ഇന്‍ഡോര്‍ ജലമലിനീകരണം; മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
India
ഇന്‍ഡോര്‍ ജലമലിനീകരണം; മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
നിഷാന. വി.വി
Wednesday, 7th January 2026, 8:28 am

ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജല വിതരണത്തെ തുടര്‍ന്ന് നിവാസികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഇന്‍ഡോറിന് മാത്രമായി ദീര്‍ഘകാല ജല സുരക്ഷാ പദ്ധതിയും കോടതി നിര്‍ദേശിച്ചു.

വെള്ളത്തിന്റെ പ്രശ്‌നം ഇന്‍ഡോറിന്റെ മാത്രമല്ല മുഴുവന്‍ സംസ്ഥാനത്തിന്റെതുമാണെന്നും കോടതി പറഞ്ഞു. ഈ സംഭവം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പ്രതിഛായയെ സാരമായി ബാധിച്ചെന്നും വിഷജലം വിതരണം ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ചെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ ജനുവരി 15 ന് അടുത്ത വാദം കേള്‍ക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്ക് മുമ്പാകെ മുഴുവന്‍ വിഷയത്തെക്കുറിച്ചും വിശദവിവരം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജറ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നത്, അതില്‍ ഒരുകാരണവശാലും വീട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കുടിവെള്ളത്തിനായി പുതിയ പൈപ്പ് ലൈനിനുള്ള ടെന്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രസക്തമായ ഫയലുകളും 2017-18 ല്‍ പരിശോധിച്ച സാമ്പിളുകളെ കുറിച്ചുള്ള മധ്യപ്രദേത്തശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഭഗീരത്പുര പ്രദേശത്ത് കുടിവെള്ള വിതരണത്തിനായി പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍-കൗണ്‍സില്‍ 2022ല്‍ തന്നെ ഉത്തരവ് പാസാക്കിയിരുന്നുവെന്നും എന്നാല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പ്രവര്‍ത്തി നടത്തിയില്ലെന്നും ഹരജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ അജയ് ബഗാഡിയ കോടതിയില്‍ ബോധിപ്പിച്ചു.

ഇതേ കാലയളവില്‍ ഇന്‍ഡോറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 60 വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതായും അതില്‍ 59 എണ്ണം കുടിക്കാന്‍ യോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബഗാഡിയ വാദിച്ചു.

അടിയന്തരമായി സര്‍ക്കാര്‍ ചെലവില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ടാങ്കറുകള്‍ ,പാക്ക് ചെയ്ത ശുദ്ധജലം തുടങ്ങിയവ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടാതെ മലിനമായ സ്രോതസ്സുകളുടെ പൈപ്പ്‌ലൈന്‍, കുഴല്‍ കിണറുകള്‍ തുടങ്ങിയവയില്‍ നിന്ന് വെള്ളം ഉപയോഗിക്കരുതെന്നും ആരോഗ്യ ക്യാമ്പുകളും മെഡിക്കല്‍ സ്‌ക്രീനിങ്ങും നല്‍കണമെന്നും കോടതി പറഞ്ഞു. കൂടാതെ എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഭഗീരത്്പുര പ്രദേശത്താണ് മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിന് രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

നിലവില്‍ 38 കേസുകള്‍ കണ്ടെത്തിയതായും 110 പേര്‍ ചികിത്സയിലാണെന്നും 15 പേര്‍ ഐ.സി.യുവിലാണെന്നും അധികൃതര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഡിവിഷണല്‍ കമ്മീഷണര്‍ സുദാം ഖാഡെ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 17 പേര്‍ മരിച്ചതായി നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ദരിദ്രര്‍ മരിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശ് ദുര്‍ഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Indore water pollution; High Court criticizes Madhya Pradesh government

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.