തുന്നല്‍ക്കാരനായി തന്റെ ജീവിതം തുടങ്ങുകയും പിന്നീട് സിനിമാരംഗത്തെ ഒരു പ്രധാന കോസ്റ്റ്യൂമറും മലയാളികളുടെ പ്രിയ നടനുമായി തീര്‍ന്ന വ്യക്തിയാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ഇന്ദ്രന്‍സ് പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു. കഥാവശേഷന്‍, അഞ്ചാം പാതിര, ഉടല്‍ എന്നീ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം, ഹോം എന്ന സിനിമയിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കി.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ വ്യത്യസ്തമായ വേഷങ്ങളും ചെയ്യാന്‍ കഴിയുമെന്ന് സ്വയം തിരിച്ചറിവുണ്ടായെന്ന് നടന്‍ പറയുന്നു.
‘ആളൊരുക്കം, പാതി, മണ്ട്രോത്തുരുത്ത് തുടങ്ങി അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ പിന്നീട് വന്നുകൊണ്ടിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങള്‍ പലതും ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. പ്രാര്‍ഥിച്ച ദൈവങ്ങള്‍ കൈവിട്ടില്ല എന്ന് കരുതാനാണ് ഇഷ്ടം. കോമഡി ചെയ്യാനാണ് താത്പര്യം, ക്യാമറയ്ക്കുമുന്നില്‍ കുസൃതിയൊക്കെ കാണിച്ച് ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊര്‍ജവും ലഭിക്കുന്ന കാര്യമാണ്.
അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാന്‍ ഉത്സാഹംകൂട്ടുന്ന മനസാണ് ഇന്നും എന്റെത്. എന്നാല്‍, അടുത്തകാലത്തായി തേടിവരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണ്. ചിരിയില്ലാത്ത ചില കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ, ആ വഴിയിലൂടെ വീണ്ടും വീണ്ടും നടത്താനാണ് പലരും ശ്രമിക്കുന്നത്. ഗൗരവമുള്ള വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടിവരും,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍
അഭിനയിച്ച് അവസാനിപ്പിച്ചാലും കഥാപാത്രത്തിന്റെ നിഴല്‍ പിന്നെയും കുറച്ചുനാള്‍ ഒപ്പം തന്നെ ഉണ്ടാകുമെന്നും ഇന്ന് സിനിമയിലെ തമാശകളുടെ രീതിയിലും അവതരണ ശൈലിയിലുമെല്ലാം കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കഥയുടെ സ്വാഭാവിക ഒഴുക്കിനോട് ചേര്‍ന്നുനില്‍ക്കുന്ന തമാശകളാണ് ആളുകളിന്ന് രസിക്കുന്നതെന്നും കോമഡിയോട് എന്നും ഒരിഷ്ടക്കൂടുതലുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ എത്തിയ ആശനാണ് ഇന്ദ്രന്‍സിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നു.
Content Highlight: Indrans says he realized he could play different roles