ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് തന്നെ പറയണം, സോഷ്യല്‍ ബോയികോട്ടിംഗ് എന്ന കാര്യത്തില്‍ പേടിയില്ല ; അഭിമുഖം റിമ കല്ലിങ്കല്‍
അശ്വിന്‍ രാജ്

ഒരു വര്‍ഷം മുമ്പാണ് നിപയെ കേരളം ഒന്നടങ്കം അതിജീവിച്ചത്. ഒരു വര്‍ഷത്തിന് ഇപ്പുറം അന്നത്തെ ആ പ്രതിരോധം ആഷിഖ് അബുവും റിമയും സിനിമയാക്കിയിരിക്കുകയാണ്. കേരളം ഒറ്റകെട്ടായി നേരിട്ട ആ കാലഘട്ടം സിനിമയാക്കിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍, സിനിമക്കെതിരായ വിവാദങ്ങള്‍, നിലപാടുകള്‍, എന്നിങ്ങനെ ഡൂള്‍ന്യൂസുമായി സിനിമയുടെ നിര്‍മ്മാതാവും അഭിനേത്രിയുമായി റിമ കല്ലിങ്കല്‍ സംസാരിക്കുന്നു

വൈറസ് തിയേറ്ററുകളില്‍ വന്‍ വിജയം ആയി ഓടികൊണ്ടിരിക്കുന്നു. എന്ത് തോന്നുന്നു ചിത്രത്തിലെ അഭിനയത്രി എന്ന നിലയിലും ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയിലും ?

ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നതും ആഗ്രഹിക്കുന്നതും ഒരു നടിയുടെ റോളില്‍ നില്‍കുമ്പോഴാണ്. എന്നാല്‍ ഒരു പ്രൊഡ്യൂസര്‍ എന്ന നിലയിലേക്ക് വരുന്നതിനു മുന്നേ തന്നെ ക്യാമറക്ക് പിന്നിലെ പ്രക്രിയയെ കുറിച്ച് അറിയാനും അതില്‍ പ്രവര്‍ത്തിക്കാനും താല്പര്യം ഉണ്ടായിരുന്നു. ക്യാമറക്ക് മുന്നില്‍ നടക്കുന്നത് സിനിമയുടെ ചെറിയൊരു ഭാഗം മാത്രമാണ്.ക്യാമറക്ക് പിന്നിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും.അതിലൂടെയാണു ഒരു സമ്പൂര്‍ണകല എന്ന രീതിയിലേക്ക് സിനിമ എത്തിച്ചേരുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇതിന് പിന്നില്‍ ഉണ്ട്. അത് തന്നെയാണ് സിനിമയുടെ ഒരു മാജിക്ക് എന്നും വിശ്വസിക്കുന്നു. വൈറസിലേക്ക് വരുമ്പോള്‍ വലിയൊരു ടീമിനെ തന്നെ കാണാന്‍ സാധിക്കും. രാജീവ് രവി, ഷൈജു ശ്രീധരന്‍, ജ്യോതിഷ് തുടങ്ങി എല്ലാവരും ഗംഭീരമായിരുന്നു.

സിനിമയുടെ റിലീസിനോട് അടുപ്പിച്ചാണ് കൊച്ചിയില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത്, ഈ വാര്‍ത്ത എങ്ങിനെയാണ് നേരിട്ടത് ?

ശരിക്കും ഇതറിഞ്ഞ സമയം പേടിതോന്നി. കാരണം നിപ്പയെ അതിജീവിച്ച് നില്‍ക്കുന്ന ജനതയാണ് ,അതിനുശേഷം പ്രളയത്തെയും അതിജീവിച്ചു. ഇനിയൊരു ദുരന്തം കൂടി വരരുതെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. ആരോഗ്യവകുപ്പ് ഇത്തരത്തിലൊരു പ്രതിസന്ധിയെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് നമ്മള്‍ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.അത്‌കൊണ്ട് തന്നെ കഴിഞ്ഞ തവണത്തെ പോലെ പേടി ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ശൈലജ ടീച്ചറൊടുള്ള വിശ്വാസവും ഇതിനെ സ്വാധിനിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യവകുപ്പില്‍ വിശ്വാസം ഉണ്ടെന്ന് പറയാന്‍ കഴിയുന്നത് തന്നെ അഭിമാനവും ഭാഗ്യവുമാണ്. അത് തന്നെയാണ് നമ്മള്‍ സിനിമയില്‍ പറഞ്ഞിട്ടുള്ളതും.

