233/2 എന്നതില്‍ നിന്ന് 330 ന് പുറത്ത്; വാലറ്റം നിരാശപ്പെടുത്തിയിട്ടും കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
Sports News
233/2 എന്നതില്‍ നിന്ന് 330 ന് പുറത്ത്; വാലറ്റം നിരാശപ്പെടുത്തിയിട്ടും കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 7:54 pm

ഐ.സി.സി വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച തുടക്കം മുതലാക്കാനാവാതെ ഇന്ത്യ. മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ പുറത്താവുകയായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ധ സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് 330 റണ്‍സാണ് നേടാനായത്.

മത്സരത്തില്‍ ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഈ കൂട്ടുകെട്ട് സോഫി മോളിനക്‌സ് പൊളിച്ച് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്പിച്ചു. 66 പന്തില്‍ 80 റണ്‍സ് എടുത്ത മന്ഥാനയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പിന്നാലെ ക്രീസിലെത്തിയ ഹാര്‍ലിന്‍ ഡിയോളിനെ കൂട്ടി റാവല്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍, ഈ സഖ്യത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. റാവലിനെ തിരികെ അയച്ച് അന്നബെല്‍ സതര്‍ലാന്‍ഡ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. 96 പന്തില്‍ 75 റണ്‍സ് എടുത്തായിരുന്നു താരം മടങ്ങിയത്.

അതോടെ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ്ങിനെത്തി. ക്യാപ്റ്റനൊപ്പം ഡിയോള്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൗറിനെ മടക്കി ഈ സഖ്യം പിരിച്ചത് മേഗന്‍ ഷട്ടായിരുന്നു. 17 പന്തില്‍ 22 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

പിന്നാലെ, ഡിയോളും ജെമീമ റോഡ്രിഗസും ഒത്തുച്ചേര്‍ന്നു. എന്നാല്‍, സ്‌കോര്‍ ബോര്‍ഡിലേക്ക് ആറ് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഈ സഖ്യത്തിന് പിരിയേണ്ടി വന്നു. 42 പന്തില്‍ 38 റണ്‍സ് നേടിയ ഡിയോളിനെ മോളിനക്‌സ് മടക്കുകയായിരുന്നു.

നാല് വിക്കറ്റ് വീണതോടെ ഒന്നിച്ച റോഡ്രിഗസും റിച്ച ഘോഷും ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, 54 റണ്‍സ് ചേര്‍ത്ത് ഈ കൂട്ടുകെട്ടും പിരിഞ്ഞു. 22 പന്തില്‍ 32 റണ്‍സ് നേടിയ റിച്ചയായിരുന്നു ആദ്യം മടങ്ങിയത്. ഏറെ വൈകാതെ 21 പന്തില്‍ 33 റണ്‍സുമായി റോഡ്രിഗസും തിരികെ നടന്നു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീണു. അതോടെ ഒരു ഘട്ടത്തില്‍ ശക്തമായ നിലയില്‍ നിന്നിരുന്ന ഇന്ത്യ 330ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഓസ്ട്രേലിയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മോളിനക്‌സ് മൂന്ന് വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തി ഇവര്‍ക്ക് പുറമെ, മേഗന്‍ ഷട്ടും ആഷ്ലി ഗാര്‍ഡ്‌നറും ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

നിലവില്‍ ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസീസ് 82 റണ്‍സ് നേടിയിട്ടുണ്ട്. അലീസ ഹീലി (26 പന്തില്‍ 42 ), ഫോബ് ലിച്ച്ഫീല്‍ഡ് (35 പന്തില്‍ 39) എന്നിവരാണ് ക്രീസിലുള്ളത്.

Content Highlight: IndW vs AusW: India all out for 330 against Australia in ICC Women’s ODI World Cup 2025