തുന്നല്‍ക്കാരനില്‍ നിന്ന് മലയാള സിനിമയിലെ പ്രധാന കോസ്റ്റ്യൂം ഡിസൈനറായി മാറുകയും അവിടെ നിന്ന് നടനായി വളര്‍ന്ന് വരികയും ചെയ്ത വ്യക്തിയാണ് ഇന്ദ്രന്‍സ്. 1981ല്‍ ചൂതാട്ടം എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പത്മരാജന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച അദ്ദേഹം അഭിനയത്തില്‍ കോമഡി വേഷങ്ങളിലൂടെയാണ് തിളങ്ങിയത്.
ഇപ്പോഴിതാ, സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായിരുന്നപ്പോഴും മെയിന്‍ കോസ്റ്റ്യൂമറായപ്പോഴും ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘ഷൂട്ടിങ്ങിനു പോകുമ്പോഴും തിരികേ വരുമ്പോഴും ലൊക്കേഷന്‍ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളില്‍ ഓടിച്ചെന്ന് കയറും, അവരെന്നെ ഇറക്കിവിടും. ‘അടുത്ത വണ്ടില്‍ വാ, അല്ലെങ്കില്‍ പുറകേ ജീപ്പ് വരും, അതില്‍ കേറിവാ…’, എന്നൊക്കെ പറയും. കേറിയ വണ്ടികളില്‍ സീറ്റുണ്ടായിട്ടും ഇറക്കിവിട്ടിട്ടുണ്ട്.
ചിലപ്പോള്‍ പോയ വണ്ടി തിരികേവന്ന് സോറി പറഞ്ഞ് കേറ്റിക്കോണ്ട് പോയിട്ടുമുണ്ട്.
ഷിഫ്റ്റ് കഴിഞ്ഞ് ചെന്നയുടനെ ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസ്സോ ചെരുപ്പോ ആഭരണങ്ങളോ ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് കയറുമ്പോ, പിടിച്ചിറക്കും. അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് മാറിനില്‍ക്കും. എനിക്ക് കാഴ്ചയ്‌ക്കൊരു ഗമയില്ലാത്തോണ്ടാണ്, എന്റെ തൊഴിലിനുപോലും വിലകിട്ടാഞ്ഞതെന്ന് തോന്നിയിട്ടുണ്ട്,’
ഏത് മേഖലയിലായാലും അപ്പിയറന്‍സ് പ്രധാനമാണെന്നും അന്നൊക്കെ രൂപംകൊണ്ട് പല സ്ഥലങ്ങളിലും പിന്തള്ളപ്പെടുകയും, ഒതുങ്ങിനില്‍ക്കേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. പത്മമരാജന്റെ സിനിമകളില്‍ അവസരം കിട്ടിയത് ഒരു വഴിത്തിരിവായെന്നും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷം വസ്ത്രാലങ്കാരവുമായി തിരക്കിട്ട യാത്രയായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
സര്‍വകലാശാല, പാദമുദ്ര, ഊഹക്കച്ചവടം തുടങ്ങി നിരവധി സിനിമകള്‍ വന്നുവെന്നും സിനിമയുമായി ബന്ധപ്പെട്ട സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന സിനിമയിലൂടെയാണ് അതുവരെ ഹാസ്യവേഷങ്ങളില്‍ ഒതുങ്ങി നിന്ന ഇന്ദ്രന്‍സ് കളം മാറ്റി ചവിട്ടിയത്. പിന്നീട് ഉടല്‍, ഹോം തുടങ്ങിയ സിനിമകളിലൂടെ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചു. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആശനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlight: Indrans says that even when he was the main costumer, he faced a lot of neglect