ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഹര്‍മന്‍പ്രീത് ഇനി മിതാലിക്കൊപ്പം!
Cricket
ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഹര്‍മന്‍പ്രീത് ഇനി മിതാലിക്കൊപ്പം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd July 2025, 2:08 pm

ഇംഗ്ലണ്ടിനെതിരെയായ മൂന്നാം ഏകദിനത്തില്‍ വിജയം കരസ്ഥമാക്കി ഇന്ത്യന്‍ വനിതകള്‍. റിവര്‍ സൈഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ വിജയമാണ് നേടിയത്. വിജയത്തോടെ ഇന്ത്യ പരമ്പര 2 – 1ന് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും യുവതാരം ക്രാന്തി ഗൗഡിന്റെയും മിന്നും പ്രകടനത്തിലാണ് സന്ദര്‍ശകര്‍ വിജയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റില്‍ 318 റണ്‍സ് നേടിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 13 റണ്‍സിന് അകലെ വീഴുകയായിരുന്നു. ഒരു പന്ത് ബാക്കി നില്‍ക്കേ ആതിഥേയരുടെ എല്ലാ ബാറ്റര്‍മാരും കൂടാരം കയറിയതോടെയാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ നെടും തൂണായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 84 പന്തുകള്‍ നേരിട്ട് 102 റണ്‍സാണ് നേടിയത്. 14 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള ഹര്‍മന്‍പ്രീതിന്റെ സെഞ്ച്വറി ഏകദിനത്തിലെ താരത്തിന്റെ ഏഴാമത്തേതായിരുന്നു. അതോടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോര്‍ഡിനൊപ്പം എത്താനാണ് താരത്തിന് സാധിച്ചത്. മിതാലിക്കും ഈ ഫോര്‍മാറ്റില്‍ ഏഴ് സെഞ്ച്വറികളാണുള്ളത്. ഇരുവര്‍ക്കും മുന്നിലുള്ളത് 11 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന മാത്രമാണ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വനിത താരങ്ങള്‍

(താരം – സെഞ്ച്വറി – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – 11 – 105 –

ഹര്‍മന്‍പ്രീത് കൗര്‍ – 7* – 129

മിതാലി രാജ് – 7 – 211

പൂനം റൗത് – 3 – 73

എം.ഡി. തിരുഷ് കാമിനി – 2 – 37

ക്യാപ്റ്റന് പുറമെ, ജെമീമ റോഡ്രിഗസും മികച്ച പ്രകടനം നടത്തി. 45 പന്തുകള്‍ നേരിട്ട് 50 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. സ്മൃതി മന്ഥാന (54 പന്തില്‍ 45), ഹാര്‍ലിന്‍ ഡിയോള്‍ (65 പന്തില്‍ 45) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് സെഞ്ച്വറിയോളം പോന്ന പ്രകടനവുമായി വിജയ പ്രതീക്ഷ നല്‍കി. താരം 105 പന്തില്‍ 11 ഫോറുകളുമായി 98 റണ്‍സാണ് നേടിയത്. കൂടാതെ എമ്മ ലാംബ് 81 പന്തില്‍ 68 റണ്‍സ് നേടി തിളങ്ങി.

ക്യാപ്റ്റന്റെ പ്രകടനത്തില്‍ വിജയം സ്വപ്നം കണ്ട് ആതിഥേയര്‍ മുന്നേറിയെങ്കിലും ഇന്ത്യയുടെ യുവ താരം ക്രാന്തി ഗൗഡിന്റെ സിക്‌സ്ഫറിന് മുന്നില്‍ വീഴുകയായിരുന്നു. 9.5 ഓവറുകള്‍ എറിഞ്ഞ താരം 52 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് മിന്നും പ്രകടനം നടത്തിയത്.

Content Highlight: Indw vs Engw: Harmanpreet Kaur equals the record of Mithali Raj in ODI hundreds