രാം നാരായണനെയും അഷ്റഫിനെയും കൊന്ന ആൾക്കൂട്ടത്തിന് ഒരേ വികാരമാണ് - അബ്ദുൽ ജബ്ബാർ
Dool Talk
രാം നാരായണനെയും അഷ്റഫിനെയും കൊന്ന ആൾക്കൂട്ടത്തിന് ഒരേ വികാരമാണ് - അബ്ദുൽ ജബ്ബാർ
ഫഹീം ബറാമി
Wednesday, 24th December 2025, 6:47 pm
ബംഗ്ലാദേശി എന്ന് പറയുമ്പോള്‍ സിക്‌സറടിക്കുന്ന സന്തോഷത്തിലാണ് ആള്‍ക്കൂട്ടം അയാളെ ആക്രമിക്കുന്നത്. ആ മനോഭാവത്തിനെതിരെയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്, ആ മനോഭാവം സൃഷ്ടിക്കപ്പെട്ടത് ഒരു നിമിഷം കൊണ്ടല്ല കാലക്രമേണ സംഘപരിവാറിന്റെ നിരന്തരമായ ശ്രമത്തിന് ഫലമായി ഉണ്ടായതാണ്. | മംഗലാപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അഷ്‌റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ സംസാരിക്കുന്നു

 ഫഹീം ബറാമി: കഴിഞ്ഞ മൂന്നു ദിവസമായി തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിൽ രാംനാരായണന് നീതിക്ക് വേണ്ടി താങ്കൾ കാത്തിരിക്കുന്നു, ആ അനുഭവത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

അബ്ദുൽ ജബ്ബാർ: ഞാൻ വാർത്ത കേട്ടിട്ടാണ് എറണാകുളത്ത് നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികളെല്ലാം തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചിട്ടാണ് നടക്കുന്നതെന്ന് ഞാൻ വാർത്തയിൽ കണ്ടു. അങ്ങോട്ട് പോകുമ്പോൾ തന്നെ നമ്മുടെ സംസ്ഥാനത്ത് ആൾക്കൂട്ടാക്രമണ കേസ് കൈകാര്യം ചെയ്ത ഒരേ ഒരു വ്യക്തി ഞാനാണെന്നുള്ള ഒരു ബോധ്യം എനിക്കുണ്ടായിരുന്നു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങോട്ട് പോകുന്നത്.

അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുന്നത് ഇന്ന വകുപ്പുകൾ ചേർത്താണം, അവർക്ക് വ്യക്തമായ കോമ്പൻസേഷൻ ഉറപ്പാക്കണം എന്നുള്ളതൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് പ്രകാരമാണ് ഞാൻ പോകുന്നത് പക്ഷെ ഞാൻ അവിടെ എത്തിയപ്പോഴുള്ള ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് വെച്ചാൽ അവിടെ ആരും ഉണ്ടായിരുന്നില്ല.

രാം നാരായണൻ

മാധ്യമ പ്രവർത്തകടക്കം രാവിലെ വാർത്ത നൽകി എന്നല്ലാതെ അതിന്റെ അനുബന്ധമായിട്ടുള്ള ഒരു കാര്യങ്ങൾക്കും ആരും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഞാനവിടെ എത്തുന്നത്. എനിക്ക് ഹിന്ദി അറിയാത്തതിനാൽ കർണാടക പി.യു.സി.എല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അഡ്വക്കേറ്റ് മാൻവിക്ക് ഫോൺ കണക്ട് ചെയ്തു. അവർ മുഖേന ഞാൻ റാം നാരായണന്റെ സഹോദരങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

 

ഫഹീം ബറാമി: ഹിന്ദുത്വ ആൾക്കൂട്ടം ഏഴ് മാസത്തിനു മുൻപാണ് താങ്കളുടെ സഹോദരനെ കൊലപ്പെടുത്തിയത് അതേ അവസ്ഥ മറ്റൊരാൾക്ക് വന്നതിനെ തുടർന്നാണോ താങ്കൾ രാംനാരായണന് നീതി തേടിയെത്തിയത്?

