ബോഡിഷെയ്മിങ് ചെയ്യാനും നായകന്റെ തല്ലുകൊള്ളാനും മാത്രം കാസ്റ്റ് ചെയ്യപ്പെട്ട നടനില്‍ നിന്ന് ഇന്ന് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുയാണ് ഇന്ദ്രന്‍സ്. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ് അദ്ദേഹം. കേരളത്തിന് പുറത്തും റീച്ച് നേടിയ ഇന്ദ്രന്‍സ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെയാണ് ഞെട്ടിച്ചിരിക്കുന്നത്.
സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു. സുകുമാരന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. സിനിമയുടെ ആദ്യപകുതിയെ താങ്ങിനിര്‍ത്തുന്നത് ഇന്ദ്രന്‍സിന്റെ പ്രകടനമാണ്. ഇന്റര്‍വെല്ലിന് മുമ്പുള്ള സീനില്‍ സൂര്യയെ സൈഡാക്കിയ പെര്‍ഫോമന്‍സാണ് ഇന്ദ്രന്‍സിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ചിത്രത്തിലെ ഇമോഷണല്‍ സീനില്‍ തനിക്ക് ഗൂഗിള്‍ പേ ചെയ്യാനാറിയില്ല എന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രം പറയുന്നുണ്ട്. സിനിമ കണ്ട എല്ലാവരും ഒരുപോലെ പ്രശംസിച്ച സീനായിരുന്നു അത്. റിയല്‍ ലൈഫിലും തനിക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാനറിയില്ലെന്ന് പറയുകയാണ് അദ്ദേഹം. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
‘റിയല്‍ ലൈഫിലും എനിക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാനറിയില്ല. ഈ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിട്ട് അധിക കാലമായില്ല. ഓരോന്നും പഠിച്ചുവരുന്നതേയുള്ളൂ. സാധാരണ ഫോണായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. വാട്ട്‌സാപ്പിനും ബാക്കി സോഷ്യല്‍ മീഡിയക്കുമൊക്കെ മകന്റെ ഫോണാണ് ഉപയോഗിച്ചത്. ആ സമയത്ത് മമ്മൂക്ക ഒരുപാട് മെസേജയക്കുമായിരുന്നു.
അതിനെല്ലാം മകനാണ് മറുപടി അയച്ചത്. ഒരുദിവസം അദ്ദേഹം ആ ഫോണില്‍ വിളിച്ചപ്പോള്‍ മകന്‍ ഫോണെടുത്തിട്ട് എനിക്ക് തന്നു. അപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിഞ്ഞത്. ‘നീയെന്താ ബാക്കിയുള്ളവരെപ്പോലെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാത്തത്. എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയാനുണ്ടെങ്കില്‍ എന്ത് ചെയ്യും’ എന്ന് ചെറുതായി വഴക്കുപറഞ്ഞു. സ്‌നേഹത്തോടെയുള്ള ശാസനയായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇപ്പോഴുള്ള ഫോണ്‍ വാങ്ങിയത്. പല കാര്യങ്ങളും പഠിച്ചു വരുന്നതേയുള്ളൂ,’ ഇന്ദ്രന്‍സ് പറയുന്നു.
സൂര്യയോടൊപ്പമുള്ള ഷൂട്ടിങ് താന്‍ ഒരുപാട് ആസ്വദിച്ചെന്നും ഓഡിയോ ലോഞ്ചില്‍ സൂര്യ തന്നെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യയെ അടുത്ത് കാണാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ കറുപ്പില്‍ അഭിനയിച്ചതെന്നും ഇന്ദ്രന്‍സ് പറയുന്നു. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Indrans saying he brought Smartphone after Mammootty scolded him