കോഹ്‌ലിയെയും മറികടന്ന് മന്ഥാനയുടെ തേരോട്ടം; സെഞ്ച്വറിയില്‍ പിറന്നത് ചരിത്രം
Sports News
കോഹ്‌ലിയെയും മറികടന്ന് മന്ഥാനയുടെ തേരോട്ടം; സെഞ്ച്വറിയില്‍ പിറന്നത് ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st September 2025, 11:46 am

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. 43 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. മികച്ച ചെറുത്തുനില്‍പ്പ് കാഴ്ച വെച്ചാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്.

മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയത് സ്മൃതി മന്ഥാനയാണ്. സെഞ്ച്വറി നേടിയാണ് താരം ഇന്ത്യന്‍ ഇന്നിങ്‌സിനെ വിജയത്തോട് അടുപ്പിച്ചത്. കങ്കാരുക്കള്‍ക്കെതിരെ താരം 63 പന്തില്‍ 125 റണ്‍സാണ് നേടിയത്. അഞ്ച് സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 198.41 സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന ബാറ്റ് ചെയ്തത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 412 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെയായിരുന്നു സെഞ്ച്വറി നേട്ടം. നേരിട്ട 50ാം പന്തില്‍ തന്നെ മന്ഥാന 100 റണ്‍സ് നേടിയിരുന്നു. ഈ അതിവേഗ സെഞ്ച്വറിയോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാനാണ് മന്ഥാനയ്ക്ക് സാധിച്ചത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയെ മറികടന്നാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.

ഏകദിനത്തില്‍ വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(പന്തുകള്‍ – താരം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

50 പന്തുകള്‍ – സ്മൃതി മന്ഥാന – ഓസ്‌ട്രേലിയ – ദല്‍ഹി – 2025

52 പന്തുകള്‍ – വിരാട് കോഹ്ലി – ഓസ്‌ട്രേലിയ – ജയ്പൂര്‍ – 2013

60 പന്തുകള്‍ – വീരേന്ദര്‍ സെവാഗ് – ന്യൂസിലന്‍ഡ് – ഹാമില്‍ട്ടണ്‍ – 2009

61 പന്തുകള്‍ – വിരാട് കോഹ്ലി – ഓസ്‌ട്രേലിയ – നാഗ്പൂര്‍ – 2013

62 പന്തുകള്‍ – കെ.എല്‍. രാഹുല്‍ – നെതര്‍ലാന്‍ഡ്‌സ് – ബെംഗളൂരു – 2023

മന്ഥാനയ്ക്ക് പുറമെ, ദീപ്തി ശര്‍മയും ഹര്‍മന്‍പ്രീത് കൗറും മികച്ച പ്രകടനം നടത്തി. ദീപ്തി 58 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 72 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കൗര്‍ 35 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളുടെ അകമ്പടിയോടെ 52 റണ്‍സും ചേര്‍ത്തു.

ഓസ്ട്രേലിയന്‍ നിരയില്‍ ബെത് മൂണി സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 75 പന്ത് നേരിട്ട മൂണി 138 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. ജോര്‍ജിയ വോള്‍ (68 പന്തില്‍ 81), എല്ലിസ് പെറി (72 പന്തില്‍ 68), ആഷ്ലീഗ് ഗാര്‍ഡ്ണര്‍ (24 പന്തില്‍ 39), അലീസ ഹീലി (18 പന്തില്‍ 30) എന്നിവരും റണ്‍സ് നേടി.

ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സ്നേഹ് റാണയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Indw vs Ausw: Smriti Mandhana registered fastest ODI century of an Indian player surpassing Virat Kohli