അമ്പലമാണെന്ന് കരുതി തൊഴുതു, പിന്നീടാണറിഞ്ഞത് അതൊരു രക്തസാക്ഷി മണ്ഡപമായിരുന്നുവെന്ന്: ഇന്ദ്രൻസ്
Malayalam Cinema
അമ്പലമാണെന്ന് കരുതി തൊഴുതു, പിന്നീടാണറിഞ്ഞത് അതൊരു രക്തസാക്ഷി മണ്ഡപമായിരുന്നുവെന്ന്: ഇന്ദ്രൻസ്
നന്ദന എം.സി
Saturday, 4th April 2026, 9:30 am

മലയാളികൾക്ക് പ്രത്യേക ഇഷ്ടമുള്ള നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത നടനായി ഇന്ദ്രൻസ് മാറിയിരിക്കുകയാണ്.

നിരവധി കഷ്ടതകളും വെല്ലുവിളികളും അതിജീവിച്ചാണ് അദ്ദേഹം ഇന്നത്തെ സ്ഥാനത്ത് എത്തിയത്. തന്റെ കഴിവും പരിശ്രമവും മാത്രം കൊണ്ടാണ് മലയാള സിനിമയിൽ അദ്ദേഹം സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചത്.

ഇന്ദ്രൻസ്, Photo: Indrans/ Facebook

അതിന്റെ ഫലമായി നിരവധി അംഗീകാരങ്ങളും അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോയ ഇന്ദ്രൻസ്, തന്റെ ജീവിതത്തിൽ സംഭവിച്ച ചില ഓർമകൾ പങ്കുവെക്കുകയാണ്.

‘ഒരു ജ്യോത്സ്യൻ പറഞ്ഞിരുന്നു, പന്ത്രണ്ടാം വയസിന് മുമ്പ് ഞാൻ മരിക്കുമെന്ന്. ചെറുപ്പത്തിൽ തന്നെ ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ലായിരുന്നു ഏകദേശം എല്ലാ രോഗങ്ങളും വന്നിട്ടുണ്ട്.

എന്റെ അമ്മയ്ക്ക് വളരെ ഭക്തിയുണ്ടായിരുന്നു. അതുകൊണ്ട് പള്ളികളിലും ക്ഷേത്രങ്ങളിലും എല്ലാം കൊണ്ടുപോകും. തിരുവനന്തപുരത്തുള്ള പല പള്ളികളിലും ക്ഷേത്രങ്ങളിലും എന്നെ കൊണ്ടുപോയി പ്രാർത്ഥിപ്പിക്കുകയും ശരീരമൊട്ടാകെ ചരട് കെട്ടുകയും ചെയ്തിട്ടുണ്ട്. മരുന്നുകളും ഒരുപാട് എടുത്തിട്ടുണ്ട്.

എന്റെ ജാതകം എഴുതിയ ഒരു ആശാൻ പിന്നീട് ഒരു പരിഹാരം പറഞ്ഞു എന്നെ കൊണ്ട് ആദിത്യനമസ്കാരം ചെയ്യിപ്പിക്കണം എന്ന്.

ചെറുപ്പത്തിലെ ഓർമകളിൽ ഒന്ന്, മഴക്കാലത്ത് അമ്മ മുറം കമഴ്ത്തി പിടിച്ചു തരും പുലർച്ചെ പൂക്കൾ കൊണ്ടുവന്ന് തറ മെഴുകി, ഞാൻ സൂര്യനമസ്കാരം ചെയ്യുമായിരുന്നു. ആഴ്ചയിൽ രണ്ടുമൂന്നു ദിവസങ്ങൾ വ്രതവും ഉണ്ടായിരുന്നു.

ഇന്ദ്രൻസ്, Photo: Indrans/ Facebook

പന്ത്രണ്ടാം വയസ് കഴിഞ്ഞപ്പോൾ എനിക്ക് അതിശയമായി തോന്നി ‘സൂര്യൻ ശക്തനാണ്, പ്രാർത്ഥിക്കുന്നതൊക്കെ നൽകുന്നു’ എന്ന്. കാരണം പന്ത്രണ്ടാം വയസിൽ ഞാൻ മരിക്കും എന്നാണ് പറഞ്ഞിരുന്നത്. അന്ന് മുതൽ ഏത് ക്ഷേത്രമായാലും, ദേവന്മാരുടെ ഏത് ചിത്രമായാലും ഞാൻ പ്രാർത്ഥിക്കും.

പാളയത്ത് ആദ്യമായി എത്തിയപ്പോൾ, വലിയ കെട്ടിടങ്ങൾ എല്ലാം കണ്ടു ഞാൻ തൊഴുതിട്ടുണ്ട്. പാളയം പള്ളി, മുസ്‌ലിം പള്ളി അങ്ങനെ എല്ലായിടത്തും പ്രാർത്ഥിച്ചു.

ഒരാഴ്ചത്തോളം പ്രാർത്ഥിച്ചിരുന്ന ഒരു സ്ഥലം പിന്നീടാണ് ഞാൻ അറിഞ്ഞത് അതൊരു രക്തസാക്ഷി മണ്ഡപമാണെന്ന് ,’ ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആടാണ് ഇന്ദ്രൻസിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്.

ചിത്രത്തിൽ ശശി ആശാനായി എത്തിയ ഇന്ദ്രൻസിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജയസൂര്യ നായകനായെത്തിയ ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയിൻ എന്നിവരും പ്രധാന വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

Content Highlight: Indrans talks about childhood memories

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.