8-2ന് തോല്‍പ്പിച്ചവനാണ്! മറ്റൊരു ഫൈനലില്‍ തന്റെ ആര്‍ച്ച് നെമസിസിനെതിരെ മെസി ഇറങ്ങുന്നു
Sports News
8-2ന് തോല്‍പ്പിച്ചവനാണ്! മറ്റൊരു ഫൈനലില്‍ തന്റെ ആര്‍ച്ച് നെമസിസിനെതിരെ മെസി ഇറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd December 2025, 11:44 am

മേജര്‍ ലീഗിന്റെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ന്യൂയോര്‍ക് സിറ്റിയെ പരാജയപ്പെടുത്തി മെസിയും സംഘവും വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഹെറോണ്‍സിന്റെ വിജയം. ഇതാദ്യമായാണ് ഇന്റര്‍ മയാമി കോണ്‍ഫറന്‍സ് കിരീടം ചൂടുന്നത്.

ഈ വിജയത്തോടെ തന്റെ പോര്‍ട്‌ഫോളിയോയില്‍ 47 കിരീടം ചേര്‍ത്തുവെക്കാനും മെസിക്ക് സാധിച്ചു. ഇന്റര്‍ മയാമിക്കൊപ്പം താരത്തിന്റെ മൂന്നാം കിരീടമാണിത്.

എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടവുമായി ഇന്റര്‍ മയാമി. Photo: Inter Miami/x.com

 

ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ വിജയിച്ചതിന് പിന്നാലെ എം.എല്‍.എസ് കപ്പ് പോരാട്ടത്തിന് യോഗ്യത നേടാനും മയാമിക്ക് സാധിച്ചു. വെസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സാണ് എതിരാളികള്‍.

കിരീടപ്പോരാട്ടത്തിന്. Photo: mlssoccer.com

ലയണല്‍ മെസിക്ക് എക്കാലവും ദുസ്വപ്‌നങ്ങള്‍ സമ്മാനിച്ച തോമസ് മുള്ളറിനൊപ്പമാണ് വൈറ്റ്ക്യാപ്‌സ് മെസിപ്പടയെ നേരിടാനൊരുങ്ങുന്നത് എന്നതാണ് ആരാധകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലുമാക്കുന്നത്.

തോമസ് മുള്ളർ. Photo: mlssoccer.com

മുള്ളറിനും സംഘത്തിനുമെതിരെ മെസി കളത്തിലിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ 2020ലെ ബാഴ്‌സലോണ – ബയേണ്‍ മ്യൂണിക് മത്സരം തന്നെയായിരിക്കും ഓടിയെത്തുക.

യുവേഫ ചാമ്പ്യന്‍സ് ലിഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സ ആറ് ഗോളിന്റെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. കറ്റാലന്‍മാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നായിരുന്നു അത്.

ബാഴ്സ ആരാധകർ ഒരിക്കലും മറക്കില്ല: Photo Screen Grab/ FC Bayern Munich/ YouTube

ബയേണ്‍ 8-2ന് വിജയിച്ച മത്സരത്തില്‍ ബവാരിയന്‍സിന്റെ മധ്യനിരയില്‍ കളി മെനഞ്ഞ മുള്ളര്‍ രണ്ട് ഗോളും ബാഴ്‌സയുടെ വലയില്‍ അടിച്ചുകയറ്റിയിരുന്നു.

മേജര്‍ ലീഗ് സോക്കര്‍ വെസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ സാന്‍ ഡിയാഗോ എഫ്.സിയെ പരാജയപ്പെടുത്തിയാണ് വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വൈറ്റ് ക്യാപ്‌സ് വിജയം നേടിയത്.

ഡിസംബര്‍ ഏഴിനാണ് കിരീടപ്പോരാട്ടത്തില്‍ മയാമി വൈറ്റ് ക്യാപ്‌സിനെ നേരിടുന്നത്. ചെയ്‌സ് സ്റ്റേഡിയമാണ് വേദി.

 

Content highlight: Inter Miami will face Vancouver Whitecaps in MLS Cup Final