.

നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റേയും കസിനാണ് ധീരജ്. അവരുടെ സിനിമാ പ്രവേശനം സ്വാധീനിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും, രണ്ടുപേരും എന്റെ ചേട്ടന്മാരാണ്. നിവിന്‍ ചേട്ടന്‍ എന്നെക്കാളും അഞ്ച് വയസ് മൂത്തതാണ്. അതുകൊണ്ട് ഞങ്ങള്‍ ഒത്തിരി അടുപ്പമുള്ളവരാണ്. എന്റെ ചെറിയ പ്രായം മുതല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാറുള്ളത് നിവിനും എന്റെ ചേട്ടനുമാണ്. അതേസമയം ഞാനും ടൊവിയും തമ്മില്‍ പതിനൊന്നു മാസത്തെ വ്യത്യാസമേ ഉള്ളു. ചെറുപ്പം മുതലുള്ള എല്ലാ പരിപാടിയും ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത്. ചെറുപ്പം മുതലേ ടൊവിയും, നിവിന്‍ ചേട്ടനും മറ്റ് ചേട്ടന്മാരും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

നിവിന്‍ ചേട്ടന്‍ സിനിമയില്‍ കയറിയപ്പോള്‍ സിനിമ നമുക്ക് പറ്റുന്ന ഒന്നാണ് എന്ന് തോന്നി. പിന്നെ ടൊവി കയറി. ഞാന്‍ ജോലി രാജി വെക്കുമ്പോള്‍ ടൊവി ‘എന്ന് നിന്റെ മൊയ്തീന്‍’ ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ എന്നത് യാഥാര്‍ത്ഥ്യമാക്കാം എന്ന് തോന്നിക്കുന്നതില്‍ അവര്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

ടൊവിനോയ്‌ക്കൊപ്പം കല്‍ക്കിയിലും, എടക്കാട് ബറ്റാലിയനിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ പങ്കു വെക്കാമോ?

കല്‍ക്കിയില്‍ അഭിനയിച്ചപ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ കാരണം അവന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന്. അതുപോലെ ടൊവിക്കൊപ്പം അഭിനയിക്കുന്നതില്‍ എക്‌സൈറ്റഡുമായിരുന്നു. ടൊവിനോക്ക് വേണ്ടി കല്‍ക്കിയിലെ ഇന്‍ട്രോ സീനൊക്കെ തയാറാക്കുന്നത് കണ്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു. ഒരുമിച്ചുള്ള സീനുകള്‍ വന്നപ്പോള്‍ ടൊവിയെ ഒരു പോലീസുകാരനായാണ് ഞാന്‍ കണ്ടത്. അവന്‍ എന്നെ ഗോവിന്ദന്‍ (കഥാപാത്രം) ആയി കണ്ടു. കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ഞങ്ങള്‍ പഴയതുപോലെ ധീരജും ടൊവിയുമാകും. തോളത്ത് കയ്യിട്ട് സംസാരിക്കും.

എന്റെ ഗോവിന്ദന്‍ എന്ന കഥാപാത്രം കല്‍ക്കിയിലെ ടൊവിയുമായി നല്ല അടുപ്പമുള്ള ആളാണ്. യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയായതുകൊണ്ട് എളുപ്പമായിരുന്നു ചെയ്യാന്‍. ചിത്രത്തില്‍ ഗ്യാസ്‌കുറ്റി പൊട്ടിത്തെറിക്കുന്ന ഒരു രംഗമുണ്ട്. അതിനിടയ്ക്ക് ടൊവിനോ സിഗരറ്റ് കത്തിക്കുമ്പോള്‍ ഞാന്‍ അതെടുത്ത് മാറ്റുന്നുണ്ട്. അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണ്. വളരെ ടൈമിംഗ് നോക്കി ചെയ്യേണ്ട രംഗമാണ്. അതില്‍ ഒരു ഇമ്പ്രൊവൈസേഷന്‍ കൊണ്ടുവരാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ തമ്മില്‍ അത്രയും സിങ്ക് ആയതുകൊണ്ടാണ്. ഈ രംഗത്തിലൂടെ ആണ് കുറെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

Edakkad Battalion 06 (2019)

ഇനി എടക്കാട് ബറ്റാലിയനിലേക്ക് വരുകയാണെങ്കില്‍ ഞങ്ങള്‍ ശത്രുക്കളായിരുന്നു. അതില്‍ വെള്ളത്തില്‍ വെച്ച് ഫൈറ്റ് ഉണ്ടായിരുന്നു. ടൊവിനോക്ക് അന്ന് നല്ല ആരോഗ്യമുള്ള സമയമാണ്. എന്നെ പൊക്കിയെടുത്ത് വെള്ളത്തിലേക്ക് ഇട്ടു. ഞാന്‍ കാലും കയ്യും നേരെ അങ്ങ് കുത്തി. വെള്ളത്തിന്റെ അടിയില്‍ മൂര്‍ച്ചയുള്ള കോറല്‍സ് ഉണ്ട്. കുത്തിയപ്പോള്‍ കയ്യൊക്കെ മുറിഞ്ഞു പോയി.

