മനുഷ്യരുടെ രാജ്യത്ത് ആരാണ് പ്രതി ? ഉണ്ണി. ആര്‍ സംസാരിക്കുന്നു.
Dool Talk
മനുഷ്യരുടെ രാജ്യത്ത് ആരാണ് പ്രതി ? ഉണ്ണി. ആര്‍ സംസാരിക്കുന്നു.
മനില സി. മോഹൻ
Sunday, 21st April 2019, 6:56 pm

കഥാകൃത്ത് ഉണ്ണി ആറിന്റെ ആദ്യ നോവലായ ‘പ്രതി പൂവന്‍കോഴി’ പുറത്തിറങ്ങുകയാണ്. രാജ്യത്തിന്റെ വര്‍ത്തമാനകാല ജീവിതവും രാഷ്ട്രീയവും പറയുന്ന നോവല്‍ ഏപ്രില്‍ 23ന് ലോക പുസ്തക ദിനത്തിലാണ് വായനക്കാരിലേക്കെത്തുന്നത്. നോവലിനെ കുറിച്ച് ഉണ്ണി. ആര്‍ സംസാരിക്കുന്നു.

താങ്കളുടെ ആദ്യ നോവലാണ് പ്രതി പൂവന്‍കോഴി. ഫാന്റസിയും രാഷ്ട്രീയവും ഇടകലര്‍ന്ന ആഖ്യാന രീതിയാണ് നോവലിനുള്ളത്. എഴുത്തിന്റെ, എല്ലാത്തരം എഴുത്തിന്റേയും സമകാലീന ഭാവുകത്വം രാഷ്ട്രീയമായി മാറുന്നത് എന്ത് കൊണ്ടാണെന്നാണ് കരുതുന്നത്?

ഭാവുകത്വത്തെ രാഷ്ട്രീയമായി വായിക്കുന്ന രീതി ഉറച്ചിട്ടുണ്ടന്ന് തോന്നുന്നു. പണ്ട് സാഹിത്യത്തില്‍, സിനിമയില്‍ മുന്‍ പിന്‍ നോക്കാതെ ഉപയോഗിച്ചിരുന്ന പല വാക്കുകളും ശൈലികളും ചില കാഴ്ചകളുമൊക്കെ കുറച്ചു പേരെങ്കിലും ശ്രദ്ധയോടെ മാറ്റാന്‍ തയ്യാറാവുന്നുണ്ട്. അധികാരത്തിന്റെ വേര്‍തിരിവിന്റെ ഒക്കെ അത്തരം അഹങ്കാരങ്ങളെ ഇനി ഞങ്ങള്‍ക്ക് സഹിക്കാന്‍ പ്രയാസമുണ്ട് എന്ന് ഉറക്കെപ്പറഞ്ഞത് ഈ രാഷ്ട്രീയ വായനകളാണ്. എഴുത്തുകാരനോ എഴുത്തുകാരിക്കോ അവരുടെ സ്വയം ന്യായീകരണങ്ങളിലൂടെ ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കാമെങ്കിലും വായനക്കാര്‍ മുന്നോട്ട് വെക്കുന്ന വായനകള്‍ ഇന്നത്തെ സമൂഹത്തിലെ മാറ്റി നിര്‍ത്താനാവാത്ത യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ ഏത് കൃതിയേയും വിമര്‍ശിക്കാന്‍ ഈ സാധ്യത ഉപയോഗിക്കുന്നവരുമുണ്ട്. എഴുത്തുകാരനോടോ എഴുത്തുകാരിയോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ വെറുതെ ദളിത് വിരുദ്ധം സ്ത്രീവിരുദ്ധം എന്നൊക്കെ എഴുതുന്നവരുമുണ്ട്. പകപോക്കലല്ല വിമര്‍ശനം. ഈ അടുത്ത കാലത്ത് ടി വി മധു സുനില്‍ പി ഇളയിടത്തിന്റെ ഒരു പുസ്തകത്തിന് എഴുതിയ ഒരു നിരൂപണം വായിച്ചു. സുനിലിന്റെ പുസ്തകത്തോടുള്ള വിമര്‍ശനം മധു എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നമ്മള്‍ പഠിക്കേണ്ടതാണ്. വിമര്‍ശകന്റെ അല്ലെങ്കില്‍ വിമര്‍ശകയുടെ എഴുത്തിനോട് ആദരവ് തോന്നണമെങ്കില്‍, അവര്‍ അവരുടെ ഭാവുകത്വത്തില്‍ മാത്രമല്ല അവരുടെ ഭാഷയിലും ജനാധിപത്യപരമായ നവീനത സൃഷ്ടിക്കേണ്ടതുണ്ട്.

