പത്മരാജന്‍ സാര്‍ വിളിച്ചപ്പോള്‍ ആദ്യം പോകാന്‍ മടിച്ചു; അതെല്ലാം ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്ന്: ഇന്ദ്രന്‍സ്
Malayalam Cinema
പത്മരാജന്‍ സാര്‍ വിളിച്ചപ്പോള്‍ ആദ്യം പോകാന്‍ മടിച്ചു; അതെല്ലാം ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്ന്: ഇന്ദ്രന്‍സ്
ഐറിന്‍ മരിയ ആന്റണി
Monday, 9th March 2026, 4:30 pm

തുന്നല്‍ക്കാരനായി ജീവിതം ആരംഭിക്കുകയും പിന്നീട് 1981ല്‍ വസ്ത്രാലങ്കാരക്കാരനായും നടനായും സിനിമയിലേക്ക് ചുവടുവെക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരം ആരംഭിച്ച ഇന്ദ്രന്‍സ് പിന്നീട് പത്മരാജാന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു.

തൂവാനത്തുമ്പികള്‍, ഇന്നലെ, നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ എന്നിങ്ങനെ പത്മരാജന്റെ ഒട്ടനവധി ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച ഇന്ദ്രന്‍സിന്റെ കരിയറിനെ മാറ്റിമറിച്ച വ്യക്തി കൂടിയാണ്
പദ്മരാജന്‍.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹവുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം. പത്മരാജന്റെ സിനിമയിലേക്കുള്ള വിളിവന്നപ്പോള്‍ പോകാന്‍ ആദ്യമൊന്ന് മടിച്ചുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.

‘സിനിമയില്‍ ജോലിചെയ്തുള്ള ആദ്യ അനുഭവങ്ങള്‍ മോശമായതിനാല്‍, അമ്മയാണ് കൂടുതലായി എതിര്‍ത്തത്. സിനിമയ്ക്ക് പുറകേ നടന്നാല്‍ അടുപ്പുകത്തില്ലെന്ന് അമ്മ ഉറച്ചുവിശ്വസിച്ചു. പിന്നീട് തയ്യല്‍ക്കട നടത്തിപ്പിന്റെ ഉത്തരവാദിത്വം അനുജന്‍മാരെ ഏല്‍പ്പിച്ചാണ് ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ വസ്ത്രാലങ്കാരം ഏറ്റെടുക്കുന്നത്.

പത്മരാജന്‍ സാറിന്റെ സിനിമകളില്‍ ജോലിചെയ്തു തുടങ്ങിയപ്പോള്‍ പുതിയ അറിവുകള്‍ കിട്ടിക്കൊണ്ടിരുന്നു. വസ്ത്രാലങ്കാരത്തെക്കുറിച്ചുള്ള എന്റെ ധാരണ പാടേമാറി ഒരു ഫ്രെയിമില്‍ വരുന്ന കഥാപാത്രങ്ങളെ പലതരം നിറങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതിനാണ് അതുവരെ ഞാന്‍ ശ്രമിച്ചത്,’ ഇന്ദ്രന്‍സ് പറയുന്നു.

കഥാപാത്രത്തിന്റെ സ്വഭാവവും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പദ്മരാജന്‍ സാറിന്റെ സിനിമയിലൂടെ പഠിച്ചുവെന്നും സാമ്പത്തിക നിലയും പ്രായവും മാത്രമല്ല, ഒരാളുടെ ഉള്ളിലെ ചിന്തയും സ്വപ്നവും അവര്‍ ഉപയോഗിക്കുന്ന നിറങ്ങളിലൂടെ കാണാമെന്ന് അദ്ദേഹം തനിക്ക് മനസിലാക്കിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റ്യൂമറായും നടനായും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച് വളരുകയായിരുന്നുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയ്ക്ക് ശേഷം വസ്ത്രാലങ്കാരവുമായി തിരക്കിട്ട യാത്രയിലായിരുന്നുവെന്നും സര്‍വകലശാല, പാദമുദ്ര തുടങ്ങി പിന്നീട് ഒരുപാട് സിനിമകള്‍ ചെയ്തുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ ഇന്ദ്രന്‍സ്, അഞ്ചാം പാതിര എന്ന ചിത്രത്തിലെ റിപ്പര്‍ രവിയായി പ്രക്ഷകരെ ഞെട്ടിച്ചു. ആശനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlight: Indrans about padmarajan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.