നിപ കാലത്ത് ഏറെ വേദനയോടെ കേട്ട പേരായിരുന്നു നഴ്‌സ് ലിനിയുടേത്. നിപ കാലം സിനിമയാകുമ്പോള്‍ അതേ റോള്‍ തന്നെ അഭിനയിക്കാന്‍ ലഭിക്കുന്നു. റിമ എത്രത്തോളം എക്‌സൈറ്റഡ് ആയിരുന്നു ?

എക്‌സൈറ്റ്‌മെന്റിനേക്കാള്‍ എനിക്ക് പേടിയായിരുന്നു. കാരണം ഇതൊരു ട്രിബ്യുട്ട് ആണ്. ലിനിയുടെ അവസാന നിമിഷങ്ങള്‍ , അവര്‍ക്ക് ജോലിയോടുള്ള ആത്മാര്‍ത്ഥത തുടങ്ങിയ കാര്യങ്ങളാണ് സ്‌ക്രീനിലൂടെ കാണിക്കാനുള്ളത്. ലിനി മരണഭയത്തിന് നടുക്ക് നില്‍ക്കുമ്പോഴും രോഗത്തെ കുറിച്ച് കൃത്യമായ നിര്‍ദ്ദേശം നല്കിയതുകൊണ്ടാണ് ഇതൊരു പകര്‍ച്ചവ്യാധിയാകാം എന്ന തിരിച്ചറിവ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ നമുടെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പാകപ്പിഴ ഉണ്ടാകരുതെന്നും ചെയ്യുന്ന കാര്യങ്ങള്‍ ബഹുമാനപൂര്‍വ്വവും സത്യസന്തതയോടെയും ചെയ്യണം എന്നും നിര്‍ബന്ധമുണ്ടായിരുന്നു .

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ആര്‍ക്കും അമിത പ്രാധാന്യം നല്‍കാതെ തുല്ല്യ പ്രധാന്യം നല്‍കി എന്നതാണ്. ഇത് ആദ്യം തന്നെ തീരുമാനിച്ചതാണോ അല്ലെങ്കില്‍ ഷൂട്ടിനിടയില്‍ ചര്‍ച്ചകളുടെ ഭാഗമായി വന്നതാണോ?

നമ്മുടെ സ്‌ക്രിപ്റ്റിന്റെ കഥയും അതിന് പിന്നിലുള്ള സംഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. മുഹസിന്‍, ശറഫ്, സുഹാസ് എന്നിവര്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ചെറിയ ഒരു കാര്യമല്ല . ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് . അത് കൊണ്ട് തന്നെ ആര്‍ക്കും ഒരു രീതിയിലുള്ള ടെന്ഷനോ മത്സര ചിന്തയോ ഉണ്ടായിരുന്നില്ല . ഒരുപാട് മനുഷ്യരുടെ കഥപറയുന്ന , നമ്മുടെ കാലഘട്ടം രേഖപ്പെടുത്തുന്ന ഒരു സിനിമയില്‍ ഭാഗമാകണം എന്ന ചിന്ത മാത്രമേ എല്ലാവര്ക്കും ഉണ്ടായിരുന്നുള്ളു. വളരെ എളുപ്പമായിരുന്നു എല്ലാ കാര്യങ്ങളും .

സിനിമക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. ഇത്തരം ആരോപണങ്ങളെ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന രീതിയില്‍ എങ്ങിനെയാണ് കാണുന്നത് ?

