ഐ.എന്‍.എല്ലിനെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലയിപ്പിക്കാന്‍ ശ്രമിക്കുന്നു; ദേശീയ നേതൃത്വത്തിനെതിരെ ആരോപണവുമായി പ്രവര്‍ത്തകര്‍
Focus on Politics
ഐ.എന്‍.എല്ലിനെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലയിപ്പിക്കാന്‍ ശ്രമിക്കുന്നു; ദേശീയ നേതൃത്വത്തിനെതിരെ ആരോപണവുമായി പ്രവര്‍ത്തകര്‍
ജിതിന്‍ ടി പി
Tuesday, 25th February 2020, 5:43 pm

കോഴിക്കോട്: ഐ.എന്‍.എല്‍ ദേശീയ പ്രസിഡണ്ടിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. പാര്‍ട്ടിയെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലയിപ്പിക്കാനാണ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാന്റെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഹമ്മദ് സുലൈമാന്‍ വെല്‍ഫയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണെന്നും വെറുമൊരു ക്ഷണിതാവ് എന്നതിലുപരിയായി സംഘാടകന്‍ എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഐ.എന്‍.എല്ലിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റിയിലെ പലനേതാക്കളെയും പുറത്താക്കിയതും ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.

പ്രൊഫ. മുഹമ്മദ് സുലൈമാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളില്‍ ഒരുമിച്ച് മത്സരിച്ചപ്പോള്‍ സഖ്യത്തില്‍ ഭാഗമാകാതെ വെല്‍ഫയര്‍ പാര്‍ട്ടിക്കൊപ്പം മത്സരിച്ചതും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പരസ്യമായി മതേതരസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു.

പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ നേരിട്ട് പ്രചരണത്തിനെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ജംഗിപൂരില്‍ മത്സരിച്ച വെല്‍ഫയര്‍ പാര്‍ട്ടി പ്രസിഡന്റ് എസ്‌ക്യുആര്‍ ഇല്യാസിന് വോട്ടുചോദിച്ച് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റായ മുഹമ്മദ് സുലൈമാന്‍ പരസ്യമായി രംഗത്തെത്തിയതും പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കി.

തമിഴ്‌നാട്ടില്‍ ബി.ജെ.പി വിരുദ്ധകക്ഷികളെയെല്ലാം ചേര്‍ത്ത് ഡി.എം.കെ മതേതരജനാധിപത്യകക്ഷി മുന്നണി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമാകാനാണ് ഐ.എന്‍.എല്‍ സംസ്ഥാനഘടകം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേശീയനേതൃത്വം ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ തമിഴ്നാട് സംസ്ഥാനഘടകത്തെ പിരിച്ചുവിടുകയും മുന്‍ എം.എല്‍.എയായിരുന്നു എം.ജി.കെ നിസാമുദ്ദീന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

തമിഴ്നാട്ടില്‍ ഡി.എം.കെയോടൊപ്പം കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ കക്ഷികള്‍ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഐ.എന്‍.എല്‍ ദേശീയനേതൃത്വം ടി.ടി.വി ദിനകരന്റെ എ.ഐ.ഡി.എം.കെയ്ക്കൊപ്പം നിലകൊള്ളുകയായിരുന്നു. ഈ മുന്നണിയില്‍ വെല്‍ഫയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും ഭാഗമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച സംസ്ഥാന നേതാക്കളെ ദേശീയനേതൃത്വം പുറത്താക്കിയത്.

പാര്‍ട്ടിയ്ക്കുള്ളില്‍ ജനാധിപത്യം ഇല്ലാതാകുന്നു എന്ന ആരോപണമുന്നയിച്ചാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്ന് മുന്‍ എം.എല്‍.എ കൂടിയായ എം.ജി.കെ നിസാമുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എം.ജി.കെ നിസാമുദ്ദീന്‍

‘ഞാന്‍ ഐ.എന്‍.എല്‍ അംഗമാണ്. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു എന്റെ പരാതി. അതിന്റെ പുറത്താണ് ഞാന്‍ രാജിവെച്ചത്.’

കേരളത്തില്‍ നിന്നും ചിലര്‍ ഉന്നയിക്കുന്നതും അത്തരം വിഷയങ്ങളാണെന്നും തങ്ങളുന്നയിക്കുന്ന വിഷയങ്ങളില്‍ മാറ്റം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മാത്രമാണ് ഐ.എന്‍.എല്‍ സജീവമെങ്കിലും അഖിലേന്ത്യാ പ്രസിഡന്റിന് എതിരാണ് സംസ്ഥാനത്തെ വലിയ വിഭാഗം അനുയായികളും നേതാക്കളും. ദേശീയ നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മറുപക്ഷത്തുള്ള സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍വഹാബ് ലീവെടുത്ത് പോയിരുന്നു.

