ധാതു ഇടനാഴി; കേരളത്തിലെ ധാതുക്കൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപാകാനുള്ള ഉദ്ദേശമാണോയെന്ന് അറിയില്ല; പി. രാജീവ്
Kerala
ധാതു ഇടനാഴി; കേരളത്തിലെ ധാതുക്കൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപാകാനുള്ള ഉദ്ദേശമാണോയെന്ന് അറിയില്ല; പി. രാജീവ്
ശ്രീലക്ഷ്മി എ.വി.
Sunday, 1st February 2026, 1:16 pm

തിരുവനന്തപുരം: 2026- 27 ബഡ്ജറ്റിൽ കേരളത്തെ തഴഞ്ഞതിൽ പ്രതികരിച്ച് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ്.

അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് വന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. എന്നാൽ ഏഴ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടും അതിവേഗ റെയിൽ പദ്ധതി പരിഗണിച്ചുകൊണ്ട് ഒരു നിലപാടും കേന്ദ്രം സ്വീകരിച്ചല്ലെന്ന് പി. രാജീവ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ സംസ്ഥാന ഗവൺമെന്റ് തന്നെ മുൻകൈ എടുത്ത് നേരത്തെ കേന്ദ്രത്തിന് നൽകിയിരുന്നു. പിന്നീട് കേന്ദ്രം തന്നെ പുതുതായി അത് പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തെ പരിഗണിക്കാതിരിക്കുന്നു. ഇത് കടുത്ത വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലും അദ്ദേഹം പ്രതികരിച്ചു.

എയിംസിന്റെ പദ്ധതി മുന്നോട്ട് വെച്ചപ്പോൾ അതിനുള്ള സ്ഥലം ലിസ്റ്റ് ചെയ്യാൻ കേന്ദ്രം പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ഥലങ്ങൾ സർക്കാർ മുന്നോട്ട് വെക്കുകയും ചെയ്തു.

തുടർന്ന് ഒരു സ്ഥലം മാത്രം നിർദേശിക്കാൻ പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ കിനാലൂരിനെ സർക്കാർ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ അതും പരിഗണയിൽ വന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി വിഹിതത്തിൽ അർഹമായിട്ടുള്ളൊരു പങ്കാളിത്തവും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും പി.രാജീവ് പറഞ്ഞു.

ഇടനാഴി ധാതുക്കൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ബഡ്ജറ്റിൽ ധാതുക്കൾക്കുള്ള ഇടനാഴി പ്രഖ്യാപിച്ചത് കേരളത്തിൽ നിന്നും ധാതുക്കൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപാകാനുള്ള ഉദ്ദേശമാണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ബഡ്ജറ്റിലെ സുപ്രധാനമായ അതിവേഗ റെയിൽ ഇടനാഴികളിലും എയിംസിലും കേരളത്തെ പരിഗണിച്ചിട്ടില്ല. പകരം തീരദേശ ടൂറിസം പദ്ധതി മാത്രമാണ് കേരളത്തിനായി വകയിരുത്തിയിരിക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന് വലിയ പരിഗണനയാണ് ഈ ബഡ്ജറ്റിൽ ലഭിരിച്ചിരിക്കുന്നത്.

Content Highlight: Industries and Commerce Minister P. Rajeev reacted to the neglect of Kerala in the 2026-27 budget

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.