| Sunday, 22nd June 2025, 2:12 pm

ക്ലൈമാക്‌സ് സീനിൽ നിൽക്കണ്ട എന്ന് ചിലർ പറഞ്ഞിട്ടുണ്ട്; അതുകേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു: ഇന്ദ്രൻസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഒരു ഹാസ്യ നടനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഒരുപാട് നാൾ കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ വെബ്സീരീസ് ആണ് കേരള ക്രൈം ഫയല്‍സ് 2. ഇപ്പോൾ സിനിമയിൽ നിന്നുള്ള അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്.

ക്ലൈമാക്‌സ് സീനിൽ ഇന്ദ്രൻസ് നിൽക്കണ്ട എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ആദ്യം അത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നെന്നും ഇന്ദ്രൻസ് പറഞ്ഞു. എന്നാൽ പിന്നീട് അതിൻ്റെ യാഥാർഥ്യം മനസിലായെന്നും താൻ തന്നെ സംവിധായകരോട് പറഞ്ഞ് സ്വയം ഒഴിവായെന്നും അദ്ദേഹം പറയുന്നു.

മാറ്റിയിരുത്തലും ഇറക്കിവിടലും തനിക്ക് പുത്തരിയല്ലെന്നും വിദ്യാഭ്യാസ ജീവിതത്തിൽ പലരും തന്നെ മാറ്റിയിരുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ലൈമാക്‌സ് സീനിൽ ഇന്ദ്രൻസ് നിൽക്കണ്ട എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പിന്നീടാണ് അതിന്റെ യാഥാർത്ഥ്യം എനിക്ക് മനസിലായത്. അതുവരെ കോമാളി കളിച്ച് തലകുത്തിനിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എൻ്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിൽ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ട‌മാകും. അത് സിനിമയെ ബാധിക്കും.

ഇതു മനസിലാക്കിയതോടെ ഞാൻ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി. ‘സാർ ഈ സീനിൽ ഞാൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത്,’ എന്ന്. അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനിതൊരു സൗകര്യമാക്കി. ‘സർ ക്ലൈമാക്‌സിൽ ഞാൻ ഇല്ലല്ലോ? എന്നാൽപിന്നെ പൊ‌ക്കോട്ടെ’ എന്ന് ചോദിക്കും.

സെറ്റിൽ നിന്നു രണ്ടുദിവസം മുമ്പ് സ്ഥലം വിടാം. ഒന്നുകിൽ വീട്ടിലേക്ക്. അല്ലെങ്കിൽ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം. മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ല. നാലാം ക്ലാസ് വരെയുള്ള എൻ്റെ വിദ്യാഭ്യാസ ജീവിതത്തിൽ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് ‘ഈ സുരേന്ദ്രനെ (ഇന്ദ്രൻസിൻ്റെ യഥാർത്ഥ പേര് സുരേന്ദ്രൻ എന്നാണ്) എൻ്റെ അടുത്ത് ഇരുത്താൻ പറ്റില്ല. മാറ്റിയിരുത്തണം’ എന്ന്,’ ഇന്ദ്രൻസ് പറയുന്നു.

Content Highlight: Indrans Talking about His Film Experience

We use cookies to give you the best possible experience. Learn more