ഇൻഡോർ ജല ദുരന്തം; ദരിദ്രർ മരിക്കുമ്പോഴെല്ലാം മോദി നിശബ്ദനാകുന്നു: രാഹുൽ ഗാന്ധി
India
ഇൻഡോർ ജല ദുരന്തം; ദരിദ്രർ മരിക്കുമ്പോഴെല്ലാം മോദി നിശബ്ദനാകുന്നു: രാഹുൽ ഗാന്ധി
ശ്രീലക്ഷ്മി എ.വി.
Friday, 2nd January 2026, 4:45 pm

ന്യൂദൽഹി: ഇൻഡോറിലെ മലിനജല ഉപയോഗത്തെത്തുടർന്ന് പത്ത് പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ദരിദ്രർ മരിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചുമ, കഫ് സിറപ്പ് മൂലമുണ്ടായ മരണം, സർക്കാർ ആശുപത്രികളിലെ ശുചിത്വമില്ലായ്മ, മലിനജലം മൂലമുള്ള മരണം എന്നിങ്ങനെ നിരവധി സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇൻഡോർ വിതരണം ചെയ്തത് വെള്ളമല്ല വിഷമാണ്. ഭരണകൂടം ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു,’ രാഹുൽ ഗാന്ധി എക്സിലൂടെ പറഞ്ഞു.

ഓരോ വീടും ദുരിതത്തിലാണെന്നും ദരിദ്രർ നിസ്സഹായരാണെങ്കിലും ഇതിനിടയിൽ ബി.ജെ.പി നേതാക്കൾ ദാർഷ്ട്യം കലർന്ന പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസമാണ് വേണ്ടതെന്നും സർക്കാരിന്റെ അഹങ്കാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അഴുക്കുചാൽ വെള്ളം കുടിവെള്ളവുമായി കലർന്നത് എങ്ങനെ? എന്തുകൊണ്ട് വിതരണം യഥാസമയം നിർത്തിയില്ല? ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും എതിരെ എപ്പോൾ നടപടിയെടുക്കും?,’ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

കഴിഞ്ഞ മാസം 31നായിരുന്നു ഇൻഡോറിലെ ഭഗീരഥ്പുരയിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് 10 പേർ മരിച്ചതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചത്.

എന്നാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 14 പേർ മരിച്ചതായാണ് നാട്ടുകാർ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 1,400-ലധികം ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Indore water disaster; Modi keeps silent whenever poor people die: Rahul Gandhi

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.