ഒരു തുന്നൽക്കാരനായി ജീവിതം ആരംഭിച്ച് വസ്ത്രാലങ്കാരത്തിലൂടെയും നാടകവേദികളിലൂടെയും മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയ നടനാണ് ഇന്ദ്രൻസ്. ചിരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം, പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. അഞ്ചാം പാതിരാ, ഹോം, നാഥൻ, ഉടൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശക്തമായ അഭിനയമാണ് ഇന്ദ്രൻസ് കാഴ്ചവെച്ചത്.
ജോൺ പോൾ സംവിധാനം ചെയ്ത ‘ആശാൻ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഉള്ളിലെ പേടികളെക്കുറിച്ചും ആത്മകഥയെക്കുറിച്ചുമാണ് ഇന്ദ്രൻസ് പറയുന്നത്.
സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ആത്മകഥ എഴുതിത്തുടങ്ങിയതെന്നും ദാരിദ്ര്യവും കഷ്ടപ്പാടുകളും അവഗണനയും നിറഞ്ഞ ജീവിതകഥ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നെന്നും താരം പറഞ്ഞു.
‘സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ചിലതെല്ലാം എഴുതിത്തുടങ്ങിയത്. ആദ്യം പേടിയായിരുന്നു ദാരിദ്ര്യവും കഷ്ടപ്പാടും അവഗണനയുമെല്ലാം നിറഞ്ഞ ജീവിതം, അവതരിപ്പിച്ചാൽ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ആശങ്ക. എഴുത്തുകൾ വായിച്ച് ആളു കൾ അഭിപ്രായം പറയുകയും അതെക്കുറിച്ച് സംസാരിക്കുകയും ചെയ്തതോടെ മുന്നോട്ടുപോകാനുള്ള ധൈര്യമായി.
വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമായിരുന്നു എഴുത്തിൻ്റെ കരുത്ത്. ഞാൻ ജീവിച്ച ജീവിതമല്ലേ പറയുന്നത് അതിനെന്തിനാണ് നാണക്കേടെന്ന് തോന്നിയതോടെ എഴുത്തുമായി മുന്നോട്ടുപോകാമെന്ന് ഉറപ്പിച്ചു. കൊവിഡ്‌കാലത്ത് കുറച്ചധികം നാൾ വീട്ടിലിരുന്നതോടെ ഓർമകളെയെല്ലാം അടുക്കിപ്പെറുക്കി, ചേർത്തുവെച്ചു.
മനസിൽ കയറിവരുന്ന കാര്യങ്ങൾ പലതും ആദ്യം റെക്കോഡ് ചെയ്തു, പിന്നീട് അക്ഷരങ്ങളിലേക്ക് പകർത്തി. വീട്ടിലുണ്ടാകുമ്പോഴെല്ലാം പഴയകാ ലം ആലോചിച്ചിരിക്കുന്നത് പതിവായിരുന്നു. ഊണുകഴിക്കാൻ വിളിക്കുമ്പോൾപ്പോലും അതൊന്നും ശ്രദ്ധിക്കാതെ പഴയകാലത്തെ ഓർമ്മകൾക്കുള്ളിലായിരുന്നു മാസങ്ങളോളം ഞാൻ.
ഇങ്ങനെയൊക്കെയാണെങ്കിലും വലിയവേദികളിൽ ഇരിക്കാൻ എന്നുമെനിക്ക് പേടിയാണ്, ചങ്കിടിപ്പ് കൂടും. പ്രസംഗിക്കാനായി മൈക്കിനുമുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ കരുതിവെച്ചതെല്ലാം മറക്കും,’ ഇന്ദ്രൻസ് പറഞ്ഞു.
‘ഇന്ദ്രധനുസ്സ്’ എന്നാണ് താരത്തിന്റെ ആത്മകഥയുടെ പേര്. കോമഡി ചെയ്യാനാണ് ഇഷ്ട്ടമെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൃസൃതിയൊക്കെ കാണിച്ച ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക ഊർജവും സന്തോഷവും നൽകുമെന്നും താരം കൂട്ടിച്ചേർത്തു.
ഗപ്പി അമ്പിളി എന്നീ സിനിമയ്ക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്ത ചിത്രമാണ് ആശാൻ. തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത് , സിനിമയ്ക്കുള്ളിലെ സിനിമയാണ് ‘ആശാൻ’ പറയുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.