അന്വേഷണത്തിന്റെ ഭാഗമായി കേട്ടകഥകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .നിപ്പ ബാധിച്ച ആളുകളും അവര്‍ നേരിട്ട പ്രശ്‌നങ്ങളുമാണ് പ്രധാനമായും സിനിമയില്‍ അവതരിച്ചിട്ടുള്ളത്. ഒരു കുടുംബത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ മരണം ഉണ്ടാകുമ്പോള്‍ അത് ഒരു സെക്യൂരിറ്റി പ്രശ്‌നത്തിന്റെ ഭാഗമാണോ എന്ന ചിന്തയുടെ പിറകെ പോയ സമയത്ത് ഒരു ടെററിസ്‌റ് അറ്റാക്ക് ആണോ അതോ മറ്റെന്തെങ്കിലും രീതിയിലുള്ള അക്രമണം ആണോ എന്ന് പോലും ചിന്തിക്കേണ്ടിവന്നിട്ടുണ്ട്. ഇസ്ലാമോഫോബിയ എന്നത് ഉള്ളിടത്ത് ഉണ്ടെന്ന് തന്നെ പറഞ്ഞുവെക്കേണ്ടതുണ്ട് . നമ്മുടെ പൊളിറ്റിക്‌സ് നമ്മള്‍ പറയേണ്ടത് തന്നെയാണ് . നടന്ന സംഭവം നടന്നു എന്ന് പറയുന്നത്‌കൊണ്ട് ഒരു തെറ്റും ഇല്ല . അത് തന്നെയാണ് ഒരു കലാപ്രവര്‍ത്തനമെന്നും കരുതുന്നു.

ഈ വിഷയം ഒരു സിനിമയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം തോന്നിയിട്ടുള്ളത് നിപ്പ ബാധിച്ചവരോടും അവരുടെ കുടുംബത്തോടും ആയിരുന്നു. സിനിമ അവര്‍ക്ക് ഒരു പ്രതീക്ഷയും സ്വാന്തനവുമായിരിക്കണം എന്നതായിരുന്നു സിനിമയുടെ രാഷ്ട്രീയം. സ്‌നേഹവും സഹാനുഭൂതിയും ഒരുമയുമാണ് സിനിമയിലൂടെ പറഞ്ഞു വെക്കുന്നത്. കൂടുതല്‍ നീതി പുലര്‍ത്താന്‍ ശ്രമിച്ചതും ഇതിനോടാണ്. . സ്‌ക്രിപ്റ്റിലേക്ക് വന്ന് ചേര്‍ന്ന ആക്ടേഴ്‌സ് ആണ് എല്ലാവരും . സ്‌ക്രിപ്റ്റ് ആണ് ഹീറോ അല്ലെങ്കില്‍ സിനിമയിലെ റിയല്‍ കഥാപാത്രങ്ങളാണ് ഹീറോസ്. അവരുടെ മുഖങ്ങളായാണ് നമ്മള്‍ ആക്ടേഴ്‌സിനെ തിരഞ്ഞെടുത്തത്. അല്ലാതെ അവര്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുത്തുകയല്ലായിരുന്നു.

നിപ കാലത്ത് റിമയും അഷിഖും എവിടെയായിരുന്നു, എങ്ങിനെയാണ് ആ കാലഘട്ടത്തെ നേരിട്ടത് ?

ആ സമയം ഞങ്ങള്‍ കൊച്ചിയിലായിരുന്നു. കേരളം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധി നേരിടുന്നത്. അതിന്റെ ഒരു പേടിയും ഉണ്ടായിരുന്നു. നിപ്പയെ അതിജീവിച്ച് ഹീറോകളായ സാധാരണ മനുഷ്യര്‍ , ലിനി സിസ്റ്ററെ പോലെയുള്ളവര്‍, ക്ലീനിങ് സ്റ്റാഫുകള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെ പുറം ലോകത്തിന് കാണിച്ചു കൊടുക്കണം എന്നുണ്ടായിരുന്നു. നിപ്പാ സമയത്ത് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ആഷിഖിനോട് പുറത്തുനിന്ന് ഭക്ഷണം ഒന്നും കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കോഴിക്കോടുള്ള ആളുകള്‍ ഏത്തരത്തിലുള്ള ഭീതിയിലൂടെയും ആശങ്കയിലുടെയുമാണ് കടന്നു പോയത് എന്ന് ആലോചിക്കാവുന്നതേയുള്ളൂ. മലയാളികള്‍ പ്രത്യേകതരം മനുഷ്യരാണ് അതുകൊണ്ട് തന്നെയാണ് ഇതിനെ പിടിച്ചുനിര്‍ത്തിയതും. മലയാളിയുടെ ആ ഒരു സ്പിരിറ്റ് സിനിമയിലൂടെ രേഖപ്പെടുത്തണം എന്ന് തന്നെയായിരുന്നു ആഷിഖിന്റെ ആഗ്രഹം.

