ഭദ്രന്‍ സാര്‍ കൈയുടെ നീളത്തിനും കോളറിനും വരെ കണക്ക് പറയും; അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ അറുപത്തഞ്ച് ഷര്‍ട്ട് തയിച്ചിട്ടുണ്ട്: ഇന്ദ്രന്‍സ്
Malayalam Cinema
ഭദ്രന്‍ സാര്‍ കൈയുടെ നീളത്തിനും കോളറിനും വരെ കണക്ക് പറയും; അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ അറുപത്തഞ്ച് ഷര്‍ട്ട് തയിച്ചിട്ടുണ്ട്: ഇന്ദ്രന്‍സ്
ഐറിന്‍ മരിയ ആന്റണി
Friday, 13th March 2026, 12:08 am

തുന്നല്‍ക്കാരനായി തന്റെ ജീവിതം തുടങ്ങുകയും പിന്നീട് സിനിമാരംഗത്തെ ഒരു പ്രധാന കോസ്റ്റിയൂമറും മലയാളികളുടെ പ്രിയ നടനുമായി തീര്‍ന്ന വ്യക്തിയാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്ഫടികം സിനിമയില്‍ ഭദ്രന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോഴുണ്ടായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. ഭദ്രന്റെ സിനിമയില്‍ കോസ്റ്റ്യൂം ചെയ്യുന്ന കാര്യം സൂചിപ്പിച്ചത് ഗാന്ധിമതി ബാലനാണെന്നും വലിയ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ പോകാന്‍ മടി കാണിച്ചുവെന്നും ഇന്ദ്രന്‍സ് ഓര്‍ത്തെടുത്ത് പറയുന്നു.

‘കേട്ടപ്പോള്‍ ആദ്യമൊരാവേശം തോന്നിയെങ്കിലും നടക്കാന്‍ പോകുന്നത് വലിയൊരു സിനിമയാണെന്നും സംവിധായകന്‍ വലിയ വാശിക്കാരനാണെന്നും മനസിലാക്കിയപ്പോള്‍ അതില്‍ നിന്ന് മാറുന്നതാണ് നല്ലതെന്ന് മനസ് പറഞ്ഞു. കൂടെനിന്നാല്‍ നല്ലൊരു വേഷം ചെയ്യാം. മാമുക്കോയയൊക്കെ ചെയ്യുമ്പോലത്തെ റോളാണെന്നും ബാലന്‍സാറ് പറഞ്ഞതോടെ ഞാന്‍ സ്ഫടികത്തിനൊപ്പം ചേര്‍ന്നു.

സെറ്റില്‍ ഞങ്ങളേറ്റവും കഷ്ടപ്പെട്ടത് തിലകന്‍സാറിന്റെ കഥാപാത്രം ചാക്കോമാസ്റ്റര്‍ക്കുള്ള വേഷമുണ്ടാ ക്കലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണട, ഷാള്‍, ഷര്‍ട്ട്, അതിന്റെ ബട്ടണ്‍, കഫിങ്സ്, മുണ്ട്, ഹാഫ് ഷൂസ്, വാക്കിങ് സ്റ്റിക്. തിലകന്‍സാറും ഭദ്രന്‍സാറും രണ്ട് രീതിയിലുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്.
ഭദ്രന്‍സാറ് ഷര്‍ട്ടിന്റെ കൈയുടെ നീളത്തിനും കോളറിനുമൊക്കെ ഒരു കണക്ക് പറയും.

ഭദ്രന്‍സാറ് ഓക്കെ പറയുമ്പോ, തിലകന്‍ സാറ് തിരിയും. ചാക്കോമാഷ് ക്ലാസിലേക്ക് വരുമ്പോ വരാന്തയില്‍ ലാടം പതിച്ച ഷൂസിന്റെ ശബ്ദം കേള്‍ക്കണം. ആ ഷൂസിട്ട് വേണം പഠിക്കാത്ത കുട്ടികളുടെ കാല്‍വിരല്‍ ചവിട്ടിഞെരിക്കാന്‍ തിലകന്‍സാറാണെങ്കില്‍ അത് ഇട്ടുനോക്കിട്ട്, ”എടുത്തോണ്ട് പോ… ഇത് ഞാനെ ങ്ങനെയിടും… ലാടം പതിച്ചതിട്ടോണ്ട് ഞാനെങ്ങനെ നടക്കും… ഞാന്‍ മാടല്ല, മനുഷ്യനാ…’ എന്നുപറഞ്ഞ് ഓടിക്കും,’ ഇന്ദ്രന്‍സ് പറഞ്ഞു.

ചാക്കോമാഷിന്റെ വെള്ള ഷര്‍ട്ടിനുവേണ്ടി പലതരത്തിലുള്ള തുണികളും തയ്ച്ചുവെന്നും എന്നാല്‍ ഒന്നും ഭദ്രന് തൃപ്തിയാകുമായിരുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അദ്ദേഹത്തെ തൃപ്തിപ്പെടുത്താനായി അറുപത്തഞ്ച് ഷര്‍ട്ട് തയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭദ്രന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1995-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം ആര്‍. മോഹന്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, ഉര്‍വശി, സ്ഫടികം ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മാറിയ സ്ഫടികം റീ റിലീസിലും വലിയ സ്വീകാര്യത നേടിയിരുന്നു.

Content Highlight: Indrans talks about the movie Sphadikam and Bhadran

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.