ഇനിയസ്റ്റക്ക് ഇന്ന് ബാഴ്‌സലോണ ജഴ്‌സിയില്‍ അവസാന മത്സരം: മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന വാര്‍ത്ത നിരസിച്ച് താരം
Football
ഇനിയസ്റ്റക്ക് ഇന്ന് ബാഴ്‌സലോണ ജഴ്‌സിയില്‍ അവസാന മത്സരം: മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന വാര്‍ത്ത നിരസിച്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th May 2018, 12:51 pm

ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയ്ക്ക് ഇന്ന് ബാഴ്‌സിലോണ ജഴ്‌സിയില്‍ അവസാന മത്സരം. ക്യാമ്പ് നൂവില്‍ 22 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തിനാണ് ഇന്ന് റിയല്‍ സോസിഡാഡുമായുള്ള മത്സരത്തോടെ തിരശ്ശീല വീഴുക. ബാഴ്‌സാ ക്യാപ്റ്റന്റെ 674മാത് മത്സരമാണ് ഇന്നത്തേത്. ഒമ്പത് ലീഗ് കിരീടങ്ങളും, 5 കോപ്പാ ഡെല്‍ റേ കപ്പുകളും, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, മൂന്ന് ക്ലബ്ബ് വേള്‍ഡ് കപ്പുകളും ബാഴ്‌സലോണയ്ക്ക് നേടി കൊടുത്തിട്ടാണ് ക്യാപ്റ്റന്റെ വികാരനിര്‍ഭരമായ പടിയിറക്കം.

തന്റെ 12-ാം വയസ്സ് മുതല്‍ ക്ലബ്ബിന്റെ യൂത്ത് അക്കാദമയിലൂടെ പന്ത് തട്ടി വളര്‍ന്ന ഇനിയെസ്റ്റ പിന്നീട് 2004-05 വര്‍ഷം മുതല്‍ ബാഴ്‌സലോണയിലെ സ്ഥിരസാനിധ്യമായി മാറുകയായിരുന്നു. പിന്നെട് ചാവിക്ക് ഒപ്പം ബാഴ്‌സിലോണയുടെ എക്കാലത്തേയും മികച്ച മധ്യനിര ജോഡിയില്‍ ഒരാളായി മാറിയ ഇനിയസ്റ്റ കൃത്യതയുള്ള പാസ്സുകള്‍ കൊണ്ടും, അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ കൊണ്ടും കളം നിറഞ്ഞു.

തുര്‍ക്കി പ്രസിഡന്റിന് ജഴ്‌സി കൈമാറിയ സംഭവം; ഓസിലും ഗുണ്ടോഗനും ജര്‍മ്മന്‍ പ്രസിഡന്റിനെ കണ്ടു

ക്ലബ്ബിനു വേണ്ടി മാത്രമായിരുന്നില്ല ഇനിയസ്റ്റയുടെ പ്രകടനങ്ങള്‍, സ്‌പെയിനിന് 2008 യൂറോ കപ്പ് നേടി കൊടുക്കുന്നതിലും, 2010 വേള്‍ഡ് കപ്പ് നേടി കൊടുക്കുന്നതിലും ആന്ദ്രേയുടെ പങ്ക് നിര്‍ണ്ണായകമായി. 2010 വേള്‍ഡ് കപ്പ് ഫൈനലില്‍ ഹോളണ്ടിനെതിരെ സ്‌പെയിനിന്റെ വിജയഗോള്‍ പിറന്നത് ഈ കാലുകളില്‍ നിന്നുമായിരുന്നു. ഇന്ന് ബാഴ്‌സലോണയ്ക്ക് വേണ്ടി ഇനിയെസ്റ്റ അവസാനമായ ബൂട്ട് കെട്ടുമ്പോള്‍, അത് വികാരനിര്‍ഭരമായ മുഹൂര്‍ത്തമായി മാറുമെന്നുറപ്പ്.

താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും, ഇനിയെസ്റ്റ വാര്‍ത്താ സമ്മേളനത്തില്‍ അത് നിരസിച്ചു. “”ബാഴ്‌സക്കെതിരെ കളിക്കുക എന്നത് ആലോചിക്കാന്‍ പോലുമാകില്ല. ചൈനയിലേയോ ജപ്പാനിലേയോ ഫുട്‌ബോള്‍ ലീഗുകളാണ് മുന്നിലുള്ള രണ്ട് സാധ്യതകള്‍, അതില്‍ മികച്ചത് തിരഞ്ഞെടുക്കും””, താരം പറഞ്ഞു.