അഭിമുഖം -ഇന്ദ്രന്‍സ് ;ജീവിതത്തില്‍ കൂറെ കൂടി നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും
Face To Face
അഭിമുഖം -ഇന്ദ്രന്‍സ് ;ജീവിതത്തില്‍ കൂറെ കൂടി നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും
അശ്വിന്‍ രാജ്
Thursday, 8th March 2018, 6:59 pm

36 വര്‍ഷമായി ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ മലയാള സിനിമയില്‍ എത്തിയിട്ട്. വസ്ത്രാലങ്കാരത്തില്‍ തുടങ്ങി അഭിനേതാവായി മാറിയ ഇന്ദ്രന്‍സ് അഞ്ഞൂറിലധികം സിനിമകള്‍ ഇതിനോടകം ചെയ്തു. ഇതിനോടകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച ഇന്ദ്രന്‍സ് തന്റെ ഏറ്റവും പുതിയ സിനിമയായ ആളൊരുക്കത്തില്‍ ഇത് വരെ അവതരിപ്പിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു തുള്ളല്‍ കലാകാരനായാണ് എത്തുന്നത്.

2018 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനെ തേടിയെത്തിയതും അര്‍ഹതയ്ക്കുള്ള അംഗീകാരമായി. അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം സിനിമയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഇന്ദ്രന്‍സ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ഇന്ദ്രന്‍സ് ഏട്ടന്റെ ഏറ്റവും പുതിയ ചിത്രം ആളൊരുക്കം റിലീസിന് ഒരുങ്ങുകയാണ്, എന്താണ് ആളൊരുക്കം എന്ന സിനിമ ?

ആളൊരുക്കം ഒരു ഓട്ടന്‍ തുള്ളല്‍ കലാകാരന്റെ ജീവിതത്തെ ചുറ്റിപറ്റിയുള്ള കഥയാണ്. മാധ്യമ പ്രവര്‍ത്തകനായ വി.സി അഭിലാഷ് ആണ് സംവിധാനം ചെയ്യുന്നത്. രണ്ട് കുട്ടികളുടെ അച്ഛനായ സ്‌നേഹിക്കാന്‍ കുറച്ച് പിശുക്ക് ഉള്ള ഒരാള്‍. അയാളുടെ ജീവിതവും മുന്നോട്ടുള്ള യാത്രയും എല്ലാം ആണ് ഈ സിനിമ. അയാളെ കുറിച്ച് പറയുകയാണെങ്കില്‍ ഭാര്യ മരിച്ചു. മകന്‍ ചെറുപ്പത്തില്‍ എന്നോ നാട് വിട്ട് പോയി, ശകാരിച്ചപ്പോ പോയതാണ് . അന്ന് അയാള്‍ അവനെ അന്വേഷിക്കാന്‍ ഒന്നും നിന്നില്ല. കാരണം ആണ്‍കുട്ടിയല്ലെ ജീവിതം പഠിച്ച് മടങ്ങി വരും എന്നായിരുന്നു കരുതിയത്. ഇപ്പോള്‍ വൈകിയ കാലത്ത് അയാള്‍ തന്റെ മകനെ അന്വേഷിച്ച് ഇറങ്ങുകയാണ് അങ്ങിനെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ബാക്കിയെല്ലാം തിയേറ്ററില്‍ നിന്ന് കാണേണ്ടതാണ്.

 

ആളൊരുക്കത്തില്‍ ഒരു തുള്ളല്‍ കലാകാരനായിട്ടാണ് വരുന്നത്. ഈ കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമായിരുന്നു ?

തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു. എനിക്ക് കുറച്ച് കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. കാരണം ഞാന്‍ ഇതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളുടെ ഒരു സ്വഭാവമോ രീതികളോ ഇതില്‍ വരാന്‍ പാടില്ലെല്ലോ. സീരിയസായി ഒരു കാര്യം പറയുമ്പോള്‍ നമ്മള്‍ സീരിയസ് ആണെന്ന് ആളുകള്‍ക്ക് തോന്നണം. പിന്നെ ചിത്രത്തിന്റെ തിരക്കഥയും അഭിലാഷ് തന്നെയാണ്. അപ്പോള്‍ ഒരോ സീനിനെ കുറിച്ചും അഭിലാഷിന് വ്യക്തമായ ധാരണയുണ്ട്.