സിനിമ ഷൂട്ട് ചെയ്തിരിക്കുന്നതില്‍ പലതും യഥാര്‍ത്ഥ ലോക്കേഷനുകളിലാണ് എങ്ങിനെയുണ്ടായിരുന്നു ആ അനുഭവങ്ങള്‍ ?

എല്ലാവരും വളരെ സഹകരിച്ചിട്ടുണ്ട് .മെഡിക്കല്‍ കോളേജില്‍ ഉള്ള ആളുകള്‍ പ്രത്യേകിച്ച്. എല്ലാവര്‍ക്കും ഈ വിഷയം സിനിമയാക്കണം, പുറംലോകത്തെ അറിയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് 56 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

നിപ കാലം സിനിമയാക്കാം എന്ന് തീരുമാനിച്ചത് എങ്ങിനെയായിരുന്നു ?

ആഷിഖ് ആണ് മുഹ്‌സിനെ വെച്ച് ആദ്യം തന്നെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. കൊച്ചിയില്‍ നിന്ന് കാണുമ്പോള്‍ ഈ ഒരു അതിജീവനം വലിയ പ്രചോദനമാണ് അത് പറഞ്ഞു തന്നെ വെക്കണം എന്ന് ആഷിഖിന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു.

സിനിമയിലെ മറ്റൊരു പ്രത്യേകത വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ തിരികെ സിനിമയില്‍ വരുന്നു എന്നതാണ്. അതും റിമ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിലൂടെ എങ്ങിനെയുണ്ടായിരുന്നു ആ അനുഭവങ്ങള്‍ ?

പൂര്‍ണിമയും ഞാനും ഫ്രണ്ട്‌സാണ് .പൂര്‍ണിമ എന്ന് പറയുന്നത് ഒരേ സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന , ഇത്തരം കാര്യങ്ങളെ വളരെ സീരിയസ് ആയി സമീപിക്കുന്ന ഒരാളാണ്. ജില്ലാ ഹെല്‍ത്ത് ഓഫീസറായ സരിത മാമിന്റെ കഥാപാത്രമാണ് പൂര്‍ണിമയുടെത്. റിയല്‍ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത, ശരീരഭാഷ തുടങ്ങിയവ പൂര്‍ണിമയില്‍ കാണാന്‍ സാധിച്ചു. ആഷിക് ആണ് പൂര്‍ണിമയെ നിര്‍ദ്ദേശിക്കുന്നത്. സ്‌ക്രീനില്‍ വരുമ്പോള്‍ വളരെ പ്രസന്‍സ് ഉള്ള ഒരു കഥാപാത്രമാണ് പൂര്‍ണിമ. കല്യാണം, കുട്ടികള്‍ തുടങ്ങി സ്ത്രീകള്‍ എപ്പോഴും മാറി നില്‍ക്കേണ്ടി വരുന്ന ചില ബ്ലോക്കുകള്‍ ഉണ്ട്. അത്തരത്തില്‍ മാറി നില്‍ക്കേണ്ടി വന്ന ഒരാളാണ് പൂര്‍ണിമയും അതുകൊണ്ടുതന്നെ പൂര്‍ണിമയുടെ ഒരു തിരിച്ചു വരവ് വൈറസിലൂടെ ആകുന്നതില്‍ വളരെ സന്തോഷമുണ്ട്

മുമ്പ് പാര്‍വതി പറഞ്ഞിരുന്നു സിനിമ സംവിധാനം ചെയ്യുമെന്ന്, റിമ ഇപ്പോള്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. മറ്റെന്തെങ്കിലും പ്ലാന്‍ സിനിമയില്‍ ഉണ്ടോ ?

എന്നോട് ശ്യാമേട്ടന്‍ എപ്പോഴും പറയും എഴുത്താണ് ഏറ്റവും സുഖം. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയിരുന്ന് എഴുതിയാല്‍ മതി. എനിക്ക് തോന്നുന്നു നമ്മുടെ കഥകള്‍ നമ്മള്‍ തന്നെ പറയേണ്ട ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലൊന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

സിനിമയുടെ അവസാന രംഗം എന്ന് പറയുന്നത് ജോജുവിന്റെ കഥാപാത്രം പുതിയ ബാഗ് വാങ്ങി സന്തോഷത്തോടെ തിരിച്ച് പോകുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥ കഥയില്‍ ആ ശുചീകരണ തൊഴിലാളികള്‍ നിരാഹാര സമരത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടക്കമുള്ളവരോട് റിമയക്ക് എന്താണ് പറയാന്‍ ഉള്ളത് ?

