ഇൻഡോർ: ഇൻഡോറിലെ ജല മലിനീകരണ പ്രതിസന്ധിക്ക് പിന്നാലെ വീണ്ടും പുതിയ കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. നിലവിൽ 38 കേസുകൾ കണ്ടെത്തിയതായും 110 പേർ ചികിത്സയിലാണെന്നും 15 പേർ ഐ.സി.യുവിലാണെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇൻഡോർ ഡിവിഷണൽ കമ്മീഷണർ സുദാം ഖാഡെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 17 പേർ മരിച്ചതായി നാട്ടുകാർ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ക്ലോറിനേറ്റ് ചെയ്ത കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പ് ഇന്നലെ (തിങ്കൾ) രോഗ ബാധിത പ്രദേശത്ത് കോബോ ഉപകരണം ഉപയോഗിച്ച് സർവേ നടത്തിയിരുന്നു.
ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ മാധവ് പ്രസാദ് ഹസാനിയുടെ നിർദേശ പ്രകാരം, പ്രദേശത്ത് സർവേ നടത്താൻ ഏകദേശം 200 മെഡിക്കൽ സംഘങ്ങളെ ഏർപ്പെടുത്തി. ഓരോ സംഘവും മുൻകൂട്ടി അടയാളപ്പെടുത്തിയ വീടുകൾ സന്ദർശിക്കുകയും സർവേകൾ നടത്തുകയും ചെയ്തു.
സംഘങ്ങൾ ഓരോ വീട്ടിലും 10 ORS പാക്കറ്റുകൾ, 30 സിങ്ക് ഗുളികകൾ, ഒരു ശുദ്ധജല ഡ്രോപ്പർ എന്നിവ വിതരണം ചെയ്തതായാണ് ഔദ്യോദിക റിപ്പോർട്ടുകൾ. 10 ലിറ്റർ വെള്ളത്തിൽ എട്ട് മുതൽ പത്ത് തുള്ളി വരെ ശുദ്ധീകരണ ലായനി ചേർത്ത് ഒരു മണിക്കൂറിന് ശേഷം ശുദ്ധീകരണത്തിനായി ഉപയോഗിക്കാൻ താമസക്കാരോട് നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഭഗീത്പൂർ പ്രദേശത്താണ് മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിന് രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന അംഗീകാരം ഇൻഡോറിന് ലഭിച്ചിരുന്നു. തുടർച്ചയായി എട്ട് തവണയാണ് കേന്ദ്ര സർക്കാർ ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തത്.
സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ദരിദ്രർ മരിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Indore water pollution, 38 new cases detected, 110 people hospitalized
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.