| Sunday, 26th September 2010, 4:30 pm

Inside wayanad സഞ്ചാര സാഹിത്യ പരമ്പര

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മളൊരു ചുരം കയറി തുടങ്ങുകയാണ്. മഞ്ഞും മഴയും ഇരുട്ടും പച്ചപ്പും നിറഞ്ഞ ഒരു ചുരം. ഈ മലമടക്കുകള്‍ കയറിയാല്‍ അവിടെയൊരു നാടുണ്ട്. വയനാട്. സഞ്ചാരികള്‍ക്കും ചരിത്രകാരന്‍മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും എന്നും വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന നാട്. വയലും കുന്നും പുഴകളും കോടമഞ്ഞും എല്ലാം നിറഞ്ഞ നാട്.

ആ നാടിന്‍റെ നാഡി ഞരമ്പുകള്‍ തൊട്ടറിഞ്ഞുകൊണ്ട് നമ്മള്‍ യാത്ര പുറപ്പെടുകയാണ്. വയനാടിന്‍റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ… പച്ചപ്പുനിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ…  സാഹസികമായ മലകള്‍ താണ്ടിയും കാട്ടുമൃഗങ്ങളെ കണ്ടറിഞ്ഞും ചരിത്ര സംഭവങ്ങള്‍ കോറിയിട്ട ഗോത്രസംസ്കൃതിയുടെ നാട്ടറിവുകള്‍ തേടിയുമുള്ള ഒരു വായനാടന്‍ യാത്ര. Inside Wayanad. ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍  27 മുതല്‍…

വഴി തിരിയുന്ന വൈത്തിരിയും ചുങ്കം പിരിച്ചിരുന്ന തരുവണയും മൈസൂര്‍ സുല്‍ത്താന്‍  ടിപ്പുവിനെ ഓര്‍മ്മപ്പെടുത്തുന്ന സുല്‍ത്താന്‍ ബത്തേരിയും കബനീ നദിയും നക്സലിസത്തിന്‍റെ കഥപറയുന്ന തിരുനെല്ലിക്കാടുകളും വര്‍ഗ്ഗീസ് പാറയും പക്ഷിപാതാളവും, കാട്ടുമൃഗങ്ങളുടെ സ്വന്തം  മുത്തങ്ങയും തോല്‍പ്പട്ടിയും കുറുവാ ദ്വീപും വെള്ളരിമലയും കുറിച്യപടയും കേരളവര്‍മ്മ പഴശ്ശിരാജയും പ്രാചീന സംസ്കാരങ്ങളുടെ കഥപറയുന്ന ഇടയ്ക്കല്‍ ഗുഹയും…  തീരുന്നില്ല വയനാടന്‍ കാഴ്ച്ചകളുടെ സ്ഥലനാമവിശേഷണങ്ങള്‍…. ഇതെല്ലാം കണ്ടറിഞ്ഞുകൊണ്ടുള്ള യാത്ര.

വയനാടിന് ആപേര് ലഭിച്ചതെങ്ങനെയെന്ന് ചരിത്ര താളുകള്‍ ഖനനം ചെയ്തുനോക്കുമ്പോള്‍ കൗതുകമായ കാഴ്ച്ചകളാണ് നമ്മക്കുമുന്നില്‍ തുറക്കുന്നത്. വനങ്ങള്‍ നിറഞ്ഞ നാട് വനനാട് പിന്നീട് വയനാടായതാണെന്ന് ഒരു പക്ഷം.

അല്ല മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തില്‍  ഈ നാടിന്‍റെ പേരെന്നും  അത്  മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിട്രേഷനില്‍ പറയുന്നുണ്ടെന്നും  മലയാളത്തില്‍ അത് മയനാടാവുകയും പിന്നീട് വാമൊഴിയായി വയനാടാവുകയും ചെയ്തു എന്നും‌ ചിലര്‍ വാദിക്കുന്നു. വയലുകള്‍‌ നിറയെ ഉള്ള വയല്‍ നാട്  പറഞ്ഞ് പറഞ്ഞ് വയനാടായതാണെന്നും കരുതുന്നവരും കുറവല്ല.

എന്തായാലും ഇനിയും ഖനനം ചെയ്യപ്പെടാത്ത കാഴ്ച്ചകളിലേക്ക്…. ഇനിയും അനുഭവിച്ചു തീരാത്ത അനുഭൂതിയിലേക്ക്… ഒരു യാത്ര… ചുരം കയറിതുടങ്ങുന്നു… വരുണ്‍ രമേഷ് എഴുതുന്ന സഞ്ചാര സാഹിത്യ പരമ്പര  Inside Wayanad.

വായിക്കാം >> ഭാണാസുര സാഗരം

We use cookies to give you the best possible experience. Learn more