അബ്ദുൽ ജബ്ബാർ: തീർച്ചയായിട്ടും അതാണ് ഞാൻ നേരത്തെ വിശദീകരിച്ചത്. ഓരോ ആൾക്കൂട്ടാക്രമണ കേസുകളും ഓരോ രീതിയാണ്. അഷ്റഫ് മരണപ്പെടുന്നതിലും രാംനാരായണൻ മരണപ്പെടുന്നതിലും ഒരു കാരണമുണ്ട് അതിന്റെ ആൾക്കൂട്ടത്തിന് ഒരേ വികാരമാണ് വികാരം രൂപപ്പെടുന്നത് വംശീയതയുടെ ഭാഗമായിട്ടാണ്.

അത് തഹ്സീ പൂനവാല വിധി പകർപ്പിൽ കൃത്യമായിട്ട് പറയുന്നുണ്ട്. അത് ഹേറ്റ് ക്യാമ്പയിൻ മൂലമാണ്. സംഘപരിവാർ സംഘടനകൾ തുടർച്ചയായിട്ട് നടത്തുന്ന ഹേറ്റ് ക്യാമ്പയിൻ. അവർ അത് മാത്രം നടത്തിയാൽ മതി. ആൾക്കൂട്ടാക്രമണം നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കും.

മംഗലാപുരത്ത് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ അഷ്‌റഫ്‌

103/2 വകുപ്പ് കൊണ്ടുവന്നത് സംഘപരിവാർ ഗവൺമെന്റ് ആണ്. പക്ഷെ ആ വകുപ്പ് നടപ്പിലാക്കേണ്ടത് തഹ്സീ പൂനവാല ഗൈഡ് ലൈൻ പ്രകാരം തന്നെ ആവണം. അല്ലെങ്കിൽ നീതി കിട്ടില്ല.

ഉദാഹരണത്തിന് ആർ.എസ്.സ് ഒരു ആക്രമണം പ്ലാൻ ചെയ്തു അത് അഞ്ചിൽ കൂടുതൽ ആളുണ്ടെങ്കിൽ അത് കേവലം ആൾക്കൂട്ട ആക്രമണമാണ്. അതിൽ രണ്ട് ബുദ്ധിയാണ് പ്രയോഗിച്ചിരുന്നത്. ആർ.എസ്.എസ് നേരിട്ട് നടത്തുന്ന ആക്രമമാണെങ്കിൽ കേവലം ആൾകൂട്ടാക്രമണമാക്കിയെടുക്കുന്നതിനാണ് ആ വകുപ്പ് അവർ സൃഷ്ടിച്ചിരിക്കുന്നത്.

തഹ്സീൻ പൂനവാല ഗൈഡ്‌ലൈന്‍ കൃത്യമായി പാലിക്കുമ്പോഴാണ് ഇരകൾക്ക് നീതി കിട്ടുക. അതിനകത്ത് കാരണക്കാർക്കെതിരെയും കൂടി നടപടിയെടുക്കാം. ഹേറ്റ് ക്യാമ്പയിൻ ആരെങ്കിലും നടത്തിയാൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുകയും പ്രദേശത്തെ ഓരോ ക്ലസ്റ്ററുകളാക്കി മാറ്റി കേസ് അന്വേഷിക്കും. ആര് ഹേറ്റ് ക്യാമ്പയിൻ നടത്തിയാലും പൂനവാല ഗൈഡ്‌ലൈന്‍ വച്ച് ബി.എൻ.എസിൽ ഈ വകുപ്പ് വച്ച് അറസ്റ്റ് ചെയ്യാൻ പറ്റും.

അവർക്ക് ജാമ്യം കിട്ടില്ല. കേരളത്തിൽ ഇത് ഇമ്പ്ലിമെന്റ് ചെയ്യണം. ഈ കേസിന്റെ ഭാഗമായിട്ട് അത് നടത്തണം. മന്ത്രിയോട് നമ്മൾ ചീഫ് സെക്രട്ടറിക്ക് ശുപാർശ കൊടുക്കും എന്നാണ് പറഞ്ഞത് . അത് പഠിച്ചിട്ട് കൃത്യമായി ഇമ്പ്ലിമെന്റ് ചെയ്യാമെന്നാണ് രാജീവ് മിനിസ്റ്റർ നമ്മളോട് പറഞ്ഞത്.

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരയുന്ന രാം നാരായണന്റെ കുടുംബം

 ഫഹീം ബറാമി: 3 ദിവസമെടുത്തിട്ടാണ് സർക്കാരിന്റെ ഇടപെടൽ, രാം നാരായണന്റെ സഹോദരന്റെ കയ്യിൽ നിന്ന് ആംബുലൻസ് സേവനത്തിനു പണം ആവശ്യപ്പെട്ടെന്ന് വാർത്ത വായിക്കാനിടയായി, അതൊന്ന് വിശദീകരിക്കാമോ?