ശക്തമായ തിരക്കഥയാണ് ചിത്രത്തിനുള്ളത്. അപ്പോള്‍ അഭിലാഷ് കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്‍മാരെ ഇതിനായി കൊണ്ടുവന്നിരുന്നു. അവര്‍ നമുക്ക് സിനിമയ്ക്കാവശ്യമായ മുദ്രകളും മറ്റും പഠിപ്പിച്ചു തരും. ഈ സിനിമയില്‍ തുള്ളല്‍ അവതരിപ്പിക്കുന്നുണ്ട്, തുള്ളല്‍ ശീല്‍ ചൊല്ലുന്നുമുണ്ട്.

ആളൊരുക്കത്തിന്റെ മറ്റൊരു പ്രത്യേകത കഥാവശേഷന് ശേഷം വിദ്യാധരന്‍ മാസ്റ്റര്‍ ചേട്ടന് വേണ്ടി പാടുന്നു എന്നതാണ്. എങ്ങിനെയുണ്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒരു സന്ദര്‍ഭം ?

ശരിക്കും പറഞ്ഞാല്‍ കഥാവശേഷന് ശേഷം എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍ വീണ്ടും എനിക്ക് വേണ്ടി പാടുന്നത്. എന്നാല്‍ അതിനുള്ള ഒരു സാഹചര്യം ഒത്തു വന്നില്ല എന്നതാണ്. വളരെ യാദൃശ്ചികമായാണ് അഭിലാഷ് ഈ പാട്ട് വിദ്യാധരന്‍ മാസറ്ററെ കൊണ്ട് പാടിച്ചാലോ എന്ന ചോദിക്കുന്നത്. പാട്ടിന് ലിപ് ഇല്ല എന്നാലും വളരെ നിര്‍ണായക ഘട്ടത്തില്‍ വരുന്ന ഒരു പാട്ടാണ് അത്. ചിത്രത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍ പാടിയ പാട്ട് മറ്റൊരു സന്ദര്‍ഭത്തില്‍ സിതാരയും പാടിയിട്ടുണ്ട്. കഥാവശേഷനിലെ പോലെ തന്നെ നമ്മളെ നന്നായി സ്പര്‍ശിക്കുന്ന ഒന്ന് തന്നെയാണ് അത്.

പുതിയ സംവിധായകനാണ് അഭിലാഷ്. എങ്ങിനെയുണ്ടായിരുന്നു അഭിലാഷുമായുള്ള ഒരു അനുഭവം ?

അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുകയാണെന്ന് പറയില്ല. കാരണം സിനിമയെ കുറിച്ച് നല്ല ധാരണ അഭിലാഷിനുണ്ട്. പിന്നെ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് തന്നെയായിരുന്നു. നല്ല ധാരണയുള്ള സംവിധായകരുടെ അടുത്ത് ചെന്നാല്‍ നമ്മള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. അവര് പറയുന്നത് അതേ പോലെ അനുസരിച്ചാല്‍ മതി…ഭയങ്കര സുഖമായിരുന്നു ആ സിനിമ. എനിക്ക് ഒരിക്കലും പുതിയ ആളായി തോന്നിയില്ല. പിശക് പറ്റിയാല്‍ അപ്പോള്‍ തന്നെ മാറ്റി ചെയ്യാന്‍ ഒക്കെ പറയുമായിരുന്നു. അപ്പോള്‍ തന്നെ നമുക്ക് മനസിലാകും നമ്മളുടെ തീരുമാനം തെറ്റിയിട്ടില്ല എന്നത്.

 

താങ്കളുടെ സിനിമ കരിയര്‍ എടുത്ത് നോക്കുകയാണെങ്കില്‍ രണ്ട് തരത്തിലാണെന്ന് പറയാം. ഒന്ന് കോമഡി റോളുകള്‍ മാത്രം, പിന്നെ ഒരു ഘട്ടം മുതല്‍ ഇപ്പോള്‍ ചെയ്യുന്ന ക്യാരക്റ്റര്‍ റോളുകള്‍ ഈ ഒരു മാറ്റം എങ്ങിനെയാണ് കാണുന്നത്.?

അങ്ങിനെ ഒരു വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല കാരണം നമ്മള്‍ സിനിമയില്‍ കൊതിയോടെ എത്തിയതാണ്. അപ്പോള്‍ കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. സിനിമക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ അതിന്റെ ഒഴുക്കില്‍ ഞാനും ഒഴുകുകയാണ് എന്ന് പറയേണ്ടി വരും. ഒരോന്ന് കിട്ടുന്നത് അങ്ങിനെ ചെയ്യുന്നു. കിട്ടുന്ന വേഷങ്ങള്‍ മാറ്റി വെക്കുകയോ ചെയ്യില്ല എന്നും പറഞ്ഞ് മാറ്റി വെക്കാറില്ല.

ഒരോ കഥാപാത്രങ്ങളും വരുമ്പോള്‍ നമ്മള്‍ ഒരു ചെറിയ അന്വേഷണം നടത്തും അതേ പോലെയുള്ളവരെയോ അല്ലെങ്കില്‍ നമ്മുടെ മുന്‍കാല മഹാരഥന്‍മാര്‍ അഭിനയിച്ച് വച്ചിട്ടുള്ളതോ അങ്ങിനെ…പിന്നെ പണ്ടത്തെ പോലെ കോമഡി റോളുകള്‍ ഇപ്പോള്‍ കിട്ടാറില്ല അതോണ്ട് ചെയ്യാറില്ലെന്നെയുള്ളു.

സിനിമയില്‍ അഭിനയത്തിന്റെ 36 വര്‍ഷങ്ങള്‍ 500 ല്‍ അധികം സിനിമകള്‍, അര്‍ഹിക്കപ്പെട്ട അംഗീകാരങ്ങള്‍ കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടോ ?

ഒരോ വര്‍ഷവും നൂറിലധികം സിനിമകള്‍ ജൂറിക്ക് മുന്നില്‍ എത്തുന്നുണ്ട്. ഇത് കാണുന്നത് മൂന്നോ നാലോ പേരുള്ള ജൂറിയാണ് അവര്‍ സിനിമാക്കാര്‍ തന്നെയാണ് വ്യത്യസ്ത രീതികളാണ് അവര്‍ക്ക്. ഒരു സിനിമാ കാഴ്ച്ചക്കാരന്‍ എന്ന നിലക്ക് അശ്വിന് മമ്മൂട്ടിയെയായിരിക്കും ഇഷ്ടം എനിക്ക് മോഹന്‍ലാലിനെയായിരിക്കും എന്ന് പറഞ്ഞത് പോലെയുള്ള ടേസ്റ്റ് എല്ലാവര്‍ക്കും ഉണ്ടാകും. ഒരു നായകന്‍ എന്ന് പറഞ്ഞാല്‍ എങ്ങിനെയായിരിക്കണം എന്നെല്ലാം ആ മൂന്നാല് പേര്‍ ചേര്‍ന്ന് ആര്‍ക്കും പ്രശ്‌നമില്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്ത് പിണക്കാതെ തീരുമാനിക്കുന്നതാണ്.

 

ചിലപ്പോള്‍ നമ്മള്‍ നന്നായിട്ട് ചെയ്തിട്ടുണ്ടാകാം പക്ഷേ എന്നെക്കാള്‍ ക്ഷോഭിക്കുന്ന രീതിയില്‍ ചെയ്ത ആളുകള്‍ ഉണ്ടാവും. പിന്നെ ഒരു നടന്‍ എന്നതിന് എന്തൊക്കെ വേണമെന്ന് എനിക്ക് പോലും ചില ധാരണകള്‍ ഉണ്ട് ഈ ആകാരം, ശബ്ദം അങ്ങിനെയൊക്കെ. അതിനൊക്കെ അപവാദമാണ് എന്നെപോലെയൊരാള്‍

നമ്മള്‍ അത് ചെയ്യുന്നു എന്നെയുള്ളു അപ്പം അതില്‍ ഒരു പാട് അവകാശപ്പെടാന്‍ ഒന്നുമില്ല. അതില്‍ ദുഖിക്കേണ്ട കാര്യമൊന്നുമില്ല. കിട്ടിയാല്‍ സന്തോഷം കിട്ടിയില്ലെങ്കില്‍ ഒരു ഭാഗ്യവാന് അത് കിട്ടി അയാള്‍ അതിനേക്കാള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് അത്രയേ ഉളളു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമായിരുന്നു ഒരു ട്രെയിന്‍ യാത്രക്കിടെയുള്ള ചേട്ടന്റെ ചിത്രം. ഒരു സിനിമ കഴിയുമ്പോഴേക്കും താരമായി മാറി ആളുകളില്‍ നിന്ന് പലരും അകന്ന് നിക്കുമ്പോഴാണ് ചേട്ടന്‍ സാധരണക്കാരനായി ഇത്തരത്തില്‍ യാത്ര ചെയ്യുന്നത്?

എനിക്ക് ജീവിതത്തില്‍ കുറെക്കൂടി നിറം പിടിപ്പിക്കാന്‍ ഇഷ്ടമല്ല. അങ്ങിനെ നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും എനിക്ക് വലിയ ഇഷ്ടമാണ് ട്രെയിന്‍ യാത്ര. നല്ല സുഖമല്ലെ ട്രെയിന്‍ യാത്ര. നമുക്ക് കുറെ കൂട്ടുകാരെ കിട്ടും, അല്ലെങ്കില്‍ നമുക്ക് ധാരാളം വായിക്കാം, കിടന്ന് ഉറങ്ങാം അങ്ങിനെ. അടുത്തൊക്കെ പോകാന്‍ മാത്രമേ ഞാന്‍ കാറ് ഉപയോഗിക്കു. ഒരു ഡ്രൈവറെയും അല്ലാത്തെയാളെയും ഒക്കെ വെക്കുന്നത് നല്ലതാണ്. പക്ഷേ പിന്നെ ഇവര്‍ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നെല്ലാം ഞാന്‍ നോക്കേണ്ടെ. ഞാന്‍ തന്നെ ആര്‍ക്കും ഒരു പ്രശ്‌നമുണ്ടാക്കെതെ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. ചിലപ്പോള്‍ ചിലരോട് ദേഷ്യം വരും, പിണങ്ങുകയും ചെയ്യും അത് തന്നെ എനിക്ക് വിഷമമാണ്. ആ ഞാന്‍ എങ്ങിനെയാണ് ഒന്ന് രണ്ട് പേരെ സഹിക്കുക.

ഞാന്‍ എന്റെ സുഖത്തിനാണ് ഇങ്ങനെ ഇപ്പോഴും ഉത്സവത്തിനും മറ്റും പോകും. ഇടയ്ക്ക് പതുക്കെ ഹെല്‍മറ്റ് ഒക്കെ വെച്ച് തമ്പാനൂരിലൂടെ ഒക്കെ കറങ്ങാം. ഇതൊക്കെ നഷ്ടപ്പെടില്ലെ.

പത്മരാജന്‍ തൊട്ട് വി.സി അഭിലാഷ് വരെ നിരവധി സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചു. പുതിയ സംവിധായകരും പഴയ സംവിധായകരും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണ് ?

പലരും പല തരത്തില്‍ അല്ലെ. അപ്പോള്‍ ഒരോരുത്തരുടെയും രീതികള്‍ വ്യത്യസ്തമാണ്. പിന്നെ പുതിയ പിള്ളേരില്‍ നല്ല മിടുക്കന്‍മാര്‍ ഉണ്ട്. ചിലരുടെയൊക്കെ മനസ്സില്‍ നല്ല ആശയങ്ങള്‍ ഉണ്ട് എന്നാല്‍ അത് എങ്ങിനെ കൊണ്ട് വരണം എന്ന പ്രശ്‌നമുണ്ട്. അതിന് വേണ്ടി അവര്‍ നന്നായിട്ട് ശ്രമിക്കും. പണ്ട് ഉള്ളവര്‍ കുറെ കാലം പഠിച്ച് വരുന്നതല്ലെ അതിന്റെ ഒരു പ്രശ്‌നം പുതിയ പിള്ളേര്‍ക്ക് ഉണ്ട് എന്നതേയുള്ളു. ഇന്നത്തെ കാലത്ത് പിള്ളേര്‍ ചെയ്യുന്നത് വളരെ വ്യത്യസ്തമാണ് ഒരു പാട് ആശയങ്ങള്‍ അവര്‍ക്ക് ഉണ്ട്. അപ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നൊക്കെ കൗതുകത്തോടെ നോക്കും. അതില്‍ നമുക്ക് പലതും പഠിക്കാന്‍ ഉണ്ട്.

 

ഒരു ചെറിയ ലൈബ്രറി തന്നെ ചേട്ടന്റെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട് എങ്ങിനെയാണ് വായനയുടെ ലോകത്തേക്ക് വരുന്നത് ?

നമുക്ക് ഒരുപാട് സമയം കിട്ടും. സമയം വെറുതെ കിട്ടിയിട്ട് കാര്യമില്ല. കുഞ്ഞിലെ നമ്മള്‍ ജോലിക്കൊക്കെ പോകുമ്പോള്‍ ഞായറാഴ്ചയൊക്കെ ധാരാളം സമയം കിട്ടും. അപ്പോള്‍ നമ്മുടെ നാട്ടില്‍ ക്ലബ്ബുകളും വായനശാലകളും ഉണ്ട്. പിന്നെ ഞാന്‍ മാമന്റെ തയ്യല്‍ കടയില്‍ ആയിരുന്നപ്പോള്‍ അവിടെ രണ്ട് പത്രങ്ങള്‍ ഇടും. മാമനൊക്കെ കമ്മ്യൂണിസ്റ്റ്കാരനായതോണ്ട് ദേശാഭിമാനിയും പിന്നെ കേരളകൗമുദിയും ആയിരുന്നു. അപ്പോള്‍ പത്രം വായിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ ധാരാളം ആളുകള്‍ അവിടെ വരും. നമ്മള്‍ അതൊക്കെ കേള്‍ക്കും. അന്ന് അവര്‍ എന്താണ് പറയുന്നത് എന്നതൊക്കെ പിന്നീട് ഞായറാഴ്ചയാണ് നോക്കുന്നത്.

പിന്നെ എല്ലാ ആഴ്ചയും വായനശാലയിലൊക്കെ പോകുമ്പോള്‍ അവിടെ നിറയെ പുസ്തകങ്ങള്‍ ഉണ്ടാവും അന്നൊക്കെ മലയാളമല്ലാതെ ഒന്നും അറിയില്ലായിരുന്നു. മലയാളം തന്നെ തപ്പി തടഞ്ഞ് ആണ് വായിക്കുന്നത്. എനിക്ക് തോന്നുന്നു അന്നത്തെ ആ വായനയാണ് കുറച്ചെങ്കിലും നമ്മൂടെ കണ്ണിലെ ഇരുട്ട് മാറി കിട്ടിയത്. പിന്നെ അഭിനയിക്കാന്‍ തുടങ്ങിയതോടെ ധാരാളം സമയം കിട്ടി.

പല നല്ല സിനിമകളും തിയേറ്ററില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ ?

അത് പണ്ട് മുതലെ അങ്ങിനെയാണ് . പക്ഷേ ഇത്തരം സീരിയസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ ഉണ്ട്. ഫെസ്റ്റിവലിനൊക്കെ പോയാല്‍ നമുക്ക് അത് കാണാം. എന്നാല്‍ ഇന്ന് ആര്‍ക്കും സമയം ഇല്ല തിരക്കാണ്. ഒരു സിനിമ ഇന്നു വേണ്ട നാളെ പോയികാണാം എന്ന് വെച്ചാല്‍ അത് തിയേറ്ററില്‍ കാണില്ല. സമയം മാറ്റിയിരിക്കും, അല്ലെങ്കില്‍ വേറെ സിനിമയായിരിക്കും.

ഒരു സിനിമക്ക് ഒരു തിയേറ്റര്‍ അനുവദിച്ച് കൊടുത്താല്‍ ആ സമയം പാലിക്കണം. ആളുണ്ടെങ്കിലും ഇല്ലെങ്കിലും അത്രയും സമയമെങ്കിലും അനുവദിച്ച് കൊടുക്കണം. ഇപ്പോള്‍ ഒരു ഊര്‍ജസ്വലനായ സംവിധായകനും നിര്‍മ്മാതാവും ആണെങ്കിലും ആളെ കൊണ്ട് വരുമ്പോഴേക്കും സിനിമ പോയിക്കാണും. പിന്നെ ചിലര്‍ സിനിമ ഷൂട്ടിംഗ് കഴിയുമ്പോഴേക്ക് തന്നെ അവരുടെ താല്‍പ്പര്യം നശിച്ചിട്ടുണ്ടാകും. നമ്മുടെ ഒരു സിനിമ തിയേറ്ററില്‍ എത്തുമ്പോഴേക്കെങ്കിലും അത് ആളുകള്‍ കാണണം. എന്തിനാണ് ഈ സിനിമ എടുത്തതെന്ന് എന്നെങ്കിലും മനസില്‍ വെക്കേണ്ടെ.