എ.പി അബ്ദുല്‍വഹാബ്

ഐ.എന്‍.എല്‍ സ്ഥാപക അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിലെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയാണ് അവധിയെടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് എ.പി അബ്ദുല്‍ വഹാബിനെ എത്തിച്ചത്. സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെ അഖിലേന്ത്യാ പ്രസിഡന്റ് അടക്കമുള്ളവര്‍ സ്വന്തം താല്‍പര്യം മാത്രം കണക്കാക്കി സംസ്ഥാന നേതാക്കളെ പുറത്താക്കുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട് നടന്ന മധ്യസ്ഥ ശ്രമത്തിലാണ് വഹാബ് തിരിച്ചു വന്നത്. തുടര്‍ന്ന് കണ്ണൂരില്‍ നടന്ന സംസ്ഥാന കൗണ്‍സിലില്‍ അഖിലേന്ത്യാ പ്രസിഡന്റും അനുകൂലികളും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു.

ഐ.എന്‍.എല്ലിലെ ശക്തരായ നേതാക്കളില്‍ ഒരാളായ കെ.പി ഇസ്മയില്‍ മലപ്പുറം ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിലാണ്. കാസിം ഇരിക്കൂര്‍ റിട്ടേണിംഗ് ഓഫീസറായി നടന്ന തെരഞ്ഞെടുപ്പില്‍ വന്ന ജില്ലാ കമ്മിറ്റിക്ക് ആകെയുള്ള പതിനാറ് മണ്ഡലം കമ്മിറ്റികളില്‍ അഞ്ചെണ്ണത്തിന്റെ പിന്തുണ മാത്രമാണ് ഉള്ളത്. ഇസ്മായിലിനോടൊപ്പമുള്ളവരെ വെട്ടിനിരത്താന്‍ കാസിമിന്റെ സഹായത്തോടെ ക്രമക്കേട് നടത്തിയെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ഭാരവാഹിത്വത്തില്‍ നിന്നും പുറത്തായ ഇസ്മയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പാര്‍ട്ടിയെ അറിയിക്കാതെ പ്രസംഗിച്ചെന്ന കാരണം പറഞ്ഞ് നടപടിയെടുത്തു. സംസ്ഥാന പ്രസിഡന്റിനെ അറിയിക്കാതെ ദേശീയ അധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്നാണ് നടപടി തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളില്‍ വിലക്കുന്നതായിരുന്നു നടപടി.

സൗദി യാത്രയിലായിരുന്ന തന്നെ ഫോണില്‍ വിളിക്കുക പോലും ചെയ്യാതെ നടപടിയെടുത്തതെന്നെ പരാതി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍വഹാബിനുണ്ട്. വഹാബ് പ്രതിഷേധമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇസ്മയില്‍ പാര്‍ട്ടിക്ക് ചെയ്ത സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയും സംസ്ഥാന നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

അതേസമയം പാര്‍ട്ടിവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും നടപടിയെടുക്കുമെന്ന് ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഐ.എന്‍.എല്ലിനെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലയിപ്പിക്കാനുള്ള ശ്രമം നടക്കുന്നെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയാണെങ്കില്‍ ആരായാലും എത്ര വലിയവനാണെങ്കിലും നടപടിയെടുക്കും. കെ.പി ഇസ്മായിലിനെതിരെ നടപടി തുടരുന്നുണ്ട്. പാര്‍ട്ടി ഭരണഘടനയില്‍ അതിന്റെ പരമാധികാരം അഖിലേന്ത്യ പ്രസിഡന്റില്‍ നിക്ഷിപ്തമാണ്’, അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഒരു വ്യക്തിയേയോ ഒരു ഘടകത്തേയോ അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയേയോ സംസ്ഥാന ഭാരവാഹിയേയോ കൗണ്‍സിലിനേയോ എല്ലാം പുറത്താക്കാനുള്ള അധികാരം ദേശീയ പ്രസിഡന്റിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പാര്‍ട്ടി ഭരണഘടനയില്‍ 14.5 എന്ന ക്ലോസില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അത് പ്രകാരം അഖിലേന്ത്യാ പ്രസിഡന്റില്‍ നിക്ഷിപ്തമാണ് അധികാരം’, അദ്ദേഹം പറഞ്ഞു.

അഹമ്മദ് ദേവര്‍കോവില്‍

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയ്ക്ക് അതിന്റെ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ എന്നാണ് അഹമ്മദ് ദേവര്‍കോവില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘പാര്‍ട്ടിയ്ക്ക് ഒരു നയമുണ്ട്. അതിനനുസരിച്ചേ പാര്‍ട്ടി പ്രവര്‍ത്തിക്കുകയുള്ളൂ. തമിഴ്നാട്ടില്‍ ഞങ്ങള്‍ നേരത്തെ ഡി.എം.കെയുടെ കൂടെയായിരുന്നു. അന്ന് ഞങ്ങള്‍ക്ക് അഞ്ച് എം.എല്‍.എമാരുണ്ടായിരുന്നു. ആ സമയത്ത് ഡി.എം.കെ ബി.ജെ.പിയ്ക്ക് അനുകൂലമായൊരു നിലപാട് സ്വീകരിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നവരാണ് ഞങ്ങള്‍. പിന്നീടാണ് എ.ഐ.ഡി.എം.കെയുമായി സഖ്യത്തിലായത്’, അഹമ്മദ് ദേവര്‍കോവില്‍ പറയുന്നു.

