ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശിഖാര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത്
ICC WORLD CUP 2019
ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശിഖാര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2019, 2:26 pm

ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ ശിഖാര്‍ ധവാന് ലോകകപ്പിലെ തുടര്‍മത്സരങ്ങള്‍ നഷ്ടമാകും. ഇതോടെ ധവാനെ ടീമില്‍ നിന്നു പുറത്താക്കിയ ഇന്ത്യ, പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി.

ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ചത്.

ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.

പാറ്റ് കമ്മിന്‍സിന്റെ പന്താണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്കുമേല്‍ പരിക്കേല്‍പ്പിച്ചത്. പരിക്കിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി.

ന്യൂസീലന്‍ഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്തിരുന്നു. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.