ഇപ്പോഴും നടക്കുന്നുണ്ടോ? ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന ദിവസം അവിടെ സമരം നടക്കുന്നുണ്ടായിരുന്നു .അവിടേക്ക് പോകാന്‍ തീരുമാനിച്ചപ്പോഴേക്കും അത് ഒത്തുതീര്‍പ്പായതായി അറിഞ്ഞു .ഇപ്പോഴും നടക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. തീര്‍ച്ചയായും അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് നല്‍കണം. ഒരു ഗവണ്‍മെന്റ് ജോലി കിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത് . ഈ അടുത്ത് ഒരു നേഴ്‌സ് എഴുതിയ കുറിപ്പ് വളരെ വൈറലായിരുന്നു. അതില്‍ പറയുന്നത് നിങ്ങള്‍ ഞങ്ങളെ വലിയ മാലാഖമാരായി ഒന്നും കാണേണ്ട ആവശ്യമില്ല വേതനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് കൂടെ നിന്നാല്‍ മതി എന്നായിരുന്നു. ഓരോ ദിവസവും തള്ളിനീക്കുന്ന സാധാരണക്കാരുടെ പോരാട്ടങ്ങളുടെ ഒപ്പമാണ് ഞാന്‍. എന്നും അതിനുവേണ്ടി ഗവണ്‍മെന്റിനോട് സംസാരിക്കുന്ന കലാകാരന്മാരുടെ കൂട്ടത്തിലുണ്ടാകും.

നിപ കാലത്ത് ആളുകളെ സോഷ്യല്‍ബോയികോട്ടിങ്ങിന് ഇരയാക്കിയിട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ അല്ലെങ്കില്‍ കൂടിയും റിമയും ഇത്തരത്തില്‍ ഒരു സോഷ്യല്‍ബോയികോട്ടിങ്ങിന് ഇരയായിട്ടുണ്ട്. എങ്ങിനെയാണ് അതിനെ നേരിട്ടത്?

രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ് ഒരിക്കലും സാമ്യതകള്‍ എന്ന് പറയാന്‍ കഴിയില്ല. അതിനെ സോഷ്യല്‍ബോയികോട്ടിങ് എന്ന് റയാനാവില്ല .ചെറിയ ഒരു പക്ഷം ആളുകള്‍ നമ്മള്‍ പറയുന്നത് മനസ്സിലാക്കാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുന്നതുകൊണ്ടും, അവരുടെ താല്‍പര്യങ്ങള്‍ മാറ്റേണ്ടി വരുമോ എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മുന്നോട്ടു പോകുമ്പോള്‍ താരതമ്യേന നല്ല മാറ്റം ഉണ്ടാകും. നമ്മള്‍ പറയുന്നത് സത്യമാണ് എന്ന ബോധം അവരിലുണ്ടാകും. ആരെയും കുറ്റപ്പെടുത്തുകയല്ല. ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് തന്നെ പറയണം. പറയുന്ന കാര്യത്തില്‍ വളരെ കൃത്യമായ ബോധ്യമുള്ളതുകൊണ്ട് തന്നെ സോഷ്യല്‍ ബോയികോട്ടിംഗ് എന്ന കാര്യത്തില്‍ പേടിയില്ല. അറിയാത്തതിനെയാണ് നമ്മള്‍ എപ്പോഴും ഭയക്കുന്നത് അതുകൊണ്ട് തന്നെയാണ് ഫെമിനിസവും ഈക്വാലിറ്റിയും എതിര്‍ക്കപ്പെടുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ഒരുപാട് ബോധവല്‍ക്കരണവും ചര്‍ച്ചകളും മുന്നോട്ട് വയ്ക്കുമ്പോള്‍ നല്ല മാറ്റം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. അപ്പോള്‍ അവര്‍ തന്നെ തിരിഞ്ഞു കൈയടിക്കും. മലയാളികളില്‍ എനിക്ക് വിശ്വാസം ഉണ്ട്.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.