താന്‍ എഴുതിയ ആത്മകഥയെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. നീണ്ട 45വര്‍ഷത്തെ കരിയറില്‍ അഭിനേതാവായും വസ്ത്രാലങ്കാരനായും മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ജീവിതാനുഭവങ്ങള്‍ തുന്നിചേര്‍ത്തുള്ള ആത്മകഥയെ കുറിച്ച് സംസാരിക്കുന്നു.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചിലതെല്ലാം എഴുതി തുടങ്ങിയതെന്നും ദാരിദ്ര്യവും കഷ്ടപ്പാടും അവഗണനയുമെല്ലാം നിറഞ്ഞ ജീവിതമായിരുന്നതിനാല്‍ അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ആശങ്കയെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഴുത്തുകള്‍ വായിച്ച് ആളുകള്‍ അഭിപ്രായം പറയുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തതോടെ മുന്നോട്ടുപോകാനുള്ള ധൈര്യമായി. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമായിരുന്നു എഴുത്തിന്റെ കരുത്ത്. ഞാന്‍ ജീവിച്ച ജീവിതമല്ലേ പറയുന്നത്, അതിലെന്തിനാണ് നാണിക്കേണ്ടതെന്ന് തോന്നിയതോടെ എഴുത്തുമായി മുന്നോട്ടു പോകാമെന്ന് ഉറപ്പിച്ചു.

കോവിഡ് കാലത്ത് കുറച്ചധികം നാള്‍ വീട്ടിലിരുന്നതോടെ ഓര്‍മകളെയെല്ലാം അടുക്കിപ്പെറുക്കി ചിട്ടയോടെ ചേര്‍ത്തുവെച്ചു. മനസില്‍ കയറിവരുന്ന കാര്യങ്ങള്‍ പലതും ആദ്യം റെക്കോഡ് ചെയ്തു. പിന്നീട് അക്ഷരങ്ങളിലേക്ക് പകര്‍ത്തി. വീട്ടിലുണ്ടാകുമ്പോഴെല്ലാം പഴയകാലം ആലോചിച്ചിരിക്കുന്നത് പതിവായി രുന്നു,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍

ഊണുകഴിക്കാന്‍ വിളിക്കുമ്പോള്‍പോലും അതൊന്നും ശ്രദ്ധിക്കാതെ പഴയകാലത്തെ ഓര്‍മകള്‍ ക്കുള്ളിലായിരുന്നു മാസങ്ങളോളം താനെന്നും ഇങ്ങനെയൊക്കെയാണെങ്കിലും വലിയ വേദികളില്‍ ഇരിക്കാനെന്നും തനിക്ക് പേടിയാണ്, ചങ്കിടിപ്പ് കൂടുമെന്നും നടന്‍ പറഞ്ഞു. പ്രസംഗിക്കാനായി മൈക്കിന് മുന്നില്‍ നില്‍ക്കുമ്പോള്‍ മനസില്‍ കരുതിവെച്ചതെല്ലാം മറക്കുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

തുന്നല്‍ക്കാരനില്‍ നിന്ന് മലയാള സിനിമയിലെ പ്രധാന കോസ്റ്റ്യൂം ഡിസൈനറായി മാറുകയും അവിടെ നിന്ന് നടനായി വളര്‍ന്ന് വരികയും ചെയ്ത വ്യക്തിയാണ് ഇന്ദ്രന്‍സ്. 1981ല്‍ ചൂതാട്ടം എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പത്മരാജന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച അദ്ദേഹം കോമഡി വേഷങ്ങളിലൂടെയാണ് തുടക്കകാലത്ത് തിളങ്ങിയത്. പിന്നീട് അഞ്ചാം പാതിര, ഉടല്‍, ഹോം എന്നീ സിനിമകളിലൂടെ ഗൗരവമുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ ആശനാണ് ഇന്ദ്രന്‍സിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content Highlight: Indrans about his auto biography