ആർ. ജെ. ബാലാജി സംവിധാനം ചെയ്ത സൂര്യ നായകനായ കറുപ്പ് തമിഴിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. ചിത്രത്തിൽ സുകുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്റെ പ്രകടനവും തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് സൂര്യയ്ക്കൊപ്പമുള്ള രംഗങ്ങളിൽ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറുപ്പ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങളും സൂര്യയ്ക്കൊപ്പമുള്ള അഭിനയ നിമിഷങ്ങളും പങ്കുവെക്കുകയാണ് ഇന്ദ്രൻസ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴ് ഭാഷ ഒരു പ്രശ്നമാകുമോ എന്ന പേടി ഉണ്ടായിരുന്നതിനാൽ തമിഴിൽ സിനിമ ചെയ്യാൻ മടിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകൻ ആർ. ജെ. ബാലാജി എന്നെ വിളിക്കുന്നത്. ടെൻഷൻ വേണ്ട, ഇത് ഒരു മലയാളി കഥാപാത്രമാണ്. ഈ കഥാപാത്രം എഴുതുമ്പോൾ തന്നെ ചേട്ടനെയാണ് മനസ്സിൽ കണ്ടത്, എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ കറുപ്പ് ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് സെറ്റിലെത്തിയപ്പോൾ ആ പേടിയെല്ലാം മാറി. സംവിധായകൻ എപ്പോഴും തമാശ പറഞ്ഞ് സെറ്റിനെ ഉണർവോടെ നിർത്തുന്ന ആളായിരുന്നു.
പക്ഷേ സൂര്യ സാറിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾ അടുത്തപ്പോൾ വീണ്ടും പേടിയായി. പ്രത്യേകിച്ച് കോടതിയിലെ ആ രംഗത്തിൽ സൂര്യ സാറിന്റെ കോട്ടിൽ പിടിച്ച് സംസാരിക്കേണ്ട ഒരു സീനുണ്ടായിരുന്നു. ആ സീനിന് മുമ്പ് അദ്ദേഹം കാരവനിൽ നിന്ന് വരുമ്പോൾ ദൂരെ നിന്ന് വിഷ് ചെയ്യാമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. പക്ഷേ അദ്ദേഹം നേരെ വന്ന് എന്നെ കെട്ടിപ്പിടിച്ചു. അതോടെ എന്റെ മനസ്സിലുണ്ടായിരുന്ന എല്ലാ പേടിയും മാറി. അത്രയും പാവം മനുഷ്യനാണ് അദ്ദേഹം.
ഒരു ഹീറോയിസത്തിന്റെ ഇമേജിൽ മാത്രം നടക്കുന്ന നടനായിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം ആ സിനിമ ചെയ്യില്ലായിരുന്നു. കാരണം സിനിമയുടെ ആദ്യഭാഗം മുഴുവൻ മുന്നോട്ട് കൊണ്ടുപോകുന്നത് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. പക്ഷേ സൂര്യ സാറിന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. സിനിമയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് അദ്ദേഹം ആ വേഷം ചെയ്തത് എന്ന് എനിക്ക് തോന്നുന്നു.
സൂര്യ സാറിന്റെ കണ്ണുകൾക്ക് വലിയൊരു ശക്തിയുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് നമുക്ക് വികാരങ്ങൾ തിരികെ ലഭിക്കും. സിനിമയിൽ മകൾ മരിച്ച വിവരം അറിയുന്ന രംഗത്തിൽ എനിക്ക് അധികം ഡയലോഗുകൾ ഉണ്ടായിരുന്നില്ല. അവിടെ എന്റെ പ്രകടനത്തിലൂടെയാണ് ആ രംഗത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്നത്. ഒടുവിൽ ‘കട്ട്’ പറഞ്ഞിട്ടും സെറ്റിലുണ്ടായിരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ വരെ കുറച്ചുനേരം നിശ്ശബ്ദരായി നിന്നു. അപ്പോഴാണ് ആ രംഗം നന്നായി വന്നെന്ന് എനിക്കും മനസ്സിലായത്. അതിന് ശേഷമാണ് മനസ്സിന് സമാധാനമായത്,’ ഇന്ദ്രൻസ് പറഞ്ഞു.
കറുപ്പ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും ഇന്ദ്രൻസിനെ പ്രശംസിച്ച് സൂര്യ സംസാരിച്ചിരുന്നു. ഒരുകാലത്ത് ശരീരത്തെ പരിഹസിക്കുന്ന കഥാപാത്രങ്ങളിലേക്ക് ഒതുക്കപ്പെട്ടിരുന്ന ഇന്ദ്രൻസ് തന്റെ അഭിനയമികവിലൂടെ ആ പ്രതിച്ഛായ പൂർണമായും മാറ്റിയ നടനാണെന്ന് സൂര്യ പറഞ്ഞിരുന്നു. പതിറ്റാണ്ടുകളായി സിനിമയിൽ ഉണ്ടായിട്ടും താരജാഡകളില്ലാതെ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ എളിമയും സമർപ്പണവും നിരവധി പേർക്ക് പ്രചോദനമാണെന്നും സൂര്യ കൂട്ടിച്ചേർത്തിരുന്നു.