| Sunday, 29th June 2025, 7:04 am

ഇപ്പോഴും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയാണ് ഞാന്‍ അഭിനയിക്കുന്നത്, പക്ഷേ, ആരുമത് അറിയുന്നില്ലെന്ന് മാത്രം: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്കെത്തിയ നടനാണ് ഇന്ദ്രന്‍സ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളായിരുന്നു ഇന്ദ്രന്‍സിനെത്തേടി കൂടുതലും വന്നിരുന്നത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പരാമര്‍ശം സ്വന്തമാക്കിയ ഇന്ദ്രന്‍സ് ഹോം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡിലും തന്റെ സാന്നിധ്യമറിയിച്ചു.

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇന്ദ്രന്‍സ്. അത്തരമൊരു വേദിയില്‍ കയറി അവാര്‍ഡ് വാങ്ങുക എന്നത് ഒരുപാട് കാലമായി കാണുന്ന സ്വപ്‌നമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അങ്ങനെ കിട്ടാവുന്ന റൂട്ടിലേക്ക് താന്‍ പോകാത്തതിനാല്‍ അതെല്ലാം തമാശയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രേം നസീറും സത്യനുമെല്ലാം ചെയ്ത തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കൊതിയുണ്ടെന്നും ഇപ്പോഴും അത്തരം ആഗ്രഹങ്ങള്‍ മനസിലുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. മമ്മൂട്ടിയെപ്പോലെയും മോഹന്‍ലാലിനെപ്പോലെയുമൊക്കെ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ  ശരീരപ്രകൃതി  കാരണം ആര്‍ക്കും അത് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. കാരണം, ഒരുപാട് കാലമായിട്ട് അങ്ങനെയൊരു സ്വപ്‌നം മനസിലുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഒരു അവാര്‍ഡ് വാങ്ങണമെന്ന്. പക്ഷേ, എന്റെ റൂട്ട് വേറെയായതുകൊണ്ട് ഞാന്‍ പറയുമ്പോള്‍ എല്ലാവരും അത് തമാശയായിട്ട് എടുത്തു. പക്ഷേ, അവസാനം അത് എനിക്കും കിട്ടി.

ഇപ്പോഴും പല വേഷങ്ങളും ചെയ്യാന്‍ കൊതിയുണ്ട്. പ്രേം നസീറും സത്യനുമൊക്കെ ചെയ്തതുപോലെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ കൊതിയുണ്ട്. അതുപോലെ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിക്കുന്നതുപോലെയാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പക്ഷേ, എന്റെ കോലം ഇതായതുകൊണ്ട് ആര്‍ക്കും അത് മനസിലാകുന്നില്ല എന്നതാണ് സത്യം,’ ഇന്ദ്രന്‍സ് പറയുന്നു.

ഇന്ദ്രന്‍സ് ഭാഗമായ പുതിയ വെബ് സീരീസ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 അടുത്തിടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സി.പി.ഒ. അമ്പിളി രാജു എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഇന്ദ്രന്‍സിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അമ്പിളി രാജു. ഒരേസമയം മാസും ക്ലാസുമുള്ള കഥാപാത്രമാണ് അമ്പിളി. ജിയോ ഹോട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

Contetnt Highlight: Indrans shares his experience when he got National Award

We use cookies to give you the best possible experience. Learn more