സൂപ്പർതാരം ലോകകപ്പ് കളിക്കാനില്ല; ഫ്രാൻസിന് വീണ്ടും തിരിച്ചടി
DSport
സൂപ്പർതാരം ലോകകപ്പ് കളിക്കാനില്ല; ഫ്രാൻസിന് വീണ്ടും തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd November 2022, 7:41 pm

ലോകകപ്പ് നേടാനായി ഖത്തറിലെത്തുന്ന ഫ്രാൻസ് ദേശീയ ടീമിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോകകപ്പിൽ കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ച മധ്യനിര താരം പോൾ പോഗ്ബ ഇത്തവണ ടീമിലുണ്ടാകില്ല. പരിക്ക് ഭേദമാകാത്തതാണ് പോഗ്ബക്ക് വിനയായത്.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മാസങ്ങളായി താരം വിശ്രമത്തിലായിരുന്നു. എന്നാൽ ലോകകപ്പിന് മുമ്പ് ആരോഗ്യം സുഖപ്പെടുമെന്നും ഖത്തറിലേക്ക് പറക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു താരം.

എന്നാൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് റഫേല പിമെന്റ വ്യക്തമാക്കി.

‘വളരെ വേദനയോടെയാണ് ഇക്കാര്യം പറയുന്നത്. പരിക്കിൽ നിന്ന് ഇനിയും മുക്തമാകാത്തതിനാൽ പോഗ്ബക്ക് യുവന്റസിനായും ലോകകപ്പിൽ ഫ്രാൻസിനായും കളിക്കാൻ സാധിക്കില്ല.

കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശോധനകളിൽ നിന്നാണ് പരിക്കിൽ നിന്ന് മുക്തനാകാൻ സമയമെടുക്കമെന്ന് വ്യക്തമായത്. ടൊറിനോ, പിറ്റ്സ്ബർഗ് എന്നിവിടങ്ങളിലായാണ് പരിശോധന നടത്തിയത്,’ഏജന്റ് വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് ഈ സീസണിലാണ് താരം തന്റെ പഴയ ക്ലബ്ബായ യുവന്റസിലേക്ക് തിരിച്ചെത്തിയത്.

എന്നാൽ സീസണിൽ ടീമിനായി താരം ഇതുവരെ ഇറങ്ങിയിട്ടില്ല. പരിക്കേറ്റ ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയക്ക് വിധേയനാകാൻ താരം വിസമ്മതിച്ചിരുന്നു. ലോകകപ്പിൽ കളിക്കുക ലക്ഷ്യമിട്ടായിരുന്നു തീരുമാനം.

യുവന്റസിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാനും താരം തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതിന് ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സ്വന്തം സഹോദരൻ താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയ അതേ വർഷം പോഗ്ബ നേരിടുന്ന രണ്ടാമത്തെ പ്രഹരമാണിത്.

13 മില്യൺ യൂറോയ്ക്ക് ബ്ലാക്ക് മെയിൽ ചെയ്യുന്നതായി ആരോപിച്ചാണ് പോഗ്ബയുടെ സഹോദരൻ മത്യാസ് പോഗ്ബ താരത്തിനും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകിയത്.

Content Highlights: Injured France Midfielder Paul Pogba Out Of FIFA World Cup