മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ഇന്ദ്രന്‍സ് പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു. കഥാവശേഷന്‍, അഞ്ചാം പാതിര, ഉടല്‍ എന്നീ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം, ഹോം എന്ന സിനിമയിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കി. 45വര്‍ഷ കാലമായി ഇന്‍ഡസ്ട്രിയില്‍ സജീവമായ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആശനാണ്.

ഇപ്പോഴിതാ, കോമഡി കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്ത് ശീലിച്ച എനിക്ക് നേരേ വ്യത്യസ്ത വേഷങ്ങളുമായി എത്തിയവര്‍ ഒരുപാടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു.

‘എന്നെ പോലെ ഒരാള്‍ക്ക് ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത കഥാപാത്രത്തെ നല്‍കി അഭിനയത്തിന്റെ ശരിയായ ദിശയിലേക്ക് മാറ്റി നടത്തിയ സംവിധായകനാണ് എം.പി. സുകുമാരന്‍ നായര്‍ സാര്‍. അടൂര്‍സാറിന്റെയും ടി.വി. ചന്ദ്രന്‍സാറിന്റെയും സിനിമകളിലഭിനയിക്കാന്‍ അവസരം കിട്ടിയതും എം.പി. സുകുമാരന്‍ സാറിന്റെ സിനിമകളിലൂടെയാണ്.

അദ്ദേഹം എന്നെ നിരന്തരം നിരീക്ഷിച്ചു, നിയന്ത്രിച്ചു, തിരുത്തി. ആ മൂശയിലിട്ട് ഞാനെന്ന നടനെ പാകപ്പെടുത്തി. തമാശ വേഷങ്ങളില്‍നിന്ന് പറിച്ചു മാറ്റി പ്രാധാന്യമുള്ള വേഷങ്ങള്‍ തന്ന് എന്നെ കൈപിടിച്ച് കൊണ്ടുപോകാന്‍ വേറേയും ചിലര്‍ വന്നു. ശയനം, ദൃഷ്ടാന്തം, രാമാനം, ജലാംശം എന്നീ സിനിമകളിലൊക്കെ കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം എന്നെ വലിയ സിനിമാ ഫെസ്റ്റിവലുകളിലേക്ക് കൊണ്ടുപോയി,’ ഇന്ദ്രന്‍സ് പറയുന്നു.

താനൊരു വീട് വെച്ചപ്പോള്‍ ആദ്യമായി അഭിനയിച്ച സീരിയലിന്റെ പേരാണ് നല്‍കിയതെന്നും എം.പി. സുകുമാരന്‍സാര്‍ സംവിധാനം ചെയ്ത കളിവീടിന്റെ തിരക്കഥയും സംഭാഷണവും ബിച്ചു തിരുമലയുടെതാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ദ്രന്‍സിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആശാന്‍ പ്രേക്ഷകരുടെ ഇടയില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ജോമോന്‍ ജ്യോതിര്‍, ഷോബി തിലകന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഗപ്പി സിനിമാസിന്റെ ബാനറില്‍ അന്നം പോള്‍ ജോര്‍ജും ജോണ്‍ പോളും ചേര്‍ന്നാണ് നിര്‍മിച്ചത്.

Content  Highlight: Indrans about MP Sukumaran Nair