ശരീരത്തിന്റെ പേരില്‍ പല തരത്തിലുള്ള കളിയാക്കലുകള്‍ ആദ്യകാലത്തില്‍ കേള്‍ക്കേണ്ടി വന്നിട്ടും അദ്ദേഹത്തിന് ആരോടും പരിഭവമില്ല, പരാതിയും. ഇന്ത്യന്‍ സിനിമയില തന്നെ അത്ഭുതമാണ് ഈ നടന്‍.
തുന്നൽക്കാരനായി ജീവിതം ആരംഭിച്ച് ഇന്ന് മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ഇന്ദ്രൻസ്. ശരീരത്തിന്റെ പേരിൽ പല തരത്തിലുള്ള കളിയാക്കലുകൾ ആദ്യകാലത്തിൽ കേൾക്കേണ്ടി വന്നിട്ടും അദ്ദേഹത്തിന് ആരോടും പരിഭവമില്ല, പരാതിയും. ഇന്ത്യൻ സിനിമയില തന്നെ അത്ഭുതമാണ് ഈ നടൻ.
സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവിൽ മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സ്പെഷ്യൽ ജൂറി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹം സ്വന്തം പേരിലാക്കി. ഏറ്റവും ഒടുവിലായി കേരള ക്രൈം ഫയൽസിലെ രണ്ടാം സീസണിൽ അമ്പിളി എന്ന അസാമാന്യ പ്രകടനം കാഴ്ച വെച്ച പൊലീസുകാരനുമായി.
‘ഇന്ദ്രൻസ്’ എന്ന പേരിലുള്ള തയ്യൽക്കടയിൽ നിന്നുമാണ് ആ നടന്റെ തുടക്കം, അവിടെ സുഹൃത്തുകൾ ഒത്തുകൂടി രാഷ്ട്രീയവും സാഹിത്യവും സിനിമയും നാടകവുമൊക്കെ ചർച്ച ചെയ്തു, ഒരു ആർസ് ക്ലബ് പോലെ. അവിടെ നടന്ന ചർച്ചകളാണ് അദ്ദേഹത്തെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും എത്തിച്ചത്.
സമ്മേളനം എന്ന സിനിമയിൽ ആദ്യമായി സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്യാൻ തുടങ്ങിയ ഇന്ദ്രൻസ് പിന്നീട് നൂറോളം സിനിമകൾക്ക് വേണ്ടി ഉടുപ്പ് തുന്നിയിട്ടുണ്ട്. ചൂതാട്ടം എന്ന സിനിമയിലൂടെ ആദ്യാഭിനയം. അതാണ് ഇന്ദ്രൻസ് എന്ന പ്രതിഭയുടെ തുടക്കം.
സംവിധായകൻ പത്മരാജനെ പരിചയപ്പെട്ടതോടെ സുരേന്ദ്രൻ എന്ന നടൻ ഇന്ദ്രൻസ് ആയിമാറി. അതിനെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നതിങ്ങനെ,
‘കുഞ്ഞു കുഞ്ഞു വേഷങ്ങൾ ചെയ്താണ് എന്നെ ഞാൻ മിനുക്കി പരുവപ്പെടുത്തിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ മുതലാണ് പത്മരാജൻ സാറുമായി അടുക്കുന്നത്. സുരേന്ദ്രൻ എന്ന ഞാൻ ഇന്ദ്രൻസ് ആയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ‘അപരൻ‘ എന്ന സിനിമയിലാണ് എന്റെ പേര് ആദ്യമായി ഇന്ദ്രൻസ് എന്ന് തെളിഞ്ഞുവന്നത്. ഒരു മുഴുനീള നടൻ എന്ന നിലയിലേക്ക് വളർന്നത് രാജസേനൻ സംവിധാനം ചെയ്ത സി.ഐ.ഡി ഉണ്ണികൃഷ്ണൻ എന്ന സിനിമയിലൂടെയാണ്’
ഇന്ദ്രൻസിനെ ആദ്യ സംസ്ഥാന പുരസ്‌കാരത്തിന് അർഹനാക്കിയത് വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയാണ്.
