നാല് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന കരിയറിന്റെ പകുതിയിലധികവും കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട നടനായിരുന്നു ഇന്ദ്രന്‍സ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച ഇന്ദ്രന്‍സ് സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. എല്ലാ തരം കഥാപാത്രങ്ങളും അനായാസമായി ചെയ്തുഫലിപ്പിക്കുന്ന ഇന്ദ്രന്‍സിനെത്തേടി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറിയ കറുപ്പില്‍ ഇന്ദ്രന്‍സും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സൂര്യ നായകനായെത്തിയ ചിത്രത്തിന്റെ ആദ്യപകുതി ഷോള്‍ഡര്‍ ചെയ്തത് ഇന്ദ്രന്‍സ് അവതരിപ്പിച്ച സുകുമാരന്‍ എന്ന കഥാപാത്രമാണ്. തമിഴ് സിനിമയിലേക്കുള്ള റീ എന്‍ട്രി വലിയ റീച്ചാണ് ഇന്ദ്രന്‍സിന് സമ്മാനിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ് Photo: Screen grab/ Cineulagam
കറുപ്പിന് മുമ്പ് ഇന്ദ്രന്‍സ് ഭാഗമായ തമിഴ് ചിത്രമായിരുന്നു നന്‍ബന്‍ വിജയ്‌യെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വെറും രണ്ടോ മൂന്നോ സീന്‍ മാത്രമുള്ള വേഷമായിരുന്നു ഇന്ദ്രന്‍സിന്. കറുപ്പ് ഹിറ്റായതിന് പിന്നാലെ നന്‍ബനിലെ ഇന്ദ്രന്‍സിന്റെ വേഷവും ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. ചെറിയ വേഷമാണെന്നറിഞ്ഞ് തന്നെയാണ് താന്‍ ഓക്കെ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഷങ്കര്‍ സാര്‍ എത്രയോ വലിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീനിലെങ്കിലും നില്‍ക്കാനുള്ള കൊതി കൊണ്ടായിരുന്നു ഓക്കെ പറഞ്ഞത്. ചെറിയ വേഷമാണെന്ന് ആദ്യമേ അദ്ദേഹം പറഞ്ഞിരുന്നു. അത്രയും വലിയ സിനിമയുടെ സെറ്റില്‍ നില്‍ക്കുക എന്നത് വലിയ ഭാഗ്യമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സെറ്റ് പോലെ വളരെ സൈലന്റായിരുന്നു ആ സെറ്റും.
കോമഡി റോളുകള്‍ തന്നെയായിരുന്നു ആ സമയത്ത് ഞാന്‍ മലയാളത്തിലും ചെയ്തിരുന്നത്. അത്രയും ചെറിയ വേഷങ്ങള്‍ ചെയ്ത എന്നെ ഷങ്കര്‍ സാര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ വിളിച്ചത്. നന്‍ബനില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ അതിന്റെ ഒറിജിനല്‍ വേര്‍ഷനായ ത്രീ ഇഡിയറ്റ്‌സ് കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം ഹെല്‍പ് ചെയ്തിട്ടുണ്ട്,’ ഇന്ദ്രന്‍സ് പറയുന്നു.
ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ഇതിനോടകം 300 കോടിയിലേറെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയിലേറെയാണ് കറുപ്പ് കളക്ട് ചെയ്തത്. തുടര്‍ പരാജയങ്ങള്‍ കാരണം തിരിച്ചടി നേരിട്ട സൂര്യയുടെ ഗംഭീര കംബാക്ക് കൂടിയാണ് കറുപ്പ്. ചിത്രത്തിലൂടെ ഇന്ദ്രന്‍സ് തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Content Highlight: Indrans shares the shooting experience of Nanban movie