 

മതം, ദേശീയത, ആചാരങ്ങള്‍ തുടങ്ങിയവയെയൊക്കെ മറഞ്ഞിരുന്ന് കൂവുന്ന ഒരു ശബ്ദം നോവലിലുണ്ട്. ഒറ്റയ്ക്കാവുമ്പോഴൊക്കെ ഉച്ചത്തില്‍ കൂവാനാഗ്രഹിക്കുന്ന ഒരു മനുഷ്യ കഥാപാത്രം താങ്കളുടെ ഭൂതാവിഷ്ടന്‍ എന്ന മുന്‍ കഥയിലും ഉണ്ട്. പക്ഷേ ഈ രണ്ട് കൂവലുകള്‍ തമ്മില്‍ വലിയ വ്യത്യാസം അനുഭവിക്കാന്‍ പറ്റും. ആദ്യത്തേത് വ്യക്തിപരമാണെങ്കില്‍, രണ്ടാമത്തേത് സാമൂഹികമാണ്. ഈ വ്യത്യാസത്തേയും അതിനിടയിലെ കാലത്തിന്റെ മാറ്റത്തേയും പറ്റി പറയാമോ?

ഭൂതാവിഷ്ടന്‍ എന്ന കഥയിലാണ് കൂവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ കഥ എഴുതിയത്. അയാള്‍ ഒടുവില്‍ ചരിത്രത്തെ ഓര്‍മയെ എല്ലാം സ്വയം തിരസ്‌ക്കരിക്കുന്നത് ഓഷ്വിറ്റ്‌സ് എന്നത് ഒരു ഹോട്ടലിന്റെ പേരാണ് എന്ന് പറഞ്ഞു കൊണ്ടാണ്. കാലം ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ അതേ കൂവലിന് മറ്റൊരു രീതിയില്‍ മാറ്റമുണ്ടാകുന്നു. അത് ചരിത്രത്തിലെ അനിവാര്യതയായി മാറുന്നു. ഭയത്തിന്റെ കിടങ്ങുകള്‍ ചുറ്റും കുഴിക്കപ്പെട്ടിരിക്കുമ്പോള്‍ അങ്ങനെയൊരു ആവിഷ്‌ക്കാരത്തിന് തടസ്സമുണ്ടാകുന്നു. കൂവല്‍ എന്നതിനെ എങ്ങനേയും വ്യാഖ്യാനിക്കാം എന്നുള്ളതുകൊണ്ട് ഞാനതിനെ ഇപ്പോള്‍ ആവിഷ്‌ക്കാരം എന്ന് വിളിക്കുകയാണ്.അങ്ങനെ നിര്‍ഭയരായി സ്വന്തം ആവിഷ്‌ക്കാരങ്ങളെ മുന്നോട്ട് വെക്കാന്‍ ശ്രമിച്ചവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഓര്‍ത്തെടുത്താല്‍ നമുക്ക് മനസ്സിലാവും. ഭൂതാവിഷ്ടനില്‍ നിന്ന് പ്രതി പൂവന്‍കോഴിയിലേക്ക് എത്തുമ്പോള്‍ പല രീതിയിലുമുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. സാമൂഹികമായും വ്യക്തിപരമായും.

ഈ നോവലില്‍ പലതരം ആള്‍ക്കൂട്ടങ്ങളുണ്ട്. അവര്‍ സംവദിക്കുന്നുണ്ട്. കാലം ഇന്നത്തെ താണ് എന്ന് വായനക്കാര്‍ക്ക് തോന്നുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതിലാരും മൊബൈല്‍ ഫോണുപയോഗിക്കുകയോ വെര്‍ച്വല്‍ മീഡിയയിലെ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല. ആ ഒരു അസാന്നിധ്യം കൗതുകകരമായിത്തോന്നി. അങ്ങനെയൊരു അസാന്നിധ്യത്തിന്റെ സാധ്യത ഇനിയുള്ള കാലത്ത് നിലനില്‍ക്കുമോ?

ഇത് സമകാലിക ജീവിതമായി പറയുവാന്‍ നമ്മുടെ സഹചാരിയായ മൊബൈല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ സാദ്ധ്യതകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്.ഇത് ഇന്ത്യയിലെ ഏത് ഗ്രാമത്തിലും വെച്ച് പറയാവുന്ന കഥയാണ്.ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും ഇത് മനസ്സിലാവുകയും ചെയ്യും. നാടന്‍ കഥകള്‍ കേട്ട് വളര്‍ന്നവര്‍ക്ക് ഈ നോവലിന്റെ ആഖ്യാനരീതി കുറച്ച് കൂടുതലായി മനസ്സിലാവുകയും ചെയ്യുമെന്ന് തോന്നുന്നു. അസംബന്ധം നിറഞ്ഞ അല്ലെങ്കില്‍ അവ്യക്തവും നുണ നിറഞ്ഞതുമായ ഒരു ചുറ്റുപാടിനുള്ളില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന് യുക്തി എന്നത് വളരെ ദൂരെയുള്ള ,അപ്രാപ്യമായ ഒരു കാര്യമായി തോന്നുകയാണ്. അത് അവര്‍ക്കരികിലുണ്ടെങ്കിലും ഒരു ജനത അയുക്തിയുടെ പുകയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ യുക്തി ശ്വസിക്കാന്‍ അവര്‍ക്ക് ആവുന്നില്ല. അതു കൊണ്ടു തന്നെ അവരില്‍ ഏതെല്ലാം തരം ഗാഡ്ജറ്റ്‌സ് ഉണ്ടെങ്കിലും അവരിലെ പ്രാചീനാവസ്ഥ മാറുന്നില്ല.

നോവലിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഗാഡ്ജറ്റുകളോ വെര്‍ച്വല്‍ മീഡിയാ സാധ്യതകളോ ഉപയോഗിക്കുന്നില്ലാ എങ്കിലും വായനക്കാര്‍ അങ്ങനെ ആയിരിക്കില്ല എന്ന് അറിയാമല്ലോ? വായനയും വായനക്കാരും അതുകൊണ്ടുതന്നെ വായനക്കാരുടെ പ്രതികരണങ്ങളും വെര്‍ച്വല്‍ മീഡിയയിലാണ് കൂടുതലും നടക്കുക. പ്രതി പൂവന്‍കോഴിയുടെ സ്ഥാനം മലയാള നോവല്‍ സാഹിത്യത്തില്‍ എവിടെയായിരിക്കും എന്നാണ് കരുതുന്നത്?

തീര്‍ച്ചയായും.അവര്‍ വായിക്കുന്നത് നോവലിന്റെ ഇ- ബുക്ക് ആവാം. അത്തരം സാധ്യതകളെ മാറ്റിനിര്‍ത്തിയതല്ല. ഒരു നോവല്‍ ഈ കാലത്ത് എഴുതപ്പെടണമെങ്കില്‍ സമകാലിക ജീവിതത്തിലെ നിത്യോപയോഗ സാധനങ്ങള്‍ അതില്‍ ഉണ്ടാവണം എന്ന് വാശി പിടിക്കേണ്ട കാര്യമില്ല. ഒരാള്‍ എഴുതുമ്പോള്‍ തിരഞ്ഞെടുക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അത് വാക്കുകളുടെ തെരഞ്ഞെടുപ്പ് പോലെയാണ്.ഇതില്‍ ഒരിടത്ത് ഫോണ്‍ വിളിയുണ്ട്. ഒരു പക്ഷേ, എന്റെ എഴുത്തില്‍ ആദ്യമായിട്ട് ഫോണ്‍ വന്നത് പോലും ഇതില്‍ ആണന്ന് തോന്നുന്നു.

 

ഈ നോവലിന് മലയാള സാഹിത്യത്തിലെ ഇടം എവിടെ എന്നൊന്നും അറിയില്ല. അങ്ങനെ ഒരു ഇടം ആഗ്രഹിച്ചല്ല ഇത് എഴുതിയത്.എഴുതിയേ മതിയാവൂ എന്ന ഉറച്ച രാഷ്ട്രീയ ബോധ്യത്തിലാണ് എഴുതിയത്. അതു കൊണ്ട് തന്നെ എന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ഈ എഴുത്തിന് ഒരു സ്ഥാനമുണ്ട്. അത് മതി എന്ന് തോന്നുന്നു.

മനുഷ്യര്‍ക്കും മനുഷ്യനല്ലാത്ത ഒരു ജീവിക്കും ഇടയിലുള്ള വിനിമയത്തിന്റെ രസകരമായ നിഗൂഢതയുണ്ട് ഈ നോവലില്‍. നാടോടിക്കഥകളില്‍, ജന്തു കഥകളില്‍ ഒക്കെ മനുഷ്യരും ജീവജാലങ്ങളും തമ്മിലുള്ള സംവേദനങ്ങള്‍ നമുക്ക് പരിചിതവുമാണ്. എന്തുകൊണ്ടാണ് മനുഷ്യരുടെ കഥ പറയുന്ന ഒരു നോവലില്‍ കേന്ദ്രകഥാപാത്രമായി ഒരു ജീവിയെ വെച്ചത്?

ഒരു ആധുനിക നാടോടിക്കഥാ ആഖ്യാന സ്വഭാവം ഈ നോവലിനുണ്ടാവണം എന്ന് ആഗ്രഹിച്ചു. അത് എത്രത്തോളം വിജയിച്ചു എന്ന് അറിയില്ല. കേന്ദ്രകഥാപാത്രമായി ഒരു കോഴിയാണ് വന്നത്. എന്റെ പല കഥകളിലും ഈ ജന്തുജീവനുകള്‍ ഉണ്ടാവാറുണ്ട്. ഈ നോവല്‍ ഈ കോഴിയിലൂടെയേ പറയാന്‍ കഴിയൂ എന്ന് തോന്നി.

എഴുത്തുകാര്‍ ഒരു കൂവല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് എന്തു തോന്നുന്നു?

അര്‍ഹിക്കുന്നുണ്ടാവാം. പക്ഷേ, അവര്‍ കൊല്ലപ്പെടുന്നത് അനര്‍ഹമായ കാര്യമാണ്

പ്രതി പൂവന്‍കോഴിയിലെ ഒരു കഥാപാത്രത്തിന്റെ പേര് ജലീല്‍ എന്നാണ്. അയാള്‍ നോവലില്‍ നിശ്ശബ്ദനെങ്കിലും അതിശക്തമായ സാന്നിധ്യമാണ്. വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട് കൊന്നുകളഞ്ഞ മാവോയിസ്റ്റ് പ്രവര്‍ത്തകനായ സി.പി.ജലീലിനെ പേര് കൊണ്ടും സാന്നിധ്യം കൊണ്ടും അയാള്‍ ഓര്‍മിപ്പിച്ചു.

ജലീലിന്റെ മരണം വ്യക്തിപരമായി കുറച്ചു ദിവസത്തേക്ക് എന്നെ അസ്വസ്ഥനാക്കിയിരുന്നു. അസ്വസ്ഥത എന്ന് പറഞ്ഞാല്‍ ശരിക്കും സങ്കടം. എന്തുകൊണ്ടാണന്നൊന്നും അറിയില്ല. ചിലപ്പോള്‍ നമ്മളൊക്കെ സുരക്ഷിതരായ ഇടം നോക്കി ജീവിക്കുന്നതിന്റെ കുറ്റബോധം കൊണ്ടാവാം. വ്യക്തിപരമായി ജലീലിനെ എനിക്കറിയില്ല.ജലീല്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടും എനിക്ക് യോജിപ്പില്ല. പക്ഷേ, ഒരിക്കല്‍ ഈ നാട്ടിലെ ചൂഷകരില്‍ നിന്ന് ചൂഷണം ചെയ്യപ്പെടുന്ന ആളുകള്‍ വിമോചനം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്ന ആ സത്യസന്ധതയുണ്ടല്ലോ അതാണ് അയാളെ ഒരു വിപ്ലവകാരിയാക്കിയത്. അതിലെ ശരിതെറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യാം.

 

പക്ഷേ,ജലീല്‍ കൊല്ലപ്പെട്ടത് കാശും ഭക്ഷണവും ചോദിച്ചതുകൊണ്ടാണോ ?അതോ തണ്ടര്‍ബോള്‍ട്ടിനോട് ഏറ്റുമുട്ടിയതുകൊണ്ടോ? വിശക്കുന്നവരേ ഭക്ഷണം ചോദിക്കൂ. ആ ചോദ്യത്തില്‍ അവരുടെ ഗതികേടുണ്ട്. നിസ്സഹായതയുണ്ട്. പണം ചോദിക്കുന്നത് സര്‍വ്വൈവലിനു വേണ്ടിയും.നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ വീടുകളിലും ഓഫീസുകളിലും കടകളിലും ചെന്ന് ഭീഷണിപ്പെടുത്തി കാശ് വാങ്ങാറില്ലേ? അവരെ വെടിവെച്ച് കൊന്നാല്‍ കേരളം കത്തില്ലേ?

തണ്ടര്‍ബോള്‍ട്ടിനോട് ഏറ്റുമുട്ടാന്‍ മാത്രം സായുധരല്ല അവരെന്ന് വാര്‍ത്ത വന്നിരുന്നു.ജലീലിന്റെ സഹോദരന്‍ തന്നെ അത് വ്യക്തമാക്കിയിരുന്നു. ഇലക്ഷനായതിനാല്‍ ആരുമത് കേട്ടില്ല.ജലീലിന്റെ മരണം സൗകര്യപൂര്‍വ്വം മറച്ച് വെക്കപ്പെട്ടു. ഒരാളെ കൊല്ലാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്? ഏറ്റുമുട്ടല്‍ എന്ന ഓമനപ്പേരിട്ടാല്‍ ആരെയും കൊല്ലാമെന്നാണോ? വലിയൊരു ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ ഇറങ്ങിത്തിരിച്ച ഈ യുവാക്കളെ നിഷ്‌ക്കളങ്കരായ വിഡ്ഢികള്‍ എന്നു വേണമെങ്കില്‍ വിളിക്കാം. പക്ഷേ, ആ നിഷ്‌ക്കളങ്കത നിങ്ങളുടെ തോക്കിനു മുന്നില്‍ അവസാനിപ്പിക്കുമ്പോള്‍ ഇവിടെ അവസാനിപ്പിക്കപ്പെടുന്നത് പ്രതിഷേധിക്കാനുള്ള മനുഷ്യന്റെ ജനാധിപത്യപരമായ സ്വാതന്ത്ര്യം കൂടിയാണ്.നോവലിലെ ജലീല്‍ ഒരു സാധാരണക്കാരനാണ്. കുറച്ചൊക്കെ ഭീരുത്വമുള്ള മനുഷ്യനുമാണ്.സി.പി.ജലീല്‍ സാധാരണക്കാരനായിരുന്നു. പക്ഷേ, അയാള്‍ ഭീരുവായിരുന്നില്ല.

 

 

മനില സി. മോഹൻ
മാധ്യമപ്രവര്‍ത്തക, മാതൃഭൂമി ആഴ്ചപതിപ്പ്, കൈരളി ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം