ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടിയാണ് സമനിലയിലെത്തിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ അവസാന 16ലേക്ക് ഇരു ടീമുകളും യോഗ്യത നേടിയിരിക്കുകയാണ്.
നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റാണ് മെസിയുടെ ഇന്റര്‍ മയാമിക്കും പാല്‍മിറസിനുമുള്ളത്.
അവസാന ഘട്ട ത്രില്ലിങ് മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ട് പിന്നിട്ട് നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു പാല്‍മിറസ്. ആദ്യ പകുതിയിലെ 16ാം മിനിട്ടില്‍ ടഡിയോ അല്ലെന്‍ഡിയായിരുന്നു പാല്‍മിറസിന്റെ വല കുലുക്കിയത്. ശേഷം 65ാം മിനിട്ടില്‍ ലൂയിസ് സുവാരെസും ഗോള്‍ നേടിയതോടെ പാല്‍മിറസ് ഏറെ സമ്മര്‍ദത്തിലാകുകയായിരുന്നു.
എന്നാല്‍ അവസാന ഘട്ടത്തിലെ 80ാം മിനിട്ടില്‍ പാല്‍മിറസ് മയാമിയുടെ വല കുലുക്കി സ്വന്തം കളിക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ 87ാം മിനിട്ടില്‍ മയാമിയുടെ ഡിഫസ് മറികടന്ന് മൗറിസിയോ പാല്‍മിറസിന് വേണ്ടി സമനില ഗോള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.