എന്നിരുന്നാലും ഇന്ദ്രൻസ് എന്ന നടനെ വെച്ച് സീരിയസ് കഥാപാത്രം ചെയ്യാൻ ഭയപ്പെട്ടിരുന്ന സംവിധായകൻമാരുണ്ടായിരുന്നു. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അതിനൊക്കെ ഒരു മാറ്റമുണ്ടായത് ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ എന്ന സിനിമ മുതലാണ്. അതിന് ശേഷമാണ് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് കിട്ടിത്തുടങ്ങിയത്. കഥാവശേഷനിലെ കള്ളൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കഥാവശേഷനിൽ അഭിനയിക്കുമ്പോൾ തനിക്ക് തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും താൻ ക്ലൈമാക്സിൽ വന്നാൽ ആളുകൾ ചിരിക്കുമോ എന്ന ഭയമുണ്ടായിരുന്നെന്നും ഇന്ദ്രൻസ് പലകുറി പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സ് സീനിൽ താൻ വേണോ, ഗൗരവം പോകില്ലേ എന്ന് സംവിധായകനോട് അദ്ദേഹം പലകുറി ചോദിച്ചിട്ടുമുണ്ട്.
എന്നാൽ ആ സംവിധായകന്റെ ധൈര്യത്തിൽ ഇന്ദ്രൻസ് എന്ന നടൻ കള്ളൻ വേഷത്തിൽ നിറഞ്ഞാടി, പ്രേഷകർ അതേറ്റെടുത്തു. ചിത്രത്തിൽ പി. ജയചന്ദ്രൻ പാടി ഇന്ദ്രൻസ് അഭിനയിച്ച ‘കണ്ണ് നട്ട് കാത്തിരുന്നിട്ടും’ എന്ന പാട്ടിന് ഇപ്പോഴും ആരാധകരേറെയാണ്. അതിനും ഇന്ദ്രൻസ് എന്ന നടന് പറയാൻ കഥയുണ്ട്.
തന്റെ സ്വദേശമായ പൂന്തി റോഡിൽ വെച്ചാണ് ചിത്രത്തിലെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തത്. കരയുന്ന സീൻ ഷൂട്ട് ചെയ്തപ്പോൾ നാട്ടിലെ കുറച്ച് സ്ത്രീകൾ അതുവഴി പോയി. സിനിമക്ക് വേണ്ടി കരയുന്നത് കണ്ട ഇന്ദ്രൻസിനെ നോക്കി അവർ പറഞ്ഞു ‘കൊച്ചുവേലുവണ്ണന്റെ മോൻ ആ കലുങ്കിലിരുന്ന് കരയുന്നു’ എന്ന്.
പിന്നീട് പല കഥാപാത്രങ്ങളിൽ, പല ഭാവത്തിൽ അദ്ദേഹം നമ്മെ അതിശയിപ്പിച്ചു. നമ്മെ ചിരിപ്പിച്ചു. കരയിപ്പിച്ചു.
അഞ്ചാം പാതിര എന്ന ചിത്രത്തിലെ സീരിയൽ കില്ലർ, ജാക്സൺ ബസാർ യൂത്തിലെ പൊലീസുകാരൻ, ഹോമിലെ ഒലിവർ ട്വിസ്റ്റ്, കേരള ക്രൈം ഫയൽസിലെ അമ്പിളി ഈ പട്ടിക ഇവിടംകൊണ്ട് അവസാനിക്കില്ല..കാരണം മികച്ച കഥാപാത്രങ്ങൾ തേടിയുള്ള യാത്ര ഇന്ദ്രൻസ് തുടങ്ങിയിട്ടേയുള്ളൂ.
Content Highlight: Indrans, who is stitching himself into Malayalam cinema