മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയ്ക്ക് സൂപ്പര്‍ വിജയം. ഇന്ന് ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡി.സി. യുണൈറ്റഡിനെ തകര്‍ത്താണ് ടീം ജയിച്ച് കയറിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ദി ഹെറോണ്‍സിന്റെ വിജയം. മെസിയുടെ ഇരട്ട ഗോള്‍ മികവിലാണ് ടീം വിജയം സ്വന്തമാക്കിയത്.
ആദ്യ വിസിലെത്തിയത് മുതല്‍ മത്സരത്തില്‍ ആധിപത്യം നേടുകയെന്ന ലക്ഷ്യത്തോടെ മയാമി താരങ്ങള്‍ പന്തുമായി കുതിച്ചു. മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ ടീമിന്റെ ആദ്യ ഗോളെത്തി. ടാഡിയോ അല്ലെന്‍ഡെയായിരുന്നു ടീമിനായി ഒന്നാം ഗോള്‍ സ്‌കോര്‍ ചെയ്തത്.
മെസിയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നല്‍കിയത്. 35ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഏറെ വൈകാതെ ഒന്നാം പകുതിയ്ക്ക് അവസാനമായി. രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കകം തന്നെ ഡി.സി. യുണൈറ്റഡ് മയാമിയുടെ ഒപ്പമെത്തി. ക്രിസ്റ്റ്യന്‍ ബെന്റെകെയാണ് അവര്‍ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്.
ഏറെ വൈകാതെ മയാമി ലീഡ് നല്‍കി മെസിയുടെ ഗോളിലെത്തി. ജോര്‍ഡി ആല്‍ബ നല്‍കിയ പന്ത് സ്വീകരിച്ചാണ് താരം 66ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ചത്.
പിന്നാലെ മയാമി ഒരു ഗോള്‍ കൂടി നേടി. 85ാം മിനിട്ടില്‍ മെസിയാണ് ടീമിനായി ഗോള്‍ സ്വന്തമാക്കിയത്. താരത്തിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കിയതാകട്ടെ സെര്‍ജിയോ ബുസ്‌ക്വെറ്റായിരുന്നു.
ശേഷിക്കുന്ന സമയത്ത് മുന്നേറ്റങ്ങള്‍ നടന്നെങ്കിലും ഇതേ നിലയില്‍ മത്സരം അവസാനിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍, യുണൈറ്റഡ് തങ്ങളുടെ പോരാട്ടം തുടര്‍ന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അവര്‍ രണ്ടാം ഗോള്‍ കണ്ടെത്തി. ജേക്കബ് മുറെലായിരുന്നു ഈ ഗോള്‍ നേടിയത്. പിന്നാലെ റഫറി ഫൈനല്‍ വിസില്‍ വിളിച്ചതോടെ മയാമി വിജയിച്ചു.
മത്സരത്തില്‍ 67 ശതമാനം പന്തടക്കം മയാമിക്കായിരുന്നു. ഏഴ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റടക്കം 17 ഷോട്ടുകളാണ് മെസിയും കൂട്ടരും എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. അതേസമയം, പത്ത് ഷോട്ടുകളാണ് ഡി.സി. യുണൈറ്റഡ് അടിച്ചത്. അതില്‍ ആറെണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.
Content Highlight: Inter Miami defeated DC United in MLS with Lionel Messi double goal