കാമ്പില്ലാത്ത പടത്തെ താങ്ങിനിര്‍ത്തിയ ഒരേയൊരാള്‍, അനന്തന്‍ കാടിലെ ഒറ്റയാന്‍ അഥവാ കൃഷ്ണന്‍കുട്ടി
Malayalam Cinema
കാമ്പില്ലാത്ത പടത്തെ താങ്ങിനിര്‍ത്തിയ ഒരേയൊരാള്‍, അനന്തന്‍ കാടിലെ ഒറ്റയാന്‍ അഥവാ കൃഷ്ണന്‍കുട്ടി
അമര്‍നാഥ് എം.
Saturday, 27th June 2026, 4:26 pm

എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം, അനന്തന്‍കാട് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ യു.എസ്.പി അതായിരുന്നു. ടിയാന്‍ അണിയിച്ചൊരുക്കിയ ജിയെന്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. വന്‍ ബജറ്റിലും വലിയ താരനിരയിലും ഒരുങ്ങിയ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരിക്കുകയാണ്.

സുബ്രഹ്‌മണ്യപുരം മുതല്‍ക്കിങ്ങോട്ട് വന്നിട്ടുള്ള എല്ലാ ഗ്യാങ് വാര്‍ സിനിമകളുടെയും ടെംപ്ലേറ്റ് യാതൊരു വ്യത്യാസവുമില്ലാതെ ആവര്‍ത്തിച്ചിരിക്കുകയാണ് അനന്തന്‍ കാടില്‍. വലിയൊരു മുതലാളിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന നായകന്റെ ഗ്യാങ്, ഒരുഘട്ടത്തില്‍ മുതലാളിയുമായി തെറ്റുന്നു. പിന്നീട് മുതലാളി ഇവരെ ആക്രമിക്കുന്നു, തിരിച്ചടി, അവസാനം ഗ്യാങ്ങിലെ എല്ലാവരും മരിക്കുന്നു. അനന്തന്‍ കാടിലും ഇതേ കാഴ്ച തന്നെയാണ്.

അനന്തന്‍കാട് Photo: Theatrical poster

മലയാളത്തില്‍ ഈയൊരു കഥയിലിറങ്ങിയ കമ്മട്ടിപ്പാടം, മുറ കഴിഞ്ഞവര്‍ഷം റിലീസായ ബള്‍ട്ടി എന്നീ സിനിമകളുടെ മാഷപ്പായിട്ടാണ് അനന്തന്‍ കാടിനെ തോന്നിയത്. പഴയ വീഞ്ഞിനെ 1990കളിലെ തിരുവനന്തപുരവും കുറച്ച് തമിഴ് പുലി പ്രശ്‌നങ്ങളുമുള്ള കുപ്പിയിലാക്കിയിരിക്കുകയാണ് മുരളി ഗോപി. ആര്യ, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഏറ്റവും വലിയ…. ഒരേയൊരു പോസിറ്റീവ് ഇന്ദ്രന്‍സ് അവതരിപ്പിച്ച കൃഷ്ണന്‍കുട്ടിയാണ്.

ഇന്‍ട്രോ സീനില്‍ തന്നെ ഈ കഥാപാത്രം എത്രമാത്രം സ്‌ട്രോങ്ങാണെന്ന് കാണിക്കാന്‍ എഴുത്തുകാരനും സംവിധായകനും സാധിച്ചിട്ടുണ്ട്. ഒരു ബീഡിയും കത്തിച്ചുകൊണ്ട് ഇരുട്ടില്‍ നിന്ന് കയറിവരുന്ന ഒരൊറ്റ ഷോട്ട് തന്ന രോമാഞ്ചം ചെറുതല്ല. കൊട്ടേഷന്‍ പണിയെല്ലാം ഉപേക്ഷിച്ച് സാധാരണജീവിതം നയിക്കുന്ന തങ്കരാജിനെയും (മുരളി ഗോപി) മറ്റുള്ളവരെയും പ്രശ്‌നത്തിലേക്ക് പോകാതെ നിയന്ത്രിക്കുന്നതും കൃഷ്ണന്‍കുട്ടിയാണ്.

ഇന്ദ്രന്‍സ് Photo: Screen grab/ Mini Music

രണ്ടാം പകുതിയില്‍ പല സീനിലും ഇന്ദ്രന്‍സ് എന്ന പെര്‍ഫോമര്‍ കത്തിക്കയറുകയായിരുന്നു. തങ്ങളെ ചതിച്ചവരുടെയടുത്ത് ചെന്നതിന് ശേഷമുള്ള പെര്‍ഫോമന്‍സും ആറ്റിറ്റിയൂഡും രോമാഞ്ചം സമ്മാനിച്ചു. വിജയരാഘവന്‍ അവതരിപ്പിച്ച മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന സീനിലും കത്തിക്കയറിയത് ഇന്ദ്രന്‍സ് തന്നെയായിരുന്നു.

ഇമോഷണലാക്കാന്‍ വേണ്ടി പല കഥാപാത്രങ്ങളെയും കൊല്ലുന്നത് കാണിച്ചപ്പോള്‍ യാതൊരു വികാരവും തോന്നിയില്ല. എന്നാല്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രം മരണത്തിലേക്ക് നടന്നുകയറുന്ന സീനില്‍ ആ കഥാപാത്രത്തോട് ആരാധന തോന്നി. രക്ഷപ്പെടാനാകില്ല, ചുറ്റും പൊലീസുകാര്‍ വളഞ്ഞു എന്ന് തിരിച്ചറിയുമ്പോള്‍ പോലും ആ കഥാപാത്രം ഡൗണാകുന്നില്ല.

ഒരുകാലത്ത് ബോഡിഷെയ്മിങ്ങിന് വേണ്ടി മാത്രം കാസ്റ്റ് ചെയ്തിരുന്ന ഇന്ദ്രന്‍സില്‍ നിന്ന് ഇന്ന് കാണുന്ന ഇന്ദ്രന്‍സിലേക്ക് അദ്ദേഹം നടത്തിയ മാറ്റം കൈയടി അര്‍ഹിക്കുന്നതാണ്. ഈ വര്‍ഷം തന്നെ ആശാന്‍, കറുപ്പ്, ചിന്ന ചിന്ന ആസൈ എന്നീ സിനിമകളില്‍ ഇന്ദ്രന്‍സ് എന്ന പെര്‍ഫോമര്‍ ഞെട്ടിച്ചു. ഇനിയും ഉരച്ചാല്‍ ഇനിയും തിളങ്ങുമെന്ന് ഉറപ്പാണ്.

Content Highlight: Indrans performance in Ananthankaadu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം