മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി. സിറ്റി ഫീല്‍ഡില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റിക്കെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് ദി ഹെറോണ്‍സിന്റെ വിജയം. മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസി തിളങ്ങി.
ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ മയാമി താരങ്ങള്‍ പന്തുമായി കുതിച്ചു. അതിന്റെ ഫലം ആദ്യ പകുതിയില്‍ തന്നെ ഗോളിന്റെ രൂപത്തിലെത്തി. 43ാം മിനിട്ടില്‍ ബാള്‍ട്ടസര്‍ റോഡ്രിഗസ് ടീമിന്റെ ഒന്നാം ഗോള്‍ വലയിലെത്തിച്ചു. ഇതിനായി പന്തെത്തിച്ചത് മെസിയായിരുന്നു. പിന്നാലെ ഒന്നാം പകുതിയ്ക്ക് അവസാനമായി.
രണ്ടാം പകുതിയിലും ആധിപത്യം മയാമിയ്ക്ക് തന്നെയായിരുന്നു. ഏറെ മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ 74ാം മിനിട്ടില്‍ ക്ലബ്ബിന്റെ രണ്ടാം ഗോളെത്തി. മെസിയായിരുന്നു ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍. സെര്‍ജിയോ ബുസ്‌ക്വെറ്റിന്റെ വകയായിരുന്നു ഈ ഗോളിനുള്ള അസിസ്റ്റ് നല്‍കിയത്.
ഏറെ വൈകാതെ ദി ഹെറോണ്‍സ് മൂന്നാം ഗോള്‍ കണ്ടെത്തി. ലൂയിസ് സുവാരസാണ് ടീമിനായി 83ാം
മിനിട്ടില്‍ പന്ത് വലയിലെത്തിച്ചത്. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് മറ്റൊരു പന്ത് കൂടി ന്യൂയോര്‍ക്കിന്റെ നെഞ്ച് തകര്‍ത്ത് വലയിലെത്തി.
തന്റെ ഇരട്ട ഗോള്‍ തികച്ച് മെസിയാണ് പന്ത് പോസ്റ്റിലേക്ക് അടിച്ച് കയറ്റിയത്. മാര്‍സെലോ വെയ്ഗാന്റ് 86ാം മിനിട്ടില്‍ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു മെസി ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തിയതോടെ മയാമിക്ക് മറ്റൊരു വിജയം കൂടി അക്കൗണ്ടിലാക്കാനായി.
മത്സരത്തില്‍ 4 – 4 -1 – 1 എന്ന ഫോര്‍മേഷനിലാണ് മെസിയും സംഘവും കളിക്കളത്തില്‍ പോരിനിറങ്ങിയത്. അതേസമയം, 4 – 2 – 3 – 1 എന്ന ഫോര്‍മേഷനാണ് ന്യൂയോര്‍ക്ക് സിറ്റി മയാമിക്കെതിരെ സ്വീകരിച്ചത്.
കളിക്കളത്തില്‍ മയാമിയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്. മത്സരത്തില്‍ 52 ശതമാനവും പന്തടക്കം ദി ഹെറോണ്‍സിനായിരുന്നു. എട്ട് ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 12 തവണയാണ് മയാമി ന്യൂയോര്‍ക്കിന്റെ വല ലക്ഷ്യമാക്കി പന്ത് തൊടുത്തത്.
അതേസമയം, പൊസഷനില്‍ മയാമിക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിക്കായെങ്കിലും ഗോളുകള്‍ ഒന്നും നേടാനായില്ല. ഒമ്പത് ഷോട്ടുകളാണ് സിറ്റി താരങ്ങള്‍ അടിച്ചത്. അതില്‍ രണ്ടെണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.
Content Highlight: Inter Miami defeated New York City in MLS with Lionel Messi double goal