ഒരു സോഷ്യലിസ്റ്റ് രാജ്യം തകര്‍ക്കപ്പെടുന്നത് എണ്ണ കൊള്ളയടിക്കാന്‍
DISCOURSE
ഒരു സോഷ്യലിസ്റ്റ് രാജ്യം തകര്‍ക്കപ്പെടുന്നത് എണ്ണ കൊള്ളയടിക്കാന്‍
വിജയ് പ്രഷാദ്
Sunday, 4th January 2026, 11:50 am
ലാറ്റിന്‍ അമേരിക്കയില്‍ സോഷ്യലിസം പടരുന്നത് തടയുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ട്രംപിന്റെ പുതിയ സുരക്ഷാ നയം പറയുന്നത് ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വെനസ്വലെയിലെ ഭരണം അട്ടിമറിക്കണമെന്നാണ്. അഭിമുഖം:വിജയ് പ്രഷാദ് | ഫ്രാങ്ക് ബാരറ്റ്

അമേരിക്ക വെനസ്വലെയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഫ്രാങ്ക് ബാരറ്റ് മാധ്യമ പ്രവര്‍ത്തകനും ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസേര്‍ച്ച് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ വിജയ് പ്രഷാദുമായി നടത്തിയ അഭിമുഖം

 

ഫ്രാങ്ക് ബാരറ്റ്: വെനസ്വലെയില്‍ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ നിങ്ങളോട് സംസാരിക്കണമെന്ന് കരുതിയതാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെ അമേരിക്ക കാരക്കാസില്‍ ബോംബാക്രമണം നടത്തുകയും, പ്രസിഡന്റ് മഡൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. എന്താണ് അവിടെ ശരിക്കും നടക്കുന്നത്?

വിജയ് പ്രഷാദ്:  1989ല്‍ പനാമയില്‍ നടന്ന സംഭവങ്ങളുടെ ആവര്‍ത്തനമാണിത്. അന്ന് അമേരിക്ക പനാമ സിറ്റിയില്‍ ക്രൂരമായി ബോംബാക്രമണം നടത്തുകയും സ്‌പെഷ്യല്‍ ഫോഴ്‌സിനെ അയച്ച് പ്രസിഡന്റ് മാനുവല്‍ നൊറിഗയെ തട്ടിക്കൊണ്ടുപോയി ഫ്‌ളോറിഡയില്‍ വിചാരണ ചെയ്യുകയുമായിരുന്നു. വര്‍ഷങ്ങളോളം ജയിലലടച്ചു, മരിക്കുന്നതിന് തൊട്ടുമുമ്പ് വിട്ടയച്ചു. പനാമയില്‍ അമേരിക്ക തങ്ങള്‍ക്ക് താത്പര്യമുള്ള ഒരു സര്‍ക്കാരിനെ പ്രതിഷ്ഠിക്കുകയായിരുന്നു.

മാനുവല്‍ നൊറിഗ ഫ്ളോറിഡയില്‍ തടവില്‍. Photo: Wikipedia

വെനസ്വലെയ്ക്കും ഇതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. വെനസ്വലന്‍ തീരത്ത് അമേരിക്കന്‍ നാവികസേന തമ്പടിച്ചപ്പോള്‍ തന്നെ ഇത്തരം പല സാഹചര്യങ്ങളും ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

ഫ്രാങ്ക് ബാരറ്റ്: വെനസ്വലെയ്ക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത് തടയാന്‍ കഴിയാതിരുന്നത്?

വിജയ് പ്രഷാദ്: വ്യോമ പ്രതിരോധ സംവിധാനങ്ങളെ ജാം ചെയ്യാനുള്ള അത്യാധുനിക സാങ്കേതികവിദ്യ അമേരിക്കയുടെ പക്കലുണ്ട്. വെനസ്വലെയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ അവ ഉപയോഗിച്ച് അമേരിക്ക നിര്‍വീര്യമാക്കിയിരിക്കാനാണ് സാധ്യത.

പാകിസ്ഥാനില്‍ കടന്ന് ഒസാമ ബിന്‍ ലാദനെ പിടികൂടിയപ്പോഴും പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങള്‍ അറിഞ്ഞിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും, ബ്രസീലും കൊളംബിയയും മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക തങ്ങള്‍ക്ക് വേണ്ടത് സൈനികമായി ചെയ്യുകയാണ്.

ഈ ആക്രമണത്തിന് തൊട്ടുമുമ്പ് പോലും ചൈനീസ് പ്രതിനിധി മഡൂറോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് സൈനികമായി ചെയ്യുമെന്ന് ഇത് കാണിച്ചുതരുന്നു.

ഫ്രാങ്ക് ബാരറ്റ്: വെനസ്വലെയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് വലിയ ചരിത്രമുണ്ടല്ലോ? എന്തുകൊണ്ടാണ് അവര്‍ക്ക് വെനസ്വലെയില്‍ ഇത്ര താത്പര്യം?

വിജയ് പ്രഷാദ്: ഇത് പെട്ടെന്നുണ്ടായ ഒന്നല്ല. 1998ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ വന്നത് മുതല്‍ അമേരിക്ക വെനസ്വേലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം വെനസ്വലെയുടെ എണ്ണ സമ്പത്ത് തന്നെയാണ്.

ഹ്യൂഗോ ഷാവേസ്

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം വെനസ്വലെയിലാണ്. 2001ല്‍ ഷാവേസ് കൊണ്ടുവന്ന ഹൈഡ്രോകാര്‍ബണ്‍ നിയമമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

വെനസ്വലെയുടെ മണ്ണിലുള്ള എണ്ണസമ്പത്ത് ആ രാജ്യത്തിന്റേതാണെന്നും വിദേശ കമ്പനികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കണമെങ്കില്‍ വെനസ്വലെന്‍ കമ്പനികളുമായി പങ്കാളിത്തം വേണമെന്നുമായിരുന്നു ഈ നീയമത്തിലെ വ്യവസ്ഥ.

എണ്ണസമ്പത്തിന്റെ പകുതിയിലധികം വെനസ്വലെന്‍ കമ്പനികള്‍ക്ക് അവകാശപ്പെട്ടതാണെന്ന ആ നിയമം എക്‌സോണ്‍ മൊബീല്‍ (Exxon Mobile) പോലുള്ള കമ്പനികള്‍ക്ക് അംഗീകരിക്കാനായില്ല. കൂടാതെ, ഈ എണ്ണപ്പണം ഉപയോഗിച്ച് ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കന്‍ വിരുദ്ധമായ ഒരു സോഷ്യലിസ്റ്റ് ചേരി കെട്ടിപ്പടുക്കാന്‍ ഷാവേസും മഡൂറോയും ശ്രമിച്ചതും അമേരിക്കയെ പ്രകോപിപ്പിച്ചു.

‘ഞങ്ങളുടെ എണ്ണ ഞങ്ങള്‍ക്ക് തിരികെ വേണം’ എന്ന് ട്രംപ് പരസ്യമായി പറഞ്ഞത് പോലും എക്‌സോണ്‍ മൊബീലിന് വേണ്ടിയാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഫ്രാങ്ക് ബാരറ്റ്: സോഷ്യലിസത്തോടുള്ള അമേരിക്കയുടെ എതിര്‍പ്പും ഇതിന് പിന്നിലുണ്ടോ?

വിജയ് പ്രഷാദ്: തീര്‍ച്ചയായും. എണ്ണയേക്കാള്‍ ഉപരിയായി, ആ എണ്ണപ്പണം കൊണ്ട് ഷാവേസ് ചെയ്ത കാര്യങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. അദ്ദേഹം എണ്ണ വരുമാനം പാവപ്പെട്ട ജനങ്ങള്‍ക്കായി വിനിയോഗിച്ചു, കരീബിയന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ നല്‍കി പ്രാദേശിക കൂട്ടായ്മകള്‍ (ALBA, UNASUR) ഉണ്ടാക്കി, ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് അമേരിക്കന്‍ സ്വാധീനം കുറയ്ക്കാന്‍ ശ്രമിച്ചു.

ഹ്യൂഗോ ഷാവേസും നിക്കോളാസ് മഡൂറോയും

അമേരിക്കന്‍ ആധിപത്യത്തിന് ബദലായി ഒരു ലോക സോഷ്യലിസം കെട്ടിപ്പടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇത് തകര്‍ക്കുക എന്നതാണ് അമേരിക്കയുടെ രാഷ്ട്രീയ ലക്ഷ്യം.

ലാറ്റിന്‍ അമേരിക്കയില്‍ സോഷ്യലിസം പടരുന്നത് തടയുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ട്രംപിന്റെ പുതിയ സുരക്ഷാ നയം പറയുന്നത് ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വെനസ്വലെയിലെ ഭരണം അട്ടിമറിക്കണമെന്നാണ്

ഫ്രാങ്ക് ബാരറ്റ്: മഡൂറോ ഒരു മയക്കുമരുന്ന് കടത്തുകാരനാണ് (Narco-Terrorist) എന്ന് അമേരിക്ക ആരോപിക്കുന്നുണ്ടല്ലോ. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

വിജയ് പ്രഷാദ്: ഇത് ശുദ്ധ അസംബന്ധമാണ്. അമേരിക്കയുടെ തന്നെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ (DEA) റിപ്പോര്‍ട്ടുകള്‍ പ്രകാരം 85 ശതമാനത്തിലധികം കൊക്കെയ്‌നും വരുന്നത് കൊളംബിയയില്‍ നിന്നാണ്, വെനസ്വലെയില്‍ നിന്നല്ല. വെനസ്വലെന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവര്‍ കെട്ടിച്ചമച്ച കഥയാണിത്. വെനസ്വലെന്‍ തീരത്ത് ചെറുകപ്പലുകള്‍ ബോംബിട്ട് തകര്‍ക്കാനും എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കാനും അമേരിക്ക ഉപയോഗിക്കുന്ന ഒരു ഒഴിവുകഴിവ് മാത്രമാണിത്.

ഫ്രാങ്ക് ബാരറ്റ്: മഡൂറോയ്ക്ക് ഷാവേസിനെപ്പോലെ ജനപിന്തുണയുണ്ടോ? ജനങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും?

വിജയ് പ്രഷാദ്: ഷാവേസിന് ശേഷം രാജ്യം ഭരിക്കുക എന്നത് മഡൂറോയ്ക്ക് പ്രയാസകരമായിരുന്നു, പ്രത്യേകിച്ചും എണ്ണവില തകര്‍ച്ചയും അമേരിക്കയുടെ ഉപരോധങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍. എങ്കിലും, വലതുപക്ഷ ഒളിഗാര്‍ക്കി (Oligarchy) തിരികെ വരുന്നത് ഭയപ്പെടുന്ന ജനങ്ങള്‍ മഡുറോയെ പിന്തുണയ്ക്കുന്നു.

നിക്കോളാസ് മഡൂറോ. Photo: Wikipedia

സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജമാണ്. അമേരിക്ക ബോംബാക്രമണം തുടരുകയാണെങ്കില്‍, ജനങ്ങള്‍ ആയുധമെടുത്ത് പോരാടും. അത് വെനസ്വേലയെ മറ്റൊരു ഇറാഖ് ആക്കി മാറ്റിയേക്കാം.

ഫ്രാങ്ക് ബാരറ്റ്: മഡൂറോയെ മാറ്റിയാല്‍ വെനസ്വേലയില്‍ സമാധാനം ഉണ്ടാകുമോ? ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?

വിജയ് പ്രഷാദ്: മഡൂറോയെ നീക്കം ചെയ്താലും അവിടെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വെനസ്വലെന്‍ ജനത തങ്ങളുടെ രാജ്യത്തെ പഴയ പ്രഭുവര്‍ഗ ഭരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായെന്ന് വരില്ല.

അമേരിക്ക മരിയ കൊറീന മച്ചാഡോയെ (Maria Corina Machado) അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഇത് വെനസ്വലെയെ ഒരു ഭീകരമായ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.

മരിയ കൊറീന മച്ചാഡോ. Wikimedia Commons

അമേരിക്ക അവിടെ സൈന്യത്തെ ഇറക്കിയാല്‍ അത് ഇറാഖിലേതുപോലെ ഒരു ഗറില്ലാ യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്, കാരണം ധാരാളം സാധാരണക്കാര്‍ക്ക് ഗവണ്‍മെന്റ് പ്രിതിരോധമെന്നോണം ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വലതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്നത് ഈ മേഖലയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും.

ഫ്രാങ്ക് ബാരറ്റ്: ഇത് ലാറ്റിന്‍ അമേരിക്കയെ മൊത്തത്തില്‍ എങ്ങനെ ബാധിക്കും?

വിജയ് പ്രഷാദ്: ലാറ്റിന്‍ അമേരിക്കയില്‍ ഇപ്പോള്‍ വലതുപക്ഷ ശക്തികള്‍ക്ക് സ്വാധീനം കൂടുന്ന ഒരു ‘രോഷാകുലമായ വേലിയേറ്റം’ (Angry Tide) ആണ് കാണുന്നത്. ചിലിയിലും ബൊളീവിയയിലും ഹോണ്ടുറാസിലും മാറ്റങ്ങള്‍ വന്നുകഴിഞ്ഞു.

വെനസ്വേലയിലെ ഈ നീക്കം വിജയിച്ചാല്‍ കൊളംബിയയിലും ബ്രസീലിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരും. ലാറ്റിന്‍ അമേരിക്കയിലെ ‘പിങ്ക് ടൈഡ്’ (ഇടതുപക്ഷ തരംഗം) അവസാനിക്കുകയും ഒരു വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുകയും ചെയ്യുന്ന കാലമാണിത്. ലാറ്റിന്‍ അമേരിക്കയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.

 

Content Highlight: Interview Frank Barat | Vijay Prashad

 

വിജയ് പ്രഷാദ്
ചരിത്രകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