അബ്ദുൽ ജബ്ബാർ: സത്യം പറഞ്ഞാൽ നമ്മുടെ കേരള പോലീസ് സിസ്റ്റം ഇതിൽ പരാജയമാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ പോലീസുകാർ പറഞ്ഞത് ഈ ബോഡി ഛത്തീസ്ഗഡിലോട്ട് എത്തിക്കണം. അതിന് മലയാളിയായാൽ മാത്രമേ എസ്‍.സിഎസ്.ടി വകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കുകയുള്ളു.

അങ്ങനെ ഓരോ പ്രൊവിഷൻസ് ഉണ്ട്. ഇങ്ങെനെയുള്ള ഒരു വിഷയം വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്ന് സ്റ്റേറ്റിന് തന്നെ ബോധ്യമില്ല.നമ്മളെ സംബന്ധിച്ചത് ചിലപ്പോൾ മധു കേസിനു ശേഷം ഇതൊരു ആദ്യ അനുഭവമായിരിക്കാം പക്ഷേ ആ സിസ്റ്റം ശരിയാക്കേണ്ടത്. ഇങ്ങനെ ഒരാക്രമണമുണ്ടായാല്‍ ബന്ധുക്കളുടെ കയ്യിൽ നിന്നും പണം വാങ്ങാതെ ചെയ്യാൻ ഗവൺമെന്റ് പ്രത്യേക സർക്കുലർ ഇറക്കണം. അല്ലാതെ കേവലം ഒരു പോലീസുകാരൻ പണം ആവശ്യപ്പെട്ടു എന്നുള്ളതല്ല പ്രശ്നം. അത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. ഇതിന്റെ ഭാഗമായിട്ട് ഇനി അതാണ് പരിഹരിക്കേണ്ടത്.

ഫഹീം ബറാമി: ‘പാകിസ്ഥാനി’ എന്ന് പറഞ്ഞാണ് താങ്കളുടെ സഹോദരനെ ആൾക്കൂട്ടം കൊല്ലുന്നത് ‘ബംഗ്ലാദേശി’ എന്ന് പറഞ്ഞിട്ടാണ് രാംനാരായണനും കൊല്ലപ്പെടുന്നത്. ഏറ്റവും പുതിയ കാലത്ത് വിദ്വേഷ പരാമർശങ്ങൾ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നതായി താങ്കൾക്ക് തോന്നുന്നുണ്ടോ?

അബ്ദുൽ ജബ്ബാർ: തീർച്ചയായിട്ടും അതാണ് പറഞ്ഞത്, ഈ പാക്കിസ്ഥാനിയെന്നും അല്ലെങ്കിൽ ബംഗ്ലാദേശിയെന്നും പറയുന്നതിലും ഒരു മുസ്‌ലിം മതവിദ്വേഷം ഉണ്ട്. ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ കൊന്നാ നമ്മൾ അയാൾക്ക് വേണ്ടി സംസാരിക്കും. നമ്മൾ കൊല്ലപ്പെട്ട കുടുംബത്തിന്റെയും അവരുടെ നീതിക്കും വേണ്ടിയാണ് നിലകൊള്ളേണ്ടത്.

പാക്കിസ്ഥാനി ഒരു ഹിന്ദു ഇന്ത്യക്കാരനാണെന്ന് പറഞ്ഞു കൊലപ്പെടുത്തിയാൽ നമ്മൾ നിൽക്കേണ്ടത് ഹിന്ദുവിന്റെയും അവിടുത്തെ ന്യൂനപക്ഷത്തിന്റെയും കൂടെയാണ് . പാകിസ്ഥാനിൽ മുസ്‌ലിം സംഘപരിവാർ ഉണ്ടാവാം അതൊരു മനോഭാവത്തിന്റെ പേരാണ് ‘സംഘപരിവാർ’. ആ ഒരു മനോഭാവം നോർത്തിലൊക്കെ സംഭവിച്ചു കഴിഞ്ഞു, കേരളത്തിലും അത് വന്നുകൊണ്ടിരിക്കുന്നു.

വാളയാറിന്റെ ഭാഗമായിട്ടുള്ള ഒരു ഉൾഗ്രാമത്തിൽ ഒരു വ്യക്തി വന്നപ്പോൾ അദ്ദേഹത്തോട് പറയുകയാണ് നിങ്ങൾ ബംഗ്ലാദേശി ആണോയെന്ന്? അയാൾക്ക് ശരിക്കും ഹിന്ദി അറിയില്ല, അയാൾ എസ്‌.സി ഗ്രാമത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അയാൾക്ക് ഹിന്ദി അറിയില്ല.

അയാളുടെ വിചാരം ഇയാളോട് വേറെ എന്തോ ചോദിക്കുകയാണ് എന്നാണ്. അയാൾക്ക് ഇങ്ങനെ അടി കിട്ടുകയാണ് അയാൾക്ക് മനസ്സിലാകുന്നില്ല ഇതെന്താണ് ഇവ ചോദിക്കുന്നതെന്ന്. മലയാളമാണോ ഈ ബംഗ്ലാദേശി എന്ന് പറഞ്ഞാൽ ഇയാൾക്ക് അറിയണ്ടേ?

 ഫഹീം ബറാമി: അഥിതി തൊഴിലാളികൾക്ക് ഏറ്റവും സുരക്ഷയുള്ള സംസ്ഥാനമായാണ് നമ്മുടെ സംസ്ഥാനത്തെ കാണുന്നത്, ഈ കൊലപാതകത്തിന് ശേഷം ഒരു ഭയം നമ്മുടെ സംസ്ഥാനത്തെ പറ്റി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

അബ്ദുൽ ജബ്ബാർ: തീർച്ചയായിട്ടും അവരിനി ഭയപ്പെടും. നമ്മൾ സ്റ്റേറ്റിനെ കുറിച്ച് നമ്മൾ സ്വയം അഭിമാനിക്കുകയാണ്. നമ്മൾ മൂല്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നു. ഇടതുപക്ഷ ഗവൺമെന്റാണ് ഇവിടെ ഭരിക്കുന്നത്. ഈ സിസ്റ്റങ്ങളെല്ലാം മൂല്യത്തിന്റെ ഭാഗമാണെന്ന് നമ്മൾ വിശ്വസിക്കുന്നു.

കേരളത്തിലെ അഥിതി തൊഴിലാളികൾ

നമ്മൾ മോർച്ചറിയുടെ മുന്നിലേക്ക് പോകുമ്പോൾ ഇവരുടെ ബന്ധുക്കളായ അതിഥി തൊഴിലാളി ഒന്നും അറിയാതെ നിൽക്കുന്നു, അവിടെ രൂപപ്പെട്ടത് നമ്മളിൽ വന്ന മൂല്യച്യുതിയാണ്. അത് നമ്മളെല്ലാരും ആത്മപരിശോധന നടത്തേണ്ട കാര്യമാണ് . ഒരു 10,000 പേരെങ്കിലും ആ വാർത്ത കേട്ടിട്ടുണ്ടാവുമല്ലോ അതിൽ നിന്ന് ഒരാൾ പോലും അവിടെ വന്നിട്ടില്ല.

 ഫഹീം ബറാമി: രാംനാരായണൻ കേസിൽ ഇനി എങ്ങനെ ഇടപെടാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്?

അബ്ദുൽ ജബ്ബാർ: രാംനാരായണന് തീർച്ചയായിട്ടും നീതി കിട്ടും. എന്റെ കടമ ഏറെക്കുറെ അവിടെ അവസാനിക്കപ്പെട്ടു. വിവിധങ്ങളായ സംഘടതേറ്റെടുത്തു. കേരളത്തിൽ ഒന്ന് ട്രാക്കിലാക്കിയാൽ പിന്നെ അത് പോകും. അതുകൊണ്ട് ഞാൻ അത് ജസ്റ്റ് ഒന്ന് ഫോളോ ചെയ്യുക എന്നല്ലാണ്ട് നമ്മൾ അതിൽ ഇനി ഇറങ്ങി പ്രവർത്തിക്കേണ്ട ഒരു കാര്യമില്ല, കാരണം അത് ട്രാക്കിലായി, തീർച്ചയായിട്ടും 100 ശതമാനം ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു രാം നാരായണന് നീതി ലഭ്യമായിരിക്കും.

Content Highlight: Interview with Abdul Jabbar on mob lynching of Ram Narayan

ഫഹീം ബറാമി
ഡൂള്‍ന്യൂസില്‍ വീഡിയോ ജേണലിസ്റ്റ്, ജാമിയ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ജേണലിസത്തില്‍ പി.ജി.