ഹോമിലെ ആ സീനില്‍ ഡയലോഗ് ഉണ്ടായിരുന്നു; അത് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു: ഇന്ദ്രന്‍സ്
Malayalam Cinema
ഹോമിലെ ആ സീനില്‍ ഡയലോഗ് ഉണ്ടായിരുന്നു; അത് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു: ഇന്ദ്രന്‍സ്
ഐറിന്‍ മരിയ ആന്റണി
Thursday, 12th February 2026, 10:45 am

കൊവിഡ് കാലത്ത് ഒരു ഹൈപ്പുമില്ലാതെ വന്ന് മലയാളികളുടെ കണ്ണും മനസും നിറച്ച ചിത്രമായിരുന്നു ഹോം. റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രം 2021ല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസായത്.

ഇന്ദ്രന്‍സ്, മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, നസ്‌ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച നിരൂപക പ്രശംസ നേടി. അന്യഭാഷകളിലും ചര്‍ച്ചാവിഷയമായി മാറിയ ചിത്രം ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി.

ഹോം/ First look poster

ഫാമിലി ഫീല്‍ ഗുഡ് ചിത്രമായി ഒരുങ്ങിയ ഹോം സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ഇന്ദ്രന്‍സ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സീനില്‍ തനിക്ക് ഡയലോഗ് പറയാന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവിടെ ഒരു ഡയലോഗും പറഞ്ഞിരുന്നില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

‘മകന്‍ എന്തോ പറഞ്ഞു വിഷമിക്കുമ്പോള്‍ ഗേറ്റിനടുത്ത് പോയി നില്‍ക്കുന്ന സീന്‍ സ്‌ക്രിപ്പ്റ്റുലുണ്ട്. എന്നാല്‍ അവിടെ കുറച്ച് ഡയലോഗുകള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അയാള്‍ കരഞ്ഞു പോകും. ആ രീതിയില്‍ ആ ക്യാരക്ടര്‍ അവിടെ ഡെവലപ്പ് ആയി വന്നിരുന്നു.

ഭാര്യയെ ഫേസ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് മക്കളുടെ അടുത്തുനിന്ന് ഇറങ്ങി അപ്പുറത്തൂടെ ഗേറ്റിനടുത്തേക്ക് പോകുന്നത്. അവര്‍ അവിടെ ഇരിക്കുന്നത് കണ്ടിട്ടാണ് വെറുതെ ഗേറ്റിനടുത്തേക്ക് പോയത്.

അപ്പോ കുട്ടിയമ്മ എന്തോ തന്നോട് ചോദിക്കുന്നുണ്ട്. പക്ഷേ ഞാന്‍ അതിനു മറുപടി പറയുന്നില്ല. ആ സീനില്‍ ശരിക്കും ഡയലോഗ് ഉണ്ടായിരുന്നു. ഞാനാ ഡയലോഗ് പറയുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒക്കെ പറഞ്ഞു,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍.

താനല്ല ആരായിരുന്നെങ്കിലും ആ സീന്‍ അങ്ങനെയെ വരുകയുള്ളുവെന്നും ഡയോലോഗ് ഇല്ലാതെ വരുമ്പോഴാണ് സീനിന് ഭംഗിയുണ്ടാകുകയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന്റെ ജീവന്‍ സ്‌ക്രിപ്റ്റിലുണ്ടെന്നും അതാണ് ആ സീനിന്റെ പ്രത്യേകതയെന്നും നടന്‍ പറഞ്ഞു.

2023ല്‍ മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഹോം നേടി. സിനിമയിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ഉണ്ടായിരുന്നു.

അതേസമയം ആശാനാണ് ഇന്ദ്രന്‍സിന്റേതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെയും ജോമോന്റെയും പെര്‍ഫോമന്‍സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

Content Highlight:   Indrans talks about an important scene in the home movie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.