എ.ഐ.ഡി.എം.കെയില്‍ പിന്നീട് വിഭാഗീയത പ്രശ്നങ്ങളുണ്ടായപ്പോള്‍ ശശികലയും ടിടിവി ദിനകറും ഉള്‍പ്പെട്ട പാര്‍ട്ടിയ്ക്കൊപ്പമാണ് ഐ.എന്‍.എല്‍ നിലകൊണ്ടത്. ‘ആ മുന്നണി ആരുടെയെങ്കിലും വോട്ട് വാങ്ങിയോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ല. ഞങ്ങള്‍ വേറൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ ദിനകറിന്റെ പാര്‍ട്ടിയുമായാണ് സഖ്യമുണ്ടാക്കിയത്.’, അദ്ദേഹം പറയുന്നു.

ഐ.എന്‍.എല്‍ രൂപീകരണം

ബാബ്രി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ലീഗില്‍ നിന്ന് പുറത്തേക്ക് വന്നവരാണ് ഐ.എന്‍.എല്‍ രൂപീകരിക്കുന്നത്. മുസ്ലിം ലീഗിന്റെ സമുന്നത നേതാവും 35 വര്‍ഷക്കാലം ഇന്ത്യന്‍ പാര്‍ലമെന്റ് മെമ്പറുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് ആണ് 1994 ഏപ്രില്‍ 23ന് ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം കൊടുക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 700 ഓളം പ്രതിനിധികളുമായി മുസ്ലിം ലീഗില്‍ നിന്ന് രാജിവെക്കുകയും ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വെച്ച് പുതിയ പാര്‍ട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബരി മസ്ജിദ് ധ്വംസനമെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സെക്കുലര്‍ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം നല്‍കുന്നത്.

ഇബ്രാഹിം സുലൈമാന്‍ സേട്ട്

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവയാണ് ഐ.എന്‍.എല്ലിന് സ്വാധീനമുള്ള പ്രദേശങ്ങള്‍. നാഷണല്‍ യൂത്ത് ലീഗ് , നാഷണല്‍ സ്റ്റുഡന്റ്സ് ലീഗ്, നാഷണല്‍ ലേബര്‍ യൂണിയന്‍, ഇന്ത്യന്‍ മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം സി.സി.), നാഷണല്‍ വിമന്‍സ് ലീഗ്, നാഷണല്‍ പ്രവാസി ലീഗ്, നാഷണല്‍ വെല്‍ഫയര്‍ ലീഗ് എന്നിവയാണ് ഐ.എന്‍.എല്ലിന്റെ പോഷക സംഘടനകള്‍.

തമിഴ്നാട്ടിലും കേരളത്തിലും കര്‍ണ്ണാടകയിലും ഐ.എന്‍.എല്ലിന് എം.എല്‍.എമാര്‍ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടില്‍ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തില്‍ 5 ഉം കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്ന് 1 ഉം കേരളത്തില്‍ കോഴിക്കോട് സൗത്തില്‍ 1 ഉം നിയമ സഭാംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി രൂപീകരണം മുതല്‍ കേരളത്തില്‍ 25 വര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എന്‍.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എല്‍.ഡി.എഫ് ഘടക കക്ഷിയാക്കിയത്.

അഡ്വ: പി.ടി.എ.റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍.എസ്.സി.) 2019 ല്‍ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എന്‍.എല്ലില്‍ ലയിച്ചു. കേരള ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്ന പ്രൊഫ: എ.പി.അബ്ദുല്‍ വഹാബ് നിലവില്‍ സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി.) ഡയറക്ടറുമാണ്.

ഐ.എന്‍.എല്‍.വനിതാ നേതാവും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണുമായ എല്‍.സുലൈഖയാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രതിനിധി കേരള ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.

എസ്.ഡി.പി.ഐ

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ തലത്തില്‍ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമാണ് എസ്.ഡി.പി.ഐ.

2009 ജൂണ്‍ 21ന് ദല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ. അബൂബക്കര്‍ ആണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള എം.കെ ഫൈസിയാണ് നിലവില്‍ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്.

വെല്‍ഫയര്‍ പാര്‍ട്ടി

2011 ല്‍ ഇന്ത്യയില്‍ രൂപവല്‍കരിക്കപ്പെട്ട ഒരു രാഷ്ട്രീയ സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായാണ് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

2011 ഏപ്രില്‍ 18 ന് ഡല്‍ഹിയിലെ മാവ്ലങ്കര്‍ ഹാളിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. പ്രഥമ അദ്ധ്യക്ഷന്‍ മുജ്തബാ ഫാറൂഖ് ആണ്. 16ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍(2014) വിവിധ സംസ്ഥാനങ്ങളിലായി 26 മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചു.

രൂപീകരിച്ച ശേഷം ആദ്യമായാണ് പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.