 

പാതിയെന്ന സിനിമ ഒക്കെ ആളുകള്‍ അറിഞ്ഞില്ല. ആ സിനിമയിറങ്ങിയ സമയത്ത് ഞാന്‍ മോനോട് പറഞ്ഞു ആ സിനിമ അമ്മയേയും കൂട്ടി പോയി കാണ് എങ്ങിനെയുണ്ടെന്ന് അറിയാലോ എന്ന്. പക്ഷേ അവിടെ പോയി നോക്കുമ്പോ അങ്ങിനെ ഒരു സിനിമ ഇറങ്ങിയതായി അവര്‍ക്ക് അറിയില്ല. അവര്‍ ചോദിച്ചത് പന്ത്രണ്ട് പേര്‍ പോലും ഇല്ലാതെ എങ്ങിനയാ നടത്തുന്നതെന്നാണ് ചോദിക്കുന്നത്. മണ്‍ട്രോതുരുത്തും അങ്ങിനെയാണ് മേളയില്‍ ഒക്കെ നല്ല അഭിപ്രായം കേട്ടിട്ടുണ്ടെങ്കിലും എന്തോ ആളുകളില്‍ എത്തിയില്ല.

മലയാള സിനിമ ഇന്ന് ചെറിയ കണക്കുകളില്‍ നിന്ന് മാറി ലോകമൊട്ടാകെ മാര്‍ക്കറ്റാക്കി വലുതാകുകയാണ്. എന്തായിരിക്കും മലയാള സിനിമയുടെ ഭാവി?

പണ്ടെ പറയാറുണ്ട് സിനിമ സമ്പന്നരുടെ കലയാണ്. കലാകരന് കളം വരക്കാന്‍ ഒരു സമ്പന്നന്‍ എന്ന്. കാശ് മുടക്കുന്നവര്‍ കലാകാരന്‍മാര്‍ കൂടിയാണെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാവും. ഇല്ലെങ്കില്‍ ധൂര്‍ത്തും മറ്റും ഉണ്ടാകും. എന്നാല്‍ സിനിമയെ ഇതൊന്നും ബാധിക്കില്ല. ജീവിതം ഉള്ളിടത്തോളം കാലം സിനിമയും ഉണ്ടാകും അതിന്റെ ടെക്‌നോളജിയും മറ്റും വളരുന്നതിന് അനുസരിച്ച് ചിലവും വര്‍ധിക്കും. കഥ വളരും, കലാകാരന്‍മാരും വളരും എല്ലാം നല്ലതിനാണ് എന്നാണ് എനിക്ക് തോന്നുന്നത്.

സിനിമയെ സ്വപനം കാണുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവരോട് ഇന്ദ്രന്‍സ് ഏട്ടന് എന്താണ് പറയാനുള്ളത്.

ജീവിതം പഠിച്ചാല്‍ നല്ല സിനിമക്കാരനാവും. നമുക്ക് ചുറ്റുമുള്ള ആളുകളെ സഹജീവികളെ സ്‌നേഹിച്ച്. അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും എല്ലാം മനസിലാക്കിയാല്‍ നമുക്ക് നല്ല സിനിമക്കാരനാവാന്‍ കഴിയും. നമ്മുടെ ചുറ്റുപാട് നമ്മള്‍ അറിയണം. ആളുകളെ ബഹുമാനിക്കുന്നതും ബഹുമാനിക്കാതിരിക്കുന്നതും എല്ലാം നമ്മള്‍ അറിഞ്ഞാല്‍ മാത്രമേ നല്ല സിനിമാക്കാരന്‍ ആവാന്‍ കഴിയു. പിന്നെ സിനിമയിലേക്ക് വരുമ്പോള്‍ അത് ലാഭം ഉണ്ടാക്കാന്‍ മാത്രമുള്ള ഒന്നായി കരുതരുത് അത്രയേ ഉള്ളു.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.