അയ്യോ കൈ മുറിഞ്ഞല്ലോടാ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ ടൊവിയുടെയും കൈയ്യും കാലും മുറിഞ്ഞിരിക്കുകയാണ്. ചെറിയ ഫസ്റ്റ് എയ്ഡ് വെച്ചാല്‍ പോകുന്ന മുറിവല്ല, മൊത്തം പൊളിഞ്ഞിരിക്കുന്നു. അതും പറഞ്ഞ് അഞ്ച് മിനിട്ട് മാറി നിന്നാല്‍ പ്രൊഡക്ഷനില്‍ സംഭവിക്കാവുന്ന നഷ്ടം ടൊവിക്കറിയാം. അവന്‍ ഒരു പരാതിയുമില്ലാതെ അഭിനയിക്കുകയാണ്. അതൊക്കെ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്. ആ നിമിഷത്തില്‍ ടൊവിനോയോട് ഒരു നടനെന്ന രീതിയില്‍ എനിക്കൊത്തിരി ബഹുമാനം തോന്നി.

പല സിനിമകളില്‍ പല കഥാപാത്രങ്ങളായി അഭിനയിച്ച് ഒടുവില്‍ നായകനായിരിക്കുകയാണ്. കെ.എന്‍.പിയിലേക്ക് എങ്ങനെയാണ് എത്തുന്നത്?

‘തീവണ്ടി’യില്‍ അഭിനയിച്ച അനീഷ് ഗോപാല്‍ എന്നൊരു നടനുണ്ട്. കല്‍ക്കിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരു സിനിമക്ക് വേണ്ടി നായകനെ നോക്കുന്നുണ്ടെന്നും ഞാന്‍ നിന്നെ റെക്കമന്‍ഡ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എനിക്കൊരുപാട് സന്തോഷം തോന്നി. ഇത്രയും കാലം ക്യാരക്ടര്‍ റോളുകളാണല്ലോ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ നിന്ന് നായകനാവാന്‍ റെക്കമന്‍ഡ് ചെയ്തപ്പോള്‍ സന്തോഷം തോന്നി.

കല്‍ക്കി കഴിഞ്ഞയുടന്‍ എടക്കാട് ബറ്റാലിയന്‍ ഷൂട്ട് തുടങ്ങി. ആ സമയത്ത് സംവിധായകനായ ശരത്തേട്ടനും, എഡിറ്ററായ റെക്‌സണും കൂടി സെറ്റില്‍ വന്നു കഥ പറഞ്ഞു. അപ്പോള്‍ തന്നെ കൈ കൊടുത്തു. സാധാരണ സ്‌ക്രിപ്റ്റ് വായിച്ച് രണ്ട് ദിവസം കഴിയുമ്പോഴേ സമ്മതിക്കാറുള്ളു. പക്ഷേ ശരത്തേട്ടന്‍ നന്നായി കഥ പറഞ്ഞു. ചിലരെ കാണുമ്പോള്‍ ഒരു സ്പാര്‍ക്ക് ഉണ്ടാകുമെന്ന് പറയില്ലേ. അങ്ങനെയാണ് തോന്നിയത്. ഞാന്‍ ഓകെയാണ് നിങ്ങള്‍ ഓകെയാണെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയില്‍ എത്തിയത്.

 

പുതിയ സിനിമകള്‍

ഒരു തമിഴ് സിനിമയിലാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്. വരലക്ഷ്മി ആണ് നായിക. അര്‍ജുന്‍ എന്ന എന്റെ ഒരു സുഹൃത്താണ് സംവിധായകന്‍. വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ കുറച്ച് ക്യാരക്ടര്‍ റോളുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. നായകന്‍ ആയി തന്നെ ചെയ്യണം എന്നതിലുപരി നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം.


Content Highlight: Interview with Dheeraj Denny

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.